- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
പത്താംക്ലാസ് പഠനം ഉപേക്ഷിച്ച ക്രിക്കറ്റ് ഭ്രാന്തൻ; ഡൽഹി ഡെയർ ഡെവിൾസിന്റെ ഫാസ്റ്റ് ബൗളർ രാഷ്ട്രീയത്തിൽ ഇറങ്ങിയത് അപ്രതീക്ഷിതമായി; 'ജംഗിൾ കാ യുവരാജ്' എന്ന പേരുദോഷം മാറ്റിയെടുത്തത് പെട്ടെന്ന്; 27ാംവയസ്സിൽ ഉപമുഖ്യമന്ത്രി; കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടമായത് ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യന്ത്രിയെന്ന ഖ്യാതി: തേജസ്വി യാദവിന്റെ കഥ
ജംഗിൾ കാ യുവരാജ്! ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മകനും ആർജെഡിയുടെ ബീഹാർ മുഖ്യമന്ത്രി സ്ഥാനാർത്ഥിയുമായ തേജസ്വിയാദവിനെ രാജ്യത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവർ വിളിച്ച് അധിക്ഷേപിച്ചത് അങ്ങനെയായിരുന്നു. 95 മുതൽ പത്തുവർഷം നീണ്ടുനിന്ന ലാലു പ്രസാദ് യാദവിന്റെ നേതൃത്വത്തിൽ ബീഹാറിൽ നടന്ന, അഴിമതിയും അക്രമവും ചേർന്ന കാട്ടു ഭരണം തിരിച്ചുവരും എന്നായിരുന്നു ഈ തെരഞ്ഞെടുപ്പിൽ ഉടനീളം നിതീഷിന്റെയും മോദിയുടെയും പ്രചാരണം. എന്നാൽ എക്സിറ്റ് പോൾ ഫലങ്ങൾ കണ്ടപ്പോഴാണ് അവരൊക്കെ ഞെട്ടിയത്. ജംഗിൾ കാ യുവരാജ്, ബീഹാർ കാ രാജ ആവുമെന്നായിരുന്നു ഇന്ത്യ ടുഡെ എഴുതിയത്. പക്ഷേ ഫലം വന്നപ്പോൾ നേരിയ മാർജിന് ഭരണം നഷ്ടമായെങ്കിലും ആർജെഡി തന്നെയാണ് എറ്റവും വലിയ ഒറ്റക്കക്ഷി. ഫലത്തിൽ 31 വയസ്സ് മാത്രമുള്ള തേജസ്വി യാദവ് തന്നെയയാണ് ബീഹാർ തെരഞ്ഞെടുപ്പിലെ ഹീറോയെന്ന് നിസ്സംശയം പറയാം. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിപക്ഷ നേതാവ് എന്ന പദവി ഇപ്പോൾ തേജ്വസിക്കുതന്നെയാണ്. 27ാം വയസ്സിൽ ഉപമുഖ്യമന്ത്രിയായി തലക്കെട്ടുകൾ പിടിച്ചു പറ്റിയതും മറ്റാരുമല്ല.
