- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാവ സുരേഷ് പതിനൊന്നാം വയസിൽ പാമ്പുപിടിത്തം തുടങ്ങിയെങ്കിൽ അജയ്ഗിരി 15ാം വയസിൽ; കർണാടകയിലെ ആഗുംബെ മഴക്കാടുകളിൽ രക്ഷിച്ച് വിട്ടത് അറുനൂറിലേറെ രാജവെമ്പാലകളെ; ഇതുവരെ ഒരുപാമ്പ് കടി പോലും ഏറ്റിട്ടില്ല; അജയ്ഗിരി മോഡൽ ഇങ്ങനെ
തിരുവനന്തപുരം: പച്ചയായ മനുഷ്യനാണ് വാവ സുരേഷ്. ജാഡകളില്ലാത്ത പ്രകൃതിയെ സ്‌നേഹിക്കുന്ന, ജീവികളെ സ്‌നേഹിക്കുന്ന മനുഷ്യൻ. മൂർഖന്റെ കടിയേറ്റ് ഗുരുതരാവസ്ഥയിൽ കഴിയുന്ന വാവയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി എന്ന വാർത്ത എത്രയോ പേർക്കാണ് ആശ്വാസം പകരുന്നത്. എത്രയോ പേരാണ് പ്രാർത്ഥനകളിൽ മുഴുകുന്നത്.
റെൻസി തോമസ് എന്നൊരാൾ എഫ്ബിയിൽ എഴുതി:
ചെറുപ്പത്തിലേ ഒരു ഓർമ ആണ് നിങ്ങളോട് പങ്ക് വെക്കുന്നത്..ഞാൻ എന്റെ അപ്പർ പ്രൈമറി സ്‌കൂൾ കാലം വരെ താമസിച്ചിരുന്നത് തിരുവനന്തപുരത്ത് ചെറുവിക്കൽ എന്ന സ്ഥലത്ത് ആണ്...ഞാൻ സെന്റ് മേരിസിൽ പഠിച്ച കാലത്ത് എനിക്ക് ഒരു കളി കൂട്ടുകാരൻ ഉണ്ടാരുന്നു...അവൻ മെഡിക്കൽ കോളജ് ഗവ സ്‌കൂൾ ആണ് പഠിച്ചിരുന്നത്... അവന്റെ പേര് സുരേഷ്... ഞാൻ താമസിച്ചിരുന്ന ലോയോള സ്‌കൂൾ പരിസരം മുഴുവൻ സെൻട്രൽ ടൂബർ ക്രോപ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പ്രദേശം ആരുന്നു... എന്റെ ചെറുപ്പ കാലത്തെ ഓർമകളിലെ സുരേഷ് എപ്പോൾ കണ്ടാലും അവന്റെ കൈയിൽ ഏതെങ്കിലും മാളത്തിൽ.കയ്യിട്ടു അവന്റെ കൈയിൽ കുറെ പാമ്പുകൾ ഉണ്ടാകും..പലപ്പോഴും അറപ്പും പേടിയും ആണ്... അവനെ ഒത്തിരി വഴക്കും പറഞ്ഞിട്ട് ഉണ്ട്.. അവന്റെ സഹോദരങ്ങളും ഒത്തിരി സ്‌നേഹം ആരുന്നു.. സതീശൻ ഗിരീശൻ ലാലി അവന്റെ അമ്മ കൃഷണമ്മ ഒക്കെ... അവന്റെ വിവാഹം പോലും ഇല്ലാതെ ആയത് ഈ പാമ്പുകളോട് ഉള്ള സ്‌നേഹം മൂലം ആണ്...വീട്ടിൽ മുഴുവൻ അവന്റെ ഭാഷയിൽ അതിഥികൾ ആരുന്ന്... ജാറുകളിൽ കുപ്പികളിൽ ഒക്കെ.. എനിക്ക് പേടിയാരുന്ന് ഈ ജീവിയെ...
