മലപ്പുറം: നിലമ്പൂർ ഉൾക്കാട്ടിലെ ഗുഹയിൽ ജനിച്ച വിനോദിനെ അക്ഷരമുറ്റത്തെത്തിച്ചത് പഴം നൽകാമെന്ന വാഗ്ദാനം നൽകി ആയിരുന്നു. ചോലനായ്ക്ക വിഭാഗത്തിലെ ആദ്യ പ്ലസ്ടു കാരൻ കുസാറ്റിൽനിന്നും എം.ഫിൽ പൂർത്തിയാക്കുമ്പോൾ നാട്ടുകാർക്കും അഭിമാനം. ഇപ്പോൾ പി.എച്ച്.ഡി.വിദ്യാർത്ഥിയായ വിനോദിന്റെ മുന്നേറ്റം അഭിമാനകരമെന്ന് പറയാതെ വയ്യ, ചോലനായ്ക്ക, കാട്ടുനായ്ക്ക ആദിവാസി വിഭാഗങ്ങളെ കുറിച്ചാണ് പി.എച്ച്.ഡി പഠനം. കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി(കുസാറ്റ്)യിൽ പി.കെ.ബേബിക്ക് കീഴിലാണ് പഠനം. ഇവിടെവെച്ചുവെച്ചുതന്നെയാണ് അപ്ലെഡ് ഇക്കണോമിക്സിൽ വിനോദ് എം.ഫിൽ പൂർത്തീകരിച്ചതും.

നിലമ്പൂർ മാഞ്ചീരി കോളനിയിലെ മണ്ണള ചെല്ലന്റെയും വിജയയുടെയും മകനായ വിനോദിന്റെ ലക്ഷ്യം ആദിവാസികളുടെ ഉന്നമനത്തിനുതകുന്ന മികച്ചൊരു ജോലിനേടുക എന്നതാണ്. ഇതിലൂടെ താൻ ഉൾപ്പെടുന്ന വിഭാഗങ്ങൾക്കായി പ്രവർത്തിക്കാൻ സാധിക്കുമെന്നും വിനോദ് കരുതുന്നു. നാട്ടിൽനിന്ന് 35 കിലോമീറ്റർ അകലെ ഉൾവനത്തിലെ ഗുഹയിലും പരിസരങ്ങളിലുമായാണ് വിനോദ് വളർന്നത്. രാജ്യത്തുതന്നെ അവശേഷിക്കുന്ന അഞ്ഞൂറിൽ താഴെയുള്ള ഗുഹാവാസികളാണു ചോലനായ്ക്കർ. ഇവരിൽ ഭൂരിഭാഗവും ഇപ്പോഴും പുറംലോകവുമായി ബന്ധപ്പെടാതെ കഴിയാൻ ആഗ്രഹിക്കുന്നവരാണ്. വിനോദിന് അഞ്ചുവയസുള്ളപ്പോഴാണ് കുടുംബം നാട്ടിൻപുറത്തുനിന്ന് 20 കിലോമീറ്റർ അകലെ മാഞ്ചീരി കോളനിയിലേക്കു താമസം മാറ്റിയത്. ബാല്യത്തിൽ കാട്ടുവിഭവങ്ങൾ മാത്രമായിരുന്നു വിനോദിന്റെ ഭക്ഷണം.
.
കേരളാ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച്, ട്രെയിനിങ് ആൻഡ് ഡെവലപ്മെന്റ് സ്റ്റഡീസ് (കിർതാഡ്സ്) ഡയറക്ടറായിരുന്ന എൻ. വിശ്വനാഥൻ നായരാണു വിനോദിനെ, അക്ഷരങ്ങളുടെ ലോകത്തേക്കു നയിച്ചത്. വിനോദ് ഉൾപ്പെടെ മൂന്നുപേരെ വിശ്വനാഥൻനായർ പഴം നൽകി സൗഹൃദംകൂടിയാണ് കാടിറക്കി നിലമ്പൂർ മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ(എം.ആർ.എസ്) ചേർത്തത്. കാട്ടിൽനിന്നും പറിച്ചുനടാനാണ് ഉദ്യോഗസ്ഥരുടെ വരവെന്ന് മനസ്സിലായതോടെ ആദ്യംവിനോദ് ഉൾക്കാട്ടിന്റെ ഇരുളിലേക്ക് ഓടിയൊളിച്ചിരുന്നു.

