അഗർത്തല: 'മണിക്ക് സർക്കാരിന് ഇനി വെറും മൂന്ന് വഴികൾ മാത്രമേയുള്ളൂ. ഒന്നുകിൽ ചെറിയ രീതിയിലെങ്കിലും സിപിഎമ്മിന് സാന്നിധ്യമുള്ള പശ്ചിമ ബംഗാളിലേക്ക് പോവാം. കേരളത്തിൽ സിപിഎം ഇപ്പോഴും ഭരണത്തിലുണ്ട്. ഇനി മൂന്ന് വർഷം കൂടിയേ ആ ഭരണമുണ്ടാവൂ അതിനാൽ വേണമെങ്കിൽ കേരളത്തിലേക്ക് പോവാം. ഇതൊന്നുമല്ലെങ്കിൽ അയൽരാജ്യമായ ബംഗ്ലാദേശിലേക്ക് പോവം', ബിജെപി നേതാവ് ഹിമന്ത് ബിശ്വ ശർമ്മയുടെ പരിഹാസം ക്രൂരമായി തോന്നാം. 1998 മുതൽ മണിക്ക് സർക്കാർ ആണ് ത്രിപുരയുടെ മുഖ്യമന്ത്രി എന്നല്ല ഇനി പറയുക..ആയിരുന്നു എന്നാണ് പറയേണ്ടി വരിക.

ലളിത ജീവിതത്തിനും മികച്ച ഭരണത്തിനും പേരുകേട്ട മണിക്ക് സർക്കാരിന്റെ നയങ്ങൾ അവിടുത്തെ ജനങ്ങൾ 25 വർഷത്തിന് ശേഷം തള്ളിക്കളഞ്ഞിരിക്കുന്നുവെന്നാണ് തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. കേരളത്തേക്കാൾ മികച്ച ഭരണമാണ് ത്രിപുരയിൽ മണിക് സർക്കാറിന്റേതെന്ന് അടുത്തിടെ സിപിഎം അഖേലേന്ത്യാ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടതും ചേർത്തു വായിക്കാം.

ഏറ്റവും ദരിദ്രനായ മുഖ്യമന്ത്രി

അഞ്ച് തവണ ത്രിപുരയിലെ മുഖ്യമന്ത്രിയായ മണിക് സർക്കാർ തെരഞ്ഞെടുപ്പ് പത്രിക സമർപ്പിക്കുമ്പോൾ അദ്ദഹത്തിന്റെ കൈവശമുള്ളണ്ടായിരുന്നത് ആകെ 1520 രൂപ മാത്രമാണ്. നാമനിർദ്ദേശ പത്രിക സമർപ്പിക്കവെ നൽകിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബാങ്ക് ബാലൻസായി ഉള്ളതാവട്ടെ വെറും 2410 രൂപ അറുപത് പൈസയും. മുഖ്യമന്ത്രി സ്ഥാനത്തിരിക്കുമ്പോൾ സ്വത്തിന്റെ എണ്ണം കൂടുന്ന മന്ത്രിമാർക്കിടയിൽ അദ്ദേഹം വ്യത്യസ്തനാകുന്നത് കുറഞ്ഞ സമ്പത്തിന്റെ പേരിലാണ്. 2013ലെ തെരഞ്ഞടുപ്പിൽ ജനവിധി തേടുമ്പോൾ ഉണ്ടായിരുന്നതിനെക്കാൾ കുറവാണ് നിലവിലെ ബാങ്ക് ബാലൻസ്. അന്ന് 9,720 രൂപ 38 പൈസയായിരുന്നു ബാങ്ക് ബാലൻസായി ഉണ്ടായിരുന്നത്.

അറുപത്തിയൊൻപതുകാരനായ മണിക് സർക്കാർ മുഖ്യമന്ത്രി എന്ന നിലയിൽ ശമ്പളം കൈപ്പറ്റുന്നില്ല. പാർട്ടി മാസം തോറും നൽകുന്ന പതിനായിരം രൂപയാണ് ജീവിത ചെലവായി സ്വീകരിക്കുന്നത്.

