- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
ആഘോഷത്തോടെ പാലുകാച്ചും കഴിഞ്ഞ് ഫ്ളാറ്റിൽ മഴയും കണ്ടിരിക്കുമ്പോൾ ഡോറിൽ മുട്ടി ജപ്തി നോട്ടീസുമായി ബാങ്കുകാർ; കെട്ടുതാലി വരെ പണയം വച്ച് സ്വന്തമായൊരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ഇറങ്ങിയവർക്ക് ഹീര ബാബുവും ടീമും കൊടുത്ത പണി ഇങ്ങനെ; ഹീര ഗ്രൂപ്പിന് കളി പിഴച്ചത് എവിടെ? തട്ടിപ്പിന്റെ ബാബുസ്റ്റൈൽ
തിരുവനന്തപുരം: ഒരുവീട് എന്ന് പറഞ്ഞാൽ കയറിക്കിടക്കാൻ ഒരുഇടം മാത്രമല്ല, അത് ഒരാളുടെ വ്യക്തിത്വത്തിന്റെ പ്രകാശനമാണ്. വീടിന് ആത്മാവുണ്ട്, സ്വഭാവമുണ്ട്, സ്വന്തമായി വ്യക്തിത്വമുണ്ട്. അങ്ങനെ ഒരു ക്ലയന്റ് ഭാവനയിൽ കാണുന്നതൊക്കെ സാക്ഷാത്കരിക്കുന്ന ഒരുബിൽഡർ ഉണ്ടെങ്കിൽ എന്തുരസമായിരിക്കും. ഹീര ഗ്രൂപ്പ് തങ്ങളെ പരിചയപ്പെടുത്തുന്നത് എപ്പോഴും ഇങ്ങനെയൊക്കെയാണ്. മലയാളികൾക്ക് വീട് വലിയൊരു സ്വപ്നമാണ്. മറുനാട്ടിൽ കിടന്ന് വിയർത്തൊലിച്ച് കഷ്ടപ്പെട്ടും, ഉള്ള സ്വർണം പണയം വച്ചും, ലോണെടുത്തും ഒക്കെ സ്വരുക്കൂട്ടുന്നത് ഈ സ്വപ്നഭവനത്തിനായാണ്. എന്നാൽ, പണമെല്ലാം വസൂലാക്കി ആഘോഷത്തോടെ പാലുകാച്ചും കഴിഞ്ഞ് മഴ കണ്ടിരിക്കുമ്പോൾ വാതിലിൽ ജപ്തിക്കായി ബാങ്കുകാർ വന്നുമുട്ടിയാലോ. 2015 ന് ശേഷം ഹീര ഗ്രൂപ്പിന്റെ വിവിധ ഫ്ളാറ്റ് പദ്ധതികളിൽ പണം മുടക്കിയവർക്ക് കൈപൊള്ളിയതും ഇങ്ങനെ തന്നെ. ഹീര ബാബു മൊത്തം ഫ്ളാറ്റ് സമുച്ചയം വച്ച് വൻതുക ലോൺ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയപ്പോൾ ബാങ്കുകാരും കെഎഫ്സിയുമൊക്കെ ജപ്തിനോട്ടീസുമായി വന്നു.
തിരുവനന്തപുരം വെള്ളയമ്പലത്തെ, ഹീര ബ്ലുബെൽസ്, ശാസ്തമംഗലം സ്വിസ് ടൗൺ പ്രോജക്റ്റ് എല്ലാറ്റിലും സംഭവിച്ചത് ഹീരബാബുവിന്റെ വഞ്ചന തന്നെ. ഇന്നലെ അർദ്ധരാത്രി ബാബു അറസ്റ്റിലാകുമ്പോൾ രണ്ട് പതിറ്റാണ്ട് കാലത്തെ പ്രവർത്തനപരിചയം ഇതാണോ എന്ന് ചോദിക്കാം. എന്താണ് ഈ നെടുമങ്ങാട്ട് കാരനും ഗ്രൂപ്പിനും സംഭവിച്ചത്?
