ന്യൂഡൽഹി:പഞ്ചാബ് നാഷണൽ ബാങ്കിലെ ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വജ്രവ്യാപാരി മെഹുൽ ചോക്‌സി അരങ്ങ് വാഴുന്നതിനിടെ, ഈ കോടീസ്വരനെ നിയമയുദ്ധത്തിൽ കുരുക്കിയത് ഏഴ് ബിടെക് ബിരുദധാരികൾ.രാജസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിങ് ആൻഡ ടെക്‌നോളജിയിലെ എഞ്ചിനീയർമാരാണ് സംഭവത്തിലെ കഥാപാത്രങ്ങൾ.

2013 ഒക്ടോബറിൽ, മെഹുൽ ചൊക്‌സിയുടെ ഗീതാഞ്ജലി ജൂവലറിയുടെ റീടെയിൽ ഫ്രാഞ്ചൈസി തുടങ്ങുന്നതിന് വേണ്ടി ഏഴുപേരും ചേർന്ന് ക്രൗഡ് ഫണ്ടിങ്ങിലൂടെ മൂന്ന് കോടി രൂപ സ്വരൂപിച്ചു.ഇരുപതുകാരായ വൈഭവ് ഖുറാനിയ, ദീപക് ബൻസൽ എന്നീ എഞ്ചിനീയർമാരാണ് ഈ സംരംഭത്തിന്് തുടക്കമിട്ടത്.ആർഎം ഗ്രീൻ സൊല്യൂഷൻസ് എന്നായിരുന്നു സ്ഥാപനത്തിന്റെ പേര്.ഒന്നര കോടിയാണ് സുരക്ഷാ നിക്ഷേപമായി ഇവർ നീരദ് മോദിയുടെ ബിസിനസ് പങ്കാളിയായ മെഹുൽ ചോക്‌സിയുടെ ഗീതാഞ്ജലി ജൂവലറിയിൽ അടച്ചത്.

എന്നാൽ, ഏഴംഗസംഘത്തിന്റെ എല്ലാ പ്രതീക്ഷകളും തകർത്തുകൊണ്ട് മൂന്നാംകിടയും കേടുള്ളതുമായ പഴയ വജ്രങ്ങളാമ് ഇവർക്ക് ചോക്‌സിയുടെ കമ്പനിയിൽ നിന്ന് കിട്ടിയത്. ഇതുകൂടാതെ മതിയായ സ്റ്റോക് നൽകാതെയും ഇവരെ കമ്പനി വഞ്ചിച്ചു.തുടർന്ന് ഏഴുപേരും സാകേതിലെ കോടതിയെ സമീപിച്ചു. ആരേപണങ്ങൽ സത്യമാണെങ്കിൽ മെഹുൽ ചോക്‌സിയെ അറസ്റ്റ് ചെയ്യാനായിരുന്നു കോടതി ഉത്തരവ്. അപകടം മണത്ത ചോക്‌സി കഴിഞ്ഞ വർഷം ഓഗസ്റ്റിൽ എഫ്‌ഐആർ റദ്ദാക്കാൻ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്നാണ് പിഎൻബിയുമായുള്ള കേസിൽ പെട്ട് നാടുവിട്ടത്.

സമാനമായ നിരവധി പരാതികളാണ് ചോക്‌സിക്കെതിരെ ഉണ്ടായത്. ബെംഗളൂരുവിലെ ബിസിനസുകാരനിൽനിന്ന് തട്ടിയെടുത്തത് 13 കോടിയാണ്. ഗീതാഞ്ജലി ജൂവലറിയുടെ ഫ്രാഞ്ചൈസി വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയതെന്ന് ബിസിനസുകാരനായ ഹരിപ്രസാദ് പറഞ്ഞു.

