കൊച്ചി: എറണാകുളം ഇടപ്പള്ളിക്ക് അടുത്തുള്ള സ്ഥലമാണ് പത്തടിപ്പാലം.ഒളിവിൽ പോയ ശതകോടീശ്വരൻ നീരവ് മോദിയുമായി പത്തടിപ്പാലത്തിന് എന്തു ബന്ധം? ഒരു ബന്ധവുമില്ലെന്ന് ആദ്യം തോന്നാം. എന്നാൽ, ബാങ്കുകളുടെ പ്രത്യകിച്ച് ന്യൂജെൻ ബാങ്കുകളുടെ ഒരു പൊതുസ്വഭാവം വച്ചുനോക്കിയാൽ ബന്ധമുണ്ടെന്ന് പറയേണ്ടി വരും. പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 11,000 കോടി മുക്കിയതിൽ മുഖ്യ പങ്കു വഹിച്ച നീരവ് മോദിക്ക് ഒത്താശ ചെയ്തുകൊടുത്തത് ആരാണ്? ബാങ്കിലെ തന്നെ ഉദ്യോഗസ്ഥപിണിയാളുകൾ.

കോർപ്പറേറ്റുകളുടെ മുമ്പിൽ ഓച്ഛാനിച്ചുനിൽക്കാനും ജാമ്യക്കടലാസുകൾ നൽകാനും ബാങ്കുകൾക്ക് ഒരു മടിയുമില്ല. പക്ഷേ സാധാരണക്കാരന്റെ കാര്യമെടുത്താലോ? പത്തടിപ്പാലത്തെ െ്രഡ്രെവറായ ഷാജിയുടെയും ഭാര്യ പ്രീത ഷാജിയുടെയും കഥ കേൾക്കാം.
എച്ച്.ഡി.എഫ്.സി ബാങ്ക് ജപ്തി ചെയ്ത വീടിന് മുന്നിൽ കണ്ണീരോടെ കഴിയുന്ന ഈ കുടുംബത്തിന് നീതി തേടി പ്രീത ഷാജി നിരാഹാര സമരം തുടങ്ങിയിരി്ക്കുകയാണ്.

എറണാകുളം ഇടപ്പള്ളിക്കടുത്ത് പത്തടിപ്പാലം സ്വദേശി മാന്നാനത്തുപാടം ഷാജിയും കുടുംബവുമാണ് 24 വർഷമായി തുടരുന്ന കടക്കെണിയിൽ നിന്നും രക്ഷയില്ലാതെ നട്ടംതിരിയുന്നത്. ഷാജിക്ക് ഇപ്പോൾ 56 വയസ്സുണ്ട്. മുപ്പത് വർഷത്തോളമായി ഡ്രൈവിങ്ങാണ് ജോലി.

കണ്ണിൽ ചോരയില്ലാത്ത ബാങ്ക്

എച്ച്.ഡി.എഫ്.സി ബാങ്കിന്റെ കൊള്ളപ്പലിശയ്ക്കും റിയൽ എസ്റ്റേറ്റ് സംഘവുമായുള്ള അവിശുദ്ധ കൂട്ടുകെട്ടിനെതിരെയാണ് ഷാജിയുടെയും പ്രീതയുടെയും സമരം. 'കൂട്ടുകാരൻ സാജന് വർക്ക് ഷോപ്പ് നടത്താൻ 1994ൽ രണ്ട് ലക്ഷം രൂപയ്ക്ക് ലോർഡ് കൃഷ്ണ ബാങ്കിൽ നിന്നും എടുത്ത ലോണിന് ജാമ്യം നിന്നതാണ് ഞാൻ. അയാൾ പണം തിരിച്ചടച്ചില്ല. ഇപ്പോൾ 24 വർഷമായി. ഇപ്പോൾ തിരിച്ചടക്കേണ്ടത് രണ്ട് കോടി എട്ട് ലക്ഷം രൂപയായി. തുക തിരിച്ചടയ്ക്കാത്തതിനാൽ ബാങ്ക് ഞങ്ങളെ അറിയിക്കാതെ ഈട് വച്ച പുരയിടം ലേലത്തിൽ വച്ചു. രണ്ടരക്കോടി മതിപ്പുവിലയുള്ളവ 38 ലക്ഷം രൂപയ്ക്ക് ബാങ്ക് സ്വകാര്യ വ്യക്തിക്ക് ലേലത്തിൽ കൊടുത്തു. ഞങ്ങളറിയാതെ' ഷാജി പറയുന്നു. 18.5 സെന്റ് വസ്തുവാണ് 38 ലക്ഷം രൂപയ്ക്ക് ബാങ്ക് ലേലത്തിൽ വിറ്റത്.

