കൊച്ചി: കോവിഡ് വാക്സിനാണല്ലോ ഇപ്പോൾ നാട്ടിലെങ്ങും ചർച്ചാവിഷയം. വാക്സിൻ സ്ലോട്ട് നോക്കാനും രജിസ്റ്റർ ചെയ്യാനുമൊക്കെ വിർച്വൽ ക്യൂവിൽ കാത്തുനിൽക്കുകയാണ് ലോകമെമ്പാടുമുള്ള ജനങ്ങൾ, പ്രത്യേകിച്ച് മലയാളികൾ. അവശ്യാനുസരണം സ്ലോട്ടുകൾ കിട്ടാനില്ല, ഒഴിവുള്ള സ്ലോട്ടുകൾ അറിയുന്നില്ല എന്നൊക്കെയാണ് ഇപ്പോൾ പരാതികൾ. വീടിന് സമീപമുള്ള ആശുപത്രികളിൽ വാക്സിൻ സ്ലോട്ട് ഉണ്ടെന്ന് പറഞ്ഞുകേട്ട് സൈറ്റിൽ കയറുമ്പോഴേയ്ക്കും ആ സ്ലോട്ട് നഷ്ടപ്പെട്ടിട്ടുണ്ടാകും.

ഇനി ആ സങ്കടം വേണ്ട. ബുദ്ധിമുട്ടുകൾ ഒന്നുമില്ലാതെ തന്നെ വാക്സിൻ ലഭ്യത നേരിട്ടറിയിക്കുന്ന മൊബൈൽ ആപ്പുമായി എത്തിയിരിക്കുകയാണ് അഞ്ച് മലയാളി സുഹൃത്തുക്കൾ. ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമായ ഫൈൻഡ് മൈ വാക്‌സിൻ (findmyvaccine) എന്ന ആപ്പ് അടുത്തുള്ള സെന്ററുകളിലെ വാക്സിൻ ലഭ്യത നോട്ടിഫിക്കേഷൻ വഴി അറിയിക്കും. നോട്ടിഫിക്കേഷ നുകൾ കൃത്യമായിരിക്കും എന്നത് മാത്രമല്ല ഫൈൻഡ് മൈ വാക്‌സിന്റെ പ്രത്യേകത. ഒരു രൂപ പോലും വരുമാനമില്ലാതെ തികച്ചും സമൂഹ്യപ്രതിബദ്ധത മൂലം മാത്രം നിർമ്മിച്ച ഈ ആപ്പ് തികച്ചും സൗജന്യമാണെന്ന് മാത്രമല്ല, മറ്റ് ആപ്പുകളിലേത് പോലെ ഇൻസ്റ്റാൾ ചെയ്യുന്നവരുടെ വിവരങ്ങളൊന്നും നൽകേണ്ടതുമില്ല.

ആപ്പ് ഇൻസ്റ്റാൾ ചെയ്തശേഷം പിൻകോഡ്, ജില്ല എന്നിവയിൽ ഏതെങ്കിലും തെരഞ്ഞെടുത്ത് ഇതിലുള്ള ബെൽ ഐക്കൺ ക്ലിക് ചെയ്ത് സബ്സ്‌ക്രൈബ് ചെയ്യാം. പിൻകോഡുള്ള പ്രദേശത്തോ ജില്ലയിലോ വാക്‌സിൻ ലഭ്യമായ സെന്ററുകളുടെ ലിസ്റ്റ് ആപ്പ് നോട്ടിഫിക്കേഷനായി അയച്ചുതരും. ഇതിൽ ഫസ്റ്റ് ഡോസ്, സെക്കൻഡ് ഡോസ്, കോവാക്‌സിൻ, കോവിഷീൽഡ് എന്നിവ വേർതിരിച്ച് കണ്ടെത്താം. വയസ്സ് തിരിച്ചും വിവരങ്ങളറിയാം. കാശ് മുടക്കി ലഭിക്കുന്ന വാക്‌സിനേഷന്റെ വിവരങ്ങളും ആപ്പ് നൽകും. വാക്‌സിൻ ലഭ്യതാ വിവരങ്ങൾ അറിഞ്ഞാൽ ഒഴിവുള്ള സ്ലോട്ടുകൾ കോവിൻ ആപ്പിൽ കയറി ബുക്ക് ചെയ്യാം. ഒരേ സമയം അഞ്ച് സ്ഥലം വരെ സബ്സ്‌ക്രൈബ് ചെയ്യാൻ ഈ ആപ്പിൽ സൗകര്യമുണ്ട്

