- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപി-എഎപി നേതാക്കളും എന്നെ മരുന്നിനും ഓക്സിജൻ സിലണ്ടറിനുമായി വിളിക്കും; മഹാമാരിയുടെ കാലത്ത് രാഷ്ട്രീയ ചായ്വ് നോക്കാൻ എന്നെ കിട്ടില്ല; ഡൽഹി പൊലീസ് ചോദ്യം ചെയ്തെന്ന് വച്ച് പേടിക്കുകയോ തോറ്റോടുകയോ ഇല്ല; കേന്ദ്രസർക്കാർ പൂട്ടാൻ നോക്കുന്ന യൂത്ത് കോൺഗ്രസ് നേതാവ് ബി.വി.ശ്രീനിവാസ് ചില്ലറക്കാരനല്ല
ന്യൂഡൽഹി:കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ പേരിൽ ഡൽഹി പൊലീസ് തന്നെ ചോദ്യം ചെയ്തെങ്കിലും തങ്ങൾക്ക് തെല്ലും ഭയമില്ലെന്ന് യൂത്ത് കോൺഗ്രസ്
നേതാവ് ശ്രീനിവാസ് ബിവി. ഞങ്ങളുടെ പ്രവർത്തനം നിർത്തി വയ്ക്കില്ല....ഞങ്ങൾക്ക് ഭയമില്ല. ഞങ്ങൾ എന്തെങ്കിലും തെറ്റ് ചെയ്തിട്ടില്ല. ഇത്തരം ചെറിയ പരിശ്രമങ്ങൾ പോലും ഒരുജീവൻ രക്ഷിക്കാൻ സഹായിച്ചേക്കും, ഇത്തരം പൊതുതാൽപര്യ ഹർജികൾക്ക് ഞങ്ങളെ ഭയപ്പെടുത്താനാവില്ല, ശ്രീനിവാസ് എൻഡിടിവിയോട് പറഞ്ഞു.
കോവിഡ് ചികിത്സയ്ക്കുള്ള മരുന്നുകൾ അനധികൃതമായി വിതരണം ചെയ്യുകയാണെന്നാണ് ശ്രീനിവാസിനും സംഘത്തിനും എതിരെയുള്ള പരാതി. ദീപക് സിങ് ഫയൽ ചെയ്ത ഹർജിയിൽ ഡൽഹി ഹൈക്കോടതി ഡൽഹി പൊലീസിനോട് അന്വേഷണം നടത്താൻ ഉത്തരവിട്ടിരുന്നു. ശ്രീനിവാസ് മാത്രമല്ല, മറ്റുനിരവധി രാഷ്ട്രീയക്കാർക്കെതിരെയും ഹർജിയിൽ ആരോപണമുണ്ട്. ശ്രീനിവാസിന്റെ ഓഫീസിൽ പോയി ക്രൈം ബ്രാഞ്ച് സംഘം മൊഴിയെടുത്തു.
ക്രിക്കറ്റിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞ ശ്രീനിവാസ് ബിവി ഡൽഹിയിലെ യൂത്ത് കോൺഗ്രസ് ഓഫീസിന് ഉള്ളിൽ ഒരുവാർ റൂം സജ്ജീകരിച്ചിട്ടുണ്ട്. ഈ വാർ റൂം വഴി ഓക്സിജനും മരുന്നിനും വേണ്ടിയുമുള്ള സഹായാഭ്യർത്ഥനകൾ കൈകാര്യം ചെയ്യുന്നു.'SOS IYC' എന്ന പേരിൽ യൂത്ത് കോൺഗ്രസ് വോളന്റിയർമാരുടെ ശൃംഖലയും നിരവധി കൺട്രോൾ റൂമുകൾ ശ്രീനിവാസ് ഒരുക്കിയിട്ടുണ്ട്.
ദുരിതാശ്വസ പ്രവർത്തനത്തിനുള്ള പണത്തിന്റെ ഉറവിടം എവിടെ നിന്നാണ്? ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള കോവിഡ് ദുരിതാശ്വാസ സംഘത്തിനെതിരായ പരാതിയിലെ മുഖ്യവിഷയം ഇതാണ്. എന്നാൽ രാഷ്ട്രീയമായ പകപോക്കലാണ് കോവിഡ് ദുരിതാശ്വാസ പ്രവർത്തനത്തിനിടെ കേന്ദ്രസർക്കാരിൽ നിന്ന് ഉണ്ടാകുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു. ജനങ്ങളെ സഹായിക്കുന്നതിനെ ഒരു കുറ്റകൃത്യമായാണ് മോദി സർക്കാർ കാണുന്നതെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല ട്വീറ്റിൽ പറഞ്ഞു.
