ന്യൂഡൽഹി: ഇറ്റലിയിൽ വടക്ക് കിഴക്കൻ മേഖലയിലള്ള വെനീറ്റോ മുമ്പ് പാവപ്പെട്ട കർഷകരുടെ ഇടമായിരുന്നു. ഇന്ന് വ്യവസായങ്ങളൊക്കെ വളർന്ന് സമ്പന്ന മേഖലയായെങ്കിലും അവിടത്തുകാർ മറക്കാത്ത ഒരുപഴയ ചൊല്ലുണ്ട്. എങ്ങനെ ഒരു നല്ല വീട്ടമ്മയായിരിക്കണം എന്നതാണ് ചൊല്ലിന്റെ സാരാംശം. 'La piasa, la tasa e la sia dona de casa'. ദയവായി നിശ്ശബ്ദയായിരിക്കൂ..നല്ല ഒരു വീട്ടമ്മയാകൂ.

അനൂഷ്‌കയ്ക്കും നാദിയയ്ക്കും ഇടയിലുള്ള മകളായ സോണിയയ്ക്കും അമ്മ പൗഹോള മെയ്‌നോ ഈ ചൊല്ല് പറഞ്ഞുകൊടുത്തിട്ടുണ്ടാവണം. 90 ശതമാനം ഇറ്റലിക്കാരും കത്തോലിക്ക വിശ്വാസികളാണ്.എല്ലാ ദിവസവും രാവിലെ കുർബാന കൊള്ളാൻ പോകുന്നവർ.സ്തീകൾക്ക് കൃത്യമായ ചിട്ടവട്ടങ്ങളും, ആചാരങ്ങളും അനുശാസിക്കുന്നുണ്ട് ഇറ്റലിയിലെ കത്തോലിക്കർ.

രാഹുൽ ഗാന്ധി മുത്തശി പൗഹോള മെയ്‌നോയ്ക്ക് സർപ്രൈസ് വിസിറ്റ് നടത്താൻ പോയിരിക്കുകയാണ്. 1966 നവംബറിൽ രാജീവ് ഗാന്ധിയും ഒർബസാനോയിലേക്ക് ഒരുസർപ്രൈസ് വിസിറ്റ് നടത്തിയിരുന്നു. തന്റെ ജഗ്വാറിലായിരുന്നു യാത്ര. ആദ്യാനുരാഗപരവശനായ രാജീവ് ഗാന്ധി സോണിയയുടെ അച്ഛൻ സ്റ്റാഫാനോ മെയ്‌നോയെയും, അമ്മ പൗഹോളയെയും കാണുക വിവാഹത്തിന് സമ്മതം നൽകാൻ കളമൊരുക്കുക അതായിരുന്നു സന്ദർശനോദ്ദേശ്യം. 20,000 പേർ മാത്രം താമസിക്കുന്ന കൃത്യമായ നിശ്ശബ്ദയായ വീട്ടമ്മയാകാൻ അനുശാസിക്കുന്ന കത്തോലിക്ക സമൂഹത്തിലുള്ള പെൺകുട്ടി ഇന്ത്യാക്കാരനായ അന്യമതസ്ഥനെ വിവാഹം കഴിക്കുന്നത് മാതാപിതാക്കൾക്ക് ആലോചിക്കാൻ പോലും വയ്യായിരുന്നു.

രണ്ടുപേർക്കും രാജീവിന്റെ സർപ്രൈസ് വിസിറ്റിന്റെ ലക്ഷ്യം ്അറിയാമായിരുന്നു. എന്നാൽ അറിയാത്ത ഭാവം നടിച്ചു.

ആദ്യ കാഴ്ചയിൽ സോണിയയും രാജീവും പ്രണയത്തിലായിട്ട് അപ്പോൾ ഒരുവർഷം തികഞ്ഞിരുന്നു.രാജീവ് ശാന്തനായി സ്‌റ്റെഫാനോയോട് പറഞ്ഞു:' ഞാൻ ഇറ്റലി കാണാൻ വന്നതല്ല. എനിക്ക് ഗൗരവമായ ചില കാര്യങ്ങൾ പറയാനുണ്ട്.ഞാൻ നിങ്ങളുടെ മകളെ വിവാഹം
കഴിക്കാൻ ആഗ്രഹിക്കുന്നു.

