മുംബൈ- ഡൽഹി: അനുഭവം ഗുരു എന്നാണ്  പറയാറുള്ളത്. ചിലപ്പോൾ അത് നല്ല അനുഭവമാകാം. മറ്റുചിലപ്പോൾ ദുരനുഭവവും ആകാം. കോവിഡ് തീവ്രവ്യാപനത്തിന്റെ ആഘാതത്തിൽ, മുംബൈയിലും ഡൽഹിയിലുമെല്ലാം ഓക്‌സിജൻ ക്ഷാമം നേരിടുന്നതും ആളുകളുടെ ജീവൻ നഷ്ടമാകുന്നതും വാർത്തകളിൽ നിറയുകയാണ്. ഈ പ്രതിസന്ധി ഘട്ടത്തിൽ ചില മനുഷ്യർ രക്ഷകരായി എത്തുകയാണ്. ഓക്‌സിജൻ മാൻ എന്ന പേരിലറിയപ്പെടുന്ന രണ്ടുപേരെ കുറിച്ചാണ് ഇനി പറയുന്നത്. മുംബൈയിലെ ഷാനവാസ് ഷെയ്ഖും, ഡൽഹിയിലെ അസിം ഹുസൈനും.

ദുരനുഭവം പാഠമാക്കി ഷാനവാസ് ഷെയ്ഖ്

ഓക്‌സിജൻ ലഭിക്കാത്തത് മൂലം തന്റെ സുഹൃത്തിന്റെ ഭാര്യ ഓട്ടോറിക്ഷയിൽ കിടന്ന് മരിച്ച സംഭവമാണ് മുംബൈ മലാഡ് സ്വദേശിയായ ഷാനവാസ് ഷെയ്ഖിന് ജീവിതപാഠമായത്. ഇനിയാരും ഓക്‌സിജൻ ലഭിക്കാതെ, മരിക്കരുതെന്ന മോഹത്തിൽ തന്നാൽ കഴിയുന്നത് ചെയ്യാൻ തീരുമാനിക്കുകായിരുന്നു-ഷാനവാസ് ഷെയ്ഖ് പറയുന്നു. കോവിഡ് രണ്ടാം തരംഗത്തിൽ സ്വന്തം എസ്.യു.വി വിറ്റ് ആ പണം കൊണ്ടാണ് ഷാനവാസ് ഓക്‌സിജൻ സിലിണ്ടറുകൾ വാങ്ങുന്നത്. 22 ലക്ഷം രൂപയാണ് ഫോർഡ് എൻഡവർ വിറ്റ് ലഭിച്ചത്. ഈ പണത്തിന് 160ഓളം സിലിണ്ടറുകൾ വാങ്ങി അവശ്യക്കാർക്ക് നൽകുകയാണ്. ഇതുവരെ, ഷാനവാസും കൂട്ടരും 4000 പേർക്കാണ് സഹായം എത്തിച്ചു.

ആവശ്യക്കാർക്ക് ഒരുഫാൺ കോളിന്റെ അകലത്തുണ്ട് ഷാനവാസ്. അദ്ദേഹത്തിന്റെ ടീം മേഖലയിൽ ഒരു കൺട്രോൾ റൂം വരെ സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷത്തെ അവസ്ഥ ഏറെ വ്യത്യസ്തമാണ് ഷാനവാസ് പറയുന്നു. ഈ നുവരിയിൽ ഓക്‌സിജനുവേണ്ടി 50 കോളുകൾ ലഭിച്ചപ്പോൾ ഏപ്രിലിൽ ദിവസവും 500 മുതൽ 600 വരെ ഫോൺ കോളുകൾ വരുന്നു. ഷാനവാസിന്റെ ടീം സിലിണ്ടറുകൾ എങ്ങനെ ഉപയോഗിക്കാമെന്ന് രോഗികൾക്ക് വിശദീകരിച്ച് നൽകും. ഉപയോഗത്തിനുശേഷം, മിക്ക രോഗികളും ശൂന്യമായ സിലിണ്ടറുകളാണ് അവരുടെ കൺട്രോൾ റൂമുകളിൽ എത്തിക്കുന്നത്. ഏന്തായാലും ഇത് ഷാനവാസിന് ഒരുപരീക്ഷണകാലമാണ്.

ഡൽഹിയിലും ഉണ്ട് ഒരു ഓക്‌സിജൻ മാൻ

രാജ്യതലസ്ഥാാനത്തെ ഓക്‌സിൻ മാൻ അസിം ഹുസയ്ൻ ആണ്. ഡൽഹിയിലെ ദര്യഗഞ്ച് പ്രദേശത്ത് താമസിക്കുന്ന അസിം ഹുസയ്ൻ 'ബീ ഹ്യൂമൻ' എന്ന തന്റെ സന്നദ്ധ സംഘടനയുടെ സഹായത്തോടെയാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നത്. 150 ഓളം പേരാണ് അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുന്നത്. ആളുകൾക്ക് ഓക്സിജൻ നൽകാൻ ഒരു 'ഫ്രീ ഓക്സിജൻ ബാങ്ക്' തന്നെ തുറന്നിട്ടുണ്ട്.

അസിമിന്റെ 'ഓക്സിജൻ ബാങ്കി'ൽ 40 ഓക്സിജൻ സിലിണ്ടറുകളുണ്ട്. മാർച്ചിൽ 150 പേർ ഉൾപ്പെടെ 2020 മാർച്ച് മുതൽ 550 ഓളം പേർക്ക് അദ്ദേഹം ഓക്സിജൻ സിലിണ്ടറുകൾ നൽകി. ഇവരിൽ പലരും അവരുടെ ജീവിതത്തിന് അസിമിനോട് നന്ദി പറയുകയാണ്. സഹായത്തിനായി എപ്പോഴും ഫോൺ നിർത്താതെ ബെല്ലടിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ, ഷാനവാസിനെ പോലെ അസിമും രണ്ടാം തരംഗത്തിൽ ഓക്‌സിജൻ സിലിണ്ടർ ആവശ്യക്കാരേറിയത് മൂലം വിഷമിക്കുന്നുണ്ട്.