ന്യൂഡൽഹി: ഇംഗ്ലീഷിൽ ഒഴുക്കോടെ സംസാരം കേട്ടാൽ ആരും വീഴും, മുസ്ലീങ്ങളുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര പ്രശ്‌നങ്ങളിൽ അവഗാഹം.സോഫ്റ്റ് വെയർ എഞ്ചിനീയറിങ് വിദഗ്ധൻ,ആൾമാറാട്ടത്തിൽ അഗ്രഗണ്യൻ, ബോംബ് നിർമ്മാണ വിദഗ്ധൻ, ഇതും ഇതിലുമപ്പുറവുമാണ് ഇന്ത്യൻ ലാദൻ എന്നറിയപ്പെടുന്ന അബ്ദുൽ സുബാൻ ഖുറേഷി എന്ന തൗഖീറിന്റെ വിശഷണങ്ങൽ. വാഗമൺ സിമി ക്യാമ്പിന്റെ സൂത്രധാരനും, ഇന്ത്യൻ മുജാഹിദ്ദീന്റെ സ്ഥാപകനും.2008 ലെ ഗുജറാത്ത് ബോംബ് സ്‌ഫോടന പരമ്പരയുടെ സൂത്രധാരൻ രാജ്യത്തെ ചെറുപ്പക്കാരിൽ മതമൗലികവാദത്തിന്റെ വിഷം കുത്തിവച്ച് നാശം വിതയ്ക്കുന്നതിൽ കുപ്രസിദ്ധനായതോടെയാണ് ഇന്ത്യൻ ബിൻ ലാദൻ എന്ന വിളിപ്പേര് വന്നത്.

ശാന്തനായ കുട്ടി എങ്ങനെ ഇന്ത്യൻ ബിൻലാദനായി?

ബൈക്കുള അന്റോണിയോ ഡിസൂസ ഹൈസ്‌കൂളിലെ അദ്ധ്യാപകർ ഇപ്പോഴും ഓർക്കുന്നു പരമശാന്തനായ ആ കുട്ടിയെ.ഗണിതശാസ്ത്രത്തിൽ 90 ശതമാനം മാർക്ക് വാങ്ങുന്ന വിദ്യാർത്ഥിയൊന്നുമായിരുന്നില്ല ഖുറേഷി.പക്ഷേ ക്ലാസിലെ മറ്റുപലരേക്കാളും കേമൻ.1988 ൽ എസ്എസ്എൽസിക്ക് 76.6 ശതമാനം വിജയം. 1995 ൽ ഖർഗർ ഭാരതീയ വിദ്യാപീഠത്തിൽ നിന്ന് ഇൻഡസ്ട്രിയൽ ഇലക്ട്രോണിക്‌സിൽ ഡിപ്ലോമ.മാരളിലെ സിഎംഎസ് ഇൻസ്റ്റിറ്റൂട്ടിൽ നിന്ന് മൈക്രോസോഫ്റ്റിന്റെ എംസിഎസ്ഇ കോവ്‌സ് പാസായി. ഡാറ്റാമാറ്റിക്‌സിൽ ജോലി.

2001 ലാണ് തീവ്രവാദിയായുള്ള ഖുറേഷിയുടെ യാത്ര ആരംഭിക്കുന്നത്. ഡാറ്റാമാറ്റിക്‌സിലെ ജോലി വിട്ട് നിരോധിത സംഘടനയായ സിമിയുടെ പ്രസിദ്ധീകരണം ഇസ്ലാമിക് വോയ്‌സ് എഡിറ്ററായി.1998 ഓടെ തന്നെ സിമിയുടെ കടുത്ത പ്രവർത്തകനായി മാറിയിരുന്നു ഖുറേഷി എന്ന തൗഖീർ.1999 ലെ സിമിയുടെ അലിഗഡ് സമ്മേളനത്തിൽ പങ്കെടുത്തു.പാലസ്്തീനിലെ ഹമാസിന്റെ സ്ഥാപകനും ആത്മീയ നേതാവുമായ ഷെയ്ഖ് അഹമ്മദ് യാസിനാണ് അന്ന് ആ സമ്മേളനത്തെ അഭിസംബോധന ചെയ്തത്.