സുഹൃത്ത് സാജൻ പണമടയ്ക്കാതെ കുടിശ്ശിക പെരുകിയപ്പോൾ 1997ൽ ലോർഡ് കൃഷ്ണ ബാങ്കിൽ ഷാജി നാല് സെന്റ് സ്ഥലം വിറ്റ് ഒരുലക്ഷം രൂപ തിരിച്ചടച്ചിരുന്നു. 'ജപ്തി നടപടിയുമായി ബാങ്ക് ആദ്യം വന്ന സമയത്ത് ഞങ്ങളുടെ അമ്മ സ്ട്രോക്ക് വന്ന തളർന്ന് കിടപ്പിലായിരുന്നു. ബാങ്ക് ജീവനക്കാരെയും പൊലീസിനെയുമൊക്കെ ഒരുമിച്ച് കണ്ട് പേടിച്ച അമ്മ പിന്നീട് മിണ്ടാൻ കഴിയാത്ത അവസ്ഥയിലായി. കുറച്ച നാള് കഴിഞ്ഞപ്പോ അമ്മ മരിച്ചു. അമ്മേനെ കൊന്നത് ഈ ബാങ്കാണ്. ഷാജിയുടെ ഭാര്യ പ്രീത പറയുന്നു.

ആലുവയിലെ ലോർഡ് കൃഷ്ണ ബാങ്കിൽ നിന്നാണ് ഷാജി ജാമ്യം നിന്ന് പണം കടമെടുത്തത്. ലോർഡ് കൃഷ്ണബാങ്ക് പിന്നീട് സെഞ്ചൂറിയൻ ബാങ്കിലും സെഞ്ചൂറിയൻ ബാങ്ക് തുടർന്ന് എച്ച്.ഡി.എഫ്.സി. ബാങ്കിലും ലയിക്കുകയായിരുന്നു. പിന്നീടങ്ങോട്ട് എച്ച്.ഡി. എഫ്.സി ബാങ്കാണ് കാര്യങ്ങൾ കൈകാര്യം ചെയ്തത്.

'എച്ച്.ഡി.എഫ്.സി ബാങ്കിൽ ചെന്ന് കുടിശ്ശിക അൽപാൽപമായി തിരിച്ചടക്കാൻ തയ്യാറാണെന്ന് ഞങ്ങൾ അറിയിച്ചിരുന്നു. എന്നാൽ അപ്പോഴെല്ലാം താങ്ങാനാവുന്നതിലും വലിയ തുക പലിശയിനത്തിൽത്തന്നെ വരുമെന്നാണ് ബാങ്ക് അന്നേ ഞങ്ങളോട് പറഞ്ഞിരുന്നത്. എച്ച്.ഡി.എഫ്.സി. ബാങ്ക് പുരയിടമൊന്നാകെ ബാങ്കുമായി അറ്റാച്ച് ചെയ്യുകയും ചെയ്തു. ഇതോടെ സ്ഥലം വിൽക്കാനോ കരമടയ്ക്കാനോ കഴിയാത്ത അവസ്ഥയായി. ഇതോടെ, കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യത്തിന് കരമടച്ച രസീതോ വരുമാന സർട്ടിഫിക്കറ്റോ വില്ലേജ് ഓഫീസിൽ നിന്നും ലഭിക്കാതെയായി' പ്രീത പറയുന്നു.