ജനങ്ങൾക്ക് ഓക്സിജൻ എത്തിച്ചുകൊടുക്കുന്നത് ഒരു കുറ്റകൃത്യമാണോ? മരണാസന്നരായവർക്ക് റെംഡെസിവിർ എത്തിച്ചുകൊടുക്കുന്നത് കുറ്റമാണോ? കിടക്കകളും വെന്റിലേറ്ററുകളും ഒരുക്കുന്നത് കുറ്റകൃത്യമാണോ? രോഗികൾക്കൊപ്പമുള്ളവർക്കും ആംബുലൻസ് ഡ്രൈവർമാക്കും ഭക്ഷണം നൽകുന്നത് കുറ്റമാണോ? മോദിയെ സംബന്ധിച്ചിടത്തോളം ഇതൊക്കെ കുറ്റകൃത്യമാണെന്നാണ് കരുതേണ്ടത്. അതുകൊണ്ടാണ് ശ്രീനിവാസിനെയും മറ്റു പാർട്ടി പ്രവർത്തകരെയും ചോദ്യംചെയ്യാൻ മോദിയും അമിത് ഷായും പൊലീസിനെ യൂത്ത് കോൺഗ്രസ് ഓഫീസിലേക്ക് അയച്ചത്, സുർജേവാല ട്വീറ്റിൽ പറഞ്ഞു.
ഡൽഹിയിലെ കോവിഡ് രോഗികൾക്ക് ഓക്സിജനും മരുന്നും മറ്റു സൗകര്യങ്ങളും എത്തിച്ചുനൽകുന്നതിന്റെ പേരിൽ ബി.വി.ശ്രീനിവാസിനും സംഘത്തിനും വലിയ അഭിനന്ദനങ്ങളാണ് ലഭിച്ചിരുന്നത്. ഡൽഹിയിലെ എല്ലാ ജില്ലകളിലും ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള സന്നദ്ധപ്രവർത്തകരുണ്ട്. ആശുപത്രികളിലെ ഓക്സിജൻ, ബെഡ് വിവരങ്ങൾ ശേഖരിക്കുകയും ഐ.സി.യു. കിടക്കകൾ, ഓക്സിജൻ കിടക്കകൾ, സിലിണ്ടറുകൾ, അവശ്യമരുന്നുകൾ, ഡോക്ടർമാരുമായുള്ള കൂടിക്കാഴ്ച, ശവസംസ്കാരത്തിനുള്ള സഹായം തുടങ്ങിയവയെല്ലാം വളണ്ടിയർമാർ മുഖേന എത്തിക്കുകയാണ് ഇവർ ചെയ്യുന്നത്.
ന്യൂസിലൻഡ്, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളുടെ എംബസികളിലെ കോവിഡ് രോഗികൾക്ക് ഓക്സിജൻ എത്തിച്ചുനൽകിയത് വാർത്തയായിരുന്നു. ഇതിന്റെ വീഡിയോ യൂത്ത് കോൺഗ്രസ് ട്വീറ്റ് ചെയ്യുകയും ന്യൂസിലൻഡ് ഹൈക്കമ്മീഷണർ സഹായത്തിന് നന്ദിയറിയിക്കുകയും ചെയ്തിരുന്നു. ഇത് കേന്ദ്രസർക്കാരിനെ പ്രകോപിപ്പിച്ചിരുന്നു. ഇതിന്റെ പേരിൽ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറും കോൺഗ്രസ് നേതാവ് ജയ്റാം രമേശും തമ്മിൽ സോഷ്യൽ മീഡിയയിൽ ഏറ്റുമുട്ടലും നടന്നിരുന്നു. പിന്നീട് ന്യൂസിലൻഡ് എംബസി തങ്ങളുടെ ട്വീറ്റുകൾ ഡിലീറ്റ് ചെയ്യുകയും ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു.
കോവിഡ് രാഷ്ട്രീയത്തിന് എന്നെ കിട്ടില്ല
'ഞാൻ ഇപ്പോൾ പാർട്ടിക്ക് വേണ്ടിയല്ല പ്രവർത്തിക്കുന്നത്. ആളുകൾ തൊഴിൽരഹിതരാണ്.....ഒരുകുടുംബത്തിലെ മൂന്നോ-നാലോ പേർ വരെ മരിച്ചിരിക്കുന്നു....ആളുകളുടെ അവസ്ഥ ഇപ്പോൾ നമുക്ക് ഇപ്പോൾ ഊഹിക്കാൻ പോലും കഴിയില്ല...ഞാൻ ഇപ്പോൾ മഹാമാരിയുടെ പേരിൽ രാഷ്ട്രീയം കളിക്കാൻ ഉദ്ദേശിക്കുന്നില്ല', ശ്രീനിവാസ് ദി പ്രിന്റിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. 'ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായുള്ള നിർദ്ദേശങ്ങൾ രാഹുൽ ഗാന്ധിയാണ് നൽകിയത്. മൂന്നാം തരംഗത്തിനായി തയ്യാറെടുക്കാൻ ഞങ്ങളോട് ആവശ്യപ്പെട്ട് കഴിഞ്ഞു. ഞാൻ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഒരുമാധ്യമം മാത്രം.'- ശ്രീനിവാസ് പറഞ്ഞു.