കപ്പിനും ചുണ്ടിനും ഇടയിൽവെച്ച് തേജ്വസിക്ക് നഷ്ടപ്പെട്ടത് ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി എന്ന പദവി കൂടിയായിരുന്നു. 36 വയസ്സുള്ളപ്പോൾ അസം മുഖ്യമന്ത്രിയായ പ്രഫുല്ലകുമാർ മൊഹന്തക്കു തന്നെയാണ് ഇപ്പോളും ഈ റെക്കോർഡ് ഇരിക്കുന്നത്. തേജ്വസിയെ സംബന്ധിച്ച് ഒറ്റക്ക് ഒരു പാർട്ടിയിലെ ചുമലിൽ ഏറ്റേണ്ട അവസ്ഥയുണ്ടായിരുന്നു. അതും പിതാവും ആർജെഡിയുടെ എല്ലാമെല്ലാമായ ലാലു കാലിത്തീറ്റ കുംഭകോണത്തിൽ പെട്ട് ജയിലിൽ കിടക്കുന്ന സമയത്ത് പാർട്ടിയെ നയിക്കയെന്നത് നിസ്സാര കാര്യമല്ല. ചെറുപ്പത്തിൽ അങ്ങേയറ്റം അന്തർമുഖനും, ക്രിക്കറ്റ് അല്ലാതെ മറ്റൊരു കാര്യത്തിലും താൽപ്പര്യമില്ലാതിരുന്ന, പഠിക്കാൻ എപ്പോഴും വിമുഖകാട്ടിയിരുന്ന ആ പയ്യനിൽ ലാലുപോലും തന്റെ രാഷ്ട്രീയ പിൻഗാമിയെ കണ്ടിരുന്നില്ല. എന്നാൽ കാലത്തിന്റെ മാറ്റം അങ്ങനെയാണ്. അഴിമതി- ഗുണ്ടാ പാർട്ടിയെന്ന ആർജെഡിയുടെ ഇമേജ് പുർണ്ണമായും മാറ്റിപ്പണിയാൻ തേജസിക്കായി. സ്കൂളിലെ അന്തർമുഖൻ ഇന്ന് വാക്കുകൾ കൊണ്ട് അമ്മാനമാടുന്ന തീപ്പൊരി പ്രാസംഗികനാണ്. ഉരുളക്ക് ഉപ്പേരി എന്ന കണക്കിനുള്ള തേജസ്വിയുടെ പ്രസംഗങ്ങളാണ് മഹാസഖ്യത്തിന് ആളെകൂട്ടാൻ ഗുണം ചെയ്തത്.
ബിജെപിക്ക് മോദിയു അമിത്ഷായും അടക്കമുള്ള വലിയ ടീം ഉണ്ട്. നിതീഷ് കുമാറിന്റെ പ്രവർത്തന പരിചയം ഉണ്ട്. എന്നാൽ തേജസ്വിക്ക് ഒറ്റക്ക് ഒരു സഖ്യത്തെ തലയിലേറ്റേണ്ടി വന്നിരക്കയാണ് ചെയ്തത്്. പിതാവ് ജയിലിൽ. രാഹുൽ ഗാന്ധി അതീവ ദുർബലൻ. എന്നിട്ടും പതറാതെ തേജസ്വി കാമ്പയിൻ നയിച്ചു.
പത്താം ക്ലാസ് പഠനം പോലും ഉപേക്ഷിച്ച ക്രിക്കറ്റർ
1989 നവംബർ 9 ന് ബീഹാറിലെ ഗോപാൽഗഞ്ചിൽലാണ് ലാലു പ്രസാദ് യാദവ് റാബ്രി ദേവി ദമ്പതികളുടെ ഇളയമകനായി തേജസ്വി ജനിക്കുന്നത്. പിന്നീട് മാതാവും പിതാവും ബീഹാർ മുഖ്യമന്ത്രിമാർ ആയത് ചരിത്രം. ലാലുവിന്റെ ഒമ്പത്് മക്കളിൽ ഏറ്റവും ഇളയവനായിരുന്നു തേജസ്വി. പട്നയിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം ആരംഭിച്ച അദ്ദേഹം പിന്നീട് ഡൽഹിയിലേക്ക് മാറി. മൂത്ത സഹോദരി മിസ ഭാരതി എംബിബിഎസിന് ഡൽഹിയിൽ പഠിക്കുന്നുണ്ടായിരുന്നു. മിസയിൽ ആയിരുന്നു ലാലുവിന്റെ രാഷ്ട്രീയ പിൻഗാമിയെ പലരും കണ്ടിരുന്നത്. മിസ എന്നപേരുപോലും അങ്ങേയറ്റം പൊളിറ്റിക്കൽ ആണ്. അടിയന്തരാവസ്ഥയിൽ മിസ തടവുകാരനായതിന്റെ ഓർമ്മക്കായാണ് ലാലു പ്രസാദ് തന്റെ മകൾക്ക് ആ പേരിട്ടത്.
തേജസ്വി വസന്ത് വിഹാറിലെ പബ്ലിക് സ്കൂളിലാണ് അഞ്ചാം ക്ലാസ് വരെ പഠിച്ചത്. സ്കൂൾ അദ്ധ്യാപകരുടെ അഭിപ്രായത്തിൽ, അവൻ വിരസനും ലജ്ജാശീലനുമായ കുട്ടിയായിരുന്നു. പക്ഷേ അവന്റെ മിടുക്ക് മൂഴുവൻ ക്രിക്കറ്റിൽ ആയിരുന്നു. സ്കൂൾ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ.
