സേലം: ആരും അധികം അറിഞ്ഞിരിക്കില്ല മാതയ്യന്റെ കഥ. കാട്ടുകള്ളൻ വീരപ്പന്റെ സഹോദരൻ. സേലം ജയിലിൽ ജീവപര്യന്തം തടവിൽ കഴിഞ്ഞിരുന്ന തന്നെ മാനുഷിക പരിഗണനയുടെ പേരിൽ ഡിഎംകെ സർക്കാർ മോചിപ്പിക്കുമെന്ന ഒരുപ്രതീക്ഷ ഈ 76 കാരനുണ്ടായിരുന്നു. എന്നാൽ, പേരറിവാളനെ പോലെ മാതയ്യന്റെ കഥ ഏറ്റെടുക്കാൻ ആരും ഉണ്ടായില്ല. ഇളയ സഹോദരനായ വീരപ്പനെ കിട്ടാത്ത കൊതിക്കെറുവിന് മൂത്തസഹോദരനായ മാതയ്യനെ അധികൃതർ ജയിലിൽ അടച്ചുവെന്നാണ് ബന്ധുക്കൾ പഴി പറയുന്നത്. എന്നാൽ, അത് പൂർണമായി സത്യമല്ല താനും.

ബുധനാഴ്ച സേലത്തെ ആശുപത്രിയിൽ ഹൃദയസ്തംഭനം മൂലമായിരുന്നു മാതയ്യന്റെ മരണം. അർജുനൻ, മുത്തമ്മാൾ, മാരിയമ്മ എന്നിവരാണ് മറ്റു സഹോദരങ്ങൾ. 1991 ലാണ് തമിഴ്‌നാട് പൊലീസ് ആദ്യമായി മാതയ്യനെ കസ്റ്റഡിയിൽ എടുക്കുന്നത്. 1997 നവംബറിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടു. അങ്ങനെ തന്റെ 39 ാമത്തെ വയസുമുതൽ മരണം വരെ ജയിലിൽ കഴിയേണ്ടി വന്നു. ഇടയ്ക്ക് ഒരുമാസം പുറത്തിറങ്ങിയത് മിച്ചം. കോയമ്പത്തൂർ ജയിലിൽ നിന്ന് ഏഴുവർഷംമുമ്പ് സേലം സെൻട്രൽ ജയിലിലേക്കുമാറ്റി. ഹൃദ്രോഗവും പ്രമേഹവും കാരണം വർഷങ്ങളായി ജയിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മെയ് ഒന്നുമുതൽ സ്ഥിതി വഷളായി.

രണ്ട് പതിറ്റാണ്ടായി തമിഴ്‌നാട്ടിലെയും, കർണാടകത്തിലെയും ഒരുവിഭാഗം ആളുകൾ വീരപ്പന്റെയും, കൂസ മാതയ്യന്റെയും ജീവിതം ആഘോഷിച്ചിരുന്നു. വിമർശനങ്ങൾ മറുഭാഗത്തും. മൂലക്കാട്, വീരപ്പന്റെ കല്ലറയോട് ചേർന്ന് മാതയ്യനെ അടക്കം ചെയ്തുകഴിഞ്ഞിട്ടും ആ കഥകൾ അവസാനിച്ചിട്ടില്ല.

വീരപ്പനെ കിട്ടാത്തതിന് മാതയ്യനെ ജയിലിൽ ഇട്ടോ?

