കൊച്ചി: പട്ടച്ചരടിൽ കുടുങ്ങിയ കാക്കയെ രക്ഷിക്കാൻ ബെംഗളൂരുവിൽ നിന്ന് വിമാനം പിടിച്ചു കൊച്ചിയിൽ വരിക. കഥ കേട്ട് കൊച്ചിക്കാർ അമ്പരന്നില്ലെങ്കിലും മുകേഷ് ജെയിനിനെ അറിയാത്താവർ ഒന്നുഞെട്ടും. ഫോർട്ട് കൊച്ചിയിൽ പട്ടച്ചരടിൽ കാക്ക കുടുങ്ങിക്കിടക്കുന്ന സംഭം ഒരാൾ രാവിലെ പത്തരയോടെയാമ് മുകേഷിനെ ഫോണിൽ വിളിച്ചുപറഞ്ഞത്. കഴിഞ്ഞ നാലുമാസമായി മുകേഷ് ബെംഗളൂരുവിൽ മകളുടെ കൂടെയാണ് താമസം.

കാക്കയെ രക്ഷിക്കാനുള്ള മാർഗ്ഗം ഫോണിൽ കൂടി അദ്ദേഹം വിശദീകരിച്ചെങ്കിലും വിളിച്ചുപറഞ്ഞവർ രക്ഷിക്കാൻ വലിയ താൽപര്യം കാട്ടിയില്ല. ഇതോടെ പട്ടച്ചരടിൽ ജീവന് വേണ്ടി പിടയുന്ന കാക്കയുടെ അവസ്ഥ മനസിൽ കണ്ട മുകേഷ് ഉടൻ കൊച്ചിയിലേക്ക ഫ്‌ളൈറ്റ ്ബുക്ക് ചെയ്തു.ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് 40 കിലോമീറ്റർ അകലെയായിരുന്ന അദ്ദേഹം ടാക്‌സി പിടിച്ചാണ് വിമാനത്താവളത്തിലെത്തിയത്.

ഒരുമണിക്കൂറിനുള്ളിൽ കൊച്ചി വിമാനത്താവളത്തിലെത്തിയ മുകേഷ് കെഎസ്ആർടിസി വോൾവോ ബസിൽ ഫോർട്ട് കൊച്ചിയിലെത്തി. സ്വന്തം വീട്ടിൽ പോലും കയറാതെ നേരേ ചരടിൽ കുടുങ്ങിയ കാക്കയുടെ അടുത്തേക്കാണ് അദ്ദേഹം ഓടിയെത്തിയത്. വെറും 20 മിനിട്ട്. പറവയെ ചരടിൽ നിന്ന് മോചിപ്പിച്ച് വെള്ളം നൽകി പറത്തി വിട്ടു.

കുപ്പിച്ചില്ലിന്റെ പൊടി അരച്ചുപശ ചേർത്ത് പിടിപ്പിച്ച് നിർമ്മിക്കുന്ന മാൻജ് നൂലാണ് പക്ഷികളുടെ ജീവന് ഭീഷണിയാകുന്നതെന്ന് മുകേഷ് പറയുന്നു.ഇത്തരം നൂലുകൾ നിരോധിച്ചിട്ടുണ്ടെങ്കിലും ഭൂരിപക്ഷം പേരും ഈ നൂലാണ് ഉപയോഗിക്കുന്നത്. പൊട്ടിപ്പോകുന്ന പട്ടങ്ങളുടെ നൂലുകൾ മരക്കമ്പുകളിലും വൈദ്യുതി പോസ്റ്റുകളിലും തൂങ്ങിക്കിടക്കുന്നത് മൂലം നൂറുകണക്കിന് പക്ഷികളാണ് അപകടത്തിൽ പെടുന്നത്.

ഇത്തരത്തിൽ പട്ടച്ചരടിൽ കുടുങ്ങുന്ന നിരവധി പക്ഷികളെ മുകേഷ് ജെയിൻ രക്ഷപ്പെടുത്തിയിട്ടുണ്ട്. നിരോധിക്കപ്പെട്ട നൂലുകൾ ഉപയോഗിച്ച് പട്ടം പറത്തുന്നതിന് ഹൈക്കോടതി വിലക്കുണ്ട്. മുകേഷ് ജെയിൻ കോടതിയെ സമീപിച്ചതിന്റെ ഫലമായാണ് ഇതുണ്ടായതെങ്കിലും വിലക്ക് ലംഘിച്ച് ഇപ്പോഴും പലരും ഇത്തരത്തിൽ പട്ടം പറത്തുന്നുണ്ട്.