ആറാം ക്ലാസ് മുതൽ അദ്ദേഹം ആർ. കെ. പുരം ഡൽഹി പബ്ലിക് സ്കൂളിൽ ചേർന്നു. ഈ സ്കൂളിലെ പ്രിൻസിപ്പലും തേജസ്വിയെ അന്തർമുഖനും ക്രിക്കറ്റ് ഭ്രാന്തനുമെന്നാണ് വിശേഷിപ്പിക്കുന്നത്. തീപ്പൊരി ബൗളറും വെടിക്കെട്ട് ബാറ്റ്സമാനുമായിരുന്നു ഈ കുട്ടി. കമ്പം ക്രിക്കറ്റിൽ മാത്രമായതുകൊണ്ട് കുട്ടിക്കാലത്ത് തേജസ്വി മതാപിതാക്കളിൽനിന്ന് ധാരാളം വഴക്കും കേട്ടിരുന്നു. 13ാം വയസ്സിൽ ഡൽഹിയിലെ അണ്ടർ 15 ക്രിക്കറ്റ് ടീമിലേക്ക് ഓൾറൗണ്ടറായി അവൻ കയറി. ആദ്യ സീസണിൽ നിരവധി ടൂർണമെന്റുകളിൽ വിജയിക്കാൻ തേജസ്വി സഹായിച്ചിരുന്നുവെന്ന് ടീമംഗങ്ങൾ പറയുന്നു. ആ ടീമിൽ വിരാട് കോഹ്ലിയായരുന്നു ക്യാപ്റ്റൻ. ടീം അണ്ടർ 15 ടീം ദേശീയ ചാമ്പ്യൻഷിപ്പ് നേടി. അവിടെ ഫൈനലിൽ ഇജാന്ത് ശർമയും തേജസ്വിയുമാണ് മൽസരം വിജയിപ്പിച്ചത്.
പഠിക്കാൻ തീരേ താൽപ്പര്യം അക്കാലത്ത് തേജസ്വിക്ക് ഉണ്ടായിരുന്നില്ല. കായിക ജീവിതത്തിനായി പത്താം ക്ലാസിലെ സ്കൂളിൽ നിന്ന് ഇറങ്ങിയ അദ്ദേഹം ഡൽഹിയിലെ അണ്ടർ 17, അണ്ടർ 19 ക്രിക്കറ്റ് ടീമിൽ ഇടം നേടി. പക്ഷേ പത്താക്ലാസ് പോലും ഇല്ലാത്തത് പിൻക്കാലത്തെ രാഷ്ട്രീയ ജീവിതത്തിൽ തേജസ്വിക്ക് തിരിച്ചിടിയായി. ഇയാൾക്ക് ഇംഗ്ലഷ് എഴുതാൻ അറിയില്ല, ഒരു പത്താംക്ലാസുകാരൻ എങ്ങനെ ബീഹാറിനെ നയിക്കും എന്ന ചോദ്യങ്ങളാണ് വിമർശകർ ഉയർത്തിയിരുന്നത്. സത്യത്തിൽ ഒന്നാന്തരമായി ഇംഗ്ലീഷ് സംസാരിക്കാൻ അറിയുന്ന വ്യകതി കൂടിയാണ് തേജസ്വി. ധാരാളം പുസ്തകം വായിച്ചും മറ്റുമുള്ള അനുഭവ സമ്പത്തിലൂടെ ഏത് വിഷയത്തിലും ആധികാരിമായി അഭിപ്രായം പറയാനും അദ്ദേഹത്തിന് കഴിയും. പക്ഷേ എന്നിട്ടും പത്താംക്ലാസ് പരീക്ഷ എഴുതാത്തത് ഒരു പോരായ്മയായിത്തന്നെ എന്നും എതിരാളികൾ ഉയർത്തുന്നു.
