മംഗളൂരു: ജീവിതത്തിലും ജോലിയിലും താൻ തോറ്റിരിക്കുന്നുവെന്ന് ജീവനക്കാർക്കു കത്തെഴുതിയാണ് സിദ്ധാർഥ വിടവാങ്ങിയത്. കഫേ കോഫി ഡേ സ്ഥാപകൻ 2019 ൽ തന്റെ അറുപതാമത്തെ വയസിൽ നേത്രാവതി നദിയിലെ പാലത്തിൽ നിന്ന് ചാടി ജീവനൊടുക്കിയപ്പോൾ, വാർത്ത കേട്ട് എല്ലാവരും ഞെട്ടി. കടം കയറി തല പെരുത്ത് സിദ്ധാർഥയെ കാണാതായിരുന്നു. സി സി ഡി എന്ന കഫേ ശൃംഖലയുടെ തലവൻ. കർണാടകത്തിലെ ചിക്മംഗലൂരു ജില്ലയിലെ കാപ്പി വ്യവസായ മേഖലയിൽ 140 വർഷത്തിലധികം പരിചയമുള്ള കുടുംബത്തിൽ ജനിച്ച ആൾ. സിദ്ധാർത്ഥയുടെ ഭാര്യാ പിതാവ് കർണാടക മുൻ മുഖ്യമന്ത്രിയും, മഹാരാഷ്ട്ര ഗവർണറുമായിരുന്ന എസ്. എം. കൃഷ്ണ. അങ്ങനെ വിഐപി കുടുംബത്തിലെ ഈ വ്യവസായിയുടെ പതനം വ്യവസായ ലോകത്തെ ആകെ ഞെട്ടിച്ചു. സിദ്ധാർഥയെ കൂടാതെ സ്ഥാപനം പടുകുഴിയിലേക്ക് പോകുമെന്ന് പലരും കരുതി. എന്നാൽ, അത് തെറ്റി. സിദ്ധാർഥയുടെ ഭാര്യ മാളവിക ഹെഗ്‌ഡെ ഗ്രൂപ്പിന്റെ കടിഞ്ഞാൺ കൈയിലെടുക്കുമ്പോൾ, ആർക്കും വലിയ പ്രതീക്ഷ ഉണ്ടായിരുന്നില്ല. കഫേ കോഫി ഡേ എന്റർപ്രൈസസിന്റെ സിഇഒ ആയി 2020 ഡിസംബറിലാണ് മാളവിക ചുമതലയേറ്റത്.

വിവാഹം കഴിഞ്ഞപ്പോൾ ബിസിനസിലും ഒരു കൈ നോക്കി

വിജി സിദ്ധാർതഥയെ വിവാഹം കഴിച്ച ശേഷം മാളവിക ഹെഗ്‌ഡേ കോഫി ബിസിനസിൽ സജീവമായിരുന്നു. കഫേ കോഫി ഡേ ബോർഡ് അംഗമായിരുന്നു. എന്നാൽ, നോൺ എക്‌സിക്യൂട്ടീവ് ബോർഡ് അംഗമായിരുന്നു എന്ന വ്യത്യാസമുണ്ട്. സിസിഡിയുടെ നടത്തിപ്പിൽ, 2008 മുതൽ ഇടപെട്ടിരുന്നു. മാളവിക ചുമതലയേറ്റപ്പോൾ കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. 2019 ൽ കോഫി ഡേയിക്ക് 7000 കോടിയേറെ കടം ഉണ്ടായിരുന്നു.

വെല്ലുവിളി ഏറ്റെടുത്തു ധീരമായ്

മാനേജ്‌മെന്റ് നിപുണതയും തന്ത്രങ്ങളും വഴിയാണ് മാളവിക പ്രതിസന്ധിയെ നേരിട്ടത്. 2020 മാർച്ചോടെ കടം 3100 കോടിയായി കുറച്ചുകൊണ്ടുവന്നു. 2021 ജനുവരി ആയപ്പോഴേക്കും അത് 1731 കോടിയായി കുറയ്ക്കാൻ കഴിഞ്ഞു. കോവിഡ് മഹാമാരിക്കിടയിലും, രണ്ടുവർഷം കൊണ്ട് 75 ശതമാനം കടം കുറയ്ക്കാൻ കഴിഞ്ഞു.

സിഇഒ ആയി ചുമതല ഏറ്റെടുക്കും മുമ്പ് ആയിരക്കണക്കിന് സിസിഡി ജീവനക്കാർക്ക് അവർ ഒരു കത്തെഴുതി. കമ്പനിയുടെ ഭാവിയെ കരുതി, ചില സ്ഥാപനങ്ങൾ വിറ്റഴിച്ച് കടം കൈകാര്യം ചെയ്യാവുന്ന തലത്തിലേക്ക് എത്തിക്കാൻ പ്രയത്‌നിക്കാം. അടുത്തിടെ, ജീവനക്കാർക്ക് എഴുതിയ മറ്റൊരു കത്തിൽ, മാളവിക എഴുതി: ' ഒരു വായ്പാ ദാതാവിന്റെയും സഹായമില്ലാതെയാണ് അസാധ്യമെന്ന് കരുതിയ ഈ നേട്ടം നമ്മൾ സ്വന്തമാക്കിയത്. കൊടുക്കാനുള്ള ഓരോ പൈസയും തിരിച്ചുകൊടുക്കും. കഫേ കോഫി ഡേയ്ക്ക് പുതുജീവൻ നൽകും. അതാണ് മാളവികയുടെ ആത്മവിശ്വാസം.