ഓണത്തിനും രക്ഷാദൗത്യം

രണ്ടുവർഷം മുമ്പൊരു ഓണം.മുകേഷ് ജെയിനും കുടുംബവും എറണാകുളം ബോട്ട് ജെട്ടിയിൽ എത്തിയതായിരുന്നു.അപ്പോഴാണ് ഒരു ടെലിഫോൺ ടവറിൽ പരുന്ത് കുടുങ്ങിയ വിവരം ഫോണിൽ കിട്ടിയത്.ഉടൻ തന്നെ മട്ടാഞ്ചേരിക്ക് അടുത്ത ബോട്ട് പിടിക്കുകയല്ലാതെ മുകേഷിന് മറ്റുമാർഗമുണ്ടായിരുന്നില്ല.പക്ഷികളുടെ കാര്യത്തിൽ മുകേഷിന് വിവേചനമൊന്നുമില്ല.

എണ്ണത്തിൽ ഏറെയുള്ള കാക്കകളെ രക്ഷിക്കാൻ മുകേഷ് മിനക്കെടുന്നതെന്തുകൊണ്ടെന്ന് പലരും ചോദിക്കാറുണ്ട്. എന്നാൽ എല്ലാ പക്ഷികളും തനിക്ക് ഒരുപോലെയാണെന്ന് അദ്ദേഹം പറയുന്നു.കഴിഞ്ഞ കുറേ വർഷങ്ങളായി 1500 പക്ഷികളൈയെങ്കിലും മുകേഷ് രക്ഷിച്ചിട്ടുണ്ട്.പട്ടം പറത്തൽ സീസണിലാണ് മട്ടാഞ്ചേരിയിലും പരിസരത്തുമുള്ള വടക്കേന്ത്യൻ വടക്ക്-കിഴക്കൻ സമൂഹം പട്ടം പറത്തലിൽ സജീവമാകുന്നത്.

രക്ഷാദൗത്യം ഇങ്ങനെ

തെങ്ങ് കയറ്റക്കാരുടെയും ഓട്ടോ ഡ്രൈവർമാരുടെയും ഒക്കെ സഹായത്തോടെയാണ് മുകേഷ് തന്റെ രക്ഷാദൗത്യം നിർവഹിക്കുന്നത്. ഓട്ടോക്കാർക്കും, തെങ്ങ്കയറ്റക്കാർക്കും താൻ എത്ര പണം നൽകിയിട്ടുണ്ടെന്ന് അദ്ദേഹത്തിന് തന്നെ അറിയില്ല.പക്ഷികളെ പട്ടച്ചരടുകളിൽ നിന്ന് വേർപെടുത്താൻ സ്വന്തമായ ഉപകരണങ്ങളും അദ്ദേഹം വികസിപ്പിച്ചിട്ടുണ്ട്.

2008 ുതൽ പ്ലാസ്റ്റിക് ചരടുകൾക്ക് പകരം കോട്ടൻ ചരടുകൾ ഉപയോഗിക്കാൻ പ്രേരിപ്പിക്കാനുള്ള പ്രചാരണത്തിലാണ് മുകേഷ്.2013 ൽ ഈ വിഷയത്തിൽ ഹൈക്കോടതി ഇടപെട്ടെങ്കിലും അറിവില്ലായ്മ മൂലം ഇപ്പോഴും പലരും പ്ലാസ്റ്റിക് ചരടുകൾ ഉപയോഗിക്കുന്നു.
2014ൽ ഹൈക്കോടതി നിർദ്ദേശ പ്രകാരം ഫോർട്ട്‌കൊച്ചി ആർഡിഒ ഇതു സംബന്ധിച്ച നിരോധന ഉത്തരവ് ഇറക്കിയിരുന്നു.

പ്ലാസ്റ്റിക്, മാൻജ, ടങ്കീസ്, ചൈനീസ് നിർമ്മിത നൂലുകൾ ഉപയോഗിക്കുന്നതിനെതിരെ പരിശോധന നടത്തി നടപടി സ്വീകരിക്കാൻ പൊലീസിനും നിർദ്ദേശം നൽകിയിരുന്നു.എന്നാൽ, ഉത്തരവ് കാറ്റിൽ പറത്തി നൈലോൺ നൂലുകളിൽ പട്ടങ്ങൾ പാറിപ്പറക്കുന്ന കാഴ്ചയാണു ഫോർട്ട്‌കൊച്ചിയിലും പരിസര പ്രദേശങ്ങളിലും കാണുന്നത്. പൊട്ടിയ നൂലുകൾ കാറ്റിൽ പറന്നു കിലോമീറ്ററുകൾക്കപ്പുറം വരെ മരങ്ങളിൽ കുടുങ്ങിക്കിടക്കുന്നു. ഇവയിലാണു പറവകൾ കുരുങ്ങുന്നത്.

