- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കൈരളിയി'ലെ 'കുട്ടിപട്ടുറുമാൽ' റിയാലിറ്റി ഷോയിൽ സമ്മാനമായി റിഫ മോൾക്ക് കിട്ടിയ നാനോ കാറിൽ ഈ കുടുംബത്തിന്റെ യാത്ര; റിഫയ്ക്കൊപ്പം മൊഞ്ചുള്ള പാട്ടുകൾ കാതിൽ ഇമ്പമാക്കി രണ്ടുകുട്ടിക്കുറുമ്പികൾ കൂടി; 'അമൃത'യിലെ 'റെഡ് കാർപറ്റിലൂടെ'വൈറലായി മാറിയ നിലമ്പൂർ സിസ്റ്റേഴ്സിന്റെ കഥ
-മലപ്പുറം: ലോക്ഡൗൺ കാലത്ത് വിവിധ കൂട്ടായ്മകളും സംഘടനകളും ഓൺലൈൻ പ്ലാറ്റ് ഫോമുകളിൽ നിരവധി കലാപരിപാടികൾ അവതരിപ്പിച്ചിരുന്നു. അതുവഴി അറിയപ്പെടാതിരുന്ന നിരവധി കലാകാരന്മാർ മുഖ്യധാരയിലേക്ക് എത്തിപ്പെടുകയും ചെയ്തു. അത്തരത്തിൽ സമൂഹമാധ്യമങ്ങളിൽ വൈറലായ മൂന്ന് സഹോദരങ്ങളെയാണ് ഇന്ന് പരിചയപ്പെടുന്നത്. നിലമ്പൂർ സിസ്റ്റേഴ്സ് എന്നറിയപ്പെടുന്ന മൂന്ന് സഹോദരങ്ങളാണ് അവർ.
അതിമനോഹരമായി പാട്ടുപാടുന്ന ഇവർ മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്ത് ചോക്കാട് ഗ്രാമപഞ്ചായത്തിലെ മമ്പാട്ടുമൂല നിവാസികളായ സക്കീർ റുക്സാന ദമ്പതികളുടെ മക്കളാണ്. മൂന്ന് പേരും ഇന്ന് നാട്ടിൽ അറിയപ്പെടുന്ന പാട്ടുകാരാണ്. പാറൽമമ്പാട്ടുമൂല ഹയർസെകണ്ടറി സ്‌കൂളിൽ പ്ലസ്ടുവിന് പഠിക്കുന്ന റിഫമോൾ ഇതേ സ്‌കൂളിൽ പത്താം ക്ലാസിൽ പഠിക്കുന്ന ഫിദ, മൂന്നാം ക്ലാസിൽ പഠിക്കുന്ന ഹിദ എന്നിവരാണ് നിലമ്പൂർ സിസ്റ്റേഴ്സ് എന്നറിയപ്പെടുന്ന പാട്ടുപാടുന്ന സഹോദരങ്ങൾ.
ഏറ്റവും ഒടുവിൽ ഇവർ അമൃത ടിവിയിലെ റെഡ്കാർപറ്റ് എന്ന പരിപാടിയിൽ ഒരുമിച്ച് പാടിയതോടെയാണ് നിലമ്പൂർ സിസ്റ്റേഴ്സ് പേരുവന്നിരിക്കുന്നത്. അമൃത ടിവിയിലെ പരിപാടി ടെലികാസ്റ്റ് ചെയ്തതിന് ശേഷം നിരവധി പേർ ഇവർക്ക് അഭിനന്ദനങ്ങളുമായി എത്തുന്നുണ്ട്. പരിപാടിയിൽ ഗസ്റ്റ് ആയി പങ്കെടുത്ത സിനിമ താരം നാദിർഷയും ഇവരെ അഭിനന്ദിച്ച് രംഗത്തെത്തി.
മൂത്ത സഹോദരി റിഫ മോൾ രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ പാട്ടുകൾ പാടുന്നുണ്ട്. അന്ന് ഒരു സംഗീത ആൽബത്തിൽ പാടുകയും ചെയ്തിരുന്നു. പിന്നീട് ദർശന ടിവിയിലെ കുട്ടിക്കുപ്പായം എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്തെങ്കിലും സെമിഫൈനലിൽ പുറത്തായി. അതിന് ശേഷമാണ് 2013ൽ കൈരളി ടിവിയിലെ കുട്ടിപട്ടുറുമാൽ എന്ന റിയാലിറ്റി ഷോയിൽ റിഫമോൾ പങ്കെടുക്കുന്നത്. ആ മത്സരത്തിൽ മൂന്നാം സ്ഥാനം ലഭിച്ചു. സമ്മാനമായി ഒരു നാനോ കാറും അന്ന് ലഭിച്ചു. റിഫമോൾ സമ്മാനമായി വീട്ടിലേക്ക് എത്തിച്ച ഈ കുഞ്ഞൻ കാറിലാണ് ഇന്ന് ഈ കുടുംബത്തിന്റെ യാത്ര.