ധൻപൂർ മണ്ഡലത്തെയാണ് മണിക്് സർക്കാർ പ്രതിനിധാനം ചെയ്യുന്നത്. നാമനിർദ്ദേശക പട്ടികയിൽ ഭാര്യയുടെ സ്വത്ത് വിവരവും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. ഭാര്യ പാഞ്ചാലി ഭട്ടാചാര്യയുടെ ചെലവിലാണ് മുഖ്യമന്ത്രി ജീവിക്കുന്നതെന്ന് പറഞ്ഞാൽ അതിലും തെറ്റില്ല. കേന്ദ്രഗവൺമെന്റ് ജീവനക്കാരിയായ പാഞ്ചാലിയുടെ പക്കൽ 20, 140 രൂപയാണ് കാശായി ഉള്ളത്. കൂടാതെ 1,24,101 രൂപയുടെയും 86,473 രൂപയുടെയും രണ്ട് ബാക്ക് അക്കൗണ്ടുകളുമുണ്ട്. ഇത് കൂടാതെ മൂന്ന് ഫിക്സഡ് ഡിപ്പോസിറ്റുകളും മുഖ്യമന്ത്രിയുടെ ഭാര്യക്കുണ്ട്. രണ്ട് ലക്ഷം, 5 ലക്ഷം, 2.25 ലക്ഷം എന്നിങ്ങനെയാണ് ഫിക്സഡ് ഡിപ്പോസിറ്റുകളിലെ തുക. ഇത് കൂടാതെ 20 ഗ്രാം സ്വർണവും ത്രിപുര മുഖ്യമന്ത്രിയുടെ ഭാര്യക്കുണ്ട്.

മണിക് സർക്കാരിിന് സ്വന്തമായുള്ളത് 432 സ്‌ക്വയർഫീറ്റ് ടിൻ ഷീറ്റ് അടിച്ച വീടാണ്. അതിന്റെ ഇപ്പോഴത്തെ മാർക്കറ്റ് വില 2,20,000 രൂപയേ വരികയുള്ളൂ. അമ്മ അഞ്ജലി സർക്കാരിൽ നിന്ന് ലഭിച്ചതാണത്. മുഖ്യമന്ത്രി എന്ന നിലയിൽ കിട്ടുന്ന ശമ്പളം പൂർണമായും പാർട്ടിക്ക് നൽകിയിരിക്കുകയാണ് മണിക് സർക്കാർ. പാർട്ടി പ്രതിമാസം 5000 രൂപ അലവൻസ് നൽകും. അതും ഭാര്യയുടെ പെൻഷനും കൊണ്ടാണ് കുടുംബം കഴിയുന്നത്. ഇന്ത്യയിലെ മുഖ്യമന്ത്രിമാരിൽ ഏറ്റവും കുറഞ്ഞ ശമ്പളം ത്രിപുര മുഖ്യമന്ത്രിക്കാണ്. ഈ ശമ്പളം വർധിപ്പിക്കാൻ മണിക് സർക്കാർ ഇതുവരെ തയാറായിട്ടില്ല. ഒന്നര പതിറ്റാണ്ട് മുഖ്യമന്ത്രി പദത്തിലിരുന്നിട്ടും അഴിമതി എന്ന വാക്ക് മണിക് സർക്കാരിന്റെ പേരിനൊപ്പം ചേർത്തു പറയാൻ പ്രതിപക്ഷത്തെ ഒരു പാർട്ടിക്കും ഇതുവരെ കഴിഞ്ഞിട്ടില്ല.

ബംഗാളിൽ തകർന്നടിയുകയും കേരളത്തിൽ ഒന്നിടവിട്ട് അധികാരത്തിൽ വരികയും ചെയ്യുമ്പോഴും ത്രിപുര എന്നും ചുവപ്പുകോട്ടയായി നിലനിൽക്കുകയായിരുന്നു. യാതൊരു ഉലച്ചിലും തട്ടാതെ ത്രിപുരയിൽ വിജയക്കൊട്ടിയിരുന്ന ഈ 69കാരന് ഒടുവിൽ അടിപതറിയിരിക്കുന്നു്.

1949 ജനുവരി 22ന് ത്രിപുരയിലെ രാധാ കിഷോർ പുരിലാണ് മണിക് സർക്കാർ ജനിച്ചത്. അഗർത്തലയിലെ മഹാരാജ ബിർ ബിക്രം കോളജിൽ നിന്നു 1971ൽ കൊമേഴ്സിൽ ബിരുദമെടുത്തു. എസ്.എഫ്.ഐയിലൂടെയാണ് രാഷ്ട്രീയത്തിൽ വന്നത്. ത്രിപുരയിലെ കോൺഗ്രസ് സർക്കാരിനെതിരെ അറുപതുകളുടെ നടുവിൽ നടന്ന സമരത്തിൽ നിർണായക പങ്കു വഹിച്ചു. 1968ലാണ് സിപിഎമ്മിൽ അംഗമായത്. എസ്.എഫ്.ഐയുടെ കോളജ് യൂനിയൻ സെക്രട്ടറി, സ്റ്റേറ്റ് സെക്രട്ടറി, അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചു.