ഡെയർ ഡെവിൾസിൽ നിന്ന് രാഷ്ട്രീയത്തിലേക്ക്
പഠനം അവസാനിപ്പിച്ചത് വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയെങ്കിലും ക്രിക്കറ്റർ എന്ന നിലക്ക് കുട്ടിക്ക് നല്ല ഭാവിയുണ്ടെന്ന റിപ്പോർട്ടുകൾ മാതാപിതാക്കളെ സന്തോഷിപ്പിച്ചു. കഠിന പരിശീലനം തുടങ്ങിയ തേജസ്വിക്ക് അതിന്റെ ഗുണം ഉണ്ടായി. 2008 ലെ ഇന്ത്യൻ പ്രീമിയർ ലീഗ് ഫ്രാഞ്ചൈസിക്കായി ഡൽഹി ഡെയർഡെവിൾസാണ് തേജസ്വിയെ കരാർ ചെയ്തു. പക്ഷേ താര സമ്പന്നമായ ടീമിൽ കളിക്കളത്തിൽ ഇറങ്ങാൻ അവസരം കിട്ടിയില്ല. ആ വർഷംതന്നെ ലോകകപ്പ് നേടിയ അണ്ടർ 19 ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീമിനുള്ള സ്റ്റാൻഡ്ബൈ കളിക്കാരുടെ പട്ടികയിലും തേജസ്വി തിരഞ്ഞെടുക്കപ്പെട്ടു. 2009 ൽ സംസ്ഥാന തലത്തിലുള്ള ജാർഖണ്ഡ് ക്രിക്കറ്റ് ടീമിലേക്കും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ തേജസ്വിയുടെ പ്രകടനം ശ്രദ്ധേയമായിരുന്ന തുടർന്ന് ധൻബാദിലെ വിദർഭ ക്രിക്കറ്റ് ടീമിനെതിരായ ടെസ്റ്റ് മത്സരത്തിനായി അദ്ദേഹത്തെ വിളിച്ചു. 2010 ൽ വിജയ് ഹസാരെ ട്രോഫിയിൽ അരങ്ങേറ്റം കുറിച്ച അദ്ദേഹം ഒഡീഷ ക്രിക്കറ്റ് ടീമിനും ത്രിപുര ക്രിക്കറ്റ് ടീമിനുമെതിരെ യഥാക്രമം രണ്ട് മത്സരങ്ങൾ കളിച്ചു.
2008-2012 കാലയളവിലെ മുഴുവൻ സീസണുകളിലും ഡെയർ ഡെവിൾസ് ടീമിന്റെ റിസർവ് ബെഞ്ചിൽ തുടർന്നു. ഈ അവഗണന തന്നെയാണ് തേജസ്വിയുടെ മനസ്സ് മാറ്റിയതും. 2013 ആയപ്പോഴേക്കും തേജസ്വി ക്രിക്കറ്റ് ജീവിതത്തിൽ നിന്ന് വിരമിച്ചു. പരിശീലകരുടെ അഭിപ്രായത്തിൽ അദ്ദേഹത്തിന് അപ്പോഴും തിരിച്ചുവരാനുള്ള സാധ്യതയുണ്ടായിരുന്നു. പക്ഷേ ഈ ക്രിക്കറ്റിനായി നടന്നകാലം തന്നെയാണ് തേജസ്വിയെ ജീവിതം പഠിപ്പിച്ചത്. ബീഹാറിലെ കായികതാരങ്ങൾക്ക് മതിയായ സൗകര്യങ്ങളുടെ അഭാവം മൂലം പിന്തള്ളപ്പെടുന്നത് അദ്ദേഹം നേരിട്ട്കണ്ടു. അന്ന് ആഭ്യന്തര ക്രിക്കറ്റ് ടീമും ഈ സംസ്ഥാനത്തിന് ഇല്ലായിരുന്നു. മറ്റ് ബിഹാരി കളിക്കാരെപ്പോലെ തേജസ്വിയെ മറ്റൊരു സംസ്ഥാനത്തേക്ക് മാറിയാണ് സ്റ്റേറ്റ് ടീമിൽ ഇടം പിടിച്ചത്. പിന്നീട് അധികാരത്തിൽ എത്തിയപ്പോൾ സ്പോർട്സിന്റെ അടിസ്ഥാന വികസനത്തിന് തേജസ്വി ഏറെ പ്രയത്നിച്ചു.
