- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് ഡെൽറ്റയും ഓമിക്രോണും സുനാമി പോലെ വരുമ്പോഴും സരോജിനിയുടെ ജീവിതം ഇപ്പോഴും നായ്ക്കൂട്ടിൽ തന്നെ; പതിനാറുവർഷമായി തെരുവിൽ കഴിയുന്ന സരോജിനി ജീവിക്കുന്നത് ലോട്ടറി വിൽപ്പനയിലൂടെ; കണ്ണൂരിന്റെ തെലുങ്കമ്മ തേടുന്നത് തലചായ്ക്കാനൊരിടം
കണ്ണൂർ: കോവിഡ് വകഭേദമായ ഓമിക്രോൺ പടർന്നു പിടിക്കുമ്പോഴും കണ്ണൂരിൽ നായ്ക്കൂട്ടിൽ കഴിയുന്ന ഒരു സ്ത്രീയുണ്ട്. കണ്ണൂർ നഗരത്തെ തെക്കിബസാറിൽ ആളൊഴിഞ്ഞ പറമ്പിൽ ടാർപോളിൻ കൊണ്ടു മറക്കിയ നായ്ക്കൂട്ടിൽ താമസിക്കുന്ന സരോജിനിയാണ് സമൂഹത്തിനു മുൻപിൽ ചോദ്യചിഹ്നമായി കഴിയുന്നത്.
കഴിഞ്ഞ പതിനാറുവർഷക്കാലമായി കണ്ണൂർ നഗരത്തിൽ കഴിയുന്ന സരോജിനിയെന്ന മധ്യവയസ്‌ക കണ്ണൂരുകാർക്ക് തെലുങ്കമ്മയാണ്. പകൽ ലോട്ടറി വിൽപന കൊണ്ടു ജീവിക്കുന്ന സരോജിനി ഒരു പ്രണയദുരന്തത്തിന്റെ ഇരകൂടിയാണ്. താൻപ്രണയിച്ച പുരുഷനെ തേടിയുള്ള യാത്രയ്ക്കിടെയാണ് സരോജിനി കണ്ണൂരിലെത്തുന്നത്. പ്രണയസാഫല്യത്തിനായി നടത്തിയ അലച്ചിലിൽ ജീവിത സൗഭാഗ്യങ്ങളും മനോനിയന്ത്രണവും കൈവിട്ട സരോജിനി ഒടുവിൽ തെരുവിന്റെ മകളായി മാറുകയായിരുന്നു.
തെരുവിൽ കഴിയുമ്പോഴും തന്റെ സമ്പന്നമായ ഭൂതകാലത്തെ കുറിച്ചു സരോജിനി ഇപ്പോഴും ഓർമിച്ചു പറയാറുണ്ട്്. തെലുങ്കാനയിലെ ഒരു ഇടത്തരം കുടുംബത്തിലായിരുന്നു ജനനം. സഹോദരങ്ങളെല്ലാം ഇപ്പോഴും നല്ല നിലയിൽ കഴിയുകയാണ്. ഒരു സഹോദരൻ ബാങ്ക് ഉദ്യോഗസ്ഥൻ, മറ്റൊരാൾ അമേരിക്കയിൽ എൻജിനിയർ, വേറൊരാൾ ബിൽഡിങ് കോൺട്രാക്ടർ. ഒരു സഹോദരിയുണ്ടായിരുന്നു അമേരിക്കൽ എൻജിനിയറായി ജോലി ചെയ്തിരുന്ന അവർ അടുത്ത കാലത്താണ് മരിച്ചത്. പട്ടാള ഉദ്യോഗസ്ഥനായിരുന്നു അച്ഛൻ. മദ്യപാനിയായിരുന്ന അച്ഛൻ അമ്മയെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയോടൊപ്പമായിരുന്നു താമസം. ഇതുകാരണം സരോജിനിയെ പഠിപ്പിച്ചത് അമ്മയുടെ വീട്ടുകാരായിരുന്നു.