നെടുമങ്ങാട്ടെ റിയൽ എസ്റ്റേറ്റ് മുതലാളി
അലിയാർ കുഞ്ഞിന്റെ മകനായി 1954 ൽ എ.അബ്ദുൾ റഷീദ് ഏലിയാസ് ഡോ.എ.ആർ.ബാബുവിന്റെ ജനനം. കൊമേഴ്സ് ബിരുദധാരി. യുഎസിലെ ഹോണോലുലു സർവകലാശാലയിൽ നിന്ന് കൺസ്ട്രക്ഷൻ മാനേജ്മെന്റിൽ ഡോക്ടറേറ്റ്. ഹീര കൺസ്ട്രക്ഷൻ കമ്പനി പ്രൈവറ്റ് ലിമിറ്റഡ് കമ്പനി പൊതുവെ അറിയപ്പെടുന്നത് ഹീര എന്ന്. ചെയർമാനും മാനേജിങ് ഡയറക്ടറും ഡോ.ബാബു. കേരളത്തിലെ ആസ്ഥാനം തിരുവനന്തപുരം. സംസ്ഥാനത്തെ വിവിധഭാഗങ്ങളിലും ഗോവയിലും ഒക്കെയായി നിരവധി പ്രോജക്റ്റുകൾ. 20 വർഷം മുമ്പ് ഗോവയിൽ ചെറിയ രീതിയിൽ തുടങ്ങി വൻകിട റിയൽ എസ്റ്റേറ്റ് ബിൽഡറായി വളർച്ച. ഭാര്യ സുനിത ബീഗം ഡയറക്ടറും ഹീര എഡ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ബോർഡ് ഓഫ് ട്രസ്റ്റീസ് അംഗവും. മകൾ സുറുമി ഫർഹാദും ഡയറക്ടറാണ്. മംഗലാപുലത്തെ യേനെപോയ ഡീംഡ് സർവകലാശാല അഡ്മിസ്ട്രേറ്ററാണ് മരുമകൻ ഫർഹാദ്. മൂത്തമകൻ സുബിൻ റഷീദും, ഇള മകൻ റേശ്വിൻ റഷീദും ഹീര ഡയറക്ടർമാരാണ്.
കുടിവെള്ളപൈപ്പിന് മുകളിൽ ഫ്ളാറ്റ് കെട്ടിയ വിദ്വാൻ
തിരുവനന്തപുരത്ത് മ്യൂസിയം മുതൽ വെള്ളയമ്പലം വഴി കവടിയാർ വരെയുള്ള രാജപാത ഹെറിറ്റേജ് സോണായി പ്രഖ്യാപിച്ച് വർഷങ്ങൾക്ക് മുൻപ് രണ്ട് നിലയിൽ കൂടുതലുള്ള വീടുകൾ പണിയുന്നതിന് അനുമതി നിഷേധിച്ചിരുന്നു. മാത്രമല്ല അവിടെ വീടുകൾ പണിയണമെങ്കിൽ എത്രമാത്രം സ്ഥലം ഉണ്ടോ അതിന്റെ മുപ്പത് ശതമാനം മാത്രമെ കെട്ടിട നിർമ്മാണത്തിന് ഉപയോഗിക്കാൻ പാടുള്ളു. 70 ശതമാനവും വെറുതെയിടണമെന്നാണ് നിയമം. എന്നാൽ എവിടെ നിന്നോ കുറച്ച് സ്ഥലം ഒപ്പിച്ച് അതിൽ 70 ശതമാനത്തിലും കെട്ടിടം പണിയുകയും രണ്ട് നില എന്നത് മാറ്റി പതിനാല് നില പണിയുകയും ചെയ്ത വീരനാണ് ഹീരാ ബാബു.
പൈതൃക ഭൂമിയായി സംരക്ഷിക്കുന്ന കവടിയാറിൽ രണ്ട് നില മാത്രം പണിയാനേ അനുമതി ലഭിക്കൂ എന്നിരിക്കേ 14 നിലയുടെ ഫ്ളാറ്റ് സമുച്ചയം പണിതുയർത്തിയ ഹീര ബാബുവിന് രാഷ്ട്രീയ കരുത്ത് ഏറെയായിരുന്നു. ഹീരയുടെ കവടിയാറിലെ ഐഎഎസ് അക്കാഡമി സ്ഥിതി ചെയ്യുന്ന ഭൂമിയാണ് തലസ്ഥാനവാസികളുടെ കുടിവെള്ളം പോലും മുട്ടിക്കാൻ പറ്റിയ ബോംബായി സ്ഥിതി ചെയ്യുകയും വിവാദമാവുകയും ചെയ്തിരുന്നത്. കവടിയാർ ഗോൾഫ് ലിങ്ക്സ് റോഡിൽ കോടികൾ വിലതിക്കുന്ന സർക്കാർ ഭൂമി കയ്യേറി കെട്ടിടം പടുത്തുയർത്തിയത് ഏറെ വിവാദമായിരുന്നു. രാജാവിന്റെ കാലത്ത് സ്ഥാപിച്ച ജില്ലയിലെ ആദ്യ കുടിവെള്ള പദ്ധതിയുടെ പൈപ്പ് കടന്നു പോകുന്ന ഭൂമിയിൽ പൈപ്പ് ലൈനു മുകളിലൂടെയാണ് കെട്ടിടം പണിതുയർത്തിയത്. സർക്കാർ ഭൂമിയുടെ പട്ടയം റദ്ദ് ചെയ്തപ്പോൾ ഹീരാ ബാബു ഇവിടെ ഐഎയിരുന്നു ഇവിടെ ഐഎഎസ് അക്കാദമി സ്ഥാപിച്ചത്.