മെഹുൽ ചോക്സിയുടെ തട്ടിപ്പിനെക്കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും ഇദ്ദേഹം പറയുന്നു. രണ്ടുവർഷംമുമ്പ് നൽകിയ പരാതി അധികൃതർ ഗൗരവമായി കണ്ടിരുന്നെങ്കിൽ തട്ടിപ്പിന്റെ വ്യാപ്തി ഒഴിവാക്കാനും നീരവ് മോദിയെയും സംഘത്തെയും പിടികൂടാനും കഴിയുമായിരുന്നു. മെഹുൽ ചോക്സിയുടെ കുടുംബാംഗങ്ങളെല്ലാം വിദേശത്താണ്. തട്ടിപ്പുനടത്തി രാജ്യം വിടുമെന്ന് ഉറപ്പുണ്ടായിരുന്നു. ഇത് മുന്നിൽക്കണ്ടാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും സിബിഐ.ക്കും പരാതി നൽകിയത്. ബെംഗളൂരു സിറ്റി പൊലീസ് കമ്മിഷണർക്ക് നൽകിയ പരാതിയിൽ സിഐഡി. അന്വേഷണം നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

മെഹുൽ ചോക്സിയുടെ ഗീതാഞ്ജലി ജൂവലറിയുടെ ബെംഗളൂരു ഫ്രാഞ്ചൈസി നടത്തിയിരുന്നത് ഹരിപ്രസാദാണ്. പത്രപരസ്യം കണ്ടാണ് ഹരിപ്രസാദ് ഫ്രാഞ്ചൈസി ലഭിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചത്. ജൂവലറിയുടെ ഫ്രാൈഞ്ചസി ആരംഭിക്കുന്നതിന് 10 കോടി നിക്ഷേപിക്കണമെന്നായിരുന്നു വ്യവസ്ഥ. തുടർന്ന് പണം നിക്ഷേപിച്ച് 2014-ൽ ബെംഗളൂരുവിൽ ജൂവലറി ആരംഭിച്ച് മാസങ്ങൾ കഴിഞ്ഞപ്പോൾത്തന്നെ തട്ടിപ്പ് മനസ്സിലായെന്ന് ഹരിപ്രസാദ് പറഞ്ഞു.

സ്വർണം, വജ്രാഭരണങ്ങൾക്ക് അമിത നിരക്ക് ഈടാക്കുന്നത് അടക്കമുള്ള ക്രമക്കേട് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ബിസിനസ് അവസാനിപ്പിക്കുകയായിരുന്നു. കെട്ടിടത്തിന്റെ വാടകയും മറ്റുചെലവുകളും അടക്കം തരാനുണ്ടായിരുന്ന മൂന്നുകോടിരൂപയും തിരിച്ചുകിട്ടിയില്ലെന്ന് ഹരിപ്രസാദ് പറയുന്നു. പണം തിരികെക്കിട്ടാത്തതിനെത്തുടർന്ന് സിബിഐ.ക്കും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും ഇ-മെയിൽവഴി പരാതി നൽകി. ഇതിന് മറുപടി ലഭിക്കാത്തതിനെത്തുടർന്ന് 2016 ജൂലായിൽ പ്രധാനമന്ത്രിയുടെ ഓഫീസിന് തട്ടിപ്പ് വിവരങ്ങൾ വിശദീകരിച്ച് കത്തയച്ചു. തുടർനടപടിക്ക് കത്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറിയെന്ന വിവരം പ്രധാനമന്ത്രിയുടെ ഓഫീസിൽനിന്ന് ലഭിച്ചെങ്കിലും നടപടിയുണ്ടായില്ല.

നീരവ് മോദിയുടെ ബിസിനസ് പങ്കാളിയായ മെഹുൽ ചോക്സിയുടെ സ്ഥാപനങ്ങൾ നടത്തുന്ന തട്ടിപ്പിനെക്കുറിച്ചുള്ള പരാതികളിൽ നടപടി സ്വീകരിക്കാത്തതാണ് കൂടുതൽ തട്ടിപ്പിന് വഴിവെച്ചത്. ആകർഷകമായ ഫ്രാഞ്ചൈസി പദ്ധതിയിലൂടെ ഗീതാഞ്ജലി ജെംസ് ലിമിറ്റഡ് എന്ന സ്ഥാപനം നിക്ഷേപകരിൽനിന്ന് കോടികൾ തട്ടിയെടുക്കുകയായിരുന്നു. ഫ്രാഞ്ചൈസി ലഭിക്കുന്നതിന് 40 കോടി വരെ നിക്ഷേപം സ്വീകരിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്.