- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചമ്പക്കര നിന്ന് അമേരിക്കയിലേക്ക് ഈ എസ്എഫ്ഐക്കാരൻ പറന്നിട്ട് ഇപ്പോൾ 28 വർഷം; ആദ്യം കൂട്ടുകൂടിയത് ഡെമോക്രാറ്റിക് പാർട്ടിയുമായി; പൊരുത്തപ്പെടാതെ വന്നപ്പോൾ റിപ്പബ്ലിക്കനായി; കാപ്പിറ്റോൾ സമരത്തിൽ ഇന്ത്യൻ ദേശീയ പതാകയുമായി പങ്കെടുത്ത വിൻസന്റ് സേവ്യറുടെ സഹോദരൻ പൗലോസ് പങ്കുവയ്ക്കുന്നു വീട്ടുവിശേഷങ്ങൾ
കൊച്ചി: അമേരിക്കയിലെ കാപ്പിറ്റോൾ സമരത്തിൽ ഇന്ത്യൻ ദേശീയ പതാകയുമായി പങ്കെടുത്തതുകൊച്ചിക്കാരനായ വിൻസന്റ് സേവ്യർ പാലത്തിങ്കൽ എന്ന് വാർത്തകളിൽ നിറഞ്ഞുകഴിഞ്ഞു. ആരാണ് ഈ മനുഷ്യൻ എന്ന ചോദ്യം പലകോണുകളിൽ നിന്നും ഉയർന്നു. അന്വേഷണത്തിന്റെ ഭാഗമായി വിൻസെന്റിന്റെ സഹോദരൻ പൗലോസുമായി മറുനാടൻ മലയാളി സംസാരിച്ചു. റിപ്പബ്ലിക്കൻ പാർട്ടി വെർജിനീയ സ്റ്റേറ്റ് കമ്മിറ്റി അംഗമായ വിൻസന്റ് സേവ്യറിന്റെ കൂടുതൽ വിവരങ്ങൾ സഹോദരൻ പങ്കുവയ്ക്കുന്നത് ഇങ്ങനെ:
മലയാളി എഞ്ചിനീയർ വിൻസന്റ് സേവ്യർ രാഷ്ട്രീയത്തിന്റെ ബാലപാഠം പഠിച്ചത് എസ്എഫ് ഐയിലൂടെയാണ്. എറണാകുളം തൈക്കൂടം ശിൽപ്പശാല റോഡിൽ പാലത്തിങ്കൽ സേവ്യർ- കുഞ്ഞമ്മ ദമ്പതികളുടെ 5 മക്കളിൽ 4-ാമനായ വിൻസന്റ് സേവ്യറാണ് കാപ്പിറ്റോളിൽ ട്രംപിന് അനുകൂലമായി ഇന്ത്യൻ പതാക വീശിയത്.
തേവര എസ് എച്ച് കോളേജിൽ പ്രീഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് വിൻസന്റ് എസ് എഫ് ഐ പ്രവർത്തകനായിരുന്നു. പിന്നീട് തൃശൂർ ഗവൺമെന്റ് എഞ്ചിനീയറിങ് കോളേജിൽ പഠിക്കുന്ന സമയത്ത് രാഷ്ട്രീയ രംഗം വിട്ടു. വിൻസന്റിന്റെ സഹോദരനും റിട്ടയേർഡ് ബാങ്ക് ഉദ്യോഗസ്ഥനുമായ പൗലോസ് മറുനാടനോട് പറഞ്ഞു.
1987-ൽ സിവിൽ എഞ്ചിനിയറിങ് പാസ്സായി. മൂന്ന് കൊല്ലത്തോളം കിറ്റ്കോയിൽ ജോലി ചെയ്തു. ഇതിനിടയിൽ മൂവാറ്റുപുഴ സ്വദേശിനി ആശയെ വിവാഹവും കഴിച്ചു. തുടർന്നാണ് എംഎസിന് പഠിക്കാൻ അമേരിക്കയ്ക്കു പോകുന്നതും അവിടെ കുടുംബവുമായി കൂടുന്നതും. ഇപ്പോൾ 28 വർഷമായി അമേരിക്കയിലാണ് സ്ഥിരതാമസം. സേവ്യർ, സ്റ്റീഫൻ എന്നിവർ മക്കളാണ്. മൂത്തമകൻ സേവ്യർ ആമസോണിലെ ജീവനക്കാരനാണ്.
