പാലക്കാട്: കുമ്പാച്ചിമലയിലെ ബാബുവിനെ മറക്കാൻ സമയമായില്ല. പാറയിടുക്കിൽ മനോധൈര്യം ഒന്നുകൊണ്ടു മാത്രം രണ്ടുനാൾ അതിജീവിക്കുകയും, ഒടുവിൽ കരസേന രക്ഷപ്പെടുത്തുകയും ചെയ്ത ബാബു. ഇപ്പോൾ, സോഷ്യൽ മീഡയയിൽ നിറയുന്ന വീഡിയോ ആ ഇമേജ് തകർക്കുമോ? ബാബുവിന് അബദ്ധം പറ്റിയതാണോ? കൂട്ടുകാരോട് അടികൂടി, അസഭ്യം പറയുന്ന ബാബുവാണ് വീഡിയോയിലുള്ളത്.

അലറി വിളിക്കുകയും അസഭ്യം പറയുകയും നിലത്തു കിടന്ന് ഉരുളുകയും ചെയ്യുന്ന ബാബുവിന്റെ ഒരു വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി പ്രചരിക്കുന്ന വീഡിയോയിലെ ബാബുവിന്റെ പെരുമാറ്റം കണ്ടിട്ട് പലരും ബാബുവിനെതിരെ രംഗത്തെത്തിയിരുന്നു.

കൂടി നിൽക്കുന്നവരെയെല്ലാം അക്രമിക്കുകയും അസഭ്യവർഷം നടത്തുകയും ചെയ്ത ബാബു തനിക്ക് ചാകണം എന്ന് പറഞ്ഞാണ് ബഹളമുണ്ടാക്കിയത്. വീഡിയോ വൈറലായതോടെ ബാബു കഞ്ചാവിന് അടിമപ്പെട്ടിരിക്കുകയാണ് എന്ന തരത്തിലും പലരും കമന്റ് ചെയ്തിരുന്നു. കൂട്ടുകാർ തലയിൽ വെള്ളം ഒഴിക്കുന്നതും അനുനയിപ്പിക്കാൻ ശ്രമിക്കുന്ന അമ്മയോടും സുഹൃത്തുക്കളോടും ബന്ധുക്കളോടും ബാബു അസഭ്യം പറയുന്നതും വീഡിയോയിൽ കാണാം

ബാബു മദ്യലഹരിയിലാണ് ഇതെല്ലാം കാട്ടിക്കൂട്ടുന്നതെന്ന് സോഷ്യൽ മീഡിയയിൽ പലരും കുറിക്കുന്നു. ഇതാണ് കോടികൾ മുടക്കി താഴെ എത്തിച്ച ബാബു മലമ്പുഴ എന്ന് പറഞ്ഞാണ് പലരും പോസ്റ്റിടുന്നത്.

വീട്ടുകാർ പറയുന്നത്

ബാബുവിനെ അപകീർത്തിപ്പെടുത്താൻ വേണ്ടിയാണ് സുഹൃത്തുക്കൾ വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതാണെന്ന് ബാബുവിന്റെ സഹോദരൻ ഷാജി പറഞ്ഞു. ബാബുവിന് പണം ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞ് അതിനായി സുഹൃത്തുക്കൾ ബാബുവിനെ മാനസികമായി പീഡിപ്പിച്ചെന്നും പൊതുസമൂഹത്തിന് മുന്നിൽ മോശക്കാരനായി ചിത്രീകരിക്കാനാണ് അവർ ചെറിയൊരു സംഭവത്തെ ഊതിവീർപ്പിച്ചതെന്നും ഷാജി പറഞ്ഞു.

