- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അണലിയോ മൂർഖനോ ഏതുമാകട്ടെ...വെറും മൂന്ന് മിനിറ്റ് മതി പിടിക്കാൻ; രക്ഷിക്കുമ്പോൾ, നമ്മുടെ മനസ്സിൽ പേടി ശരിക്കും ഉണ്ടാവും; മൂർഖന്റെയൊക്കെ കടി ചിലപ്പോൾ നമുക്ക് താങ്ങാൻ പറ്റണമെന്നില്ല; നമുക്കും പാമ്പിനും അപകടം ഉണ്ടാകരുത് എന്നാണ് വിചാരം; സോഷ്യൽ മീഡിയയിൽ വൈറലായ റോഷ്‌നിക്ക് എന്തോ..ഇഷ്ടമാണ് ഇത്
തിരുവനന്തപുരം: പാമ്പ് എന്ന് കേട്ടാൽ, അപ്പോൾ വാവ സുരേഷ് എന്നാണ് ഓർമ വരിക. മലയാളിക്ക് പാമ്പിനോടുള്ള പേടി കുറെയൊക്കെ അകറ്റിയതും സുരേഷാണ്. മൂർഖന്റെ കടിയെ വാവ അതിജീവിച്ചു എന്ന ആശ്വാസകരമായ വാർത്തകളാണ് കോട്ടയത്ത് നിന്ന് വരുന്നത്. ഇതിനിടെയിൽ, സോഷ്യൽ മീഡിയയിൽ സുരക്ഷിതമായി പാമ്പുപിടിക്കേണ്ടത് അത്യാവശ്യമല്ലേ, സ്വജീവൻ അപകടപ്പെടുത്താതെ ഈ ജോലി ചെയ്യാവുന്നതല്ലേ എന്ന ചർച്ച സജീവമായി. അപ്പോഴാണ് തിരുവനന്തപുരത്ത് റോഷ്‌നി എന്ന വനിത മൂർഖനെ കൂൾകൂളായി രക്ഷിക്കുന്ന വീഡിയോ വൈറലായത്. കാട്ടാക്കടയിലെ ഒരു വീട്ടിൽ മൂർഖനുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റോഷ്‌നിയും സംഘവും അവിടെയെത്തിയത്.ഇങ്ങനെ വീഡിയോ എടുക്കുന്നത് റോഷ്‌നി പ്രോത്സാഹിപ്പിക്കാറില്ലെങ്കിലും, അറിയാതെ എടുത്ത വീഡിയോ ജനം ഏറ്റെടുത്തു. വിശേഷിച്ചും, പാമ്പുപിടിത്തത്തിൽ സ്ത്രീകൾ അധികം രംഗത്ത ഇല്ലാത്തതുകൊണ്ട് തന്നെ റോഷ്‌നി ഹിറ്റായി. ചാനലുകൾ റോഷ്‌നിയെ തേടിയെത്തി.
തിരുവനന്തപുരം പരുത്തിപ്പള്ളി റേഞ്ച് ഓഫീസിലെ റാപ്പിഡ് റെസ്പോൺസ് ടീമിലെ അംഗമാണ് റോഷ്‌നി. സുരക്ഷിതവും, ശാസ്ത്രീയവുമായി എങ്ങനെ പാമ്പിനെ പിടിക്കാം എന്നതിൽ പരിശീലനം കിട്ടിയിട്ടുണ്ട്. പാമ്പിനെ കണ്ടുപോയാൽ, വെറും മൂന്ന് മിനിറ്റ് മതി റോഷ്‌നിക്ക് പിടിക്കാൻ, അല്ലെങ്കിൽ രക്ഷിക്കാൻ, അതാണ് അവരുടെ വാക്കുകൾ. പാമ്പിനെ പിടിക്കുകയല്ല, രക്ഷിച്ച് അതിനെ സുരക്ഷിതമായ ആവാസ വ്യവസ്ഥയിലേക്ക് കയറ്റി വിടുകയാണ്.