കന്നഡയിൽ ഗോപിനാഥമെന്നും ചെങ്കപാഡിയെന്നും അറിയപ്പെടുന്ന വീരപ്പന്റെ ജന്മഗ്രാമത്തിൽ, അടുത്ത ബന്ധുക്കളിൽ ഒരാൾ പറയുന്നു: 'മാതയ്യനെ ചെയ്യാത്ത കുറ്റത്തിനാണ് ജയിലിൽ അടച്ചത്. ഇളയ സഹോദരനെ കിട്ടാത്തതിന് രോഷാകുലരായ അധികൃതർ മാതയ്യനെ ശിക്ഷിക്കുകയായിരുന്നു'. എന്നാൽ, ഇതേ ബന്ധു തന്നെ മാതയ്യൻ അത്ര നിഷ്‌ക്കളങ്കൻ ആയിരുന്നില്ലെന്നും പറയുന്നുണ്ട്. നാട്ടിൽ മതിയായ തെളിവുകളില്ലാതെ ആളുകളെ
ശിക്ഷിക്കുന്ന അനധികൃത കങ്കാരു കോടതികൾ നടത്തിയും മറ്റും മാതയ്യൻ കുപ്രസിദ്ധി നേടിയിരുന്നു. വീരപ്പന്റെ ക്രിമിനൽ കുറ്റങ്ങൾക്ക് മാതയ്യൻ സാധുത നൽകുന്ന പണി ചെയ്തുവെന്ന് ചുരുക്കം. അതുകൊണ്ട് തന്നെ വീരപ്പനെ മുന്നോട്ട് നയിക്കുന്ന ചാലകശക്തി മാതയ്യനാണെന്ന് പൊലീസും മറ്റും കരുതിപ്പോന്നു. അതേസമയം, മാതയ്യനെ ജയിലിൽ അടച്ചതോടെ, രോഷാകുലനായ വീരപ്പൻ കുടുതൽ കൊലപാതകങ്ങളിലേക്ക് നീങ്ങിയെന്നും ഒരുവിഭാഗം ആളുകൾ വിലയിരുത്തുന്നുണ്ട്.

1991 ൽ തുടങ്ങിയ നീണ്ട വിചാരണയ്ക്ക് ശേഷം 1997 നവംബറിലാണ് മാതയ്യനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. വീരപ്പന്റെ സഹോദരൻ ആയതുകൊണ്ട് മാത്രം തനിക്ക് അനർഹമായ ശിക്ഷ കിട്ടി എന്നതായിരുന്നു മാതയ്യന്റെ എക്കാലത്തെയും നിലപാട്. 2004 ൽ തമിഴ്‌നാട്-കർണാടക സർക്കാരുകളുടെ സംയുക്ത ഓപ്പറേഷനിലൂടെയാണ് വീരപ്പനെ വകവരുത്തുന്നത്. 1989 ൽ വീരപ്പന്റെ അഞ്ചു ശത്രുക്കളുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് മാതയ്യന്റെ ആദ്യ അറസ്റ്റ്. മൈസുരു ജയിലിലാണ് അന്ന് മാതയ്യനെ അടച്ചത്.

വഴിത്തിരിവായി റെയ്ഞ്ചർ ചിദംബരനാഥിന്റെ കൊലപാതകം

പ്രതികാര ദാഹിയായിരുന്നു വീരപപ്പൻ. വനാതിർത്തിയിലുള്ള മാതയ്യന്റെ വീട് വളഞ്ഞ് വീരപ്പനെ പിടികൂടാൻ കർണാടക പൊലീസ് എത്തിയതാണ് സംഭവങ്ങളുടെ തുടക്കം. വീരപ്പനും സഹോദരൻ അർജ്ജുനനും തലനാരിഴയ്ക്ക് രക്ഷപ്പെട്ടതറിഞ്ഞ് പൊലീസ് ആകെ നിരാശരായി. മാതയ്യനെ അടക്കം അഞ്ചുപേരെ പൊലീസ് ഇതിന്റെ പേരിൽ അകത്താക്കി. തലമല റെയ്ഞ്ചർ ചിദംബരനാഥനെയാണ് ഇതിന് കാരണക്കാരനായി വീരപ്പൻ കണ്ടത്. 1987 ൽ ചിദംബരനാഥൻ സത്യമംഗലം റേയ്ഞ്ചറായി വന്നപ്പോൾ വീരപ്പൻ വെടിവച്ച് വകവരുത്തി. ചിദംബരനാഥൻ കൊല്ലപ്പെടുന്ന സമയത്ത് ജയിലിലായിരുന്നു മാതയ്യൻ. കേസിലെ പത്താംപ്രതി.