'എന്നേം എന്റെ കുടുംബത്തിനേം ഈ ബാങ്ക് അന്ന് മുതൽ പീഡിപ്പിക്കുകയായിരുന്നു. പതിനെട്ടര സെന്റ് സ്ഥലമുണ്ട്. പക്ഷെ സ്വന്തം വീട്ടിൽ വാടകക്കാരായി ജീവിക്കേണ്ടി വരികയാണ്. ആരെങ്കിലും സ്ഥലം വാങ്ങാനായി വരുന്ന സമയത്ത് ബാങ്ക് മാനേജർ എങ്ങനെയെങ്കിലും അവരെ ബന്ധപ്പെട്ട് ബാങ്കുമായി അറ്റാച്ച് ചെയ്ത സ്ഥലമാണ്. അത് വാങ്ങരുതെന്ന് അറിയിക്കും. അതോടെ വാങ്ങാൻ വരുന്നവരും പിന്മാറും. നാട്ടുകാരോടും അവർ ഇതുതന്നൊണ് പറഞ്ഞിരിക്കുന്നത്. എനിക്ക് പാരമ്പര്യമായി കിട്ടിയ സ്വത്താണ്. അതിന്റെ എന്തെങ്കിലും ഒരു പങ്ക് എന്റെ മക്കൾക്ക് കൊടുക്കണ്ടേ?' ഷാജി ചോദിക്കുന്നു.

2014ൽ രണ്ട് കോടി മുപ്പത് ലക്ഷം രൂപയാണ് കുടിശ്ശിക എന്ന് ബാങ്ക് ഇവരെ അറിയിച്ചു. 'എങ്ങനെ ഇത്ര വലിയ തുകയായെന്ന് ഞങ്ങളും സംശയിച്ചു. തുടർന്ന് 2014 ഫെബ്രുവരിയിൽ ബാങ്ക് ഓൺലൈനിലൂടെ ഭൂമി ലേലത്തിൽ വച്ചു. ഈ ലേലത്തിൽ രതീഷ് നാരായണൻ എന്ന റിയൽ എസ്റ്റേറ്റ് കച്ചവടക്കാരൻ 38 ലക്ഷം രൂപയ്ക്ക് ലേലം ചെയ്‌തെടുത്തു. എന്നാൽ ഭൂമി ലേലത്തിൽ വച്ചതോ വിറ്റ് പോയതോ ഞങ്ങൾ അറിഞ്ഞിട്ടില്ല. ബാങ്കിൽ നിന്നും സ്ഥലം ജപ്തി നടപടിയിലേക്ക് പോകുമ്പോൾ അത് ഉടമയെ അറിയിക്കണമെന്നാണ് നിയമം. എന്നാൽ ഞങ്ങൾ വീട്ടിലില്ലാത്ത സമയം നോക്കി ബാങ്കിന്റെ ആളുകൾ ഇവിടെ വന്ന് വീട്ടിൽ ആളില്ലെന്ന റിപ്പോർട്ട് അധികാരികൾക്ക് നൽകുകയം ചെയ്തു' പ്രീത വിവരിക്കുന്നു. 80 ലക്ഷം കുടിശ്ശിക തിരിച്ചടയ്ക്കാൻ ചെന്നപ്പോഴാണ് ലേലത്തിന്റെ കാര്യംതന്നെ ഇവർ അറിയുന്നത്.