രാഷ്ട്രീയത്തിൽ എത്തിയത് യാദൃശ്ചികമായി
തന്റെ സഹോദരന്മാരെപ്പോലെ നിരന്തരം പ്രശ്നക്കാരനും ആയിരുന്നില്ല തേജസ്വി. പക്ഷേ അദ്ദേഹം ഒരിക്കൽ വിവാദത്തിൽ പെട്ടു. 2008 ൽ തേജസ്വിയും സഹോദരൻ തേജ് പ്രതാപ് യാദവും അയൽവാസിയും അടങ്ങുന്ന സംഘം കാറിൽ ഒരു ട്രാഫിക് സ്റ്റോപ്പിൽ വച്ച് അടിപടിയുണ്ടാക്കിയെന്നത് വിവാദമായി. ഇവർ . ആർപിഎഫ് ഉദ്യോഗസ്ഥരെ ആക്രമിച്ചതായും ചില പെൺകുട്ടികളെ ഉപദ്രവിച്ചുവെന്നും ആരോപണം ഉയർന്നു. പക്ഷേ പിന്നീട് അത്തരം വിവാദങ്ങളിൽനിന്നെല്ലാം തേജസ്വി മാറി നടന്നു.
രാഷ്ട്രീയ കുടുംബത്തിൽ ജനിച്ചുപോയതുകൊണ്ട് പലപ്പോഴും തെരഞ്ഞെടുപ്പ് പ്രചാരണത്തിനും അദ്ദേഹത്തിന് പോകേണ്ടി വന്നു. എന്നാൽ ഒരു ക്രിക്കറ്റ് താരം എന്ന നിലയിൽ വലിയ ആൾക്കൂട്ടങ്ങളെ തേജസ്വിക്ക് ആകർഷിക്കാനായി. 2010 മുതൽ അദ്ദേഹം പ്രചാരണ രംഗത്ത് ഉണ്ടായിരുന്നു. 2013ൽ ക്രിക്കറ്റിൽ നിന്ന് വിരിമിക്കാൻ തീരുമാനിച്ചപ്പോൾ അദ്ദേഹം രാഷ്ട്രീയത്തിൽ സജീവമായി. 'നിനക്ക് ഇപ്പോൾ കിട്ടുന്ന പിന്തുണ കണ്ടില്ലേ, അത് എന്തുകൊണ്ട് ഉപയോഗപ്പെടുത്തിക്കുടാ' എന്ന സഹോദരി മിസയുടെ ചോദ്യമാണ് തേജസ്വിയുടെ ജീവിതം മാറ്റിമറിച്ചത്. അപ്പോഴേക്കും ആർജെഡിയും ഏറെ പിറകോട്ട് പോയിരുന്നു. കാലത്തീറ്റ കുംഭകോണത്തിന്റെ പേരിൽ ലാലുവിന് രാജിവെക്കേണ്ടി വന്നും. അമ്മ റാബ്രി മുഖ്യമന്ത്രിയായി. ഭരണ പരിചയം ഇല്ലാത്ത അവരുടെ പല നടപടികളും വിവാദത്തിലായി. വൈകാതെ ലാലു ജയിലിലുമായി. ഇങ്ങനെ നാണം കെട്ട് നിൽക്കുന്ന സമയത്താണ് പാർട്ടിക്ക് യുവത്വത്തിന്റെ പ്രസരിപ്പ് നൽകിക്കൊണ്ട് തേജസ്വി കടന്നുവരുന്നത്.
സോഷ്യൽ മീഡിയ കേന്ദ്രീകരിച്ചുള്ള കാമ്പയിനുകൾ അദ്ദേഹം സജീവമാക്കി. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബീഹാറിൽ ആർജെഡി കൂപ്പുകുത്തി. ഇതേതുടർന്നാണ് മഹാസഖ്യം എന്ന ആശയം രൂപപ്പെടുന്നത്. മോദിയോട ്എതിർപ്പുള്ള നിതീഷ് കുമാറും എൻഡിഎ വിട്ട് മഹാസഖ്യത്തിലേക്ക് വന്നതോടെ ബീഹാറിൽ ബിജെപിയുടെ പ്രതീക്ഷകൾ മങ്ങി. 2015 ലെ ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ, രഘോപൂരിലെ മഹാസഖ്യത്തിലെ സ്ഥാനാർത്ഥിയായി തേജസ്വി അങ്കംകുറിച്ചു. വൻ ഭൂരിപക്ഷത്തിന് ജയിച്ചു എന്ന് മാത്രമല്ല, മഹാസഖ്യത്തിന് ഭൂരിപക്ഷവും ലഭിച്ചു. ഇതോടെ വെറും 27ാം വയസ്സിൽ തേജസ്വി ബീഹാർ ഉപമുഖ്യമന്ത്രിയായി. അഞ്ചാം നിതീഷ് കുമാർ മന്ത്രിസഭയിൽ പൊതുമരാമത്ത്, വനം, പരിസ്ഥിതി എന്നീ വകുപ്പുകളുടെ ചുമതലയും അദ്ദേഹത്തിനുണ്ടായി.
