- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആ വൈറൽ താരം ഇവിടെയുണ്ട്; 'ക്ലു ക്ലൂസ് പൊടി' പരിചയപ്പെടുത്തുന്ന കൊച്ചുമിടുക്കൻ; വീഡിയോ ഇത്ര വൈറൽ ആകുമെന്ന് കരുതിയില്ലെന്ന് ശിതിൽ നാണിക്കുമ്പോൾ കൊള്ളാടാ മോനേ എന്ന് വിളിച്ച് അഭിനന്ദിച്ച് നടൻ ജയസൂര്യ; 'ക്ലു ക്ലൂസിനെ' തേടി മറുനാടൻ എത്തിയപ്പോൾ
തൃശൂർ: ഒരു കുഞ്ഞു മിടുക്കൻ അമ്മയുടെ കണ്ണു വെട്ടിച്ച് 'ക്ലൂ..ക്ലൂസ്സ് പൊടി' പരിചയപ്പെടുത്തുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. ഗ്ലൂക്കോസ് പൊടിയാണ് അതീവ രസകരമായി കുട്ടി പരിചയപ്പെടുത്തുന്നത്. തികഞ്ഞ ആത്മ വിശ്വാസത്തോടെയാണ് നാടന്മുട്ടയ്ക്കും സ്നാപ്ചാറ്റിനും ശേഷം താൻ 'ക്ലു..ക്ലൂസ് പൊടി'യുമായി എത്തുന്നതെന്ന് ഈ മിടുക്കൻ പറയുന്നത്. കുപ്പിയിലാക്കി വച്ച ക്ലു..ക്ലൂസ് പൊടി കവറിലാണ് കിട്ടുന്നതെന്നും ക്ലു..ക്ലൂസ് പൊടിയുടെ നിറവും എല്ലാരും കണ്ടല്ലോ എന്ന് പറയുന്നതിനിടയിൽ കുട്ടിയുടെ അമ്മ മുറിയിലേക്ക് കടന്ന് വന്ന് ഫോണെടുത്ത് പോകുകയാണ്. അമ്മ വരുമ്പോഴുള്ള മുഖ ഭാവം ഒന്നു കാണേണ്ടത് തന്നെയാണ്. ചലച്ചിത്രതാരം ജയസൂര്യ കൂടി വിഡിയോ പങ്കുവച്ചതോടെ മണിക്കൂറുകൾ കൊണ്ട് ' ക്ലു ക്ലൂസ് പൊടി' വൈറലാവുകയായിരുന്നു. ഈ കുട്ടി ആരാണ് എന്ന അന്വേഷണത്തിലാണ് എല്ലാവരും. ഇതിനിടയിൽ മറുനാടൻ കുട്ടിയെ കണ്ടെത്തി. കേച്ചേരി ഇയ്യാൽ കക്കാടത്ത് വീട്ടിൽ സതീഷിന്റെയും ശാലുവിന്റെയും മൂത്തമകനായ ആറാം ക്ലാസ്സുകാരൻ ശിതിൽ കെ.എസ് ആണ് ആ വൈറൽ താരം. ചൊവ്വന്നൂർ മാർത്തോമാ സ്ക്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥി കൂടിയാണ്. ക്ലൂ..ക്ലൂസ് പൊടിയുടെ വീഡിയോയുടെ പിന്നിലെ കഥ ശിതിലും മാതാപിതാക്കളും മറുനാടനോട് പങ്കു വയ്ക്കുന്നു.
കഴിഞ്ഞ ആഴ്ചയാണ് ശിതിൽ ഇപ്പോൾ വൈറലായിരിക്കുന്ന വീഡിയോ ചിത്രീകരിച്ചത്. ഈ വീഡിയോ ശിതിലിന്റെ അമ്മ ശാലു വാട്ട്സാപ്പിൽ സ്റ്റാറ്റസായി പോസ്റ്റ് ചെയ്തു. ഇതു ശ്രദ്ധയിൽപെട്ട ശാലുവിന്റെ അമ്മാവന്റെ മകൾ സുരഭി ഈ വീഡിയോ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്യുകയും അവിടെ നിന്നും ഫെയ്സ് ബുക്ക് പേജുകളിലേക്ക് പ്രചരിക്കപ്പെടുകയുമായിരുന്നു. തുടർന്ന് ശാലുവിന്റെ മറ്റൊരു അമ്മായിയുടെ മകളായ ആതിര ശിതിലിന് ഒരു യൂട്യൂബ് അക്കൗണ്ട് നിർമ്മിച്ച് നൽകുകയും ചെയ്തു.