1927ൽ അരുവിക്കരയിൽ നിന്നും ജില്ലയിൽ കുടിവെള്ളമെത്തിക്കുന്നതിനായി രാജാവിന്റെ കാലത്ത് സ്ഥാപിച്ച 33 ഇഞ്ച് കാസ്റ്റ് അയൺ പൈപ്പാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. ഈ പ്രദേശത്ത് ആരെങ്കിലും എന്തെങ്കിലും നിർമ്മാണ പ്രവർത്തനം നടത്തിയാൻ പൈപ്പ് ലൈൻ പെട്ടുമെന്നതിനാൽ ഈ പ്രദേശം പുറമ്പോക്കു ഭൂമിയായി റവന്യൂ രേഖകളിൽ രാജാവ് എഴുതി ചേർക്കുകയായിരുന്നു. എന്നാൽ പീന്നീട് ഈ ഭൂമി വ്യാജപ്രമാണങ്ങൾ ചമച്ച് ഹീരാ ബാബുവും സംഘവും സ്വന്തമാക്കുകയായിരുന്നു. നൂറ്കോടിയിലധികം വിലമതിക്കുന്ന സർക്കാർ ഭൂമി കയ്യേറിയതാണെന്നു കണ്ടെത്തുകയും പട്ടയം റദ്ദ് ചെയ്യുകയും ചെയ്തിട്ട് ഇതൊഴിപ്പിക്കാൻ ആരും ഒന്നും ചെയ്തില്ല
കിള്ളിയാറിന് കുറുകെ സ്വകാര്യ പാലം
തലസ്ഥാനത്ത് നിന്നാണ് ഈ കഥയും. നദിയുടെ പുറത്ത് കൂടി ഫ്ളാറ്റ് സമുച്ചയത്തിലേക്ക് പണിത സ്വകാര്യ പാലത്തിന്റെ കഥയാണ്. നദിക്ക് കുറുകേ ഒരു ബാനർ ഒട്ടിച്ചാൽ കേസ് എടുക്കുന്ന പൊലീസ് പക്ഷേ, ഒരു പാലം തന്നെ പണി തീർത്തിട്ടും കണ്ട മട്ട് കാട്ടിയില്ല.
തിരുവനന്തപുരം നഗരത്തിൽ കിള്ളിയാറിന് മുകളിലായി ഇരുമ്പ് മേല്പാലം നിർമ്മിച്ചത് കൂടാതെ ഹീരാ ബാബു എന്ന അബ്ദുൾ റഷീദ് സർക്കാർ ഭൂമിയും കൈയേറി. ശാസ്തമംഗലം പൈപ്പിന്മൂട്ടിൽ സൂര്യാ നഗറിലാണ് നഗ്നമായ നിയമലംഘനം നടത്തി ഹീരയുടെ സ്കൈ ഗോൾഫ് സമുച്ചയം പണിതുയർത്തിയത്. ശാസ്തമംഗലം മഹാദേവർ ക്ഷേത്രത്തിന് സമീപത്തായി കെട്ടിയുയർത്തിയിരിക്കുന്ന ഈ ഫ്ളാറ്റ് സമുച്ചയത്തിലേക്ക് കടക്കുന്നതിനായാണ് കിള്ളിയാറിനു കുറുകെ വമ്പൻ ഇരുമ്പ് പാലം നിർമ്മിച്ചത്.
ഇവിടുത്തെ റസിഡൻസ് അസോസിയേഷന് സ്വന്തമായി കെട്ടിടം പണിതു നൽകി ഹീരാ ബാബു ഈ പ്രതിഷേധത്തെ കിള്ളിയാറിൽ ഒഴുകിക്കളഞ്ഞു. നദിക്കു മേൽ സ്വകാര്യ താത്പര്യത്തിന് പാലം പണിതപ്പോൾ പണത്തിളക്കത്തിൽ ഇറിഗേഷൻ, ജലസേചന വകുപ്പധികൃതരും മൗനം പാലിച്ചു.