എന്നാൽ ലാലു ഉണ്ടാക്കിവെച്ച അഴിമതിക്കേസുകൾ ആർജെഡിയെ വലയം ചെയ്്യു. 2004ലെ ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷനുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ പണമിടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ലാലുവിനും കുടുംബത്തിനും നേരെ അന്വേഷണം ആരംഭിച്ചു. ഇത് വലിയ വിവാദമായി. നതീഷുമായി നേരത്തെ ആർജെഡിക്ക് പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അഴിമതിക്കേസ് കിട്ടിയ അവസരമെന്ന് കണ്ട് നിതീഷ് കുമാർ സഖ്യത്തിൽ നിന്ന് പിന്മാറുകയും ബിജെപിയോടൊപ്പം പുതിയ സർക്കാർ രൂപീകരിക്കുകയും ചെയ്തു. രാഷ്ട്രീയ ജനതാദൾ സംസ്ഥാന നിയമസഭയിലെ ഏറ്റവും വലിയ പാർട്ടിയായതിനാൽ തേജശ്വി പ്രതിപക്ഷ നേതാവായി. ഏറ്റവും രസം ലാലുവും റാബ്രിയും മാത്രമായിരുനനില്ല, അന്ന് ചിത്രത്തിൽ ഇല്ലായിരുന്ന തേജസ്വിക്കെതിരെയും കേസ് ഉണ്ടായിരുന്നു. എന്നാൽ ആരോപണം നടക്കുന്ന സമയത്ത് തേജസ്വിക്ക് വെറും 14 വയസ്സ് മാത്രമായിരുന്നു പ്രായം. ഇത് ചൂണ്ടിക്കാട്ടിക്കൊണ്ട് 2018ൽ ഡൽഹി ഹൈക്കോടതി അദ്ദേഹത്തേ കുറ്റ വിമുക്തായി.
അതോടെയാണ് തേജസ്വി രാഷ്ട്രീയ ജനതാദളത്തിന്റെ യഥാർഥ നേതാവായത്. അതുവരെ അദ്ദേഹം പിതാവിന്റെ നിഴൽ ആയിരുന്നു. അതിവേഗമായിരുന്നു തേജസ്വിയുടെ തെറ്റുതിരുത്തൽ നടപടികൾ.
കാട്ടുരാജിന് മാപ്പുചോദിച്ച് തേജസ്വി
ജംഗിൾരാജ് എന്ന പേരിൽ അക്ഷേപിക്കപ്പെട്ട തന്റെ പാർട്ടിയുടെ പ്രവർത്തന ശൈലി പൂർണ്ണമായും മാറ്റിയെടുക്കയാണ് തേജസ്വി ആദ്യം ചെയതത്. ജയിലിൽ കിടന്നും ലാലു പാർട്ടി ഭരിക്കുന്ന രീതി മാറി. ഉൾപ്പാർട്ടി ജനാധിപത്യം പുനഃസ്ഥാപിച്ചു. ബിഹാറിലെ ജനങ്ങളെ അഭിസംബോധന ചെയ്ത്, മുൻ ആർജെഡി ഭരണകാലത്ത് പാർട്ടിക്ക് സംഭവിച്ചേക്കാവുന്ന വീഴ്ചകൾക്കും തെറ്റുകൾക്കും വേണ്ടി ക്ഷമാപണം നടത്തി. 2019 ലെ ബീഹാർ വെള്ളപ്പൊക്ക സമയത്തെ ജനങ്ങളുടെ കുടെ നിന്നുള്ള പ്രവർത്തനം അദ്ദേഹത്തിന്റെ കീർത്തി വർധിപ്പിച്ചു. എല്ലാവും ആഹ്വാനം ചെയ്യുമ്പോൾ തേജസ്വി പ്രവർത്തിക്കയാണ്. രക്ഷാപ്രവർത്തനത്തിന് ബോട്ടും കയറുമായി നേരിട്ട് ഇറങ്ങുന്ന ഒരു നേതാവിനെ ബീഹാർ ആദ്യമായിട്ടാണ് കണ്ടത്.