മറ്റൊരു സഹോദരി ഫിദയും ദർശന ടിവിയിലെ കുട്ടിക്കുപ്പായം റിയാലിറ്റി ഷോയിൽ പങ്കെടുത്ത് ഫൈനൽ വരെ എത്തിയിട്ടുണ്ട്. ചെറിയ സഹോദരി ഹിബ ആദ്യമായി കഴിഞ്ഞ ദിവസം അമൃത ടിവിയിലെ പരിപാടിക്കാണ് ക്യാമറക്ക് മുന്നിൽ പാടുന്നത്. ചെറിയ മകൾ പാട്ടുപാടുന്ന കാര്യം വീട്ടുകാർ പോലും അറിയുന്നത് ഈ ലോക്ഡൗൺ കാലത്ത് ഇവരുടെ തന്നെ റിഫമോൾ ചോക്കാട് എന്ന യുട്യൂബ് ചാനലിൽ പാടുന്നത് കണ്ടാണ്. അതുവരെ വീട്ടുകാർക്ക് പോലും ചെറിയ മകൾ ഇത്രമനോഹരമായി പാടുമെന്ന് അറിയില്ലായിരുന്നു.
ശാസ്ത്രീയമായ ആരും പാട്ട് പഠിച്ചിട്ടില്ലെങ്കിലും പ്രോഗ്രാമുകൾക്കും മത്സരങ്ങൾക്കും ഇവർക്ക് പരിശീലനം നൽകുന്നത് ഫിറോസ്ഖാൻ തിരൂർ എന്ന അദ്ധ്യാപകനാണ്. അദ്ദേഹത്തിന്റെ കൂടെ മുതിർന്ന രണ്ട് സഹോദരിമാരും സ്റ്റേജ്പ്രോഗ്രാമുകളിൽ പങ്കെടുക്കാറുണ്ടായിരുന്നു. എന്നാൽ ലോക്ഡൗൺ കാലത്ത് പ്രോഗ്രാമുകളൊന്നും ഇല്ലാതിരുന്നതോടെ ഫിറോസ്ഖാൻ മൂന്ന് പേരെയും കൊണ്ട് പാട്ടുപാടിക്കുകയും അത് ഫോണിൽ റെക്കോർഡ് ചെയ്ത് അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പേജ് വഴി പ്രചരിപ്പിക്കുകയുമായിരുന്നു. അന്നാണ് മൂന്ന് പേരും ഒരുമിച്ച് ആദ്യമായി പാട്ട്പാടുന്നത്. അതോടെയാണ് ഇന്ന് കാണുന്ന രീതിയിലേക്ക് ഇവർ സമൂഹമാധ്യമങ്ങളിൽ വൈറലായത്.
രക്ഷിതാക്കളായ സക്കീറും റുക്സാനയുമാണ് പാട്ടിന്റെ വഴയിൽ ഇവർക്കുള്ള എല്ലാ പ്രചോദനവും. കൂലിപ്പണിക്കാരനായ സക്കീർ ഏത് പ്രതിസന്ധിയിലും മക്കൾക്ക് പാട്ടിന്റെ വഴിയിൽ മുന്നേറാനുള്ള എല്ലാ പിന്തുണയും നൽകുന്നു. മക്കളെ കുറിച്ച് വലിയ പ്രതീക്ഷയാണ് ഈ പിതാവിനുള്ളത്. ചെറിയ മകൾ ഇത്രനന്നായി പാടുമെന്ന് താനിപ്പോഴാണ് അറിഞ്ഞതെന്ന് സക്കീർ പറയുന്നു. മലപ്പുറം ജില്ലയിലെ ഒരു യാഥാസ്ഥിക മുസ്ലിം കുടുംബത്തിൽ നിന്നുള്ളവരായതിനാൽ തന്നെ പെൺകുട്ടികളെ ഇത്തരത്തിൽ പ്രോത്സാഹിപ്പിക്കുമ്പോൾ ഏൽക്കേണ്ടി വരുന്ന കുത്തുവാക്കുകളെയും അദ്ദേഹം പുഞ്ചിരിച്ചുകൊണ്ട് നേരിടുന്നു. മാതാവ് റുക്സാന മക്കളെ പോലെ നന്നായി പാട്ടുപാടും. ഉമ്മയുടെ ഈ കഴിവാണ് മക്കൾക്കും ലഭിച്ചത്. ചെറിയ പ്രായത്തിൽ തന്നെ മക്കൾക്ക് പാട്ടുകൾ പാടിക്കൊടുത്താണ് വളർത്തിയത്. മത്സരങ്ങൾക്ക് വേണ്ടി മക്കളെ ഒരുക്കുന്നതും റുക്സാനയാണ്