തട്ടിപ്പുകൾ സങ്കീർണ്ണം; പുറത്തറിയാൻ വൈകും
2019 ഏപ്രിലിലാണ് സംഭവം. ഹീര കൺസ്ട്രക്ഷനും ആറ് ഡയറക്ടർമാർക്കും എതിരെ സിബിഐ കേസെടുത്തു. പണയത്തിലിരിക്കുന്ന ഭൂമി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുവാദമില്ലാതെ വിറ്റതിനാണ് കൊച്ചിയിലെ സിബിഐ അഴിമതി വിരുദ്ധ യൂണിറ്റ് കേസെടുത്തത്. ഉപഭോക്താക്കളെ വിദഗ്ദമായി വഞ്ചിക്കുന്ന ഹീര വളരെ സങ്കീർണ്ണമായ തട്ടിപ്പ് തന്നെയാണ് എസ്ബിഐയ്ക്കെതിരെയും പുറത്തെടുത്തത്. ആക്കുളത്തെ ഹീരയുടെ പ്രോജക്റ്റ് 'ഹീര ലേക്ക് ഫ്രണ്ട്' പ്രഖ്യാപിച്ചയുടൻ തന്നെയാണ് ഹീരയ്ക്ക് 2013-ൽ എസ്ബിഐയുടെ കവടിയാർ ബ്രാഞ്ച് 15 കോടി രൂപ പ്രോജ്കറ്റ് ലോൺ അനുവദിക്കുന്നത്. വെറും പ്രോജക്റ്റ് മാത്രമായതിനാൽ കൊളാറ്ററൽ സെക്യൂരിറ്റിയായി കൊല്ലം ചിന്നക്കടയിലെ ഹീര പ്ലാസാ വ്യാപാര സമുച്ചയവും അതിലെ കടമുറികളും ഈടായി ഹീര നൽകിയിരുന്നു. എസ്ബിഐയിൽ നിന്നെടുത്ത 15 കോടി ഹീര തിരിച്ചടയ്ക്കുകയോ ഹീരയുടെ ആക്കുളം പ്രോജക്റ്റ് ഹീര പൂർത്തീകരിക്കുകയോ ചെയ്തില്ല. അതേസമയം തന്നെ ബാങ്കിനെ തെറ്റിദ്ധരിപ്പിച്ച് ഹീര പ്ലാസയിലെ മുഴുവൻ കടമുറികളും വ്യാപാര സമുച്ചയവും ബാങ്കിന്റെ അനുമതികൂടാതെ ഹീര വിൽക്കുകയും ചെയ്തു
കൊല്ലം ചിന്നക്കടയിൽ 26 ഷോപ്പ് മുറികൾ ഉള്ള ഈ സമുച്ചയത്തിലെ 12 ഷോപ്പുകൾ ബാങ്ക് ഹീരയ്ക്ക് കൈമാറി നൽകിയിരുന്നു. എന്നാൽ ബാങ്ക് നൽകിയ അനുമതി ഉപയോഗിച്ച് വ്യാപാര സമുച്ചയം മുഴുവനായി തന്നെ ഹീര വിറ്റഴിച്ചു. ഹീരയ്ക്ക് അനുവദിച്ച 15കോടിയുടെ ലോൺ അടയ്ക്കാതിരിക്കുകയും എന്നാൽ കൊളാറ്ററൽ സെക്യൂരിറ്റിയായി നൽകിയ സമുച്ചയം ഹീര വിറ്റഴിക്കുകയും ചെയ്തതായി ബാങ്ക് നടത്തിയ അന്വേഷണത്തിൽ ബോധ്യമാവുകയും ചെയ്തു. ഇതോടെയാണ് പരാതിയുമായി ബാങ്ക് സിബിഐയെ സമീപിച്ചത്. അന്ന് എസ്ബിറ്റിയായിരുന്ന വേളയിലാണ് ബാങ്ക് വായ്പ നൽകിയത്. ഇപ്പോൾ എസ്ബിറ്റി എസ്ബിഐയിൽ ലഭിച്ചതിനാൽ എസ്ബിഐയാണ് പരാതി നൽകിയത്. ഈ തട്ടിപ്പിന് ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥരുടെകൂടി പങ്ക് ഉണ്ടെന്ന വിധത്തിലാണ് സിബിഐ അന്വേഷണം മുന്നോട്ടു നീങ്ങിയത്.
തട്ടിപ്പിന് ബാബുസ്റ്റൈൽ
ഫ്ളാറ്റ് തട്ടിപ്പിന് ഹീര അനുവർത്തിക്കുന്ന രീതിയാണ് തിരുവനന്തപുരം ബ്ലൂ ബെൽസ് ഫ്ളാറ്റ് തട്ടിപ്പിലും ഹീര പ്രയോഗിച്ചത്. പുതിയ ഫ്ളാറ്റ് സമുച്ചയവുമായി മുന്നോട്ടുവന്നാൽ അധികം കഴിയും മുൻപ് തന്നെ ഫ്ളാറ്റുകൾ മുഴുവൻ ഹീര വിൽക്കും. അതിനുശേഷം ഫ്ളാറ്റ് സമുച്ചയം മുഴുവൻ പണയം വെച്ച് ഹീര ലോൺ വാങ്ങും. ബാങ്കുകളും കെഎഫ്സി പോലുള്ള ധനകാര്യ സ്ഥാപനങ്ങളും തമ്മിലുള്ള ഒത്തുകളിയിലാണ് ഹീര ലോൺ വാങ്ങിക്കുക. ഈ രീതിയിൽ ലോൺ എടുക്കാൻ ഹീരയ്ക്കോ ലോൺ നൽകാൻ ബാങ്കിങ് സ്ഥാപനങ്ങൾക്കോ കഴിയില്ല. ഈ ഘട്ടത്തിൽ ബാങ്ക് അധികൃതരുമായി ഹീര ഒത്തുതീർപ്പിൽ എത്തും.