അവൻ നിങ്ങളുടെ ഒക്കെ വാവ ..ഞങ്ങളുടെ സുരേഷ്...വാവ സുരേഷ്.
എത്ര വട്ടം ആണ് അവനു കടിയേറ്റ് ഉള്ളത്... അവന്റെ വിരലുകൾ പോയത് പോലും കടിയേറ്റ് ആണ്.. ജീവിതത്തിനും മരണത്തിനും ഇടയിൽ എത്ര വട്ടം അവൻ കടന്നു പോയിരിക്കുന്നു... എത്രയോ ആശുപത്രി വാസങ്ങൾ... കഴിഞ്ഞ രണ്ടു അഴചയ്ക്കിടയിൽ ഉണ്ടായ വാഹന അപകടം...ഇപ്പൊ എനിക്ക് മനസ്സ് അസ്വസ്ഥമായി ഇരിക്കുന്നു... അവൻ എന്ന മനുഷ്യസ്‌നേഹി ജീവനോടെ ഇരിക്കണം'
ഇതുപോലെ എത്രയോ പേർ. വാവ സുരേഷിന് മൂന്നൂറിലേറെ തവണ കടിയേറ്റിട്ടുണ്ട്. ഏറ്റവും ഒടുവിൽ 2020 ഫെബ്രുവരിയിലാണ് വാവയ്ക്ക് അണലിയുടെ കടിയേറ്റത്. എന്തുകൊണ്ടാണ് വാവ സുരേഷിന് കൂടുതൽ കടിയേൽക്കുന്നത്? സുരക്ഷിതവും,ശാസ്ത്രീയവുമായ പാമ്പുപിടിത്ത മാർഗ്ഗങ്ങൾ സ്വീകരിക്കാത്തതുകൊണ്ടാണ് എന്നാണ് ഒരുകൂട്ടർ വിമർശിക്കുന്നത്.
വാവ സുരേഷ് നല്ല പാമ്പു പിടിത്തക്കാരൻ അല്ലേ?
അഡ്വ ഹരീഷ് വാസുദേവന്റെ ഒരു വിമർശന കുറിപ്പ് ഇങ്ങനെ:
'വാവ സുരേഷിന് പാമ്പിനെ പിടിക്കാൻ അറിയില്ല. പാമ്പിനെ എങ്ങനെയെങ്കിലും പിടിക്കലല്ല പാമ്പുപിടുത്തം, പിടിക്കുന്ന ആളും കാണുന്ന ആളും സുരക്ഷിതരായി പിടിക്കുമ്പോഴാണ് 'ഒരാൾക്ക് ആ പണി അറിയാം' എന്നു നാം പറയുക. ഒരാൾ നല്ല ഡ്രൈവറാണോ എന്നു നോക്കുന്നത് ഏറ്റവും കുറഞ്ഞ ആക്‌സിഡന്റ് ഉണ്ടാക്കിയതും റോഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതും ഒക്കെ നോക്കിയാണ്. അല്ലാതെ വണ്ടിയിൽ സർക്കസ് കളിക്കുന്ന ആളെ നമ്മൾ നല്ല ഡ്രൈവർ എന്നു പറയുമോ? ഇല്ല.
വാവ സുരേഷ് പാമ്പിനെ പിടിക്കുന്നത് വഴി അദ്ദേഹത്തിനും കണ്ടു നിൽക്കുന്നവർക്കും മാത്രമല്ല, ആ പാമ്പിനും അപകടമുണ്ട്. ഇന്നത്തെ അപകടത്തിന്റെ വീഡിയോയും അത് വ്യക്തമാക്കുന്നു. മുൻപ് പലപ്പോഴും വ്യക്തമായത് തന്നെ. എത്രയോ പാമ്പുകളെ അനാവശ്യമായി വേദനിപ്പിച്ചാണ് പിടിക്കുന്നത്. നാട്ടുകാർക്ക് റിസ്‌കും.