'ബുധനാഴ്ചയാണ് സംഭവം നടന്നത്. ബാബുവിനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതിന് ശേഷം ഒരാഴ്ച വിശ്രമിക്കാൻ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ആവശ്യമായ വിശ്രമം ലഭിക്കാത്തതിനാൽ ബാബു മാനസികമായി തകർന്നു. മലയിടുക്ക് അപകടത്തിന് ശേഷം ബാബുവിനെ അവർ കളിയാക്കുകയും ചെയ്തിരുന്നു.''-ഷാജി

ഉറക്കമില്ല, സമയത്ത് ഭക്ഷണവും കഴിക്കുന്നില്ല

ബാബു കഞ്ചാവിന് അടിമയാണെന്ന സോഷ്യൽമീഡിയ പ്രചരണം അടിസ്ഥാനരഹിതമാണെന്ന് അമ്മ പറഞ്ഞു. സുഹൃത്തുക്കളുമായി ബാബുവിന് പ്രശ്നങ്ങളില്ല. പക്ഷെ കുറച്ച് ടെൻഷനുണ്ട്. ഉറക്കം ശരിയല്ല, നേരാംവണ്ണം ഭക്ഷണവും കഴിക്കുന്നില്ല. അതുകൊണ്ടാണ് അവൻ പെട്ടെന്ന് ദേഷ്യപ്പെട്ടതെന്നും മാതാവ് പറഞ്ഞു.

'വീഡിയോയിൽ പറയുന്നത് പോലെ ബാബു കഞ്ചാവ് ഉപയോഗിച്ചിട്ടില്ല. അവൻ കഞ്ചാവ് ഉപയോഗിക്കുന്ന ആളല്ല. എന്നാൽ കള്ളു കുടിച്ചിട്ടുണ്ടായിരുന്നു. ഒരു സുഹൃത്തിന്റെ പിറന്നാൾ ആഘോഷത്തിന് പോയതാണ്. അതിനുശേഷം വീട്ടിലെത്തി സഹോദരനുമായി വഴക്കുണ്ടായി. നിസാരപ്രശ്നത്തിനാണത്. ഈ വഴക്ക് കഴിഞ്ഞ് ബാബു അടുത്തുള്ള കരിങ്കൽ ക്വാറിയിലേക്കാണ് പോയത്.''

'എങ്ങാനും ആത്മഹത്യ ചെയ്യാൻ പോകുകയാണോയെന്ന് ഭയന്ന് ഞാൻ പുറകേ ചെന്നു. അവിടെയിരുന്ന കുട്ടികളോട് ബാബുവിനെ പിടിക്കാൻ പറഞ്ഞു. അവര് പിടിവലിയും ഉന്തുംതള്ളും നടത്തിയപ്പോഴുണ്ടായ സംഭവമാണ് ചിലർ വീഡിയോയിൽ പകർത്തിയത്. അതല്ലാതെ കഞ്ചാവ് അടിച്ച് ബഹളമുണ്ടാക്കുന്നതല്ല. സോഷ്യൽമീഡിയ പറയുന്നത് പോലെ കൂട്ടുകാരുമായിട്ടുള്ള പ്രശ്നവുമല്ല. ബാബുവിന് കുറച്ച് ടെൻഷനുണ്ട്. ഉറക്കം ശരിയല്ല, നേരാംവണ്ണം ഭക്ഷണവും കഴിക്കുന്നില്ല. അതുകൊണ്ടാണ് അവൻ പെട്ടെന്ന് ദേഷ്യപ്പെട്ടത്.''