നിയന്ത്രണങ്ങളുടെ വേലിക്കെട്ടിലായിരുന്നു ജീവിതം. പത്താം ക്ലാസ് കഴിഞ്ഞപ്പോൾ സരോജിനിയെ വിവാഹം കഴിപ്പിക്കാൻ വീട്ടുകാർ ഒരുക്കങ്ങൾ തുടങ്ങി. ഒടുവിൽ നിർബന്ധം സഹിക്ക വയ്യാതെ വീട്ടുകാർ തീരുമാനിച്ച വിവാഹത്തിന് തലകുനിച്ചുകൊടുക്കേണ്ടി വന്നു സരോജിനിക്ക്. എന്നാൽ ആ ബന്ധം അധികനാൾ നീണ്ടുപോയില്ല. പൊരുത്തക്കേടുകൾ തുടങ്ങിയപ്പോൾ സരോജിനിക്ക് വീട്ടിലേക്ക് തന്നെ മടങ്ങേണ്ടി വന്നിരുന്നു.
ആദ്യ പ്രണയം തോന്നിയ ബാല്യസുഹൃത്തും എൽ. എൻ.ടി ഉദ്യോഗസ്ഥനായ സോമരാജനോടൊപ്പം ജീവിക്കാനായിരുന്നു സരോജിനിക്ക് ഇഷ്ടം.വീട്ടുകാർ മറ്റു ആലോചനകൾ കൊണ്ടുവന്നിരുന്നുവെങ്കിലും ഒന്നിനോടും സമ്മതംമൂളാൻ കഴിഞ്ഞില്ല. ഒടുവിൽ വീട്ടിൽ കലഹം മൂത്തപ്പോൾ ഒരു സുപ്രഭാതത്തിൽ വീട്ടിൽ നിന്നും ഇറങ്ങേണ്ടി വന്നു. സോമരാജനെ തേടിയുള്ള യാത്രയായിരുന്നു പിന്നെ. ബംഗ്ളൂരിലും ചെന്നൈയിലും കോയമ്പത്തൂരിലും ആൻഡമാനിലും സോമരാജനെ തേടിയലഞ്ഞു. ഇതിനിടെ മനസിന്റെ നിയന്ത്രണവും നഷ്ടപ്പെട്ടു. ഭ്രാന്തും ഉന്മാദവും മനസിനെ കീഴടക്കി.
ഇതിനിടെയിൽ മഹാനഗരങ്ങളിൽ കൂലിപ്പണിയെടുത്താണ് ജീവിച്ചിരുന്നത്. കണ്ണൂരിൽ സ്ഥിരതാമസക്കാരായ തെലുങ്കന്മാരുണ്ടെന്നു ഇങ്ങോട്ടുവണ്ടി കയറിയതാണ്. പിന്നീട് ഇവിടെ തന്നെയായി ജീവിതം. പത്തുവർഷത്തോളം തെലുങ്കുകുടുംബങ്ങളോടൊപ്പമായിരുന്നു താമസം. പിന്നീട് സമൂഹവിരുദ്ധർ നോട്ടമിട്ടതോടെ അവിടെ നിന്നും മാറി. ഇതോടെ ബലമുള്ള ഒരു പട്ടിക്കൂടു പണിത് അതിൽ താമസം തുടങ്ങിയത്. ഇതിനിടെയിലും വീട്ടുകാരുമായുള്ള ബന്ധം ഉപേക്ഷിച്ചിരുന്നില്ല. സഹോദരങ്ങൾ തന്റെ അക്കൗണ്ടിലേക്ക് എല്ലാമാസവും അയച്ചു തരുന്ന അയ്യായിരം രൂപ കൊണ്ടാണ് ജീവിതം നിലനിർത്തിയിരുന്നതെന്നു സരോജിനി പറയുന്നു. അവർ നാട്ടിലേക്കു വിളിക്കാറുണ്ടെങ്കിലും ആർക്കും ഒരു ശല്യമാവാതിരിക്കാൻ പോവില്ലെന്നാണ് ഇവരുടെ നിലപാട്.