പെരുമാറ്റത്തിൽ അനിഷ്ടമൊട്ടും കാട്ടിയില്ലെങ്കിലും മെയ്‌നോകൾ ശരിയെന്നോ ശരിയല്ലെന്നോ പറഞ്ഞില്ല. ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയോട്ാണ് തങ്ങൾ സംസാരിക്കുന്നതെന്ന്ും അപ്പോൾ അവർക്ക് അറിയില്ലല്ലോ. രാജീവ് പറയുന്നതൊന്നും മനസ്സിലാകുന്നില്ലെന്ന മട്ടിലാണ് സ്‌റ്റോഫാനോ പെരുമാറിയത്. അമ്മയായ പൗഹോളയ്ക്ക് പക്ഷേ അങ്ങനെ പെരുമാറാൻ തോന്നിയില്ല.

അച്ഛൻ സ്‌റ്റെഫാനോ ബന്ധത്തെ ശക്തമായി എതിർത്തപ്പോൾ പൗഹോളയ്ക്ക് വലിയ ആശങ്കകളായിരുന്നു മനസ്സിൽ.മകൾ ഇന്ത്യയിൽ സ്വീകരിക്കപ്പെടുമോ, ഇന്ദിര ഗാന്ധി എങ്ങനെയാവും സോണിയയോട് പെരുമാറുക എന്നൊക്കെയായിരുന്നു അവരുടെ പേടി.എന്നാൽ ഒരുദിവസം ഇന്ദിര ഗാന്ധിയുടെ കത്ത് വന്നതോടെ അവരുടെ എല്ലാ ആശങ്കകളും മാറി. എനിക്കിത്രയും നല്ല ഒരുമകളെ തന്നതിൽ നന്ദി പറയുന്നു എന്നായിരുന്നു കത്തിൽ എഴുതിയിരുന്നത്. ആ കത്ത് ഇപ്പോഴും പൗഹോള സൂക്ഷിച്ചു വച്ചിട്ടുണ്ട്.സുന്ദരമായ പുഷ്പം എന്നാണ് ആ കത്തിൽ സോണിയയെ ഇന്ദിര വിശേഷിപ്പിച്ചതെന്ന് ഓർക്കുന്നു പൗഹോള.ഇരുകുടുംബങ്ങളും തമ്മിലുള്ള സ്‌നേഹത്തിന്റെ പാലം തീർത്ത കത്തായിരുന്നു അത്. ഇതോടെ റോം -ഡൽഹി ഫളൈറ്റുകൾ അവരുടെ ജീവിതത്തിന്റെ ഭാഗമായി മാറി.

1988 ൽ ഭർത്താവ് സ്റ്റെഫാനോ മരിച്ചതിന് ശേഷവും പല വച്ചം പൗഹോള ഇന്ത്യയിലെത്തിരുന്നു.മകൾക്കും കുടുംബത്തിനുമൊപ്പം സമയം ചെലവഴിക്കാൻ.2004 ലെ തിരഞ്ഞെടുപ്പ് കാലത്ത് സോണിയയ്ക്ക് പിന്തുണയുമായി എത്തിയിരുന്നു ആ അമ്മ.കോൺഗ്രസ് വിജയം ആഘോഷിക്കുന്ന വാർത്തകൾ ടെലിവിഷനിൽ കണ്ടുകൊണ്ടാണ് അവർ ഇറ്റലിക്ക് വിമാനം കയറിയത്.