സുഹൃത്തുക്കളും കോട്ടയം സ്വദേശികളുമായ ശരത് മോഹൻ, എൻ എം ജോഫി, എസ് അർജുൻ, വയനാട് സ്വദേശി സി ആർ അരുൺ, പത്തനംതിട്ട സ്വദേശി ബിബിൻ എബ്രഹാം എന്നിവർ ചേർന്നാണ് ആപ്പ് വികസിപ്പിച്ചത്. കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനിയറിങ് കോളേജിലെ എംസിഎ വിദ്യാർത്ഥികളായിരുന്നു ശരതും ജോഫിയും അർജുനും ബിബിനും. ആ കാലം മുതൽ അടുത്ത സുഹൃത്തുക്കളും. അരുൺ സിആർ ആകട്ടെ ജോഫിക്കൊപ്പം ജോലി ചെയ്യുന്നയാളും.

പഠനം കഴിഞ്ഞിറങ്ങി ടെക്നോപാർക്കിലും ഇൻഫോ പാർക്കിലുമായി വിവിധ ഐടി സ്ഥാപനങ്ങളിൽ ജോലിക്ക് പ്രവേശിച്ചെങ്കിലും ഇവർ തമ്മിലുള്ള സൗഹൃദത്തിന് ഉലച്ചിൽ തട്ടിയിരുന്നില്ല. ജോലിയുടെ തലവേദനയും മുഷിച്ചിലും മാറാൻ മാത്രമായിരുന്നില്ല അവർക്ക് സൗഹൃദം. മനസിലെ ആശയങ്ങൾ പങ്കുവയ്ക്കാനും കൂടുതൽ ചർച്ച ചെയ്ത് അത് വികസിപ്പിക്കാനുമൊക്കെ അവർ ആ കൂട്ടായ്മയെ ഉപയോഗിച്ചു. അങ്ങനെയാണ് വാക്സിൻ വിവരങ്ങൾ ലഭ്യമാക്കാൻ ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോം എന്ന ആശയം ഉയർന്നുവന്നത്. അഞ്ച് പേരും ഒന്നിച്ചുകൈകൊടുത്തപ്പോൾ ഫൈൻഡ് മൈ വാക്‌സിൻ യാഥാർത്ഥ്യമായി. ജോലി കഴിഞ്ഞ് റൂമിൽ തിരിച്ചെത്തിയ ശേഷമുള്ള സമയമാണ് അവർ ആപ്പ് നിർമ്മാണത്തിന് ഉപയോഗിച്ചത്. നിലവിൽ കേരളത്തിന് വേണ്ടി മാത്രമാണ് ആപ്പുണ്ടാക്കിയിരിക്കുന്നത്. ജൂൺ ആദ്യവാരത്തിലാണ് ആപ്പ് പ്ലേസ്റ്റോറിൽ അപ്ലോഡ് ചെയ്തത്. മൂന്നാഴ്‌ച്ച പിന്നിടുമ്പോൾ ആറായിരത്തിലധികം മലയാളികൾ ഈ ആപ്പ് ഡൗൺലോഡ് ചെയ്തുകഴിഞ്ഞു.

https://fmvaccine.in/എന്നതാണ് ലിങ്ക്