കോടികളുടെ ലോണിന്റെ പേരിൽ അവർക്ക് ഫ്ളാറ്റുകൾ ഫ്രീയായി നൽകും. വായ്പ തുകയുടെ വർദ്ധന അനുസരിച്ച് ഫ്ളാറ്റുകളുടെ എണ്ണവും കൂടും. ഇങ്ങനെ ബാങ്കുകളും-ഹീരയും കള്ളക്കളി കളിക്കുമ്പോൾ എല്ലാം വിറ്റ് പെറുക്കിയും ലോൺ എടുത്തും ഫ്ളാറ്റുകൾ വാങ്ങിയ ഉടമകൾ പെടും. ലോൺ ഹീര കൃത്യമായി തിരിച്ചടച്ചാൽ ഇത് വെളിയിൽ വരില്ല. ഫ്ളാറ്റ് പദ്ധതികളുടെ മറവിൽ കാശെല്ലാം അടിച്ച് മാറ്റിയ ശേഷം പാപ്പരായെന്ന രീതിയിൽ നടക്കുന്ന ഹീര ഈ രീതിയിൽ എടുത്ത പല ലോണും അടച്ചില്ല. അതിനാലാണ് ലോൺ ഇടപാട് ഹീരയ്ക്ക് വിനയായത്. ഇതോടെയാണ് ഹീര നടത്തിവന്ന ഫ്ളാറ്റ് തട്ടിപ്പ് പല ഫ്ളാറ്റ് ഉടമകളും അസോസിയേഷനുകളും മനസിലാക്കിയത്. ഹീര പാപ്പരായതിനാൽ ഹീരയുടെ ലോൺ സ്വന്തം അടച്ചു വീട്ടേണ്ട അവസ്ഥയിലാണ് ഫ്ളാറ്റ് ഉടമകളുടെ അവസ്ഥ. ഹീര ബ്ലു ബെല്ലിലെ തട്ടിപ്പിനെ തുടർന്ന് രമ നൽകിയ അതേ പരാതി തന്നെ ഹീരയുടെ ശാസ്തമംഗലം സ്വിസ്സ് ടൗൺ പ്രോജക്ടിലെ ഫ്ളാറ്റ് ഉടമകൾക്കുമുണ്ട്.
കടത്തിൽ മുങ്ങിയാൽ എന്തും ചെയ്യും
ശാസ്തമംഗലം സ്വിസ്സ് ടൗൺ പ്രോജക്ടിലെ ഫ്ളാറ്റുകൾ മുഴുവൻ ഉടമകൾ സ്വന്തമാക്കിയപ്പോഴാണ് ജപ്തി നടപടിയുമായി കെഎഫ്സി എത്തിയത്. തങ്ങൾ ലോൺ എടുത്ത് സ്വന്തമാക്കിയ ഫ്ളാറ്റുകൾ എങ്ങനെ കെഎഫ്സി അറ്റാച്ച് ചെയ്യും എന്ന വിവരം തേടിയപ്പോഴാണ് തങ്ങൾക്ക് ഫ്ളാറ്റ് വിറ്റ ശേഷം ആ സമുച്ചയം മുഴുവൻ പണയം വെച്ച് കെഎഫ്സിയിൽ നിന്ന് ലോൺ എടുത്ത കാര്യം വെളിയിൽ വന്നത്. ഇതിൽ മൂന്നു കോടി ഹീര അടച്ചില്ല.
ഇതിനെ തുടർന്നാണ് ജപ്തി നടപടിയുമായി കെഎഫ്സി രംഗത്ത് വന്നത്. ഈ മൂന്നു കോടി ആര് തിരിച്ചടയ്ക്കും എന്ന കാര്യത്തിൽ ഇപ്പോഴും അവിടെ തർക്കം നിലനിൽക്കുകയാണ്. ഹീര ബാബുവും ബാബുവിനോടു അടുപ്പമുള്ള ഫ്ളാറ്റ് ഉടമകളും ഈ ലോൺ പിരിവെടുത്ത് അടയ്ക്കാം എന്ന നിർദ്ദേശം അവിടെ മുന്നോട്ടു വെച്ചിട്ടുണ്ട്. സെറ്റിൽമെന്റിന്റെ ഭാഗമായി അറുപതു ലക്ഷമായി തുക കെഎഫ്സി കുറച്ചിട്ടുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് ഈ തുക ഫ്ളാറ്റ് ഉടമകൾ എല്ലാവരും ചേർന്ന് അടയ്ക്കാം എന്ന നിർദ്ദേശം അസോസിയേഷൻ മുന്നോട്ടു വെച്ചത്. ബിൽഡറുടെ ലോൺ തങ്ങൾ എന്തിന് അടയ്ക്കണം എന്ന ചിന്തയിൽ പല ഫ്ളാറ്റ് ഉടമകളും ഈ നിർദ്ദേശം സ്വീകരിച്ചിട്ടില്ല. ഈ പ്രശ്നം അവിടെ പുകഞ്ഞുകൊണ്ടിരിക്കെയാണ് സമാന പ്രശ്നത്തിൽ മറ്റൊരു ഫ്ളാറ്റ് സമുച്ചയവുമായി ബന്ധപ്പെട്ട പരാതിയിൽ ഹീരയ്ക്ക് കുരുക്ക് മുറുകുന്നത്.