അടിമുടി ചടുലതയാണ് തേജസ്വിയുടെ പ്രത്യേകത. ഇലക്ഷൻ കാമ്പയിൽ തന്നെ പതിവിന് വിപരീതമാണ്. ഒരു പ്രദേശത്ത് കുട്ടികൾ കളിക്കയാണെങ്കിൽ തേജസ്വി അവിടെയെത്തി ബൗൾ ചെയ്യും. ഒപ്പം കൂടും. എവിടെയും യുവത്വത്തെക്കുറിച്ച് സംസാരിക്കും. എവിടെയായാലും മാധ്യമ ശ്രദ്ധ തന്നിലേക്ക് എത്തുന്ന രീതിയിലാണ് തേജസ്വിയുടെ പ്രവർത്തനം. കർഷക സമര സമയത്ത് പോത്തിന്റെ പുറത്താണ് അദ്ദേഹം ജനക്കൂട്ടത്തിലേക്ക് എത്തിയത്. വിദേശ മാധ്യമങ്ങൾ പോലും ഇത് കവർ ചെയ്തു. ആൾക്കൂട്ടത്തിന്റെ മനസ്സ് അറിഞ്ഞുകൊണ്ടുള്ള തീപ്പൊരി പ്രസംഗമാണ് അദ്ദേഹം നടത്താറ്. തേജസ്വിയുടെ വാക്കുകൾക്ക് മുന്നിൽ പലപ്പോഴും മോദിക്കുപോലും മറുപടി പറയേണ്ടി വന്നു.
ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബീഹാറിൽ നടന്ന എല്ലാ അഭിപ്രായ സർവേകളും എൻഡിഎക്കാണ് മുൻ തൂക്കം പ്രവചിച്ചത്. എന്നാൽ അത് പെട്ടെന്ന് മാറിമറഞ്ഞത് തേജസ്വിയുടെ കാമ്പയിൻ തുടങ്ങിയതോടെയാണ്. നിതീഷിന് പലയിടത്തും കൂക്കും ചെരിപ്പേറും കിട്ടയപ്പോൾ തേജസ്വി ആകർഷിച്ചത് വൻ ജനക്കൂട്ടത്തെയാണ്. ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലികൾ ആയിരുന്നു എൻഡിഎ സഖ്യത്തിന് ഉണർവേകിയത്. കാര്യങ്ങൾ പന്തിയല്ലെന്ന് കണ്ടപ്പോൾ തേജസ്വിയെ ആക്രമിച്ചുകൊണ്ട് പ്രധാനമന്ത്രിയും രംഗത്ത് എത്തി.
'ജംഗിൾ രാജ് കാ യുവരാജ്' എന്ന് യോഗങ്ങളിൽ മോദി തേജസ്വി യാദവിനെ പരിഹസിച്ചത്്. ഇതിന് മറുപടിയായെന്നോണം, നിതീഷ് അഴിമതി വീരനെന്ന മോദിയുടെ പഴയപ്രസംഗം തേജസ്വി കുത്തിപ്പൊക്കിയപ്പോൾ എൻഡിഎ ശരിക്കും പ്രതിരോധത്തിലായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഴയ പ്രസംഗ ശകലങ്ങൾ പുറത്ത് വിട്ട് കൊണ്ട് നിതീഷ്കുമാറിനെതിരേ കോടികളുടെ അഴിമതി ആരോപണമാണ് തേജസ്വിയാദവ് ഉയർത്തിയിരിക്കുന്നത്. 30,000 കോടി രൂപയുടെ 60ഓളം അഴിമതികളിൽ നിതീഷ്കുമാറിന് പങ്കുണ്ടെന്ന വലിയ ആരോപണമാണ് തേജസ്വി യാദവ് ഉന്നയിച്ചിരിക്കുന്നത്. ഈ ആരോപണത്തെ സ്ഥാപിക്കാൻ നിതീഷ് സർക്കാരിനെ വിമർശിക്കുന്ന പ്രധാനമന്ത്രിയുടെ തന്നെ പഴയ വീഡിയോ ക്ലിപ്പിങ്ങാണ് തേജസ്വി രാഷ്ട്രീയായുധമാക്കിയത്
