- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എക്കാലത്തും പിണറായിയുടെ ഗുഡ് ബോയ്; ഗൗരവക്കാരായ മുൻ കണ്ണൂർ ജില്ലാ സെക്രട്ടറിമാർക്ക് ശേഷം വന്ന ചിരിക്കുന്ന മുഖം; പാർട്ടിയിൽ നിന്നും പുറത്താക്കിയിട്ടും ബന്ധം മുറിക്കാതെ ക്ഷമയോടെ കാത്തിരുന്ന അതിജീവന മിടുക്ക്; ചാരത്തിൽ നിന്ന് ഉയിർത്തഴുന്നേറ്റ പി.ശശിയുടെ കഥ
കണ്ണൂർ: സിപിഎം അനുകൂല സൈബർ ഗ്രൂപ്പുകളിൽ പ്രതിഷേധം ഉയരുന്നുണ്ടെങ്കിലും, പി.ശശിയുടെ സ്ഥാനക്കയറ്റം പെട്ടെന്ന് ഉണ്ടായ സംഭവം അല്ല. അധികാരരാഷ്ട്രീയം കൈകാര്യം ചെയ്തുള്ള പരിചയം തന്നെയാണ് ശശിയുടെ മുതൽകൂട്ട്. പാർട്ടി സംഘടനാ നേതൃപദവികളേക്കാൾ ശശിക്ക് ഇണങ്ങുക പൊളിറ്റിക്കൽ സെക്രട്ടറിയുടെ വേഷം തന്നെ.
സിപിഎമ്മിൽ തലമുറമാറ്റം നടന്ന കഴിഞ്ഞ എറണാകുളം സംസ്ഥാന സമ്മേളനത്തിലാണ് പി.ശശി സംസ്ഥാന സമിതിയിലെത്തുന്നത്. യുവാക്കൾക്കായി തലമുറ മാറ്റം എന്നാണു പറഞ്ഞതെങ്കിലും മധ്യവയസ് പിന്നിട്ട പി.ശശി സംസ്ഥാന കമ്മിറ്റിയിലെത്തിയത് അപ്രതീക്ഷിതമായാണ്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പദവിയിൽ വൈകാതെ ശശിയെത്തുമെന്ന് അന്നുതന്നെ അടക്കം പറച്ചിലുണ്ടായിരുന്നു.
ചാരത്തിൽനിന്ന് ഉയിർത്തെഴുന്നേൽക്കുന്നതിന്റെ ചരിത്രമാണ് പി.ശശിയെ വ്യത്യസ്തനാക്കുന്നത്. വിവാദങ്ങളും പാർട്ടിയിൽനിന്നു തന്നെ ഉയർന്ന ആരോപണങ്ങളുമെല്ലാം അതിജീവിച്ചാണ് കൂടുതൽ കരുത്തനായി പി.ശശിയുടെ രണ്ടാംവരവ്. വിവാദകാലങ്ങളിലെല്ലാം പി.ശശിക്ക് തണലായത് മുഖ്യമന്ത്രി പിണറായി വിജയന്റെ കരുതലാണ്. പി.ശശിയിലുള്ള കറകളഞ്ഞ വിശ്വാസമാണ് പൊളിറ്റിക്കൽ സെക്രട്ടറിയായി അദ്ദേഹത്തെ നിയമിക്കാനും പിണറായിയെ പ്രേരിപ്പിച്ചത്.
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായതുകൊണ്ടു മാത്രമല്ല, നിലവിലെ പൊളിറ്റിക്കൽ സെക്രട്ടറി പുത്തലത്ത് ദിനശേന് സ്ഥാനമൊഴിയേണ്ടിവന്നത്. ഭരണതലപ്പത്തെ ഗൗരവമേറിയ വിഷയങ്ങളിൽ പാർട്ടിക്കും സർക്കാരിനും ക്ഷീണമുണ്ടാകാതെ എളുപ്പം തീരുമാനമെടുക്കാൻ കഴിയാത്തതിലെ പരിചയക്കുറവും ദിനേശനെ മാറ്റാൻ കാരണമായിട്ടുണ്ട്.
നായനാർ സർക്കാരിന്റെ കാലത്ത് പൊളിറ്റിക്കൽ സെക്രട്ടറിയായുള്ള പി.ശശിയുടെ തകർപ്പൻ പ്രകടനം തുടർഭരണത്തിന് കരുത്താവുമെന്ന പ്രതീക്ഷയും മുഖ്യമന്ത്രിക്കുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ധർമടത്ത് പിണറായി വിജയന്റെ ചീഫ് പോളിങ് ഏജന്റ് കൂടിയായിരുന്നു ശശി. 2011 വരെ കണ്ണൂരിലെ സിപിഎം രാഷ്ട്രീയത്തിൽ ഏറെ കരുത്തനായ നേതാവായിരുന്നു പി.ശശി. കണ്ണൂർ ജില്ലാ സെക്രട്ടറിയായിരിക്കെ, വനിതാപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്നതിന്റെ പേരിൽ 2011ലാണ് പി.ശശി പുറത്താകുന്നത്. അപ്പോഴും പിണറായി ഉൾപ്പെടെയുള്ള നേതാക്കളുമായുണ്ടായിരുന്ന ആത്മബന്ധം മാത്രം മുറിഞ്ഞില്ല. പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ടുവെങ്കിലും ക്ഷമയോടെയുള്ള കാത്തിരിപ്പായിരുന്നു പി.ശശിയുടേത്.