എഎപി-ബിജെപി നേതാക്കളിൽ നിന്നും അടിയന്തര സഹായത്തിമായി അഭ്യർത്ഥന വരാറുണ്ട്. പാർട്ടി ചായ് വ് നോക്കിയല്ല ആളുകളെ ഈ മഹാമാരിയുടെ കാലത്ത് സഹായിക്കേണ്ടതെന്നും ശ്രീനിവാസ് കരുതുന്നു.
സർക്കാരിന്റെ ആസൂത്രണക്കുറവ്
രണ്ടാം തരംഗത്തെ നേരിടാൻ സർക്കാർ പ്ലാൻ ചെയ്തില്ലെന്നാണ് ശ്രീനിവാസിന്റെ വിമർശനം. 'കോവിഡ് കാരണമല്ല, പല ആളുകളും മരിക്കുന്നത്. ആശുപത്രിയിൽ ബെഡ് കിട്ടാത്തതും മറ്റും മൂലമാണ്. ബെഡ്ഡുകൾ തേടി ഒരു ആശുപത്രിയിൽ നിന്നും മറ്റു ആശുപത്രിയിലേക്കുള്ള ഓട്ടത്തിനിടെയും മറ്റുമാണ് ഹൃദയാഘാതം മൂലവും മറ്റും ആളുകൾ മരിച്ചത്'-ശ്രീനിവാസ് പറഞ്ഞു.
മൂന്നാം തരംഗത്തെ കുറിച്ചുള്ള വിദഗ്ധരുടെ മുന്നറിയിപ്പുകൾ മോദി സർക്കാർ മാനിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിക്കുന്നു. ബെഡുകൾ, വെന്റിലേറ്ററുകൾ, ഓക്സിജൻ, മരുന്നുകൾ ഇതൊക്കെ ക്യത്യസമയത്ത് ആവശ്യമായിടത്ത് എത്തിക്കുന്നത് ചർച്ച ചെയ്യാൻ സർവകക്ഷിയോഗം വിളിക്കണം.
ആദ്യതരംഗത്തിനും രണ്ടാം തരംഗത്തിനും ഇടയിൽ എട്ടുമാസത്തോളം നഷ്ടമായി. ഇത് ഇനി സംഭവിച്ചുകൂടാ. കൂടുതൽ ആസൂത്രണം വേണം. എന്റെ കാര്യം ഞാൻ ദൈവത്തിന് വിട്ടിരിക്കുകയാണ്. എല്ലാ ദിവസവും രാവിലെ ഉണർന്ന് ദുരിതാശ്വാസ പ്രവർത്തനത്തിന് പോകുന്നു, ഞാൻ നിത്യവും കാണുന്ന കാഴ്ചകൾ സ്വയം മറക്കാൻ പ്രേരിപ്പിക്കും-്അദ്ദേഹം പറഞ്ഞു.
ദുരിതാശ്വാസ ടീം ഇങ്ങനെ
നൂറോളം പേരുടെ ടീമിനെ ചെറിയ സംഘങ്ങളായി തിരിച്ചാണ് ദുരിതാശ്വാസ പ്രവർത്തനം. ഓരോ ജില്ലയ്ക്കും ഓരോ ഓഫീസുണ്ട്. ഇന്ത്യൻ യൂത്ത് കോൺഗ്രസ് ലോകത്തിലെ ഏറ്റവും വലിയ യുവജനസംഘടനയാണ്. ബ്ലോക്ക് തലം വരെ കോടിക്കണക്കിന് പ്രവർത്തകരുണ്ട്, ശ്രീനിവാസ് പറഞ്ഞു. മരുന്നിനും ഓക്സിജൻ സിലിണ്ടറുകൾക്കും ഇത്രയും ക്ഷാമമുള്ളപ്പോൾ യൂത്ത് കോൺഗ്രസ് ടീമിന് ഇത് ഇത്ര എളുപ്പം ലഭ്യമാകുന്നു എന്ന വിമർശനത്തിനും ശ്രീനിവാസിന് മറുപടിയുണ്ട്. ദുരിതാശ്വാസ പ്രവർത്തനം ചെയ്യാൻ ഇച്ഛാശക്തിയുണ്ടോ...അതിനൊരു വഴി തെളിയും.