വാവ സുരേഷിന്റെ പാമ്പുപിടിത്ത രീതികളെ കുറിച്ച് ഇപ്പോൾ വ്യാപകമായി വിമർശനം ഉയർന്നു വരുന്നുണ്ട്. ശാസ്ത്രീയമല്ല എന്നതാണ് ഒന്നാമത്തെ പരാതി. പാമ്പിനെ ദ്രോഹിക്കുന്നു എന്നും ആരോപണമുണ്ട്. ഇതിനൊടൊന്നും വാവ പ്രതികരിക്കാറില്ല. പതിനൊന്നാം വയസ്സിൽ തുടങ്ങിയ പാമ്പുപിടിത്തമാണ്. വയൽ വരമ്പിൽ കണ്ട ചെറിയ മൂർഖൻ കുഞ്ഞിനെ കുപ്പിയിലാക്കി പാഠ പുസ്തകത്തിനിടയിൽ ഒളിപ്പിച്ചു തുടങ്ങിയ ആളാണ് വാവ.
പാമ്പിനെ കയ്യിലെടുത്തു കഴിഞ്ഞാൽ ചുറ്റുമുള്ളവരോട് മുന്നിൽ നിന്ന് മാറി നിൽക്കാനാണ് വാവ ആവശ്യപ്പെടാറുള്ളത്. അനക്കം ഉണ്ടാവാതിരിക്കാൻ വേണ്ടിയാണിത്. കാരണം കേൾവിശക്തി ഇല്ലാത്ത പാമ്പുകൾ മുന്നിലുള്ള അനക്കം മാത്രമാണ് കാണുന്നതെന്ന് വാവ എപ്പോഴും പറയും.
കോട്ടയത്ത് വാവ ഷോ കാണിച്ചോ?
ആദ്യ കാലത്ത് പാമ്പിനെ കൈയിൽ പിടിച്ച് വാവ ചില ഷോയൊക്കെ കാട്ടിയിരുന്നു എന്നത് സത്യമാണ്. എന്നാൽ, പക്വതയായപ്പോൾ അത്തരം സാഹസങ്ങൾക്ക് മുതിരാറില്ല. നാട്ടുകാർ നിർബന്ധിക്കുമ്പോൾ പാമ്പിനെ ഒന്നെടുത്ത് കാട്ടും എന്നല്ലാതെ. കോട്ടയത്ത് കുറിച്ചിയിൽ മൂർഖനെ പിടികൂടിയ ശേഷം ഷോ കാട്ടിയെന്ന് ചിലർ ആരോപിക്കുന്നെങ്കിലും, ചാക്കിൽ കയറ്റാനുള്ള ശ്രമങ്ങളാണ് വീഡിയോയിൽ കാണുന്നത്. മൂർഖനെ ചാക്കിൽ കയറ്റാനുള്ള ശ്രമം മൂന്നു തവണ പരാജയപ്പെട്ടതിനു പിന്നാലെയാണ് അപ്രതീക്ഷിതമായി കടി സുരേഷിന്റെ വലതു കാൽ തുടയിൽഏറ്റത്.