പാർട്ടിയുടെ ചിരിക്കുന്ന മുഖം
ഗൗരവക്കാരായ എം. വി. രാഘവനും പിണറായി വിജയനും ശേഷം ചിരിക്കുന്ന മുഖവുമായി സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറി പദവിയിലിരുന്ന നേതാവായിരുന്നു പി. ശശി. സദാചാര പ്രശ്നത്തിൽ കുടുങ്ങിയില്ലായിരുന്നുവെങ്കിൽ പാർട്ടി സംസ്ഥാന സെക്രട്ടറിയോ, മന്ത്രിയോ ആകുമായിരുന്നു ഈ മാവിലായിക്കാരൻ.
എ.കെ. ജി. പിറന്ന ഗ്രാമത്തിൽ നിന്നും പാർട്ടി പ്രവർത്തനമാരംഭിച്ചാണ് ശശിയുടെ തുടക്കം. ബാലസംഘത്തിലൂടെ പാർട്ടിയിൽ പിച്ചവെച്ച ശശി ആദ്യം വിദ്യാർത്ഥി പ്രസ്ഥാനമായ കെ.എസ്.എഫിലൂടെ എസ്. എഫ്. ഐ എന്ന് നാമകരണം ചെയ്തപ്പോൾ നേതൃത്വ പദവിയിലെത്തി. നേതൃത്വ മികവുകൊണ്ടു തന്നെ എസ്. എഫ്. ഐ യുടെ താലൂക്ക് സെക്രട്ടറിയായും ജില്ലാ സെക്രട്ടറിയായും സംസ്ഥാന ഭാരവാഹി പദവികളിലും ശശി എത്തി.
കണ്ണൂർ ശ്രീനാരായണ കോളേജിൽ വിദ്യാർത്ഥിയായിരിക്കേ അടിയന്തരാവസ്ഥക്കെതിരെ പ്രതിഷേധിച്ചതിന് കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയേണ്ടി വന്നു. അന്നത്തെ എസ്. എഫ്. ഐ നേതാക്കളിൽ ശശിക്കൊപ്പം പൊലീസ് മർദ്ദനമേറ്റവർ വിരളമാണ്. ജയിൽ മോചിതനായതോടെ ശശി ഇരുത്തം വന്ന നേതാവായി വളർന്നു. ഡി.വൈ. എഫ്. ഐ. യുടെ നേതാവായിരിരക്കേ മികച്ച പ്രാസംഗികനായിരുന്നതിനാൽ ശശിക്കു വേണ്ടി പാർട്ടി വേദികൾ തുറന്ന് നൽകി. കണ്ണൂർ ജില്ലയിലെ സി.പി. എം ന് ഇന്ന് കാണുന്ന വളർച്ചക്ക് ശശിയുടെ പ്രവർത്തന ശൈലി മുഖ്യ കാരണമാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള പാർട്ടി ജില്ല എന്ന ബഹുമതി കണ്ണൂരിന് കൈവന്നതും ശശി സെക്രട്ടറി പദവിയിലിരിക്കവേയാണ്. അതുവരെ വെസ്റ്റ് ബംഗാളിലെ 24 പെർഗാന ജില്ലക്കായിരുന്നു ഈ ബഹുമതി.
സദാചാര വിഷയത്തിൽ ജില്ലാ സെക്രട്ടറി പദവിയിൽ നിന്നും മാറ്റപ്പെട്ടതോടെയാണ് ശശിയുടെ പാർട്ടിതല വളർച്ചക്ക് താത്ക്കാലികമായെങ്കിലും തിരശ്ശീല വീണത്. ടി.പി. നന്ദകുമാർ നൽകിയ സദാചാര ആരോപണകേസിൽ 2017 ൽ ശശിയെ കുറ്റവിമുക്തനായി പ്രഖ്യാപിച്ചിരുന്നു. അതോടെ പാർട്ടിയിൽ തിരിച്ച് വരവിനുള്ള താത്പര്യം ശശി തന്നെ അറിയിക്കുകയായിരുന്നു. പാർട്ടി അച്ചടക്ക നടപടിക്ക് വിധേയനായപ്പോൾ പാർട്ടി നേതൃത്വവുമായും പ്രവർത്തകരുമായുമുള്ള ബന്ധം ശശി മുറിച്ചിട്ടില്ല. അഭിഭാഷകൻ കൂടിയായ ശശി ടി.പി. ചന്ദ്രശേഖരൻവധക്കേസ്, കതിരൂർ മനോജ് വധക്കേസ് എന്നീ കേസുകൾ പാർട്ടിക്ക് വേണ്ടി വക്കാലത്തെടുത്തിരുന്നു. സിപിഎം. അനുകൂല അഭിഭാഷക സംഘടനയുടെ നേതൃസ്ഥാനത്തിലും എത്തിയിരുന്നു.
ഇ.കെ. നായനാർ മുഖ്യമന്ത്രിയായ കാലത്ത് പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന പി.ശശി കണ്ണൂർ ജില്ലയിലെ വികസന പ്രവർത്തനങ്ങളിലും സജീമായി ഇടപെട്ടിരുന്നു. കണ്ണൂർ -കൂത്തുപറമ്പ് റോഡിലെ റെയിൽവേ ഗേറ്റ് തടസ്സം മാറ്റി ബൈപാസ് നിർമ്മിച്ചത് ശശിയുടെ പ്രത്യേക താത്പര്യം പരിഗണിച്ചാണ്. കാൽ നൂറ്റാണ്ട് കഴിഞ്ഞാണ് ശശി വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കൽ സെക്രട്ടറിയായി സ്ഥാനമേൽക്കുന്നത്.
രഞ്ജിത്ത് ബാബു മറുനാടൻ മലയാളി കണ്ണൂർ റിപ്പോർട്ടർ