മിക്ക സമയവും ശിതിൽ എന്തെങ്കിലുമൊക്കെ വീഡിയോ മൊബൈലിൽ ചെയ്യുന്നത് പതിവാണ്. അങ്ങനെ ഒരു ദിവസം വൈകുന്നേരമാണ് ക്ലൂക്കോസ് വീഡിയോ ചിത്രീകരിച്ചത് എന്ന് അമ്മ ശാലു പറയുന്നു. അന്ന് വൈകിട്ട് 6 മണിക്ക് ഓൺലൈൻ ക്ലാസ്സ് തുടങ്ങേണ്ട സമയമായി. അതിന് മുൻപ് ഞാൻ കുളിച്ചിട്ട് വരാമെന്നും പഠിക്കാൻ തയ്യാറായി ഇരിക്കാനും ശിതിലിനോട് പറഞ്ഞു. കുളി കഴിഞ്ഞു വന്നപ്പോൾ കാണുന്നത് ഗ്ലൂക്കോസ് ബോട്ടിലും പിടിച്ച് മൊബൈലിനു മുന്നിൽ നിൽക്കുന്നതാണ്. ക്ലാസ്സിന് സമയമായതിനാൽ വേഗം തന്നെ മൊബൈൽ ഞാനെടുത്തു വീഡിയോ റെക്കോർഡിങ് നിർത്തി. പിന്നീട് ക്ലാസിന് ഇരുത്തി. രത്രിയായപ്പോൾ മൊബൈൽ ഫോൺ നോക്കിയപ്പോഴാണ് വീഡിയോ കണ്ടത്. കണ്ടപ്പോൾ എനിക്ക് ചിരിപൊട്ടി. അങ്ങനെയാണ് വാട്ട്സാപ്പിൽ സ്റ്റാറ്റസായി പോസ്റ്റ് ചെയ്തത്. അത് ഇത്രയും വൈറലാവുമെന്ന് പ്രതീക്ഷിച്ചില്ല; ശാലു പറഞ്ഞു.
മകൻ ഒന്നര വയസ്സുമുതലേ ഇത്തരത്തിൽ വീഡിയോകൾ ചെയ്തിരുന്നു എന്ന് പിതാവ് സതീഷ് പറഞ്ഞു. ഓൺലൈൻ ക്ലാസ്സുകൾ തുടങ്ങിയതിനാൽ മൊബൈൽ ഫോൺ ഉപയോഗിക്കാൻ നല്ലപോലെ അറിയാം. പിന്നെ യൂട്യൂബ് ചാനലുകൾ കാണും. അതിൽ നിന്നുള്ള പ്രചോദനമാണ് ഇത്തരത്തിൽ വീഡിയോ ചെയ്യാൻ ശിതിലിനെ പ്രേരിപ്പിച്ചത്. മിക്ക സമയവും പല കാര്യങ്ങളും പരിചയപ്പെടുത്തുന്ന തരത്തിൽ വീഡിയോ ചിത്രീകരിക്കും. അങ്ങനെ അടുത്തിടെ വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദിനത്തിന്റെ അന്ന് പാത്തുമ്മയുടെ ആട് എന്ന നോവൽ അടിസ്ഥാനമാക്കി ഒരു തമാശ വീഡിയോ ചെയ്തിരുന്നു. പഠനത്തോടൊപ്പം വ്ലോഗ് മുന്നോട്ട് കൊണ്ടു പോകുന്നതിൽ എതിർപ്പില്ലെന്നും സതീഷ് പറഞ്ഞു.
വീഡിയോയിൽ നാടന്മുട്ടയ്ക്കും സ്നാപ്ചാറ്റിനും ശേഷം ചെയ്യുന്ന വീഡിയോയാണ് ഇത് എന്ന് ശിതിൽ പറയുന്നുണ്ട്. പക്ഷേ ആ വീഡിയോ അറിയാതെ കൈ തട്ടി ഡിലീറ്റായി പോയി. ശിതിലിന് ഒരു സഹോദരൻ കൂടിയുണ്ട്. പേര് ശിവദ്. സതീഷ് ഇലക്ട്രീഷ്യനാണ്. മറുനാടൻ ശിതിലിന്റെ വീട്ടിലെത്തുമ്പോൾ നടൻ ജയസൂര്യ തന്റെ വീഡിയോ പങ്കുവച്ചതിന് നന്ദി പറയണമെന്ന് ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ അപ്പോൾ തന്നെ ജയസൂര്യയെ ഞങ്ങൾ ഫോണിൽ വിളിച്ച് ശിതിലിന് നൽകി.
ജയസൂര്യയുടെ ശബ്ദം കേട്ട് ശിതിൽ അങ്കലാപ്പിലായി. നന്ദി എന്നു മാത്രം പറഞ്ഞു. ശിതിലിന്റെ വീഡിയോയുടെ ഫാനായി എന്നും ഒരു സമ്മാനം എടുത്ത് വച്ചിട്ടുണ്ടെന്നും ജയസൂര്യ പറഞ്ഞു. ശിതിലിനെ ബന്ധപ്പെടാനുള്ള നമ്പറും ജയസൂര്യ വാങ്ങുകയും ഒരിക്കൽ കൂടി ശിതിലിന് ആശംസ നേരുകയും ചെയ്തു. ശിതിൽ ജയസൂര്യയുടെ ആരാധകനാണ്. ഷാജിപാപ്പൻ എന്ന കഥാപാത്രത്തിനോടാണ് കമ്പം ഏറെയും. ഷാജിപാപ്പൻ എന്നാണ് ജയസൂര്യയെ അഭിസംബോധന ചെയ്യുന്നത്.
വീഡിയോ എല്ലാവരും ഏറ്റെടുത്തതിന്റെ സന്തോഷത്തിലാണ് ശിതിൽ. പുതുതായി തുടങ്ങിയ ശിതിൽ വ്ളോഗ്സ്(sithil vlogs) എന്ന യൂട്യൂബ് ചാനൽ വഴി ഇനി എന്നും വീഡിയോ ചെയ്യുമെന്ന് ശിതിൽ പറഞ്ഞു. കൂടാതെ എല്ലാവരും സബ്സ്ക്രൈബ് ചെയ്ത് സഹായിക്കണമെന്നും അഭ്യർത്ഥിച്ചു
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.