ആരാണ് തൗഖീറിൽ ഭീകരതയുടെ വിഷം കുത്തി വച്ചത്‌ ?

ഇന്ത്യൻ മുജാഹിദ്ദീന്റെ സഹസ്ഥാപകനായ സാദിക് ഇസ്‌റാറാണ് ഖുറേഷിയെ ഭീകരവാദത്തിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്. 2004 ൽ ഇസ്‌റാർ കൊല്ലപ്പെട്ടു. സിമി ജനറൽ സെക്രട്ടറിയായിരുന്ന സഫ്ദർ നഗോറി 2008 ൽ അറസ്റ്റിലായതോടെ ഖുറേഷി സിമി നേതൃനിരയിലേക്ക് ഉയർന്നു.യുപി, ജയ്പൂർ, അഹമ്മദാബാദി, ഡൽഹി എന്നിവിടങ്ങൡ 2007 നും 2008 നും ഇടയിൽ ഉണ്ടായ സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇന്ത്യൻ മുജാഹിദ്ദീൻ ഇമെയിലുകൾ അയയ്ക്കാൻ തുടങ്ങിയതോടെയാണ് ഖുറേഷിയെ ഇന്റലിജൻസ് ഏജൻസികൾ വാണ്ടഡ് ലിസ്റ്റിൽ പെടുത്തിയത്. രാജ്യമൊട്ടുക്കും സഞ്ചരിച്ച് വിദ്യാഭ്യാസം കുറഞ്ഞ യുവാക്കളെ മതമൗലിക വാദത്തിലേക്ക് നയിക്കുകയും സ്‌ഫോടനങ്ങൾ ആസൂത്രണം ചെയ്യുകയായിരുന്നു തൗഖീർ ഈ സമയം.

സ്‌ഫോടന പരമ്പരകൾ

ഗുജറാത്തിൽ 70 മനിറ്റിനിടെ 21 ഇടങ്ങളിലാണ് ബോംബുകൾ പൊട്ടിച്ചത്. 2007 സെപ്റ്റംബറിൽ ഒന്നിലേറെ തവണ തൃശൂരിൽ രഹസ്യസന്ദർശനം നടത്തിയതായി ഇന്റലിജൻസ് ഏജൻസികൾക്ക് വിവരം ലഭിച്ചിരുന്നു.വാഗമൺ തങ്ങൾപാറയിൽ 2007 ഡിസംബർ 10 മുതൽ 12 വരെ സിമി സംഘടിപ്പിച്ച രഹസ്യക്യാമ്പിൽ പങ്കെടുത്തെന്നും സൂചനയുണ്ട്. 2008 ജൂലൈ 26ന് അഹമ്മദാബാദിലെ സൂറത്തിലുണ്ടായ സ്‌ഫോടനക്കേസിലെ പ്രതിയാണ്. 56 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിൽ 21 ഓളം ബോംബുകളാണ് ടിഫിൻ കാരിയറുകളിലാക്കി നിക്ഷേപിച്ചിരുന്നത്. ബസ് സ്റ്റാൻഡ്, തിരക്കേറിയ മാർക്കറ്റ്, മോട്ടോർ സൈക്കിൾ, ആശുപത്രികൾ എന്നിവിടങ്ങളിലാണ് ഭീകരർ ബോംബുകൾ വിന്യസിച്ചത്. മൂന്ന് മക്കളുടെ പിതാവായ ഇന്ത്യൻ മുജാഹിദ്ദീൻ ഭീകരൻ പലതവണ പൊലീസിന്റെയും സുരക്ഷാ സേനയുടേയും കയ്യിൽ നിന്ന് വഴുതിപ്പോകുകയായിരുന്നു.2008 ലാണ് നേപ്പാളിലേക്ക് കടന്നത്. അവിടെ സ്‌കൂൾ അദ്ധ്യാപകനായിരുന്നു. 2015 ൽ അവിടെ നിന്ന് വോട്ടർ ഐഡിയും പാസ്‌പോർട്ടും സ്വന്തമാക്കി. പിന്നീട് ഭീകരർക്ക് പണം കണ്ടെത്താൻ സൗദിയിലേക്ക് .

