മലപ്പുറം: ഉപയോഗ ശൂന്യമായ വസ്തുക്കളും കേടുവന്ന വസ്തുക്കളും വലിച്ചെറിയാൻ ഉള്ളതാണെന്നാണ് നമ്മുടെയൊക്കെ ധാരണ. എന്നാൽ ഇത്തരം വസ്തുക്കൾ കൊണ്ട് വീടിനെ മനോഹരമാക്കാമെന്നും അവക്കൊണ്ട് ഒരു പുരാവസ്തു ശേഖരം തന്നെ തയ്യാറാക്കാമെന്നും തെളിയിച്ചിരിക്കുകയാണ് മലപ്പുറം വളാഞ്ചേരിയിലെ 54 വയസ്സുകാരിയായ വീട്ടമ്മ. മുഖമക്കനയും ബുർക്കയും ധരിച്ചുകഴിയുന്ന വളാഞ്ചേരി കരേക്കാട് സ്വദേശി കൊന്നക്കാട്ടിൽ സുലൈഖയാണ് മാതൃകാപ്രവർത്തനം കാഴ്‌ച്ചവെക്കുന്നത്.

ഗ്രാമഫോൺ, പഴയ ക്യാമറ, വാച്ചുകൾ, അരഞ്ഞാണം, കോളാമ്പി, നാണയങ്ങൾ, മൺപാത്രങ്ങൾ, മരപ്പെട്ടികൾ, കിണ്ടി, നാരായം, പറ, പഴയ റേഡിയോ, മുള കൊണ്ടുണ്ടാക്കിയ പാത്രങ്ങൾ തുടങ്ങി നിരവധി പഴയതും പുതിയതുമായ വസ്തുക്കളാണ് സുലൈഖയുടെ വിപുലമായ ശേഖരത്തിലുള്ളത്. ഇതിൽ പലതും പലരും ഉപയോഗിച്ച് പൊടിപിടിച്ചു കിടന്നതോ വലിച്ചെറിഞ്ഞതോ ആയിരുന്നുവെന്നതാണ് കൗതുകം.

പലരും വലിച്ചെറിയുന്ന വസ്തുക്കൾ സുലൈഖയുടെ കയ്യിൽ കിട്ടിയപ്പോൾ അലങ്കാരമായി മാറി എന്നതാണ് വസ്തുത. എല്ലാ വസ്തുക്കളിലും ഒരു സൗന്ദര്യം ഉണ്ടെന്നും അത് തിരിച്ചറിഞ്ഞാൽ മതിയെന്നും ചില പാഴ് വസ്തുക്കളിൽ നമ്മൾ ചില സൂത്രങ്ങൾ ഉപയോഗിച്ചാൽ അത് അപൂർവ്വ വസ്തുവായി മാറുമെന്നും സുലൈഖ പറയുന്നു. ഒരർത്ഥത്തിൽ പാഴ് വസ്തുക്കൾ സുലൈഖയുടെ കരസ്പർശമേൽക്കുമ്പോൾ മനോഹരമായ ഒരു വിലപിടിപ്പുള്ള വസ്തുവായി മാറുന്നു. നന്നേ ചെറുപ്പത്തിലേയുണ്ട് സുലൈഖക്കു ഇത്തരം ചില ഇഷ്ടങ്ങൾ.

ചിത്രം വരയും പാഴ് വസ്തുക്കൾ ശേഖരിക്കുകയുമൊക്കെ ചെയ്യുമെങ്കിലും അന്നൊക്കെ അതൊരു നേരമ്പോക്കായിരുന്നു ഇവർക്ക്. എങ്കിലും ഉപ്പയുടെയും ഉമ്മയുടെയും കുടുംബത്തിന്റെയുമെല്ലാം പ്രോത്സാഹനം ഉണ്ടായിരുന്നതായി സുലൈഖ പറയുന്നു. പിന്നീട് വിവാഹിതയായപ്പോൾ ഭർത്താവും പ്രോത്സാഹനം നൽകി. ആദ്യമൊക്കെ ഭർത്താവ് മുസ്തഫ എതിർത്തെങ്കിലും പിന്നീട് പൂർണ പിന്തുണ നൽകി. മുസ്തഫ വിദേശത്ത് ജോലിക്ക് പോയാൽ തനിച്ചാകുന്ന സുലൈഖക്ക് തന്റെ ഇത്തരം പ്രവർത്തനങ്ങൾ ആശ്വാസം നൽകിയതായി ഇവർ പറയുന്നു.