സ്‌നേക് കാച്ചിങ് അല്ല...സ്‌നേക് റസ്‌ക്യു
2017 ലാണ് വനം വകുപ്പിൽ ബീറ്റ ഫോറസ്റ്റ് ഓഫീസറായിട്ട് ജോലിക്ക് വരുന്നത്. പരിശീലനം കഴിഞ്ഞ് 2019 ലാണ് സ്‌നേക് റെസ്‌ക്യൂ എന്ന് പറഞ്ഞ് വനംവകുപ്പിന്റെ തന്നെ ബോധവത്കരണ ഭാഗമായി വകുപ്പിലും പുറത്തുള്ള താൽപര്യം ഉള്ളവർക്കുമായി പരിപാടി സംഘടിപ്പിച്ചത്. 'അപ്പോ..ആ പരിശീലനത്തിൽ ഞാൻ പങ്കെടുത്തിരുന്നു. അതിൽ വിഷമുള്ളതും വിഷമില്ലാത്തതുമായ പാമ്പുകളെ തരും. നമുക്ക് ശാസ്ത്രീയമായി എങ്ങനെ പാമ്പുകളെ റസ്‌ക്യു ചെയ്യാം, പാമ്പിനെ എങ്ങനെ അധികം ഉപദ്രവിക്കാതെ, അല്ലെങ്കിൽ, അതുപോലും അറിയാതെ എങ്ങനെ നമുക്ക്, രക്ഷിക്കാം, എന്ന പരിശീലനം. നമ്മൾ, ഒരു പാമ്പിനെ കണ്ടുകഴിഞ്ഞാൽ, എത്രയും വേഗം അതിനെ അവിടുന്ന് മാറ്റുക, എന്നതിന് വേണ്ടി നടത്തിയ പരിശീലനമായിരുന്നു. അതിന് ശേഷം വനം വകുപ്പ് തന്നെ ലൈസൻസ് നൽകും. അഞ്ചുവർഷത്തേക്കാണ് ലൈസൻസ്. സർട്ടിഫിക്കറ്റും, പഠിക്കാനുള്ള പുസ്തകവും തരും. അങ്ങനെയാണ് ഞാൻ ഈ മേഖലയിലക്ക് വരുന്നത്. സ്‌നേക്ക് കാച്ചിങ് എന്ന ഇതിലേക്ക് വരുന്നത്. കാച്ചിങ് അല്ല, ശരിക്കും റസ്‌ക്യു ആണ്.'
'പിന്നെ അധികം ഞാനങ്ങനെ എടുത്തിട്ടില്ല. ഡിപ്പാർട്ട്‌മെന്റ് തന്നെ നമുക്ക് ടൂൾസ് തരും. ലൈസൻസ് ഉള്ള ആളുകൾക്ക് ടൂൾ ബാഗ് തരും. ഒരുപാട് കോളുകൾ വരാറുണ്ടായിരുന്നു...എക്കോ ടൂറിസത്തിന്റെ ചാർജായിരുന്നു..അപ്പോൾ അടുത്തുള്ളവരെ പറഞ്ഞുവിടും. പിന്നെ നാല് മാസം ആയിട്ടേയുള്ളു പരുത്തിപ്പള്ളി റേഞ്ചിൽ റാപ്പിഡ് റസ്‌പോൺസ് ടീമിലേക്ക് എത്തിയിട്ട്. ഇവിടെ വന്നതിന് ശേഷം ഒത്തിരി സ്‌നേക് റസ്‌ക്യു കോൾ വരാറുണ്ട്. അടുത്തുള്ളതിനൊക്കെ പോകാറുണ്ട്. വൈപ്പർ, പൈത്തൺ, കോബ്ര എല്ലാം മുമ്പ് റസക്യു ചെയ്തിട്ടുണ്ട്.
പ്രൊഫഷണലായി പാമ്പിനെ എങ്ങനെ രക്ഷിക്കാം?