അമേരിക്കയിൽ ആദ്യം ഡെമോക്രാറ്റുകൾക്കൊപ്പമായിരുന്നു വിൻസന്റ്. പിന്നീട് ആശയപൊരുത്തക്കേടുകളെ തുടർന്ന് റിപ്പബ്ലിക്കൻ പാർട്ടിക്കാരുമായി കൂട്ടുകൂടി. സ്വന്തമായി ബിസിനസ്സ് സ്ഥാപനം നടത്തിവരുന്ന വിൻസന്റ് സ്ഥിരം രാഷ്ട്രീയക്കാരനല്ലന്നും ഇപ്പോഴത്തെ സംഭവ വികാസങ്ങളിൽ ന്യായം ട്രംപിന്റെ ഭാഗത്തായതിനാലാണ് കാപ്പിറ്റോൾ സമരത്തിൽ ഇന്ത്യൻ പതാകയുമായി താൻ പങ്കുചേർന്നതെന്നുമാണ് വിൻസന്റ് അടുപ്പക്കാരോട് വ്യക്തമാക്കിയിട്ടുള്ളത്.
'സമരത്തിന് പോയ എല്ലാവരെയും കലാപകാരികളാക്കി മാറ്റരുത്. സമാധാനപരമായി നടന്ന പ്രതിഷേധമാണ്. ഏകദേശം ഒരു മില്യൺ ആളുകൾ അണിനിരന്ന സമരം. ഇതിനിടയിലേക്ക് പരിശീലനം ലഭിച്ച ചില ആളുകൾ നടത്തിയ അക്രമമാണ് ഈ പ്രശ്നം വഷളമാക്കിയത്. അവരാണ് അക്രമം നടത്തിയത്. അവരെ പറ്റി അന്വേഷിക്കണം.' അദ്ദേഹം പറയുന്നു. എന്തിന് ഇന്ത്യൻ പതാകയുമായി സമരത്തിന് പോയത് എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ: 'ഇവിടെ പല രാജ്യങ്ങളിൽ നിന്നുള്ള ആളുകളുണ്ട്. ഇങ്ങനെ ഒരു സമരത്തിൽ പങ്കെടുമ്പോൾ അവരെല്ലാം അവരുടെ രാജ്യത്തിന്റെ പതാക കയ്യിൽ കരുതും. ഇത്തവണ ഞാനും അങ്ങനെ ഇന്ത്യൻ പതാക ഉയർത്തിപ്പിടിച്ചു. ആദ്യമായിട്ടാണ് നമ്മുടെ ദേശീയ പതാകയുമായി ഞാൻ സമരത്തിന് പോകുന്നത്. ആ ചിത്രങ്ങളാണ് അവിടെ വൈറലാകുന്നത്.' വിൻസെന്റ് ടെലിവിഷൻ ചാനലുകളോട് പറഞ്ഞു.
നിലവിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ വിർജിനീയ സ്റ്റേറ്റ് കമ്മിറ്റി അംഗമാണ് വിൻസെന്റ് സേവ്യർ. ഇലക്ടറൽ വോട്ടിൽ ട്രംപിനെതിരെ മനഃപൂർവ്വം ജോ ബൈഡൻ ഗ്രൂപ്പ് ക്രമക്കേട് നടത്തിയെന്നാണ് വിൻസെന്റിന്റെ വിശ്വാസം. അതുകൊണ്ടുതന്നെയാണ് ഒരു മില്ല്യൺ ആളുകൾ സമാധാനപരമായി പ്രതിഷേധിക്കുവാൻ തടിച്ചുകൂടിയതെന്നുമാണ് വിൻസന്റ് വിശദീകരിക്കുന്നത്.
കഴിഞ്ഞ മെയ് മാസത്തിൽ അമ്മ കുഞ്ഞമ്മ മരിച്ചപ്പോൾ സംസ്കാര ചടങ്ങിൽ പങ്കെടുക്കുവാൻ വിൻസെന്റ് നാട്ടിൽ വന്നിരുന്നു.ചമ്പക്കര സെന്റ് ജെയിംസ് പള്ളി ഇടവകാംഗമാണ് അദ്ദേഹം. തൈക്കൂടം ശിൽപ്പശാല റോഡിലെ വീട് അടച്ചിട്ടിരിക്കുകയാണ്.
മറുനാടന് മലയാളി ലേഖകന്.