രാജീവ് ഗാന്ധിയുടെ കൊലപാതകത്തിന് ശേഷം അമ്മയ്ക്കും സഹോദരിമാർക്കും സോണിയയുടെ ഭാവിയെ ചൊല്ലി ആശങ്കകൾ ഉണ്ടായിരുന്നു. ഇറ്റലിക്ക് തിരിച്ചുപോരാൻ അവർ സോണിയയോട് ആവശ്യപ്പെട്ടു. എന്നാൽ രാജീവ് മരിച്ചതിന് ശേഷമുള്ള ആദ്യ ടെലിഫോൺ കോളിൽ തന്നെ സോണിയ അമ്മയോട് സംശയലേശമേന്യേ വ്യക്തനമാക്കി: എന്റെ ഭാഗധേയം ഇവിടെയാണ് ഇന്ത്യയിലാണ്.എന്നോട് തിരിച്ചുവരാൻ ആവശ്യപ്പെടരുത്.മെയ്‌നോ കുടുംബം ആ തീരുമാനത്തെ അംഗീകരിച്ചു. ഇപ്പോഴും അവരുടെ കൊച്ചുപൂവിനോടൊപ്പം ഉറച്ചുനിൽക്കുന്നു.

ചെറുമകൻ രാഹുൽ ഗാന്ധി വർഷത്തിലൊരിക്കൽ മുത്തശ്ശിയെ സന്ദർശിച്ച് അവർക്കൊപ്പം സമയം ചെലവഴിക്കുക പതിവാണ്. കഴിഞ്ഞ വർഷം ജൂണിലും രാഷ്ട്രീയത്തിൽ നിന്ന് അവധിയെടുത്ത് രാഹുൽ മുത്തശ്ശിയെ കാണാൻ ്ഇറ്റലിക്ക് പോയിരുന്നു.തന്റെ 47 ാം പിറന്നാൾ രാഹുൽ ആഘോഷിച്ചത് പൗഹോളയ്‌ക്കൊപ്പമായിരുന്നു. ഇത്തവണ ഉത്തരേന്ത്യ ഹോളി ആഘോഷിക്കുമ്പോൾ രാഹുൽ അങ്ങ് ഇറ്റലിയിലാണ്.93 കാരിയായ മുത്തശ്ശിയെ കാണാൻ താൻ ഇറ്റലിക്ക് പോവുകയാണെന്ന് രാഹുൽ ട്വീറ്റ് ചെയ്തു. ഞാൻ കണ്ടതിൽ വച്ച് ഏറ്റവും ഹൃദയാലുവാണ് അവർ.ഹോളി വാരാന്ത്യത്തിൽ നാനിക്ക് ഒരു സർപ്രൈസ വിസിറ്റ് നൽകുന്നു, രാഹുൽ കുറിച്ചു.

ഇറ്റലിക്കാരി ഇന്ത്യയുടെ മരുമകളായ കഥ കൂടി

ആരാണ് സോണിയ ഗാന്ധി? എന്താണ് സോണിയ ഗാന്ധി? പതിനെട്ട് വർഷം മുമ്പ് ഇന്ത്യ ഇതേ ചോദ്യം ഉന്നയിച്ചിരുന്നു. അന്ന് രാജീവ് ഗാന്ധി കൊല്ലപ്പെട്ടതോടെ കോൺഗ്രസ് പാർട്ടിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് സോണിയ ഗാന്ധിയുടെ പേര് ഉയർന്നുവന്നപ്പോഴാണ് ഈ ചോദ്യം വന്നത്. ഇറ്റലിക്കാരിയായ മദാമ്മ ഇന്ത്യയെ ഭരിക്കേണ്ടെന്ന് പറഞ്ഞ് എതിർപ്പുയർത്തിയത് ബിജെപിയിലെ മുതിർന്ന നേതാക്കളായിരുന്നു. സോണിയ പാർട്ടി അധ്യക്ഷയാകുന്നതിൽ പ്രതിഷേധിച്ച് ശരത്പവാറിനെ പോലൊരു മുതിർന്ന നേതാവ് പാർട്ടിവിട്ട് പുറത്തുപോകുന്ന അവസ്ഥയുമുണ്ടായി. അന്ന് കോൺഗ്രസ് ഭരിക്കുന്നത് ചുരുക്കം ചില സംസ്ഥാനങ്ങളിൽ മാത്രമായിരുന്നു.