2006 ലെ മുംബൈ സ്‌ഫോടനക്കേസിലും 2010 ലെ ഡൽഹി സ്‌ഫോടന പരമ്പരകളിലും ഇയാളുടെ പങ്ക് വ്യക്തമായിരുന്നു. 2014 ൽ ബെംഗളൂരുവിൽ ്‌സഫോടന പരമ്പര പ്ലാൻ ചെയ്‌തെങ്കിലും പൊലീസ് മണത്തറിഞ്ഞതോടെ പൊളിഞ്ഞു.പിന്നീട് ഖുറേഷിയെ കുറിച്ച് കാര്യമായ വിവരമൊന്നുമില്ലായിരുന്നു. മുംബൈയിലെ മിരാ റോഡിൽ താമസിക്കുന്ന അമ്മയുമായി പോലും ഒരു ബന്ധവും പുലർത്തിയില്ല.ഖുറേഷിയുടെ ആറ് സഹോദരീ-സഹോദരന്മാർക്കും തീവ്രവാദവുമായി പുലബന്ധം പോലുമില്ല. അവരെല്ലാം തികഞ്ഞ രാജ്യസ്‌നേഹികൾ.ഉത്തർപ്രദേശ് സ്വദേശിയായ ഖുറേഷിയുടെ രക്ഷിതാക്കൾ ജോലിക്ക് വേണ്ടിയാണ് ഡൽഹിയിലെത്തിയത്.

പിടിയായ വഴി

ഖുറേഷി ഡൽഹിയിലെ ഘാസിപ്പൂരിൽ നിന്നാണ് അറസ്റ്റിലാവുന്നത്. വെള്ളിയാഴ്ച റിപ്പബ്ലിക് ഡേ ആഘോഷങ്ങൾ നടക്കാനിരിക്കെ നിർണായക നീക്കമാണ് ഇന്ത്യൻ മുജാഹിദ്ദീൻ ഭീകരന്റെ അറസ്റ്റോടെ പൊലീസ് നടത്തിയിട്ടുള്ളത്.പത്തു വർഷം നീണ്ട തിരച്ചിലിനൊടുവിലാണ് സുദീർഘമായ ഒരു വെടിവെയ്‌പ്പിന് ശേഷം ഡൽഹി പൊലീസിലെ സ്പെഷ്യൽ സെൽ് ഖുറേഷിയെ അറസ്റ്റ് ചെയ്തത്.

ഗുജറാത്ത് എടിഎസും അഹമ്മദാബാദ് ക്രൈംബ്രാഞ്ചും ഡൽഹി സ്പെഷ്യൽ സെല്ലിനെ ബന്ധപ്പെടുകയായിരുന്നു. പല തവണയാണ് ആൾമാറാട്ടത്തിലൂടെ ഖുറേഷി പൊലീസിന്റെ പിടിയിൽ നിന്നും രക്ഷപ്പെട്ടിരിക്കുന്നത്. സീനിയർ ഇന്റലിജന്റ് ഓഫീസർമാരെ പോലും ഇയാൾ വഞ്ചിച്ചു രക്ഷപ്പെടുന്നത് പതിവായിരുന്നു. ആൾമാറാട്ടത്തിനൊപ്പം ബോംബ് നിർമ്മാണത്തിലും വിദഗ്ദ്ധനായിരുന്നു ഖുറേഷി. ബംഗലുരുവിലെയും ഹൈദരാബാദിലെയും ഉയർന്ന ഐടി കമ്പനികളിൽ ജോലി ചെയ്തതിന് പിന്നാലെയാണ് ബോംബ് വിദഗ്ദ്ധനായി മാറിയത്.