വാവയെ കുറ്റം പറയാൻ വരട്ടെ
പാമ്പുകളുടെ ഭയപ്പെടുത്തുന്ന കഥകളിൽ നിന്നും ആളുകളുടെ പേടിയിൽ നിന്നുമൊക്കെ മാറി പാമ്പിനെ അടുത്തറിയുകയാണ് സുരേഷ് ചെയ്യുന്നത്. അതു കൊണ്ടാണ് ഇപ്പോൾ ഇങ്ങനെ നില്ക്കാൻ കഴിഞ്ഞതെന്ന് വാവ പലവട്ടം പറഞ്ഞിരുന്നു. സ്‌കൂളുകൾ , കോളേജുകൾ, റസിഡന്റ്‌സ് അസോസിയേഷനുകൾ, ക്‌ളബ്ബുകൾ, ഒട്ടേറെ സംഘടനകൾ ഇങ്ങനെ വാവ അതിഥിയായി എത്താത്ത ഇടങ്ങളില്ല. വലുതും ചെറുതുമായ ഒട്ടേറെ കൂട്ടായ്മകൾ. അംഗീകാരങ്ങൾ എല്ലാം ഇദ്ദേഹത്തെ തേടി വന്നിട്ടുണ്ട്. പാമ്പുകളെ പറ്റി ബോധവൽക്കരണ ക്ലാസ്സുകളും സുരേഷ് എടുക്കാറുണ്ട്. പാമ്പുകൾക്ക് വിഷം ഇല്ല എന്നത് മനുഷ്യരിലേക്ക് എത്തിച്ചതും വാവയാണ്. യഥാർത്ഥത്തിൽ പാമ്പുകളുടെ ഗ്രന്ഥിയിൽ അടങ്ങിയിട്ടുള്ള ഔഷധത്തെയാണ് പാമ്പിന്റെ വിഷം എന്ന് നാം വിളിക്കുന്നത്. അത് ഒരിക്കലും വെറുതേ കളയാനുള്ളതല്ല .
കാൻസർ അടക്കമുള്ള പല മാറാ രോഗങ്ങൾക്കുമുള്ള മരുന്നുകളിൽ പാമ്പിന്റെ വിഷം ചേരുന്നുണ്ട് എന്ന് കേരളത്തെ മനസിലാക്കി കൊടുക്കാൻ സുരേഷിനു കഴിഞ്ഞു. പാമ്പിന്റെ വിഷം നേരിട്ട് കഴിച്ചു കാണിച്ചു. ഒപ്പം ആരും അനുകരിക്കരുതെന്ന മുന്നറിയിപ്പോടെ. ഒരു വർഷം മൂർഖന്റെ ആയിരത്തിലേറെ മുട്ടകൾ സുരേഷ് വിരിയിക്കാറുണ്ട്. പതിനായിരത്തോളം അണലിയുടെ കുഞ്ഞുങ്ങളെയും സംരക്ഷിക്കുന്നു. പാമ്പു പിടിത്തത്തിനിടയിൽ വനമേഖലകളിൽ നിന്ന് പ്ലാസ്റ്റിക്ക് ഒഴിപ്പിച്ചും വാവ വ്യത്യസ്തനാകുന്നുണ്ട്. പാമ്പു പിടിക്കുന്നതിന് പ്രതിഫലം ഒട്ടുമിക്ക ആളുകളും നൽകാറില്ല. കിലോമീറ്ററുകൾ ടാക്സി വിളിച്ചെത്തുമ്പോൾ അവർക്ക് കിട്ടുന്നത് ഭീതിയിൽ നിന്ന് മോചനമാണ്.
വാവ അജയ്ഗിരി മോഡൽ പിന്തുടരുമോ?
വാവ സുരേഷ് ഒന്നുകിൽ സുരക്ഷിതമായി ഈ ജോലി ചെയ്യാൻ പഠിക്കണം, അല്ലെങ്കിൽ അത് നിർത്തണം. സോഷ്യൽ മീഡിയയിൽ ഈ വിമർശനം ഉയരുമ്പോഴും സുരേഷ് ജീവനായി മല്ലിടുകയാണ്. അതേസമയം, എന്തുകൊണ്ട് സുരേഷ് അജയ്ഗിരിയുടെ മോഡൽ പിന്തുടരുന്നില്ല എന്നാണ് ഒരുകൂട്ടർ ചോദിക്കുന്നത്.