മുപ്പതാം വയസിൽ വീടുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചതാണ്. ഇപ്പോൾ വയസ് അൻപത്തിയാറായി. ഇനിയുള്ള കാലവും തെരുവിൽ തന്നെ സ്വതന്ത്രമായി ജീവിച്ചു മരിക്കണമെന്നാണ് ഇവരുടെ ആഗ്രഹം.അരയ്ക്കൊപ്പം ഉയരമുള്ള പട്ടിക്കൂട്ടിൽ സരോജിനി താമസം തുടങ്ങിയിട്ട് ആറുവർഷമായി. അകത്തു നിന്നും പൂട്ടിയാൽ തന്നെയാരും തൊടില്ലെന്നാണ് സരോജിനിയുടെ ആത്മവിശ്വാസം.
പഠിച്ചത് പത്താം ക്ലാസുവരെയാണെങ്കിലും തെലുങ്ക്, ഹിന്ദി, മലയാളം, ഇംഗ്ളീഷ് എന്നീ ഭാഷകൾ ഇവർ നന്നായി സംസാരിക്കും. ബലമുള്ള പട്ടിക്കൂട് പണിയാൻ സരോജിനിക്ക് ഇരുപതിനായിരം രൂപ ചെലവായി. മോഷ്ടാക്കളുടെ ശല്യംകൊണ്ടുപൊറുതിമുട്ടിയതോടെയാണ് ഇവർ ഇങ്ങനെ ഒരുതീരുമാനത്തിലെത്തിയത്. ഇതുവരെയായി തന്റെ തെരുവു ജീവിതത്തിനിടെ രണ്ടുലക്ഷത്തോളം രൂപ തനിക്കു നഷ്ടപ്പെട്ടുവെന്നു ഇവർപറയുന്നു.
ഏതൊരാളെയും പോലെ സ്വന്തം വീട്ടിന്റെ തണലിൽ തലചായ്ച്ചുറങ്ങാൻ സരോജിനിക്കും മോഹമുണ്ട്. സ്വന്തമായി റേഷൻകാർഡും ആധാർകാർഡും ഇവർക്കുണ്ട്.പാവങ്ങൾക്ക് വീടുവെച്ചു കൊടുക്കാൻ പദ്ധതിയുണ്ടോയെന്നറിയാൻ പലപ്പോഴും കോർപറേഷൻ ഓഫിസിൽ ഇവർ കയറിയിറങ്ങാറുണ്ട്. ഇപ്പോഴും അതു തുടരുന്നുണ്ടെങ്കിലും ഇതുവരെ അധികൃതർ അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്നാണ് ഇവർ സങ്കടത്തോടെ പറയുന്നത്.
അമ്മയും അച്ഛനും സഹോദരങ്ങളുമെല്ലാം ജീവനോടെയുണ്ടെങ്കിലും തെലുങ്കാനയിലേക്ക് പോകാൻ തനിക്ക് താൽപര്യമില്ലെന്നാണ് ഇവർ പറയുന്നത്. കണ്ണൂരിന്റെ തെലുങ്കമ്മയായി ഈ മണ്ണിൽ തലചായ്ച്ചുമരിക്കണമെന്നാണ് സരോജിനിയുടെ ആഗ്രഹം.കണ്ണൂരുകാരെ കുറിച്ചു ഇവർക്ക് നല്ലതേ പറയാനുള്ളൂ. തന്നെ അറിഞ്ഞു സഹായിക്കാൻ ലോട്ടറിയെടുക്കുന്ന നിരവധിയാളുകളുണ്ട്. ഭക്ഷണം കഴിക്കാനും മറ്റാവശ്യങ്ങൾക്കും വിശേഷദിവസങ്ങളിൽ പണവും ഭക്ഷണവും നൽകി സഹായിക്കുന്നവരുടെ നാട്ടിൽ തെലുങ്കമ്മയായി പട്ടിക്കൂട്ടിൽ ജീവിക്കുകയാണ് സരോജിനി.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്