സിപിഎം നേതാവായ മുൻ മേയറും ടൗൺ പ്ലാനറുമടക്കം 9 പേർ പ്രതികളായ തലസ്ഥാന നഗരിയിലെ കവടിയാർ 14 നില അനധികൃത ഫ്ളാറ്റ് നിർമ്മാണ - വിൽപ്പന കേസിൽ സർക്കാർ നിലപാടറിയിക്കാൻ തിരുവനന്തപുരം വിജിലൻസ് സ്പെഷ്യൽ കോടതി സർക്കാരിനോട് ഉത്തരവിട്ടിരുന്നു. ഈ കേസിൽ തുടർ നടപടി ഒന്നും ആയിട്ടില്ല. ഇതിനിടെയാണ് മറ്റൊരു കേസ് എടുത്തത്. സാമ്പത്തിക തട്ടിപ്പിൽ കമറൂദ്ദീൻ എംഎൽഎയും മറ്റും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതുകൊണ്ട് തന്നെ ഹീരാ ബാബുവിനെതിരായ പരാതിയും കണ്ടില്ലെന്ന് നടക്കാനായില്ല. ഇതാണ് അറസ്റ്റിന് സാഹചര്യമൊരുക്കിയത്.
മുതലാളി പാപ്പരായത് എങ്ങനെ?
വലിയ പ്രതിസന്ധിയിലേക്ക് ഹീരയും ബാബുവും നീങ്ങുന്നതായി മറുനാടൻ കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തിരുന്നു. 2015ൽ തുടങ്ങിയ പ്രതിസന്ധി അതിരൂക്ഷമായ സാഹചര്യത്തിലാണ് കമ്പനിയെ പാപ്പരായി പ്രഖ്യാപിക്കാൻ നിയമ നടപടികൾ തുടങ്ങിരുന്നു കുടുംബ സ്വത്തായി കൊണ്ടു നടന്ന കമ്പനിയെയാണ് ഹീര ബാബു പാപ്പരാക്കിയത്. ഇതിന് പുറമേ മറ്റ് പത്തോളം കമ്പനിയും ഹീരാ ബാബുവിന്റെ പേരിലുണ്ട്. കൺസ്ട്രക്ഷൻ വ്യവസായത്തിലെ പണം വകതിരിച്ചു വിട്ടാണ് ഈ കമ്പനികൾ രൂപീകരിച്ചതെന്നും ആരോപണമുണ്ട്.
1991ലാണ് ഹീരാ കൺസ്ട്രക്ഷൻ കമ്പനി രൂപീകരിച്ചത്. അതിന് ശേഷം 1995ൽ ഹീരാ സമ്മർ ഹോളിഡേ ഹാംസും രൂപീകരിച്ചു. ബാക്കിയെല്ലാ കമ്പനിയും 2007ന് ശേഷമാണ് രൂപീകരിച്ചത്. കമ്പനിയിലെ പ്രതിസന്ധി തുടങ്ങിയ ശേഷവും നിരവധി കൺസ്ട്രക്ഷൻ കമ്പനികൾ ഹീരാ ബാബു രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവയിലും ഹീരാ ബാബുവും കുടുംബംഗങ്ങളുമാണ് ഡയറക്ടർമാരായുള്ളത്. നോട്ട് നിരോധനത്തോടെയാണ് ഹീരാ ബാബു പ്രതിസന്ധിയിലേക്ക് നീങ്ങുന്നത്.
കേരളത്തിലെ മുൻനിര മാധ്യമങ്ങളുടെ അടുപ്പക്കാരനും പരസ്യദാതാവുമാണ് ഹീര ബാബു. കേരളത്തിന് അകത്തും പുറത്തുമായി അനേകം സ്ഥലങ്ങളിൽ ഒട്ടേറെ ഫ്ളാറ്റുകളും വില്ലകളും പണിപൂർത്തിയാക്കുകയും അനേകം പ്രോജക്ടുകൾ ഒരേസമയം നടപ്പിലാക്കുകയും ചെയ്യുന്ന വൻകിട ബിൽഡേഴ്സിന്റെ തകർച്ചയുടെ വാർത്തകൾ മുൻ നിര പത്രങ്ങൾ പോലും വാർത്തയാക്കിയിട്ടില്ല.