കർണാടകയിലെ ആഗുംബെ റയിൻ ഫോറസ്റ്റ് റിസർച്ച് സെന്ററിലെ ഫീൽഡ് ഡയറക്റ്ററാണ് അജയ്ഗിരി. പത്തുവർഷത്തിലേറെയായി പാമ്പുകളെ പിടികൂടി രക്ഷിക്കുന്നു. ഏകദേശം 600 ഇൽ അധികം രാജവെമ്പാലകളെ അജയ്ഗിരി പിടികൂടി രക്ഷിച്ചിട്ടുണ്ട്. വാവ സുരേഷിനെ അപേക്ഷിച്ച് ഇതുവരെ ഒരു പാമ്പിന്റെ കടി പോലും കൊണ്ടിട്ടില്ല. സുരക്ഷാ മാർഗ്ഗങ്ങൾ എല്ലാം സ്വീകരിച്ച് കൊണ്ടാണ് പാമ്പുപിടിത്തം. വളരെ പ്രൊഫഷണലായി. പാമ്പിനെ പിടിച്ചാലും, അത് നാട്ടുകാരെ കാട്ടാനോ, ഫോട്ടോ ഷൂട്ടിനോ തയ്യാറാകില്ല.
കർണാടക കേന്ദ്രമായുള്ള ആഗുംബെ റെയിൽ ഫോറസ്റ്റ് റിസർച്ച് സ്‌റ്റേഷനിലെ ഗവേഷകൻ കൂടിയാണ് അജയ്ഗിരിയ പശ്ചിമഘട്ടത്തിലെ രാജവെമ്പാലകളെ കുറിച്ച് മാത്രമല്ല, നാനാ ജീവജാലങ്ങളെ കുറിച്ചും ഗവേഷണം നടത്തുന്ന സ്ഥാപനം. രാജവെമ്പാലകളെ രക്ഷിക്കുന്നതിനും, ആവാസ വ്യവസ്ഥയിൽ അവയുടെ പ്രാധാന്യത്തെ കുറിച്ച് ആളുകളെ ബോധവത്കരിക്കുന്നതിനും, ജീവിതം ഉഴിഞ്ഞുവച്ചൊരാൾ.
മഹാരാഷ്ട്രയിലെ വിദർഭയിൽ അകോല നഗരമാണ് അജയ്ഗിരിയുടെ നാട്. 15 ാം വയസ്സിൽ തന്നെ, പാമ്പുകളിലും, പക്ഷികളിലും എല്ലാം കമ്പം. കൊമേഴ്‌സിലാണ് ബിരുദമെങ്കിലും, വന്യജീവി മേഖലയോട് അതീവ താൽപര്യമായിരുന്നു അജയ് ഗിരിക്ക്. എആർആർഎസിൽ ചേർന്ന ശേഷം നാഗാലാൻഡ് സർവകലാശാലയിൽ നിന്ന് പരിസ്ഥിതി ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദമെടുത്തു.
ആഗുംബെ റെയിൻ ഫോറസ്റ്റ് റിസർച്ച് സ്‌റ്റേഷനിലെ ആദ്യ പരിപാടി രാജവെമ്പാലകളിലെ റേഡിയോ ടെലിമെട്രി പദ്ധതിയായിരുന്നു. രാജവെമ്പാലകളുടെ ശരീരത്തിനുള്ളിൽ ചെറിയ ട്രാൻസ്മിറ്റർ ഘടിപ്പിച്ച് അവയുടെ ജീവിതം പഠിക്കുകയായിരുന്നു. ആദ്യ ഘട്ടത്തിൽ നാല് രാജവെമ്പാലകളിൽ ചിപ്പ് ഘടിപ്പിച്ചു. ഓരോ ദിവസവും അവ ഉറങ്ങും വരെ നിരീക്ഷണം. ഒരിക്കൽ ട്രാൻസ്മിറ്റർ ഘടിപ്പിച്ച ഒരു പെൺ രാജവെമ്പാലയെ ഒരു ആൺ രാജവെമ്പാല അകത്താക്കിയത് അജയ്ഗിരി ഓർക്കുന്നു. അവയുടെ വന്യ്‌സ്വഭാവം പുറത്തു വന്ന സംഭവം. ഈ പദ്ധതി ഇപ്പോൾ രണ്ടാം ഘട്ടത്തിലാണ്.