65കാരിയായ ഭാര്യ മാരിയമ്മാൾക്കൊപ്പവും, രണ്ട് പെൺമക്കൾക്കൊപ്പവും കഴിയാൻ വിടുതലിനായി മാതയ്യൻ കിണഞ്ഞുശ്രമിച്ചെങ്കിലും, സർക്കാർ കനിഞ്ഞില്ല. ഭാര്യ മാരിയമ്മയ്ക്ക് അസുഖം ബാധിച്ചപ്പോൾ പരോൾ അനുവദിച്ചില്ല. ഹൈക്കോടതി ഇടപെട്ടാണ് ഒരുമാസം പുറത്തിറങ്ങിയത്. 2007-ൽ 20 വർഷം തടവനുഭവിച്ചവർക്ക് ശിക്ഷയിളവ് നൽകിയത് തനിക്കും ബാധകമാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഫലിച്ചില്ല.. പ്രായാധിക്യവും അസുഖവും കാരണം വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് 2019-ൽ നൽകിയ നിവേദനവും വെറുതെയായി.

അമ്പുരാജ് പറയുന്നത്

16 ാം വയസിൽ വീരപ്പൻ തട്ടിക്കൊണ്ടുപോകുകയും, പിന്നീട് അനുയായിയെ പോലെ 18 മാസം കാട്ടിൽ കഴിയുകയും ചെയ്ത ആളാണ് അമ്പുരാജ്. പിന്നീട് 18 വർഷം ഇയാൾ ജയിലിൽ കഴിഞ്ഞു. മാതയ്യനെ താൻ അവസാനം കണ്ടത് മെയ് ഏഴിനാണെന്ന് അമ്പുരാജ് പറഞ്ഞു. 'മാനുഷിക പരിഗണനയുടെ പേരിൽ തന്നെ ഡിഎംകെ സർക്കാർ വീട്ടയയ്ക്കുമെന്ന് മാതയ്യന് പ്രതീക്ഷ ഉണ്ടായിരുന്നു. എന്നാൽ, മാതയ്യൻ പേരളറിവാളൻ അല്ലേല്ലോ, ജയിലിന് പുറത്ത് ആരും ആ ശബ്ദം കേട്ടില്ല. പൊതുജനസമ്മതിയും ഉണ്ടയിരുന്നില്ല', അമ്പുരാജ് പറഞ്ഞു.

മാതയ്യനെ മോചിപ്പിക്കണമെന്ന് വീരപ്പൻ ഒരിക്കലും ആവശ്യപ്പെട്ടില്ല

കന്നഡ സൂപ്പർ താരം രാജ്കുമാറിനെ വീരപ്പൻ തട്ടിക്കൊണ്ടു പോയപ്പോൾ, മോചനത്തിനായി ഏറെ പ്രയത്‌നിച്ച ആളാണ് മുതിർന്ന കോൺഗ്രസ് നേതാവും, തമിഴ് ദേശീയ പ്രസ്ഥാനത്തിന്റെ മുഖവുമായ പി.നെടുമാരൻ. വീരപ്പനുമായുള്ള മധ്യസ്ഥ ചർച്ചകളിൽ, തന്റെ നിരവധി അനുയായികളെ ജയിലിൽ നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ഒരിക്കൽ പോലും മാതയ്യന്റെ പേര് ആ പട്ടികയിൽ ഉണ്ടായിരുന്നില്ല.