'നിതീഷ് കുമാർ ജിയുടെ കീഴിൽ 30,000 കോടിയോളം രൂപയുടെ അറുപതിൽ അധികം അഴിമതികൾ നടന്നിട്ടുണ്ട്. ഇതിൽ 33 എണ്ണം പ്രധാനമന്ത്രി മോദി തന്നെ അഞ്ച് വർഷം മുമ്പ് എണ്ണിപ്പറഞ്ഞിട്ടുണ്ട്.. നിങ്ങൾക്ക് കേൾക്കാം,'' -തേജസ്വി യാദവ് വീഡിയോയടക്കം ഹിന്ദിയിൽ ട്വീറ്റ് ചെയ്തു കൊണ്ട് പറഞ്ഞു.'ബിഹാറിലെ ജനങ്ങൾക്ക് അറിയാം. ഇത് ഞാൻ യുവ തലമുറയെ ഓർമിപ്പിക്കാൻ ആഗ്രഹിക്കുകയാണ്'. എഞ്ചിനീയറിങ് കോളേജുകൾ, മരുന്നുകൾ വാങ്ങൽ, മദ്യവിൽപ്പന, ഉച്ചഭക്ഷണം, നെൽകൃഷി, സ്കോളർഷിപ് എന്നിവയുൾപ്പെടെ സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട 60 ഓളം അഴിമതികളുണ്ടെന്നാണ് മോദി വീഡിയോയിൽ എണ്ണി പറയുന്നത്. ഇത് വലിയ ഒച്ചപ്പാടാണ് ഉണ്ടാക്കിയത്. അതുപോലെ 10ലക്ഷം പേർക്ക് തൊഴിൽ ഉണ്ടാക്കുമെന്ന തേജസ്വിയുടെ പ്രചാരണവും വലിയ നേട്ടമാണ് മഹാസഖ്യത്തിന് ഉണ്ടാക്കിക്കൊടുത്തത്.
അതുപോലെ സഖ്യങ്ങൾ ഉണ്ടാക്കുന്നതിലും വലിയ പങ്കാണ് തേജസ്വി വഹിച്ചത്. ലാലുവാണ് രംഗത്ത് ഉണ്ടായിരുന്നതെങ്കിൽ ഇടതുപക്ഷത്തിനൊന്നും ഇത്രയും സീറ്റുകൾ ഒരിക്കലും അനുവദിച്ച് കൊടുക്കില്ലായിരുന്നു. തങ്ങളുടെ മെച്ചപ്പെട്ട വിജയത്തിൽ ഇടതുപാർട്ടികൾ സത്യത്തിൽ കടപ്പെട്ടിരിക്കുന്നത് തേജസ്വിയോടാണ്. പക്ഷേ ഒരിടത്ത് തേജസ്വിക്ക് പാളി. ആർജെഡി കൂടുതൽ സീറ്റുകളിൽ മൽസരിക്കണം എന്ന ലാലുവിന്റെ തീരുമാനം അനുസരിച്ചിരുന്നെങ്കിൽ മഹാസഖ്യത്തിന് ഇപ്പോൾ ഭരണം കിട്ടിയേനെ. കോൺഗ്രസിന്റെ മോശം പ്രകടനമാണ് സഖ്യത്തിന്റെ വിജയസാധ്യത ഇല്ലാതാക്കിയത്. എന്നാലും കാട്ടുബ്രാൻഡ് എന്ന നിലയിൽനിന്ന് ഒരു പാർട്ടിയെ മോഡേൺ ബ്രാൻഡ് ആക്കിയതിനിൽ ഈ യുവനേതാവിനുള്ള പങ്ക് മറക്കാനാവില്ല. ഭാവിയിൽ തേജസ്വി വേഴ്സസ് ബിജെപി എന്ന രീതിയിലാണ് ബീഹാറിന്റെ രാഷ്ട്രീയം മാറുകയും.
മറുനാടൻ മലയാളി ചലച്ചിത്ര നിരൂപകൻ, കോൺട്രിബ്യൂട്ടർ