അദ്ഭുതകരമായ തിരിച്ചുവരവ്

സിദ്ധാർഥ പോയെങ്കിലും അദ്ദേഹത്തിന്റെ പാരമ്പര്യം കാത്തുസൂക്ഷിക്കുമെന്ന ദൃഢനിശ്ചയത്തിലായികുന്നു മാളവിക. തനിക്ക് ചെയ്യാൻ ഒരു ജോലി ബാക്കി വച്ചിട്ടാണ് അദ്ദേഹം വിടവാങ്ങിയത്. ഓരോ കടക്കാരന്റെയും കടം കഴിവിന് ഒത്ത് വീട്ടും. ബിസിനസ് വളർത്തും. ജീവനക്കാരെ പ്രേചോദിപ്പിച്ച് മുന്നോട്ട് പോകും.

2019 മാർച്ച് 31-ന് കഫേ കോഫിഡേയുടെ ബാധ്യത 7200 കോടി രൂപയായിരുന്നു. 2020-ൽ ഇത് 3100 കോടി രൂപയായി. 2021 മാർച്ച് 31 ആയപ്പോഴേക്കും ഈ ബാധ്യത 1731 കോടിയിലെത്തി. കടം കുറച്ചതിന് ശേഷം സ്ഥാപനത്തെ കരകയറ്റാൻ കഠിനമായി പരിശ്രമിച്ചു. കാപ്പിക്ക് ഒരു രൂപ പോലും വർധിപ്പിക്കാതെയായിരുന്നു ഈ തിരിച്ചുവരവ്. കടബാധ്യതയില്ലാതെ കഫേ കോഫിഡേയെ കോടികളുടെ മൂല്യമുള്ള കമ്പനിയാക്കുകയാണ് മാളവികയുടെ ലക്ഷ്യം. അന്തരിച്ച ഭർത്താവിന്റെ പാത പിന്തുടർന്ന് രാജ്യത്തിന്റെ എല്ലാ കോണുകളിലേക്കും കോഫി ഡേ ഷോപ്പുകൾ തുറക്കുക എന്നത് മാളവികയുടെ സ്വപ്‌നമാണ്.

കോവിഡ് കാലത്തും വളർച്ച

കോവിഡ്‌, ലോകത്തെ വ്യവസായ രംഗത്തെ എങ്ങനെ തകർത്തുവെന്ന് എല്ലാവർക്കും അറിയാം. എന്നാൽ, മഹാമാരിയുടെ കാലത്തും കഫേ കോഫിഡേ വളർന്നു. എന്താണ് കാരണങ്ങൾ? ഒന്ന് ബ്രാൻഡ് മൂല്യം നിലനിർത്താൻ പരിശ്രമിച്ചു. രണ്ട്.. പുതിയ നിക്ഷേപകരെ സിസിഡിയിലേക്ക് ആകർഷിക്കാൻ കഴിഞ്ഞു. സിസിഡി എന്ന ബ്രാൻഡ് നിലനിൽക്കുന്നതാണെന്ന് നിക്ഷേപകരെ ബോധ്യപ്പെടുത്താൻ കഴിഞ്ഞു.

കഫേകളുടെ ശൃംഖലകളിൽ കോവിഡ് സുരക്ഷാ പ്രോട്ടോക്കോൾ പാലിക്കാൻ നിരവധി നടപടികൾ സ്വീകരിച്ചു. കഫേ കോഫി ഡേയുടെ ആരാധകർ കൂട്ടത്തോടെ തിരിച്ചെത്തി. എല്ലാത്തിനും പിന്നിൽ മാളവികയുടെ ധൈര്യവും ഇച്ഛാശക്തിയും.

പടർന്ന് പന്തലിക്കുന്നു

നിലവിൽ രാജ്യത്തുടനീളം 572 കഫേകൾ. 333 സിസിഡി വാല്യു എക്സ്‌പ്രസ് കിയോസ്‌കുകൾ. 3600 കോഫി വെൻഡിങ് മെഷീനുകളുമായി വലിയൊരു ബിനിസസ് സാമ്രാജ്യം. പുറമെ അറബിക്ക കാപ്പിക്കുരുവിന്റെ കയറ്റുമതിയിൽ വൻ വിജയം നേടി. വൻകിട വിദേശരാജ്യങ്ങളിലേക്ക് തങ്ങളുടെ 20000 ഏക്കർ സ്ഥലത്ത് വിരിയുന്ന കാപ്പിക്കുരു കയറ്റുമതി ചെയ്യുന്നു.