പ്രതിസന്ധി തുടങ്ങുന്നത് നോട്ടുനിരോധനത്തോടെ
നോട്ട് നിരോധനത്തോടെയാണ് ഹീരാ ബാബു പ്രതിസന്ധിയിലേക്ക് നീങ്ങുന്നത്. സംസ്ഥാന സർക്കാർ സ്ഥാപനമായ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ എന്ന കെഎഫ്സി ഹീരയിൽ നിന്നും തിരിച്ചു കിട്ടാനുള്ള തുകയ്ക്കായി ലേല നടപടികൾ തുടങ്ങിയതോടെയാണ് പ്രതിസന്ധി പുറത്തു വന്നത്. വായ്പാ കുടിശികയെത്തുടർന്ന് കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ(കെ.എഫ്.സി) ജപ്തി ചെയ്ത ഹീരയുടെ തൃപ്പൂണിത്തുറയിലുള്ള ഹീര ലൈഫ് സ്റ്റൈൽ എന്ന ബഹുനില വ്യാപാര സമുച്ചയം ലേലത്തിന് വച്ചു.
160000 ചതുരശ്ര അടി വിസ്തൃതിയുള്ള മൂന്നുനില ഷോപ്പിങ് കോംപ്ലക്സിന് ഇരുപത്തി ഒൻപത് കോടി രൂപയാണ് കെ.എഫ്.സി വിലയിട്ടത്. വായ്പാ തിരിച്ചടവിൽ കുടിശിക വരുത്തിയതിനെത്തുടർന്ന് 2015 ഒക്ടോബർ 16-ന് ആണ് കെ.എഫ്.സി ഹീര ഗ്രൂപ്പിന് നോട്ടീസ് നൽകിയത്. എന്നാൽ പലിശ അടയ്ക്കാൻ വായ്പ്പക്കാരൻ തയാറായില്ല. അത്രയേറെ പ്രതിസന്ധിയിലാണ് ഹീര. ഇതേത്തുടർന്ന് 2016 ജനുവരി 13- ജപ്തി നോട്ടീസ് നൽകുകയും ഈ വാണിജ്യ സമുച്ചയം കെ.എഫ്.സി ഏറ്റെടുക്കുകയുമായിരുന്നു. നോട്ട് നിരോധിച്ചതും ബിനാമി ഇടപാടുകൾ നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ കർശന നടപടിയെടുത്തതുമാണ് ഹീര ഗ്രൂപ്പിനെ വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതെന്നാണ് സൂചന. വായ്പാതിരിച്ചടവ് മുങ്ങിയതിനെത്തുടർന്ന് ഹീരയുടെ നാല് സ്ഥലങ്ങൾ പഞ്ചാബ് നാഷണൽ ബാങ്കും ജപ്തി ചെയ്തിരുന്നു.
കെ.എഫ്.സിയിലെ വായ്പാ തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് ഹീരയുടെ രണ്ട് ബാങ്ക് അക്കൗണ്ടുകൾ സംശയാസ്പദ അക്കൗണ്ടുകളാക്കി പ്രഖ്യാപിച്ചിരുന്നു. പഞ്ചാബ് നാഷണൽ ബാങ്ക് ഹീരാ എഡ്യൂക്കേഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള നെടുമങ്ങാട് താലൂക്കിലെ 2 സ്ഥലങ്ങൾ, ഹീരാ ഗ്രൂപ്പിന്റെ ഉടമ ഹീരാ ബാബുവിന്റെ ഉടമസ്ഥതയിലുള്ള 2 സ്ഥലങ്ങൾ എന്നിവയാണ് ജപ്തി ചെയ്തത്. നെടുമങ്ങാട് താലൂക്കിലെ പനവൂർ വില്ലേജിലാണ് സ്ഥലങ്ങൾ. ഹീര ലൈഫ് സ്റ്റൈൽ പ്രൈവറ്റ് ലിമിറ്റഡിന്റെ പേരിൽ കവടിയാറിലുള്ള സ്ഥലവും ബാങ്ക് കൈവശപ്പെടുത്തി. 14 കോടി 11 ലക്ഷം രൂപയുടെ ഒരു ലോണും 16 കോടി 2 ലക്ഷം രൂപയുടെ മറ്റൊരു ലോണുമാണ് ഹീരാ ബാങ്കിൽ നിന്ന് എടുത്തിരുന്നത്. ഹീരയിലെ കുടിശിക പിടിക്കാൻ പഞ്ചാബ് നാഷണൽ ബാങ്കും പത്രപരസ്യം നൽകിയിരുന്നു.
ഹീര ബാബു അറസ്റ്റിലായത് വ്യാഴാഴ്ച രാത്രി
ഫ്ളാറ്റ് തട്ടിപ്പു കേസിൽ ഹീരാ ഗ്രൂപ്പ് എം.ഡി ഹീര ബാബു (64) അറസ്റ്റിലായത് ഇന്നലെ രാത്രിയാണ്. 2019ലെ പരാതിയിൽ വ്യാഴാഴ്ച രാത്രിയോടെ മ്യൂസിയം പൊലീസാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിനു വഴിവെച്ചത് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റായ വി.ടി.രമ നൽകിയ പരാതിയാണ്. കഴിഞ്ഞ വർഷം നൽകിയ പരാതിയിലാണ് ഇപ്പോൾ നടപടി വന്നത്. ഹീര ബാബു സ്ഥിരം നടത്തിക്കൊണ്ടിരുന്ന തട്ടിപ്പ് തന്നെയാണ് രമ നൽകിയ പരാതിയിലും ചൂണ്ടിക്കാണിച്ചത്. വെള്ളയമ്പലം ആൽത്തറയിലെ ഹീര ബ്ലൂബെൽസ് ഫ്ളാറ്റ് വാങ്ങിയപ്പോൾ ബിൽഡറായ ഹീര ബാബു ചതിച്ചുവെന്നാണ് രമ പരാതി നൽകിയത്.