നൈലോൺ നൂലുകൾ വേണ്ടേ വേണ്ട

കോട്ടൺ നൂലുകൾ ഉപയോഗിച്ചാൽ പക്ഷികൾക്ക് നാശമുണ്ടാകില്ല. മറ്റ് നൂലുകൾ നിരോധിച്ചിട്ടുണ്ടെങ്കിലും ഭൂരിഭാഗം പേരും ഇപ്പോഴും അവ വ്യാപകമായി ഉപയോഗിക്കുന്നു.കുപ്പിച്ചില്ലിന്റെ പൊടി അരച്ചു പശ ചേർത്തു പിടിപ്പിച്ച നൂൽ കഴുത്തിൽ ചുറ്റിയതിനാൽ ബൈക്ക് യാത്രികനായ ചുള്ളിക്കൽ സ്വദേശിയുടെ കഴുത്തു മുറിഞ്ഞതും കൈവിരലുകൾ അറ്റു പോയതും അടുത്ത കാലത്താണ്. ഇരുചക്രവാഹന യാത്രികർക്കും സൈക്കിൾ യാത്രികർക്കും പട്ടച്ചരട് കുരുങ്ങി പരുക്കേറ്റ സംഭവങ്ങൾ പശ്ചിമകൊച്ചിയിൽ ഒട്ടേറെയുണ്ടായിട്ടുണ്ട്.അപകടങ്ങൾ തുടർക്കഥയായതോടെയാണു ജെയിൻ ഫൗണ്ടേഷൻ ചെയർമാൻ മുകേഷ് ജെയിൻ പട്ടം പറപ്പിക്കാൻ പ്ലാസ്റ്റിക് നൂലുകളും ടങ്കീസും മറ്റും ഉപയോഗിക്കുന്നതു തടയണമെന്ന് ആവശ്യപ്പെട്ട് 2014ൽ ഹൈക്കോടതിയെ സമീപിച്ചത്.

പട്ടച്ചരടിൽ കുടുങ്ങിയ പറവകളെ രക്ഷിക്കാൻ മുകേഷും കൂട്ടരും രംഗത്തിറങ്ങിയതോടെ ഇവരുടെ ഫോണുകളിലേക്കു നിരന്തരം വിളികൾ വരാൻ തുടങ്ങി. ഒൻപതു പക്ഷികളെ വരെ രക്ഷപ്പെടുത്തി താഴെയിറക്കിയ ദിവസങ്ങളുണ്ടായിട്ടുണ്ടെന്നു മുകേഷ് ജെയിൻ പറയുന്നു.കഴിഞ്ഞ ദിവസം മട്ടാഞ്ചേരി പഴയന്നൂർ ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ച കെ.കുമാർ നാലു വർഷത്തോളമായി മുകേഷ് ജെയിനിനോടൊപ്പം പക്ഷികളെ രക്ഷപ്പെടുത്തുന്നതിൽ സജീവമായി പങ്കെടുത്തിരുന്നു. പള്ളുരുത്തിയിൽ എഴുപതടിയിലേറെ ഉയരത്തിൽ ബിഎസ്എൻഎൽ ടവറിൽ തൂങ്ങിക്കിടന്ന പട്ടച്ചരടിൽ കുടുങ്ങിയ പക്ഷിയെ താഴെയിറക്കിയതു കുമാറാണ്.

എതിരാളിയുടെ പട്ടം അറത്തുകളയാൻ വേണ്ടി ഉപയോഗിക്കുന്ന മാൻജ നൂലുകളാണു കൂടുതൽ അപകടം വരുത്തുന്നത്. പ്ലാസ്റ്റിക് നൂലുകളും ചൈനീസ് നിർമ്മിത നൂലുകളും ടങ്കീസുകളും വർഷങ്ങളോളം നശിക്കാതെ കിടക്കുന്നതു പക്ഷികൾക്കും മനുഷ്യർക്കും അപകടം വരുത്തുന്നു. പട്ടം പറത്തുന്നവരുടെ നൂലുകൾ പരിശോധിക്കാൻ പൊലീസും ജനങ്ങളും മുന്നോട്ടുവരണമെന്നും ഇനിയൊരു ദുരന്തം പക്ഷികൾക്കായാലും മനുഷ്യർക്കായാലും സംഭവിക്കരുതെന്നും ആവശ്യമുയരുന്നു.

ഗുജറാത്ത് വംശജനായ മുകേഷ് കൊച്ചിയിൽ ബിസിനസ് ചെയ്യുകയാണ്. കഴിഞ്ഞ വർഷം മാത്രം നൂറിൽപ്പരം പറവകളുടെ ജീവൻ മുകേഷും കൂട്ടരും ചേർന്ന് രക്ഷപ്പെടുത്തിയിട്ടുണ്ട്. വഴിയോരത്ത് തത്തകളെ കൂട്ടിലിട്ട് വിൽക്കുന്നത് കണ്ടാൽ എല്ലാത്തിനെയും പണം നൽകി വാങ്ങിയ ശേഷം പറത്തിവിടുന്ന മുകേഷ് അറിയപ്പെടുന്ന ജീവകാരുണ്യ പ്രവർത്തകനുമാണ്.