നിലവിൽ എആർആർഎസിൽ ഫീൽഡ് ഡയറക്ടറാണ് അജയ്. ആഗുംബെയിലെ മഴക്കാട് പ്രദേശത്ത് ധാരാളം കൃഷിഭൂമിയും, വീടുകളും ഉണ്ട്. പലപ്പോഴും, മനുഷ്യരും രാജവെമ്പാലയും തമ്മിൽ സംഘർഷമുണ്ടാകാറും ഉണ്ട്. വീടുകളിലോ, കൃഷിഭൂമിയിലോ രാജവെമ്പാലയെ കണ്ടാൽ, നാട്ടുകാർ വനംവകുപ്പിൽ വിളിക്കും. അവർ റെയിൻ ഫോറസ്റ്റ് സ്‌റ്റേഷനിലും വിളിക്കും. ഉടൻ അവിടെ ഓടിയെത്തും. വീടിന്റെ സീലിങ്ങിലോ, അടുക്കളയിലോ, കുളിമുറിയിലോ ഒക്കെ കണ്ടാൽ മാത്രമേ രാജവെമ്പാലയെ രക്ഷിക്കാൻ മുതിരുകയുള്ളു. വീടിന് അടുത്തോ, മാളത്തിലോ ഒക്കെ കാണുകയാണെങ്കിൽ അതിനെ ശല്യപ്പെടുത്തേണ്ടെന്ന് നാട്ടുകാരോട് പറയും. അത് പതിയെ കാട്ടിലേക്ക് പൊയ്‌ക്കോളും. ഒരിക്കലും അവയെ പിടിച്ച് കൂട്ടിൽ ഇടാറില്ല. അതിന്റെ സ്വാഭാവിക ജീവിത പരിസരത്തേക്ക് മടക്കി വിടാറാണ് പതിവ്.
അജയിന്റെ ഒടുവിലത്തെ പദ്ധതി, രക്ഷിക്കുന്ന ഓരോ രാജവെമ്പാലയെയും ടാഗ് ചെയ്യുകയാണ്. ഒരു ധാന്യമണിയോളം ചെറുതായ ടാഗ് രാജവെമ്പാലയുടെ പേശികൾക്കും തൊലിക്കും ഇടയിൽ സ്ഥാപിക്കുകയാണ് പതിവ്. റേഡിയോ ടെലിമെട്രി ട്രാൻസ്മിറ്റർ പോലെ ഇതിന് ബാറ്ററി ആവശ്യമില്ല. ഇതുവരെ 140 രാജവെമ്പാലകളെ ടാഗ് ചെയ്ത് കഴിഞ്ഞു. ആഗുംബെ മഴക്കാടുകളിലെ രാജവെമ്പാലകളുടെ മൊത്തം സംഖ്യ എടുക്കാൻ രണ്ടുവർഷം കൂടി എടുക്കുമെന്ന് അജയ് പറയുന്നു.
രണ്ടുവർഷമായി അജയ്ഗിരി വീട്ടിൽ പോയിട്ട്. കാടിനും മൃഗങ്ങൾക്കും വേണ്ടി ജീവിതം സമർപ്പിച്ചപ്പോൾ വീട്ടിൽ പോകാൻ സമയം കിട്ടുന്നില്ല എന്നതാണ് സത്യം. വീട്ടുകാർക്ക് ആദ്യമൊക്കെ പേടിയായിരുന്നെങ്കിലും, ഇപ്പോൾ ജോലിയുടെ യഥാർഥ സ്വഭാവം നന്നായി അറിയാം
മറുനാടന് മലയാളി ബ്യൂറോ