തുടർന്ന് വിശ്വനാഥന്റെ നേതൃത്വത്തിലുള്ള സംഘം വിനോദിനായി വീണ്ടും കാടുകയറി. ഉടുപ്പും പുസ്തകവും ഭക്ഷണവും വാഗ്ദാനംചെയ്തെങ്കിലും വിനോദ് വഴങ്ങിയില്ല. ഒടുവിലാണ് പഴം നൽകാമെന്ന വാഗ്ദാനം നൽകി. ഇതോടെ വിനോദും സമ്മതിച്ചു. തുടർന്നാണ് തന്റെ ആറാമത്തെ വയസിൽ കാടിറങ്ങിയത്. നിലമ്പൂർ ഇന്ദിരാഗാന്ധി സ്മാരക െഹെസ്‌കൂളിൽനിന്നു ഫസ്റ്റ് ക്ലാസോടെ എസ്.എസ്.എൽ.സി. ജയിച്ചെങ്കിലും വീണ്ടും ഊരിൽ തിരിച്ചെത്തി വനവിഭവങ്ങൾ ശേഖരിക്കുന്ന തൊഴിലിലേക്കു വിനോദ് മടങ്ങിയിരുന്നു. വിവരമറിഞ്ഞെത്തിയ അദ്ധ്യാപകരും വനംവകുപ്പ് അധികൃതരും നിർബന്ധിച്ചതിനെത്തുടർന്നാണ് ഉപരിപഠനത്തിനു തയ്യാറായത്.

എല്ലാവരുടെയും പിന്തുണയോടെ പത്തനംതിട്ട, വടശ്ശേരിക്കര എം.ആർ.എസിൽ പ്ലസ്വണ്ണിന് ചേർന്നു. ആദ്യമൊക്കെ പത്തനംതിട്ടയിൽ കൊണ്ടുവിട്ടിരുന്നതും തിരിച്ചെത്തിച്ചിരുന്നതും മഹിളാസമഖ്യ പ്രവർത്തകരായിരുന്നു. ആറുമാസം പിന്നിട്ടതോടെ യാത്രകൾ തനിച്ചായി. 70 ശതമാനം മാർക്കോടെയാണു പ്ലസ്ടു പാസായത്.കിർതാഡ്സ് ക്യാമ്പസിൽ തുടങ്ങിയ വംശീയവൈദ്യന്മാരുടെ ക്യാമ്പിലെ ശ്രദ്ധാകേന്ദ്രം വിനോദായിരുന്നു. ചോലനായ്ക്കരിൽനിന്നുള്ള ആദ്യ പ്ലസ്ടു വിജയിക്ക് അന്നത്തെ വകുപ്പുമന്ത്രി പി.കെ. ജയലക്ഷ്മി കാഷ് അവാർഡും സമ്മാനിച്ചിരുന്നു.

പാലേമാട് ശ്രീവിവേകാനന്ദ കോളജിലായിരുന്നു ബിരുദപഠനം. അന്ന് മാനേജർ കെ.ആർ. ഭാസ്‌ക്കരപിള്ളയാണു പഠനച്ചെലവു മുഴുവൻ വഹിച്ചത്. ഇത്തരത്തിൽ വൻ ജീവിതമുന്നേറ്റം നേടിയ യുവാവ് നിലവിൽ തങ്ങളുടെ വിഭാഗങ്ങളെ കുറിച്ച് പഠനം നടത്തിയാണ് ഡോക്ട്രേറ്റ് നേടാൻ തെയ്യാറെടുക്കുന്നത്.