വലിയ ബുദ്ധിമുട്ടുകൾ ഒന്നും തോന്നിയിട്ടില്ല. പാമ്പിനെ പിടിക്കുന്ന സ്ഥലം ..ഓരോ സ്ഥലവും വ്യത്യസ്തമാണ്. പ്രൊഫഷണലായിട്ട് പാമ്പിനെ പിടിക്കുന്നതിന് നമുക്ക് പറഞ്ഞുതന്നിട്ടുള്ള ഒരുമെതേഡുണ്ട്. നമ്മൾ വലത്‌കൈയിൽ ഹൂക്ക് പിടിച്ചിട്ട്, ഇടത് കൈ കൊണ്ട് അതിന്റെ വാലിലൊന്ന് പിടിക്കും. അതിന്റെ വേറൊരു ഭാഗത്തും നമ്മൾ തൊടുന്നില്ല. കാരണം ഇതിന്റെ എല്ലുകളൊക്കെ വളരെ മൃദുവായിട്ടുള്ളതാണ്. അതുകൊണ്ട് സൂക്ഷ്മതയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ തകരാർ സംഭവിക്കുകയും, പിന്നീട് രക്ഷിച്ച് വിട്ടാലും രക്ഷപ്പെടണമെന്നില്ല. പിന്നെ കഴുത്തിന്റെ ഭാഗമൊക്കെ വളരെ സെൻസിറ്റീവായ ഭാഗമാണ്. കഴുത്തിലൊക്കെ പിടിച്ചാൽ, പിന്നെ ഭക്ഷണം കഴിക്കാനാവാതെ പാമ്പ് ചത്ത് പോകും. ഞാനനതിന്റെ ഭാഗങ്ങളിൽ ഒന്നും പിടിക്കാറില്ല. വാലിൽ ജസ്റ്റ് ഒന്ന് പിടിക്കാറുണ്ട്.
നമ്മൾ പരിസരം ഒന്ന് വാച്ച് ചെയ്തിട്ടാണ് ചെയ്യുന്നത്. സർപ്പ എന്ന് പറഞ്ഞിട്ട് വനം വകുപ്പ് തന്നെ ഒരു ആപ്പ് തുടങ്ങിയിട്ടുണ്ട്. നമ്മൾ ചെല്ലുന്ന ഉടൻ തന്നെ സ്ഥലത്തിന്റെ ഫോട്ടോ എടുത്ത് ആപ്പിൽ രജിസ്റ്റർ ചെയ്യും. റിപ്പോർട്ട് ചെയ്ത ശേഷമാണ് നമ്മൾ റസ്‌ക്യു ചെയ്യുന്നത്. തൊട്ടടുത്ത് തന്നെ ബാഗ് വച്ചിട്ടാണ് ചെയ്യുന്നത്. നമ്മൾ ബാഗിലേക്ക് എടുക്കുമ്പോൾ ഓട്ടോമാറ്റിക്കായി അതങ്ങ് കയറും. കാരണം അപ്പോൾ അതിന് രക്ഷപ്പെടണം എന്നൊരു ഇത് മാത്രമേ കാണുകയുള്ളു. കുറച്ച് ഇരുട്ടുള്ള സ്ഥലത്തേക്ക് കയറി പോകാൻ ആയിരിക്കും അതിന് താൽപര്യം. പിവിസി പൈപ്പാണ് ഉപയോഗിക്കുന്നത്. ചിലപ്പോൾ അത് ബ്ലാക്ക് പെയിന്റ് അടിച്ച് വയ്ക്കും. അതാകുമ്പോൾ ഒരു ഡാർക്ക് തോന്നിക്കുന്നതുകൊണ്ട് പെട്ടെന്ന് കയറിക്കോളും.