മുൻ കർണാടക മുഖ്യമന്ത്രി എസ്എം കൃഷ്ണയുടെ മകളായി 1969ലാണ് മാളവിക ജനിച്ചത്. ബംഗളൂരു സർവകലാശാലയിൽ നിന്നും എൻജിനീയറിങ്ങിൽ ബിരുദം. 1991ലായിരുന്നു വിജി സിദ്ധാർഥയുമായുള്ള വിവാഹം. മാളവിക-സ്ിദ്ദാർഥ ദമ്പതികൾക്ക് രണ്ട് ആൺമക്കളാണ് ഉള്ളത്. ഇഷാനും അമർത്യയും. കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ.ശിവകുമാറിന്റെ മകൾ ഐശ്വര്യയെയാണ് അമർത്യ വിവാഹം കഴിച്ചിരിക്കുന്നത്.

സിദ്ദാർഥയുടെ മരണത്തിൽ തളരാതെ

36 മണിക്കൂർ നേരത്തെ തിരച്ചിലിന് ശേഷമാണ് സിദ്ദാർഥയുടെ മൃതദേഹം കണ്ടുകിട്ടിയത്. കാറിൽ സകലേഷ്പൂരിലേക്ക് പോകുമ്പോൾ നേത്രാവതി നദിക്ക് കുറുകേയുള്ള പാലത്തിൽ വച്ച് ഡ്രൈവറോട് കാർ നിർത്താൻ പറഞ്ഞു. പാലത്തിന്റെ അവസാനം തനിക്ക് വേണ്ടി കാത്തിരിക്കാൻ ആവശ്യപ്പെട്ട് പാലത്തിലൂടെ നടന്നു. ഒരു മണിക്കൂർ ആയിട്ടും കാണാതെ വന്നപ്പോൾ, ഡ്രൈവർ ഫോണിൽ വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു.
സ്വപ്‌നങ്ങൾ തകർന്നതോടെയാണ് സിദ്ദാർഥ കടുംകൈക്ക് മുതിർന്നത്.

തന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള 350 ഏക്കർ കാപ്പിത്തോട്ടത്തിൽ നിന്ന് സിദ്ദാർഥയ്ക്ക് എളുപ്പത്തിൽ വരുമാനം കണ്ടെത്താമായിരുന്നു എന്നാൽ സിദ്ധാർഥ് തിരഞ്ഞെടുത്തത് മറ്റൊരു വഴിയാണ്. തന്റേതായ എന്തെങ്കിലും പുതിയ സംരംഭം തുടങ്ങണമെന്ന സിദ്ധാർത്ഥയുടെ ആഗ്രഹം സാധിക്കാൻ അച്ഛൻ അഞ്ചു ലക്ഷം രൂപ നൽകുകയും, തന്റെ പുതിയ സംരംഭത്തിൽ പരാജയപെടുകയാണെങ്കിൽ തിരിച്ചു കുടുംബ ബിസിനസിലേക്ക് വരാമെന്നും പറഞ്ഞു. അച്ഛൻ നൽകിയ പണത്തിൽ നിന്നും മൂന്നു ലക്ഷം രൂപയ്ക്കു സ്വന്തമായി ഭൂമി വാങ്ങിക്കുകയും ബാക്കി പണം അദ്ദേഹം ബാങ്കിൽ നിക്ഷേപിക്കുകയും ചെയ്തു. പിന്നീട് അദ്ദേഹം മുംബൈയിൽ എത്തുകയും അവിടെ നിന്ന് ബിസിനസ്സിന്റെ അടിസ്ഥാന പാഠങ്ങൾ മനസിലാക്കുകയും ചെയ്തു. രണ്ടു വർഷങ്ങൾക്കു ശേഷം ബംഗളൂരു നഗരത്തിൽ തിരിച്ചെത്തിയ സിദ്ധാർഥ് സ്വന്തമായി ഒരു ബിസിനസ്സ് തുടങ്ങാൻ തീരുമാനിച്ചു .

1996ൽ ബെംഗലൂരുവിൽ ആരംഭിച്ച കഫേ കോഫിഡേയ്ക്ക് 2011ൽ രാജ്യമാകെ 1000ലേറെ ഔട്ട്ലെറ്റുകളുണ്ടായിരുന്നു. എന്നാൽ ബിസിനസിന്റെ ലോകത്ത് സിദ്ധാർഥയുടെ കണക്കുകൾ പിഴച്ചു. പ്രതീക്ഷയോടെ തുടങ്ങിയ ഔട്ട്‌ലറ്റുകൾ പൂട്ടിപ്പോയി. കടം കയറി ജീവിതത്തിലും ജോലിയിലും താൻ തോറ്റിരിക്കുന്നുവെന്ന് ജീവനക്കാർക്കു കത്തെഴുതി മടങ്ങിയ സിദ്ദാർഥയുടെ ഓർമകളുമായി മാളവിക വെല്ലുവിളികളെ അതിജീവിച്ചിരിക്കുയണ്. തോൽവിയിൽ ഭയന്നോടുന്നവർക്ക് ഒരു പാഠമായി.