ഇറ്റലിക്കാരിയായ അന്റോണിയ ആൽബിന മെയ്നോ ഇന്ത്യയുടെ മരുമകളായതും ഒരു സിൻട്രല്ലാ കഥപോലെയാണ്. ശക്തയായ ഇന്ദിരയുടെ മരുമകളായി എത്തിയ അവർ കോൺഗ്രസുകാരുടെ പ്രിയപ്പെട്ട സോണിയ ഗാന്ധിയായി. രാജ്യത്ത് ഏറ്റവും വലിയ ജനക്ഷേമ പദ്ധതികൾ കൊണ്ടുവന്ന നേതാവായി. അതിവേഗം ഇന്ത്യയെ ലോകത്തിന് മുന്നിൽ കരുത്തുറ്റ രാഷ്ട്രമാക്കി മാറ്റുന്നതിലും സുപ്രധാന പങ്കുവഹിച്ചു. ഇന്ത്യയുടെ മരുമകളായി എത്തി ഇവിടുത്തെ സാധാരണക്കാരുടെ നേതാവായി സോണിയ വളർന്ന കഥ ഇങ്ങനയാണ്:

ഇറ്റലിയിലെ വികെൻസായിൽ നിന്നും 50 കി.മി ദൂരെ, ലുസിയാന എന്ന ചെറിയ ഗ്രാമത്തിൽ , സ്റ്റെഫാനോയുടെയും പൗള മിയാനോയുടെയും മകളായി 1946 ഡിസംബർ ഒൻപതിനാണു സോണിയാ ജനിച്ചത്. റോമൻ കത്തോലിക്കാ വിശ്വാസിയായിരുന്ന സോണിയ ടൂറിനിനടുത്തുള്ള ഒർബസ്സാനോ എന്ന പട്ടണത്തിലാണ് തന്റെ ബാല്യകാലം ചെലവഴിച്ചത്. അവിടെത്തന്നെ ഒരു കത്തോലിക്കാ സ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നടത്തി. കെട്ടിടം പണികളുടെ കോൺട്രാക്റ്ററായി ജോലി നോക്കിയിരുന്ന പിതാവ് 1983ൽ മരിച്ചു. സോണിയയുടെ സഹോദരിമാർ അടക്കമുള്ളവർ ഇപ്പോഴും ഒർബസ്സാനോയിൽ ജീവിക്കുന്നു.

1964-ൽ ഇംഗ്ലീഷ് ഭാഷ പഠിക്കുന്നതിനു വേണ്ടി സോണിയ കേംബ്രിഡ്ജ് നഗരത്തിലെത്തിയത്. കേംബ്രിഡ്ജിലെ ഈ പഠനമാണ് സോണിയ ഗാന്ധിയുടെ ജീവിതത്തിൽ വഴിത്തിരിവായി മാറിയത്. കാമ്പസിൽ സർട്ടിഫികേറ്റ് കോഴ്സ് ചെയ്തു കൊണ്ടിരിക്കുന്നതിനിടയിൽ കേംബ്രിഡ്ജ് സർവകലാശാലയിലെ കോളേജിൽ പഠിച്ചിരുന്ന രാജീവ് ഗാന്ധിയെ കണ്ടുമുട്ടി. ഈ പ്രണയം അതിവേഗം വളർന്നു. അന്ന് രാഷ്ട്രീയത്തിൽ ഇറങ്ങാത്ത യുവാവ് മാത്രമായിരുന്നു രാജീവ്. 1968ൽ വിവാഹശേഷം സോണിയ രാജീവ് ഗാന്ധിയുടെ അമ്മയും അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രിയുമായിരുന്ന ഇന്ദിരാ ഗാന്ധിയുടെ വീട്ടിൽ താമസമാക്കി. അങ്ങനെ അവർ ഇന്ത്യയുടെ മരുമകളായി.