ബാബുവിനെ രക്ഷിക്കാൻ ചെലവായത്

2022 ഫെബ്രുവരി എട്ടിനാണ് ബാബു ചെങ്കുത്തായ ചെറാട് മലയിൽ അകപ്പെടുന്നത്. സുഹൃത്തുക്കൾക്കൊപ്പമാണ് ബാബു മല കയറിയത്. തിരിച്ചിറങ്ങുന്നതിനിടെ ബാബു മലയിടുക്കിൽ കുടുങ്ങുകയായിരുന്നു. ബാബു തന്നെ അറിയിച്ചത് അനുസരിച്ചാണ് രക്ഷാപ്രവർത്തക സംഘം സ്ഥലത്തെത്തിയത്. എന്നാൽ നാട്ടുകാരും സന്നദ്ധപ്രവർത്തകരും ഫയർഫോഴ്‌സും രക്ഷപ്പെടുത്താൻ പലവിധ ശ്രമങ്ങൾ നടത്തിയെങ്കിലും ഫലം കണ്ടില്ല. തുടർന്ന് സൈന്യവും എൻ ഡി ആർ എഫും സംയുക്തമായി നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് ബാബുവിനെ തിരിച്ചിറക്കിയത്.

ബാബുവിനെ രക്ഷിക്കാൻ സംസ്ഥാന ഖജനാവിൽ നിന്ന് മുക്കാൽ കോടി രൂപ ചെലവായെന്നാണ് സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയുടെ കണക്ക്. കോസ്റ്റ്ഗാർഡ് ഹെലികോപ്റ്റർ, വ്യോമസേനാ ഹെലികോപ്റ്റർ, കരസേനാ സംഘങ്ങൾ, എൻഡിആർഎഫ്, പൊലീസ്, ഫയർഫോഴ്‌സ്, എന്നിവർക്കുമാത്രം ചെലവായത് 50 ലക്ഷം രൂപ. മറ്റു ചെലവുകൾകൂടി കണക്കാക്കിയാൽ 75 ലക്ഷം വരുമെന്നാണ് വിലയിരുത്തൽ.

ജില്ലയിലെ അഞ്ഞൂറോളം പൊലീസുകാരുടെ സേവനം പൂർണമായും ഉപയോഗിച്ചു. പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളിൽനിന്ന് 40 പേരടങ്ങുന്ന ഫയർഫോഴ്‌സ് സംഘം, തണ്ടർബോൾട്ടിന്റെ 21 പേർ, എൻഡിആർഎഫിന്റെ 25 പേരുള്ള രണ്ട് യൂണിറ്റ്, വിവിധ സന്നദ്ധ സംഘടനകൾ, അമ്പതിലേറെ നാട്ടുകാർ എന്നിവർ 45 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി. കരസേനയുടെ മദ്രാസ് റജിമെന്റൽ സെന്ററിലെ ഒമ്പത് അംഗ സംഘം റോഡ് മാർഗം സ്ഥലത്തെത്തി. ബംഗളൂരുവിൽനിന്ന് 21 പേരടങ്ങുന്ന പാരാ കമാൻഡോസ് കോയമ്പത്തൂർ സൂലൂർ സൈനിക താവളത്തിലിറങ്ങി റോഡ് മാർഗം മലമ്പുഴയിലെത്തി. കോസ്റ്റ്ഗാർഡിന്റെയും സൂലൂർ വ്യോമതാവളത്തിലെയും ഹെലികോപ്റ്ററുകളും രക്ഷാദൗത്യത്തിന് ഉപയോഗിച്ചു.

എന്നാൽ, മലമ്പുഴ കൂമ്പാച്ചി മലയിൽ കുടുങ്ങിയ ബാബുവിനെ രക്ഷിക്കാൻ 17,315 രൂപ മാത്രമേ പൊതു ഫണ്ടിൽ നിന്നു ചെലവായിട്ടുള്ളൂ എന്ന് പാലക്കാട് കലക്ടർ പിന്നീട് വ്യക്തമാക്കിയിരുന്നു. രക്ഷാപ്രവർത്തനം നടത്തിയ ദേശീയ ദുരന്തനിവാരണ സേനാംഗങ്ങളുടെയും മറ്റു രക്ഷാപ്രവർത്തകരുടെയും ഭക്ഷണത്തിനാണ് ഈ തുക ചെലവഴിച്ചതെന്നു വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലയെ പാലക്കാട് കലക്ടർ അറിയിച്ചു.