കോൺഗ്രസ് സർക്കാരിനെ മാറ്റി സിപിഎം സർക്കാരിനെ കൊണ്ടു വരുന്നതിൽ മുന്നണി പോരാളിയായി. 1972ൽ ത്രിപുരയിൽ സിപിഎം സംസ്ഥാന കമ്മിറ്റിയിൽ അംഗമായി. 1985ൽ കേന്ദ്ര കമ്മിറ്റി അംഗവും 1998ൽ പൊളിറ്റ് ബ്യൂറോ അംഗവുമായി. 1980ലാണ് സംസ്ഥാന നിയമസഭയിലേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടത്. 1998ൽ ത്രിപുര മുഖ്യമന്ത്രിയായി സ്ഥാനമേൽക്കുമ്പോൾ സ്വന്തമായി വീടോ കാറോ ബാങ്ക് ബാലൻസോ ഇല്ലാത്ത ഏക മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. 2013ൽ നാലാം തവണ മുഖ്യമന്ത്രിയാകുമ്പോഴും മണിക് സർക്കാരിന് ഒരു മാറ്റവുമില്ല

ലാളിത്യം മുഖമുദ്ര

എഴുന്നേറ്റാൽ മുഖ്യമന്ത്രിയുടെ ആദ്യ ജോലി തന്റെ വസ്ത്രങ്ങൾ കഴുകലാണ്. ഔദ്യാഗിക കാറിൽ ചുവപ്പുലൈറ്റ് വെക്കാതെ സഞ്ചരിക്കുന്ന ഇന്ത്യയിലെ ഏക മുഖ്യമന്ത്രിയാണ് അദ്ദേഹം. ഭാര്യ പഞ്ചാലി ഔദ്യാഗിക വാഹനത്തിൽ കയറാറില്ല. അവർ പുറത്തു പോകുന്നത് റിക്ഷയിലോ അല്ലെങ്കിൽ കാൽനടയായോ വാടക കാറിലോ മറ്റോ ആണ്.

ഒരുകാലത്ത് ത്രിപുര ഭീകരരുടെയും തീവ്രവാദികളുടെയും പറുദീസയായിരുന്നു. എന്നാൽ, ഇന്ന് കുറ്റകൃത്യങ്ങൾ കേട്ടുകേൾവിപോലുമില്ലാത്ത കാര്യമായി. എന്നാൽ, മണിക് സർക്കാർ എന്ന മുഖ്യമന്ത്രി ആ നാടിനെ സമാധാനത്തിലേക്ക് നയിച്ചു.സായുധ സേനയ്ക്കുണ്ടായിരുന്ന പ്രത്യേക അധികാരങ്ങൾ (അഫ്‌സ്പ) ത്രിപുരയിൽനിന്ന് നീക്കിയത്. ക്രമസമാധാന നിലയിലും കാര്യമായി മാറ്റമുണ്ട്ായി. കൊലപാതകമോ തട്ടിക്കൊണ്ടുപോകലോ ആക്രമണങ്ങളോ തീവ്രവാദപ്രവർത്തനമോ ഏറ്റുമുട്ടലുകളോ ഇല്ലെന്നത് മറ്റൊരു നേതാവിനും പറയാനില്ലാത്തത്. കേന്ദ്ര ആഭ്യന്തര മന്ത്രിപോലും ത്രിപുരയിലെ ക്രമസമാധാന പ്രവർത്തനത്തെ പ്രശംസിച്ചിരുന്നു. ത്രിപുരയിൽ ജനജീവിതം ദുസ്സഹമാക്കിയിരുന്ന നാഷണൽ ലിബറേഷൻ ഫ്രണ്ടിന്റെ പ്രവർത്തനം ഇല്ലാതാക്കിയതാണ് കുറ്റകൃത്യങ്ങളില്ലാത്ത സംസ്ഥാനമാക്കി ത്രിപുരയെ മാറ്റാൻ സഹായകമാക്കിയത്. ഇപ്പോൾ, വെറും 80-ഓളം പ്രവർത്തകർമാത്രമാണ് എൻ.എൽ.എഫ്.ടിക്കുള്ളത്. അവരുടെ പക്കലുള്ള ആയുധശേഖരം നൂറോളം മാത്രവും

മാറി വീശിയ കാറ്റ്

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വെറും രണ്ട് ശതമാനം വോട്ടുകൾ മാത്രം നേടിയ ബിജെപി ഒരു ദിവസം നേരം വെളുത്തപ്പോൾ പ്രതിപക്ഷമായി മാറിയത് വരാൻ പോകുന്ന രാഷ്ട്രീയ മാറ്റത്തിന്റെ സൂചനയായിരുന്നു.അതിന്റെ പര്യവസാനമാണ് തിരഞ്ഞെടുപ്പിൽ കണ്ടത്.

മാറ്റത്തിനായി കൊതിച്ച നഗരജനതയും, തൊഴില്ലായ്മയും പഴഞ്ചൻ മട്ടിലുള്ള പ്രചാരണവുമെല്ലാം മണിക് സർക്കാരിന്റെയും സിപിഎമ്മിന്റെയും പതനത്തിന് വഴിവച്ചുവെന്നു പറയാം. വികസനത്തിന്റെ മുദ്രാവാക്യം ഉയർത്തി ബിജെപി ആ വിടവ് നികത്തുകയും ചെയ്തു.