'റിയൽ എസ്റ്റേറ്റ് കച്ചവടക്കാർക്ക് വേണ്ടി എച്ച്.ഡി.എഫ്.സി ബാങ്ക് ഞങ്ങളുടെ ഭൂമി ഒത്താശ ചെയ്തുകൊടുത്തതാണ്. എച്ച്.ഡി.എഫ്.സി ബാങ്കും ഭുമി ലേലത്തിൽ പിടിച്ച രതീഷ് നാരായണനും കൂടി കുടിയിറക്കാൻ വന്നപ്പോഴാണ് സ്വന്തം വീട് കൈവിട്ട് പോയെന്ന് ഞങ്ങൾ അറിയുന്നത്. ലേലത്തിന് ശേഷം കൈപ്പറ്റേണ്ട നോട്ടീസും ഞങ്ങൾക്ക് കിട്ടിയിട്ടില്ല. കൺസ്യൂമർ നമ്പറടക്കം ഈ രതീഷ് നാരായണൻ ഞങ്ങളറിയാതെ ഇവിടെ വന്ന് ശേഖരിച്ചു. ഇപ്പോ വീട് അയാളുടെ പേരിലും അതിന്റെ കരണ്ട് ചാർജ്ജടക്കം അടയ്ക്കുന്നത് ഞങ്ങളും' ഷാജിയുടെ മകൻ അഖിൽ പറയുന്നു.

സുധീഷ്, സക്കറിയ മണവാളൻ, രതീഷ് നാരായണൻ എന്നീ റിയൽ എസ്റ്റേറ്റ് കച്ചവടക്കാർ തന്ത്രപൂർവ്വം എച്ച്.ഡി.എഫ്.സി ബാങ്കിന്റെ പിന്തുണയോടെ സ്ഥലം കൊള്ളയടിച്ചതാണെന്ന് ഇവർ വ്യക്തമാക്കുന്നു. ഇപ്പോൾ വിളിക്കുന്ന മധ്യസ്ഥ ചർച്ചകളിലടക്കം ഇവർ മൂന്ന് പേരുമാണ് സംസാരിക്കുന്നതെന്നും ഷാജി പറയുന്നു. ലേലത്തിൽ സ്ഥലം വിറ്റ് പണം തിരിച്ച് പിടിച്ചതോടെ ബാങ്ക് പിൻവാങ്ങി. തുടർന്ന് ഷാജിയും കുടുംബവും ഭൂമി വാങ്ങിയ റിയൽ എസ്റ്റേറ്റ് കച്ചവടക്കാരുമായി ആയി പിന്നീടുള്ള ചർച്ച.

ബാങ്കിന് ഇവർകൊടുത്തെന്ന് പറയപ്പെടുന്ന 80 ലക്ഷം രൂപ തിരികെ നൽകാമെന്നും ഭൂമി തിരിച്ചേൽപിക്കണമെന്നും ഷാജി ആവശ്യപ്പെട്ടു. എന്നാൽ ഒരു കോടി ഇരുപത് ലക്ഷം രൂപ തന്നാൽ ഭൂമി തിരികെ നൽകാമെന്നായി രതീഷും സംഘവുമെന്ന് ഷാജി പറയുന്നു. കൂടാതെ നാട്ടുകാരോട് ഷാജിയോയും കുടുംബത്തേയും രണ്ട് മാസത്തിനുള്ളിൽ കുടിയിറക്കുമെന്ന ഭീഷണിയും ഇവർ തുടരുന്നു. ഭീഷണി ശക്തമായതോടെ എന്ത് ചെയ്യണമെന്ന ആശങ്കയിലായി ഈ കുടുംബം. ഭൂമി വിട്ട് കൊടുത്ത് മറ്റൊരു സ്ഥലത്തേക്ക് മാറാനുള്ള വരുമാനമോ സാമ്പത്തികാവസ്ഥയോ ഇവർക്കില്ല.