പാമ്പിനെ രക്ഷിക്കാൻ വെറും മൂന്ന് മിനിറ്റ് മതി
നമ്മൾ പോകുന്ന സ്ഥലം പോലെയിരിക്കും. ചിലപ്പോൾ കല്ലുകെട്ടിന് ഇടയിലൊക്കെയായിരിക്കും. ചിലപ്പോൾ നാട്ടുകാര് തന്നെ കല്ലുകെട്ട് ഇടിച്ചുപൊളിക്കാനും ഒക്കെ സഹായിക്കും. നമ്മൾ പാമ്പിനെ കണ്ടുപോയാൽ പിന്നെ രക്ഷിക്കാൻ കൂടിപോയാൽ മൂന്നുമിനിറ്റ്. അതിൽ കൂടുതൽ വേണമെന്ന് എനിക്ക് തോന്നുന്നില്ല. നമ്മൾ ഒത്തിരി റസ്‌ക്യൂവേഴ്‌സ് പോയി എടുക്കുന്നുണ്ട്. എടുക്കുന്നതിലെല്ലാം..ഒരു മൂന്ന് മിനിറ്റ്..നാല് മിനിറ്റൊക്കെ കൂടുതലാണ്. മൂന്നുമിനിറ്റുള്ളിൽ, ഏതിനമായാലും, വൈപ്പറായാലും, കോബ്രയായാലും, മൂന്ന് മിനിറ്റാണ് ഏറ്റവും കൂടുതൽ. കഴിഞ്ഞ ദിവസം ഞാൻ കാട്ടാക്കട എടുത്തത് കുറച്ച് ബുദ്ധിമുട്ടുള്ള സ്ഥലമായിരുന്നു. അത് തന്നെ ഒന്നര മിനിറ്റേ എടുത്തുള്ളു. എന്നേക്കാളും പരിചയമുള്ള പത്തും പതിനഞ്ചും വർഷം പരിചയം ഉള്ളവർക്ക് അത്രയൊന്നും വേണ്ട.
ഇപ്പോൾ വാവ സുരേഷ് മാത്രമല്ല
ഇപ്പോ ഒരു പാട് കോളുകൾ വരാറുണ്ട്. മുമ്പൊക്കെയാണെങ്കിൽ, വാവ സുരേഷിനെയാണ് ആളുകൾ കൂടുതൽ വിളിച്ചുകൊണ്ടിരുന്നത്. പുള്ളി മാത്രാമാണ് സ്‌നേക് കാച്ചിങ് എന്ന് പറഞ്ഞ് അറിയപ്പെടുന്നത്. പക്ഷേ ഇപ്പോ നമുക്ക് ഒരുപാട് കോളുകൾ കിട്ടാറുണ്ട്. കൂടുതലും തിരുവനന്തപുരം കൺട്രോൾ റൂമിലാണ്. സർപ്പ ആപ്പിൽ, പാമ്പിനെ കാണുന്ന ആളുകൾക്ക് ഫോട്ടോ എടുത്ത് രജിസ്്റ്റർ ചെയ്യാം. റസ്‌ക്യൂവർമാരെല്ലാം ഇത് കണ്ടുകൊണ്ടിരിക്കുകയാണ്. പിന്നെ, എല്ലാ, ജില്ലകളിലെയും വോളണ്ടിയർമാരുടെ പേരും നമ്പരും ആപ്പിലുണ്ട്. നേരിട്ട് വേണമെങ്കിൽ റസ്‌ക്യൂവറെ വിളിക്കാം. അല്ലെങ്കിൽ കോർഡിനേറ്റർ ഉണ്ട്, സ്‌നേക് റസ്‌ക്യു കോർഡിനേറ്റർ. ഇവരെയൊക്കെ വിളിക്കാം.
പേടി ഉണ്ടെങ്കിലും....