രമ ലോൺ എടുത്ത് വാങ്ങിയ ഫ്ളാറ്റ് ഈടായി നൽകി ഹീരാ ബാബു വേറെ ബാങ്ക് ലോൺ എടുത്തിരുന്നു. ബാബു ലോൺ മുടക്കിയപ്പോൾ ഫ്ളാറ്റ് സമുച്ചയം അറ്റാച്ച് ചെയ്യുന്ന നടപടിയുമായി ബാങ്ക് മുന്നോട്ടു പോയി. അപ്പോഴാണ് രമ ചതി മനസിലാക്കിയത്. രമ ലോൺ എടുത്ത് സ്വന്തമാക്കിയ ഫ്ളാറ്റ് എങ്ങനെ ഹീര ബാബുവിന്റെ വായ്പയുടെ പേരിൽ ബാങ്കിന് തിരികെ പിടിക്കാൻ കഴിയും. ചതി മനസിലാക്കിയാണ് രമ പരാതി നൽകിയത്. രമയുടെ പരാതിയിലാണ് നടപടി വന്നത്. താനാണ് പരാതി നൽകിയത് എന്ന് രമ മറുനാടനോട് സമ്മതിച്ചു. എന്നാൽ കൂടുതൽ പ്രതികരണത്തിന് ഇല്ല എന്നാണ് രമ മറുനാടനോട് പ്രതികരിച്ചത്.
ഇന്നലെ രാത്രിയാണ് കവടിയാറിലെ വീട്ടിൽ ചെന്ന് മ്യൂസിയം പൊലീസ് ഹീരാ ബാബുവിനെ നാടകീയമായ രീതിയിൽ അറസ്റ്റ് ചെയ്തത്. അറസ്റ്റ് വിവരം വെളിയിൽ പറഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെ ഒരു രക്ഷപ്പെടലിനും ഹീര ബാബുവിന് കഴിഞ്ഞില്ല. അപ്രതീക്ഷിതമായ പൊലീസ് നടപടിയിൽ കുഴഞ്ഞുപോയ ഹീര ബാബു സറണ്ടർ ആവുകയായിരുന്നു. ഇതേ രീതിയിൽ ഫ്ളാറ്റ് തട്ടിപ്പ് നടത്തിയതിനു മ്യൂസിയം സ്റ്റേഷനിൽ തന്നെ അഞ്ചിലേറെ പരാതികൾ ഹീര ബാബുവിന്റെ പേരിലുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്. ഹീരയ്ക്ക് എതിരെയുള്ള പരാതികൾ വർദ്ധിച്ചപ്പോൾ കടുംവെട്ടിനു മ്യൂസിയം പൊലീസ് തയ്യാറാവുകയായിരുന്നു. കേരളത്തിലെ ഒരു കേസിലും ഒരു പൊലീസും അറസ്റ്റ് ചെയ്യാൻ മടിച്ച തട്ടിപ്പ് വീരനെയാണ് രണ്ടു കൽപ്പിച്ചുള്ള നീക്കത്തിലൂടെ മ്യൂസിയം പൊലീസ് വലയിലാക്കിയത്. അറസ്റ്റ് വാർത്ത ഇന്നലെ രാത്രി തന്നെ മറുനാടൻ നൽകിയിരുന്നു.
പൊലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ തന്നെ ആരോഗ്യ പ്രശ്നങ്ങൾ ഹീര ബാബു ഉയർത്തി. ഇതോടെ പൊലീസ് പേരൂർക്കട ആശുപത്രിയിലേക്ക് കൊണ്ടുപോയി. അതിനു ശേഷം അവരുടെ നിർദ്ദേശ പ്രകാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോവുകയായിരുന്നു. നിലവിൽ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് ഈ പ്രമുഖ ബിൽഡർ. ഹീര ബാബുവിന്റെ യുടെ റിമാൻഡ് റിപ്പോർട്ട് കോടതിയിൽ നൽകുമെന്നും കോടതി നിർദ്ദേശ പ്രകാരം അനന്തര നടപടികൾ സ്വീകരിക്കുമെന്നും മ്യൂസിയം എസ്ഐ ശ്യാം രാജ് മറുനാടനോട് പറഞ്ഞു.
മറുനാടന് ഡെസ്ക്