- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേസിന്റെ ഗൗരവം തിരിച്ചറിഞ്ഞ് സുപ്രീംകോടതി; സംപ്രേഷണ വിലക്കിൽ മീഡിയ വണ്ണിന്റെ അപ്പീൽ വ്യാഴാഴ്ച്ച പരിഗണിക്കും; തീരുമാനം വെർച്വൽ കോടതിക്ക് പകരം തുറന്ന കോടതിയിൽ തന്നെ മീഡിയാ വൺ കേസ് കേൾക്കണമെന്ന അഭിഭാഷകന്റെ ആവശ്യം പരിഗണിച്ച്
ന്യൂഡൽഹി: മീഡിയ വൺ ചാനലിന്റെ സംപ്രേഷണം തടഞ്ഞ കേന്ദ്ര നടപടി ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ മാനേജ്മെന്റ് നൽകിയ അപ്പീൽ സുപ്രീം കോടതി വ്യാഴാഴ്ച പരിഗണിക്കും. സീനിയർ അഭിഭാഷകൻ ദുഷ്യന്ത് ദവെയാണ് മീഡിയ വണിനു വേണ്ടി ഹാജരാവുന്നത്.ഇന്നു കോടതി ചേർന്നപ്പോൾ അപ്പീൽനൽകിയ വിവരം ദവെ മെൻഷൻ ചെയ്തു.വിർച്വൽ കോടതിക്ക് പകരം തുറന്ന കോടതിയിൽ തന്നെ മീഡിയാ വൺ കേസ് കേൾക്കണമെന്ന് 'മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡി'ന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ ആവശ്യപ്പെട്ടപ്പോൾ അത് അംഗീകരിച്ചാണ് ആദ്യം വെള്ളിയാഴ്ച കേൾക്കാമെന്ന് പറഞ്ഞ കേസ് ചീഫ് ജസ്റ്റിസ് എൻ.വി രമണ അത് വ്യാഴാഴ്ചയിലേക്ക് മാറ്റിയത്.
അടുത്ത തിങ്കളാഴ്ച കേസ് പരിഗണിച്ചാൽ മതിയോ എന്ന് ചീഫ് ജസ്റ്റിസ് എൻ.വി രമണ ചോദിച്ചപ്പോൾ പറ്റില്ലെന്നും 350ാളം തൊഴിലാളികളുശട തൊഴിലിന്റെ കൂടി പ്രശ്‌നമാണെന്നും ചാനൽ മുടങ്ങിക്കിടക്കുയാണെന്നും ദവെ ബോധിപ്പിച്ചു. എത്രയും പെട്ടെന്ന് കേസ് പരിഗണിക്കണമെന്നും നാളെ വാദിക്കണമെങ്കിൽ അതിനും തങ്ങൾ തയാറാണെന്നും ദവെ വ്യക്തമാക്കി.മീഡിയ വൺ ചാനൽ പതിനൊന്നു വർഷം പ്രവർത്തിച്ചെന്നും ലക്ഷക്കണക്കിനു കാഴ്ചക്കാരുണ്ടെന്നും ദവെ കോടതിയുടെ ശ്രദ്ധയിൽ പെടുത്തി. 350 ജീവനക്കാർ ചാനലിലുണ്ട്. ഒരു മാസമായി ഇവർ ജോലിയില്ലാത്ത സ്ഥിതിയിൽ ആണെന്നും ദവെ പറഞ്ഞു.
ഹരജി അടിയന്തിരമായി പരിഗണിക്കാൻ രണ്ട് തവണയാണ് സുപ്രീംകോടതിയിൽ തിങ്കളാഴ്ച മീഡിയാവൺ കേസ് ദവെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് മുമ്പാകെ പരാമർശിച്ചത്. ആദ്യത്തെ തവണ പരാമർശിച്ചപ്പോൾ അത്യധികം ഗൗവരമേറിയ കേസാണിതെന്ന് ദവെ ബോധിപ്പിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ ചില രഹസ്യ ഫയലുകളുടെ പേരിലാണ് 11 വർഷമായി പ്രവർത്തിക്കുന്ന 350 ജീവനക്കാരും ദശ ലക്ഷക്കണക്കിന് പ്രേക്ഷകരുമുള്ള മീഡിയാവൺ ചാനൽ തടഞ്ഞതെന്നും ഹൈക്കോടതിയുടെ സിംഗിൾബെഞ്ചും ഡിവിഷൻ ബെഞ്ചും പിന്നാമ്പുറത്തു കൂടെ അത് ശരിവെച്ചുവെന്നും ദുഷ്യന്ത് ദവെ ബോധിപ്പിച്ചു.
അറിയാനുള്ള അവകാശത്തിന്റെയും മാധ്യമസ്വാതന്ത്ര്യത്തിന്റെയും പ്രശ്‌നമാണിതെന്നും ദവെ വാദിച്ചു. അതേ തുടർന്നാണ് വെള്ളിയാഴ്ച തന്നെ കേസ് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് എൻ.വി രമണ അറിയിച്ചത്. പിന്നീട് നേരിട്ടുള്ള കോടതിയിലേക്കാനായി വീണ്ടും പരാമർശിച്ചപ്പോൾ ദവെയുടെ ആ ആവശ്യവും സുപ്രീംകോടതി അംഗീകരിച്ചു. സുപ്രീംകോടതി ബാർ അസോസിയേഷൻ മുൻ പ്രസിഡന്റ് ദുഷ്യന്ത് ദവെക്ക് പുറമെ മുൻ അറ്റോർണി ജനറലുമായ മുകുൽ രോഹത്ഗിയും സുപ്രീംകോടതിയിൽ മീഡിയാവണിന് വേണ്ടി ഹാജരാകുമെന്ന് അഡ്വ. ഹാരിസ് ബീരാൻ അറിയിച്ചു.
കേന്ദ്ര നടപടിയെ ചോദ്യം ചെയ്തു നൽകിയ ഹർജി തള്ളിയ സിംഗിൾ ബെഞ്ച് ഉത്തരവിൽ ഇടപെടാൻ കാരണമില്ലെന്നു വിലയിരുത്തിയാണ്, ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സംപ്രേഷണ വിലക്കു ശരിവച്ചത്. ചാനൽ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡും ജീവനക്കാരും കേരള പത്രപ്രവർത്തക യൂണിയനും നൽകിയ ഹർജികളിലാണ് ചീഫ് ജസ്റ്റിസ് എസ്.മണികുമാർ, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ വിധി.
ദേശസുരക്ഷയ്ക്കു ഭീഷണിയുണ്ടെന്നു ചൂണ്ടിക്കാട്ടി ആഭ്യന്തര മന്ത്രാലയം ക്ലിയറൻസ് നിഷേധിച്ചതോടെയാണ്, ചാനലിനു വിലക്കു വീണത്. ജനാധിപത്യ സംവിധാനത്തിൽ മാധ്യമങ്ങളുടെ പങ്ക് ഏറെയാണെന്നും വിലക്കു നീക്കണമെന്നും മീഡിയ വൺ ചാനലിനു വേണ്ടി ഹാജരായ സുപ്രീം കോടതി മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ വാദിച്ചു. എന്നാൽ, വിലക്കിലേക്കു നയിച്ച കാരണങ്ങൾ മുദ്രവച്ച കവറിൽ കൈമാറാം എന്നു കേന്ദ്ര സർക്കാരിനുവേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ അമൻ ലേഖി അറിയിക്കുകയായിരുന്നു.