എന്തുണ്ടാണ് മാതയ്യന്റെ മോചനം ആവശ്യപ്പെടാത്തതെന്ന് ചോദിച്ചപ്പോൾ, തന്നെ അറസ്റ്റ് ചെയ്യാൻ കഴിയാത്തത്‌ കൊണ്ടാണ് സഹോദരനെ പ്രതി ആക്കിയിരിക്കുന്നത് എന്നായിരുന്നു വീരപ്പന്റെ മറുപടി. താൻ മാതയ്യന്റെ മോചനം ആവശ്യപ്പെട്ടാൽ, അത് തന്റെ തന്നെ കുടുംബത്തിന് വേണ്ടി ആവശ്യപ്പെടുന്നത് പോലെ തോന്നും എന്നായിരുന്നു വീരപ്പന്റെ ന്യായം. സർക്കാരുമായി നെടുമാരൻ മാതയ്യന്റെ മോചനത്തിനായി വാദിച്ചെങ്കിലും ഫലമുണ്ടായില്ല.

വീരപ്പന്റെ അന്ത്യം

മൂന്നു ദശകത്തിലേറെ ദക്ഷിണേന്ത്യയിലെ കാടുകളെ വിറപ്പിച്ച വീരപ്പൻ യുഗത്തിന്റെ അവസാനമായിരുന്നു 2004 ൽ. സംഘത്തിലെ ഭൂരിഭാഗം പേരും ദൗത്യസേനയുടെ പിടിയിലായതും പലവിധരോഗങ്ങളാൽ വീരപ്പൻ വലഞ്ഞതും അവസാനകാലത്ത് വീരപ്പനെ ഒറ്റപ്പെടുത്തി. കർണാടക മുൻ മന്ത്രി എച്ച്. നാഗപ്പ വീരപ്പന്റെ കസ്റ്റഡിയിൽ മരിച്ചതിനെതുടർന്നു വീരപ്പനെ എങ്ങനെയും പിടികൂടാനുള്ള ദൃഢനിശ്ചയത്തിലായിരുന്നു കർണാടക, തമിഴ്‌നാട് ദൗത്യസേനകൾ. എന്നാൽ, വീരപ്പന്റെ മരണം സംഭവിച്ച അഭ്യൂഹങ്ങൾ അവസാനിച്ചതേയില്ല. വീരപ്പൻ ആത്മഹത്യ ചെയ്തതാണെന്നും, സേന ചതിവിൽ കൊലപ്പെടുത്തിയതാണെന്നുമൊക്കെയായി വാദങ്ങൾ.

ഒരു സമയത്ത് നൂറുകണക്കിനു അംഗങ്ങളുള്ള ഒരു ചെറിയ സൈന്യം തന്നെ വീരപ്പനു സ്വന്തമായി ഉണ്ടായിരുന്നു. ഏകദേശം 124 വ്യക്തികളെ വീരപ്പൻ കൊലപ്പെടുത്തി എന്ന് വിശ്വസിക്കുന്നു. ഇവരിൽ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരും വനം വകുപ്പ് ഉദ്യോഗസ്ഥരും ഉൾപ്പെടും. ഇതിനു പിന്നാലെ 200-ഓളം ആനകളെകൊന്ന് ആനക്കൊമ്പ് ഊരിയതിനും $2,600,000 ഡോളർ വിലവരുന്ന ആനക്കൊമ്പ് അനധികൃതമായി കടത്തിയതിനും 10,000 ടൺ ചന്ദനത്തടി മുറിച്ചു കടത്തിയതിനും ($22,000,000 ഡോളർ വിലമതിക്കുന്നു) വീരപ്പന്റെ പേരിൽ കേസുകൾ നിലനിന്നു. വീരപ്പനെ പിടികൂടാൻ പത്തുവർഷത്തെ കാലയളവിൽ സർക്കാർ ഏകദേശം 2,000,000,000 രൂപ (വർഷം തോറും 200,000,00) ചിലവഴിച്ചു. ഇരുപതുവർഷത്തോളം പിടികിട്ടാപ്പുള്ളിയായി തുടർന്ന വീരപ്പനെ തമിഴ്‌നാട്ടിലെ കാടുകളിൽ 'ഓപ്പറേഷൻ കൊക്കൂണി'ലൂടെയാണ് പ്രത്യേക ദൗത്യസംഘം കൊലപ്പെടുത്തിയത്