രാജീവിന്റെ മരണത്തോടെ കോൺഗ്രസ് അധ്യക്ഷ പദവിയിലേക്ക്

1991 മെയ് 21 അം തിയതി രാജീവ് ഗാന്ധി കൊല്ലപ്പെട്ടതോടു കൂടി കോൺഗ്രസ്സ് പാർട്ടിയിൽ നിന്നും സോണിയയുടെ രാഷ്ട്രീയ പ്രവേശനത്തിനു വേണ്ടിയുള്ള മുറവിളി ശക്തമായി. എന്നാൽ, അന്നു സോണിയ ഈ നിർദ്ദേശം നിരസിച്ചതിനെ തുടർന്ന് പി.വി. നരസിംഹ റാവുവിനെ നേതാവായും പ്രധാനമന്ത്രിയായും തെരഞ്ഞെടുക്കുകയാണുണ്ടായത്. പിന്നീട് 1998-ലെ പൊതു തെരഞ്ഞെടുപ്പിനു മുൻപാണു സോണിയ തന്റെ രാഷ്ട്രീയ പ്രവേശനം നടത്തിയത്. 1998-ൽ തന്നെ സോണിയ കോൺഗ്രസ് പാർട്ടിയുടെ പ്രസിഡന്റായി ഔദ്യോഗിക ചുമതല ഏറ്റെടുത്തിരുന്നു. 1999-ലെ തെരഞ്ഞെടുപ്പിൽ, അവർ പാർലമെന്റിലേയ്ക്കു തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. തുടർന്ന് പതിമൂന്നാം ലോക്സഭയിലെ പ്രതിപക്ഷ നേതാവായും തെരഞ്ഞെടുക്കപ്പെട്ടു.

2004 ലെ പൊതുതെരഞ്ഞെടുപ്പിൽ ബിജെപിയുടെ 'ഇന്ത്യ തിളങ്ങുന്നു' എന്ന പ്രചാരണ വാക്യത്തിനെതിരെ, 'സാധാരണ ജനങ്ങൾക്കു വേണ്ടി' എന്ന പ്രചാരണ വാക്യവുമായി നേരിട്ട സോണിയ രാജ്യവ്യാപകമായി പ്രചരണത്തിനു ചുക്കാൻ പിടിച്ചു. തെരഞ്ഞെടുപ്പു വിജയത്തെ തുടർന്നു സോണിയ തന്നെ പ്രധാനമന്ത്രിയാകുമെന്നെല്ലാവരും പ്രതീക്ഷിച്ചു. 15 പാർട്ടികളുടെ സഖ്യമായ ഐക്യ പുരോഗമന സഖ്യത്തിന്റെ നേതാവായി സോണിയയെ ചുമതലപ്പെടുത്തുകയും ചെയ്തു, എന്നാൽ സോണിയ ഗാന്ധി പ്രധാനമന്ത്രി സ്ഥാനം നിരസിക്കുകയും ചെയ്തു.

സോണിയയുടെ വിദേശ ജന്മം, വിവാഹ ശേഷം പതിനഞ്ചു വർഷത്തേയ്ക്കു സോണിയ ഇന്ത്യൻ പൗരത്വം സ്വീകരിക്കാതിരുന്നത്, സോണിയയ്ക്കു ഹിന്ദിയിലോ മറ്റ് ഇന്ത്യൻ ഭാഷകളിലോ ഉള്ള പരിജ്ഞാനക്കുറവ്, തുടങ്ങിയവ സോണിയയുടെ എതിർകക്ഷികൾ, പ്രത്യേകിച്ചും ബിജെപി, ശക്തമായ പ്രചാരണായുധമാക്കിയപ്പോൾ, 'ഇന്ദിരാ ഗാന്ധിയുടെ മരുമകളായ ദിവസം തന്നെ, താൻ ഹൃദയം കൊണ്ടൊരു ഇന്ത്യക്കാരി'യായെന്നു സോണിയ മറുപടി നൽകി.