മനോഹരമായി വരച്ച ചിത്രങ്ങളും ഗ്ലാസ് പെയിന്റി ങ്ങും ഉൾപ്പെടെയുള്ള കരകൗശല പ്രവർത്തനങ്ങളിലും സജീവമാണ് ഈ വീട്ടമ്മ. സുലൈഖയുടെ കരവിരുതിൽ തെളിഞ്ഞ നിരവധി ചിത്രങ്ങളും ഗ്ലാസ് പെയിന്റിങ്ങുകളും ഈ പുരാവസ്തു ശേഖരത്തിനു മാറ്റ് കൂട്ടുന്നു. ആദ്യമൊക്കെ വീട്ടിലായിരുന്നു ഇവയെല്ലാം ശേഖരിച്ചു വെച്ചിരുന്നത്. പിന്നീട് പുറത്ത് ഇവ ശേഖരിച്ചു വെക്കാൻ വേണ്ടി മാത്രം ഒരു വലിയ ഷെഡ് തയ്യാറാക്കി നൽകിയിരിക്കുകയാണ് ഭർത്താവ് മുസ്തഫ. ഈ ഷെഡിൽ ഇവയെല്ലാം മനോഹരമാക്കി സെറ്റ് ചെയ്തു വെച്ചിരിക്കുകയാണ് ഇവർ.

മകൾ ശബ്‌നവും വിദേശത്തുള്ള മകൻ ശഹബാസും മകന്റെ ഭാര്യ സുമയ്യ ബീഗവും പേരക്കുട്ടികളായ ഷിദ ഫാഹ്മിൻ, ആദം ബിൻ സവാദ്, സഹ്‌റ ഫാത്തിമ, ഫാത്തിമ തഹ്ലിയ,അനിയൻ ഷംസുദ്ദീൻ മാസ്റ്റർ, മകൾ നിഹ ഫാത്തിമ, കൂട്ടുകാരികളായ ആയിഷ, പേരകുട്ടി നിഹാൽ, അയൽവാസിയും അദ്ധ്യാപികയുമായിരുന്ന നാണി ടീച്ചർ എന്നിവരും സുലൈഖയുടെ പ്രവർത്തനങ്ങൾക്ക് കട്ടക്ക് കൂടെയുണ്ട്.

ബന്ധുവീടുകളിലും മറ്റും പോകുമ്പോൾ മുറ്റത്തും തൊടിയിലും ഉപേക്ഷിച്ച വസ്തുക്കൾ കാണുമ്പോൾ മടികൂടാതെ അത് ചോദിച്ചു വാങ്ങും. അങ്ങനെ വാങ്ങിയതാണ് ഈ ശേഖരത്തിലെ വിലപിടിപ്പുള്ള പലതും. പലപ്പോഴും യാത്ര ചെയ്യുമ്പോൾ ആരെങ്കിലും ഉപേക്ഷിച്ച അമൂല്യ വസ്തു സുലൈഖ കണ്ടെത്തും. പിന്നീട് അത് കൂടെ കൂട്ടാനും മടിക്കില്ല. സുലൈഖയുടെ ഈ പുരാവസ്തു ശേഖരം പ്രദേശത്തെ പല സ്‌കൂളുകളിലും കൊണ്ടുപോയി പ്രദർശിപ്പിക്കാറുണ്ട്. ഇവയെല്ലാം പലപ്പോഴും കുട്ടികൾക്ക് അപൂർവ്വ വസ്തുക്കളാണ്.

സുലൈഖയുടെ ഈ പുരാവസ്തു പ്രേമം കണ്ട് അയൽവാസികളും ബന്ധുക്കളും ഇത്തരം വസ്തുക്കൾ എത്തിച്ചു നൽകാറുണ്ട്. അയൽവാസിയും അദ്ധ്യാപികയുമായ നാണി ടീച്ചർ പറയുന്നു, സുലൈഖയെ പോലെയുള്ള ഒരു കലാകാരി തങ്ങളുടെ നാടിനഭിമാനമാണെന്നും കല്യാണം കഴിച്ചു കൊണ്ട് വന്നത് മുതലേ തങ്ങൾ നല്ല കൂട്ടാണെന്നും എല്ലാ പിന്തുണയും പ്രോത്സാഹനവും തങ്ങൾ നൽകാറുണ്ടെന്നും ടീച്ചർ പറയുന്നു.

ഇരുനൂറ് വർഷം പഴക്കമുള്ള ഖുർആനും, മുള കൊണ്ട് തയ്യാറാക്കിയ ഗ്ലാസും മറ്റു ഉപകരണങ്ങളും ഇവരുടെ ശേഖരത്തിലുണ്ട്. വനിതകളുടെ വാട്സാപ്പ് കൂട്ടായ്മ വഴി തനിച്ച് കശ്മീരിൽ പോയിട്ടുണ്ട് സുലൈഖ. സാമൂഹിക സാംസ്‌കാരിക പ്രവർത്തനങ്ങളിലും സജീവമായ ഇവർ പ്രദേശത്തെ സ്ത്രീകൾ മരണപ്പെട്ടാൽ മയ്യിത്ത് പരിപാലനത്തിന് മുൻപന്തിയിലുണ്ടാകാറുണ്ട്. വെറും കൗതുകത്തിനപ്പുറം ഒരു കാലത്തിന്റെ കഥ പറയുക കൂടിയാണ് സുലൈഖയുടെ ഈ ശേഖരങ്ങൾ. പുതു തലമുറക്ക് പരിചയമില്ലാത്ത നിരവധി വസ്തുക്കൾ ഈ ശേഖരത്തിലുണ്ട്.