കുരുക്കായത് സർഫാസി നിയമം

കോടതിയുടെയോ മറ്റു സംവിധാനങ്ങളുടെയോ അനുമതിയില്ലാതെ തന്നെ ബാങ്കുകൾക്കും ബ്ലേഡ് പണമിടപാട് സ്ഥാപനങ്ങൾക്കും നേരിട്ട് ജപ്തി ചെയ്യാനുള്ള അധികാരം നൽകുന്ന നിയമമാണ് സർഫാസി നിയമം.ഈ നിയമപ്രകാരമാണ് ഷാജിയുടെ വീട് ബാങ്ക് ജപ്തി ചെയ്ത്ത്.
സർഫാസി ആക്റ്റ് നിലവിൽ വന്നതോടെ സ്വകാര്യ ബാങ്കുകളിൽ നിന്നും പണമിടപാട് സ്ഥാപനങ്ങളിൻ നിന്നും കർഷകരും സാധാരണക്കാരുമായ ജനങ്ങൾ ആശങ്കയിലാണ്. വായ്പ തിരിച്ചടയ്ക്കുന്നതിൽ മൂന്നു ഗഡുക്കൾ തുടർച്ചയായി വീഴ്ചവരുത്തിയാൽ ഈട് വസ്തു ബാങ്കിനോ ബ്ലേഡ് സ്ഥാപനത്തിനോ നേരിട്ടു പിടിച്ചെടുക്കാനും വിൽക്കാനും നിയമം അധികാരം നൽകുന്നുണ്ട്.

ഷാജിയുടേത് ഒറ്റപ്പെട്ട സംഭവമല്ല

ഷാജിയുടെയും കുടുംബത്തിന്റെയും ദുരനുഭവം ഒര്രപ്പെട്ടതല്ല. കൊല്ലത്തെ നിരവധി ചെറുകിട-ഇടത്തരം കശുവണ്ടി ഫാക്ടരി ഉടമകളും സമാനമായ പ്രതിസന്ധിയിലാണ്.7.5 കോടിയുടെ റവന്യു റിക്കവറി നോട്ടീസ് വന്നതോടെ ചന്ദനത്തോപ്പിലെ ഒരു കശുവണ്ടി ഫാക്ടറി ഉടമ ആത്മഹത്യ ചെയ്ത്ത് ഈ മാസമാദ്യമാണ്.800 ഓളം പേർ ജോലി ചെയ്തിരുന്ന ഫാക്ടറി കഴിഞ്ഞ ഒരു വർഷമായി മേഖലയിലെ പ്രതിസന്ധിയെ തുടർന്ന് അടച്ചിട്ടിരിക്കുകയായിരുന്നു.മറ്റൊരു പാക്ടറിക്ക് 4.5 കോടിയുടെ റവന്യു റിക്കവറി നോട്ടീസാണ് അയച്ചിരിക്കുന്നത്

മുഖം തിരിച്ച് ബാങ്കുകളും സർക്കാരുകളും

നൂറുകണക്കിന് സാധാരണക്കാർ ഇത്തരത്തിൽ പ്രതിസന്ധിയിൽ പെട്ടിട്ടും ബാങ്കർമാരോ,സംസ്ഥാന-കേന്ദ്ര സർക്കാരുകളോ തിരിഞ്ഞുനോക്കുന്നില്ല. നീരവ് മോദി വിവാദം തുറന്നുകാട്ടിയത് രാജ്യത്തെ ബാങ്കിങ് സംവിധാനത്തെ ബാധിച്ചിരിക്കുന്ന പുഴുക്കുത്താണ്.പണവും അധികാരവുമുള്ളവർക്ക് നിയമത്തിലെ പഴുതുകൾ ഉപയോഗിച്ച് നിസാരമായി രക്ഷപ്പെടുന്നു.ബാങ്കുകൾ കാലിയാക്കുന്നു. സാമ്പത്തിക മേഖലയെയാകെ തർക്കുന്നു. ഷാജിയെ പോലുള്ളവരെ പിഴിയാൻ നിൽക്കുന്ന ബാങ്കുകൾ നീരവിനെ പോലുള്ളവരെ താലോലിച്ച് വളർത്തുകയും ഒടുവിൽ പ്രതിസന്ധിയിലാകുമ്പോൾ വീണ്ടും കൈനീട്ടുകയും ചെയ്യുന്നു.