വനംവകുപ്പിൽ സ്‌നേക് റെസ്‌ക്യുവേഴ്‌സായി വനിതകൾ കുറവാണ്. അല്ലാതെ ചിലരൊക്കെയുണ്ട്. അതുകൊണ്ടായിരിക്കും ഇത്രയും വൈറലായതെന്ന് തോന്നുന്നു. വളരെ സന്തോഷമുണ്ട്. പിടിക്കുമ്പോൾ, നമ്മുടെ മനസ്സിൽ പേടി ശരിക്കും ഉണ്ടാവും. കാരണം മൂർഖന്റെയൊക്കെ കടി ചിലപ്പോൾ നമുക്ക് താങ്ങാൻ പറ്റണമെന്നില്ല. പക്ഷേ നമ്മൾ അവിടെ ചെല്ലുമ്പോൾ, നമ്മുടെ മനസ്സിൽ, നമുക്ക് ഒരു അപകടം ഉണ്ടാകരുത്, പാമ്പിന് ഒരു അപകടം ഉണ്ടാകരുത്, കൂടി നിൽക്കുന്നവർ, നമ്മൾ പാമ്പിനെ പിടിക്കാൻ ചെല്ലുമ്പോൾ എപ്പോഴും കാഴ്ചക്കാരുടെ തിരക്കായിരിക്കും, അവർക്കൊന്നും ആപത്തുണ്ടാകരുത്. ജീവിക്ക് ആപത്തുണ്ടാകാതെ, അതിനെ ആവാസ വ്യവസ്ഥയിലേക്ക് എത്തിക്കുക എന്നതാണ്, അതിനെ രക്ഷിച്ച് ബാഗിലാക്കി കെട്ടി വയ്ക്കുന്നത് വരെയുള്ള പോസിറ്റീവ് വൈബ് ...അതുണ്ട്.
എന്റെ അമ്മയ്ക്ക് ഈ ജോലി ഇഷ്ടമേയല്ല...രണ്ടുചേച്ചിമാരാണ്..ചേട്ടന്മാര്.. ഹസ്ബൻഡ് നല്ല സപ്പോർട്ട് തരുന്നു. സപ്പോർട്ട് എന്ന് പറഞ്ഞാൽ., പേടിയാണ്...ആർക്കായാലും പേടി കാണുമല്ലോ, എന്നാലും എല്ലാ കാര്യത്തിലും എന്നെ കൂടുതൽ സപ്പോർട്ട് ചെയ്തിട്ടുള്ളത് ഭർത്താവാണ്. പിന്നെ മക്കളും കുഴപ്പമില്ല. അമ്മയ്ക്ക് പേടിയാണ്...ഈ ഡിപ്പാർട്ട്‌മെന്റ് വേണ്ട എന്ന് തന്നെ ഇടയ്ക്ക് പറയാറുണ്ട്. പക്ഷേ എനിക്കന്തോ ഇഷ്ടമാണ്.
പാമ്പുകൾ മനുഷ്യവാസമുള്ള സ്ഥലങ്ങളിൽ പെട്ടുപോകുന്നതാണെന്ന് റോഷ്‌നി പറയുന്നു. പിടികൂടുന്ന പാമ്പുകളെ അവയുടെ ആവാസവ്യവസ്ഥയിലേക്കു സുരക്ഷിതമായി എത്തിക്കും. പാമ്പിനെ പിടികൂടുന്നതിനായി ടൂൾ കിറ്റും വനംവകുപ്പ് നൽകിയിട്ടുണ്ട്. ബാഗ്, പി.വി സി. പൈപ്പ്, കൊളുത്ത് ഉൾപ്പെടെയുള്ള ഉപകരണങ്ങളാണ് കിറ്റിലുള്ളത്. വന്യമൃഗങ്ങളെ രക്ഷിച്ച് പുനരധിവസിപ്പിക്കുന്ന റാപ്പിഡ് റെസ്പോൺസ് ടീമിലേക്ക് മാറ്റം ചോദിച്ച് വാങ്ങുകയായിരുന്നു. നിലവിൽ കുറ്റിച്ചൽ പരുത്തിപ്പള്ളി റേഞ്ച് ഓഫീസിലാണ് റോഷ്‌നി ജോലി ചെയ്യുന്നത്.
സഹകരണ വകുപ്പിലെ സീനിയർ ഇൻസ്പെക്ടർ സജിത് കുമാറാണ് ഭർത്താവ്. വിദ്യാർത്ഥികളായ രണ്ടു മക്കളുമുണ്ട്.
മറുനാടന് മലയാളി ബ്യൂറോ