ന്യൂഡൽഹി: പോക്സോ കേസുകളിലെ വിവാദ വിധികളിലൂടെ വാർത്തകളിൽ ഇടംപിടിച്ച ബോംബെ ഹൈക്കോടതി ജഡ്ജി പുഷ്പ ഗനേഡിവാലയുടെ നിയമന കാലാവധി രണ്ടുവർഷത്തിൽ നിന്ന് ഒരു വർഷമായി സർക്കാർ വെട്ടിക്കുറച്ചു. അഡീഷണൽ ജഡ്ജിയായി സേവനം അനുഷ്ഠിക്കുന്ന ഇവരെ സ്ഥിരം ജഡ്ജിയായി നിയമിക്കണമെന്ന് നേരത്തേ സുപ്രീംകോടതി ശിപാർശ നൽകിയിരുന്നു. എന്നാൽ വിവാദ വിധികളുടെ പശ്ചാത്തലത്തിൽ കൊളിജിയം ശിപാർശ പിൻവലിച്ചിരുന്നു.

ഫെബ്രുവരി 13ന് ജസ്റ്റിസ് പുഷ്പ ഗനേഡിവാലയുടെ നിയമന കാലാവധി അവസാനിച്ച സാഹചര്യത്തിൽ ഒരു വർഷത്തേക്ക് മാത്രമാണ് അഡീഷണൽ ജഡ്ജിയായി ഇവർക്ക് നിയമനം നൽകിയിട്ടുള്ളത്. സ്ഥിര ജഡ്ജിയായി സ്ഥാനക്കയറ്റം നൽകുന്നതിനു മുൻപ് രണ്ടു വർഷം അഡീഷനൽ ജഡ്ജിയായി നിയമിക്കാറാണ് പതിവ്.ലൈംഗിക അതിക്രമ കേസുകളിൽ പ്രതികൾക്ക് അനുകൂലമായി വിധികൾ പുറപ്പെടുവിച്ച് വിവാദത്തിലായ സാഹചര്യത്തിലാണ് ഇവർക്ക് സ്ഥിരം നിയമനം നൽകാനുള്ള ശിപാർശ റദ്ദാക്കാൻ കൊളിജിയം തീരുമാനിച്ചത്.

പോക്‌സോ കേസുകളിൽ ഒരാഴ്ചക്കിടെ മൂന്ന് വ്യത്യസ്ത കേസുകളിൽ ജസ്റ്റിസ് ഗനേഡിവാല പ്രതികളെ കുറ്റമുക്തരാക്കിയിരുന്നു. ബോംബെ ഹൈക്കോടതിയുടെ നാഗ്പുർ ബെഞ്ചിൽ നിന്ന് പോക്‌സോ കേസുകളിൽ മൂന്ന് വിവാദ വിധി പ്രസ്താവമാണ് പുറപ്പെടുവിച്ചത്. കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച വിവാദ വിധിക്ക് പിന്നാലെ അഡീഷനൽ ജഡ്ജിയായ അവരെ സ്ഥിരം ജഡ്ജിയായി നിയമിക്കാനുള്ള ശുപാർശ സുപ്രീം കോടതി കൊളീജിയം പിൻവലിച്ചു.

വസ്ത്രത്തിനു പുറത്തു കൂടിയുള്ള സ്പർശനം ലൈംഗിക പീഡനം അല്ല എന്ന വിധി ജസ്റ്റിസ് പുഷ്പ നൽകിയത് രാജ്യമാകെ പരക്കെ വിമർശനത്തിന് ഇടയാക്കിയിരുന്നു. ഏതാനും ദിവസത്തിനു ശേഷമാണ് ബാലികയുടെ കൈകൾ കൂട്ടിപ്പിടിച്ച ശേഷം സ്വന്തം പാന്റ്‌സിന്റെ സിപ്പ് അഴിച്ച പ്രതിയെ പോക്‌സോ കേസിൽ നിന്ന് ഒഴിവാക്കിക്കൊണ്ട് ജസ്റ്റിസ് പുഷ്പ വിധി പ്രസ്താവിച്ചത്. മറ്റൊരു പോക്‌സോ കേസിൽ ഇരയായ കുട്ടിയുടെ മൊഴി വിശ്വാസയോഗ്യമല്ല എന്നു വിലയിരുത്തിയായിരുന്നു പ്രതിയെ വിട്ടയച്ചത്. മൂന്നു വിധികൾക്കെതിരെയും രാജ്യമാകെ ശക്തമായ ജനവികാരം ഉണ്ടായി. വസ്ത്രത്തിനു പുറത്തു കൂടിയുള്ള സ്പർശനം ലൈംഗിക പീഡനം അല്ല എന്ന ജസ്റ്റിസ് പുഷ്പയുടെ വിധി ബാല സുരക്ഷയെ അപകടപ്പെടുത്തുന്ന ഒന്നായാണ് നിരീക്ഷിക്കപ്പെടുന്നത്. വിധി ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുന്നതാണെന്ന് അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ അഭിപ്രായപ്പെടുകയും ചെയ്തു.

മികച്ച ട്രാക്ക് റെക്കോർഡിന് ഉടമയായിട്ടും ഇത്തരത്തിൽ ഒരു വിധി പുറപ്പെടുവിച്ചത് അത്ഭുതത്തൊടെയാണ് രാജ്യം ഉറ്റു നോക്കുന്നത്. മികച്ച അക്കാദമിക് ട്രാക്ക് റെക്കോർഡിന് ഉടമയാണ് ജസ്റ്റിസ് പുഷ്പ. മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിലെ പറത്വാഡയിൽ 1969ൽ ജനിച്ച അവർ ബികോം, എൽഎൽബി, എൽഎൽഎം എന്നീ ബിരുദങ്ങൾ സ്വർണമെഡലോടെയാണ് നേടിയത്. അമരാവതി ജില്ലാ കോടതിയിൽ അഭിഭാഷകയായി പ്രാക്ടീസ് ചെയ്തിരുന്ന വേളയിൽ അമരാവതി സർവകലാശാലയിൽ നിയമ വിഭാഗം അതിഥി അദ്ധ്യാപികയുമായിരുന്നു. 2007ൽ ജില്ലാ ജഡ്ജിയായി നേരിട്ട് നിയമനം ലഭിച്ചു. മുംബൈയിലെ സിറ്റി സിവിൽ കോടതിയിലും നാഗ്പുരിലെ ജില്ലാ കോടതിയിലും കുടുംബ കോടതിയിലും ജഡ്ജിയായി. തുടർന്ന് ബോംബെ ഹൈക്കോടതിയുടെ രജിസ്ട്രാർ ജനറലായി.

ഹൈക്കോടതി ജഡ്ജിയായി 2018ൽ പുഷ്പ വി. ഗനേഡിവാലയുടെ പേർ നിർദ്ദേശിക്കപ്പെട്ടെങ്കിലും മുംബൈ ഹൈക്കോടതിയുടെ ശുപാർശ എതിരായിരുന്നു. ഈ നിലപാട് സുപ്രീം കോടതിയും അംഗീകരിച്ചതിനാൽ പുഷ്പയ്ക്ക് ആ വർഷം ഹൈക്കോടതി നിയമനം ലഭിച്ചില്ല. തുടർന്ന് അടുത്തവർഷം അവരുടെ പേര് പുനഃപരിശോധിച്ച ശേഷമാണ് കൊളീജിയം നിയമന ശുപാർശ നൽകിയത്.

പല സുപ്രധാന വിധികളും ജസ്റ്റിസ് പുഷ്പ അംഗമായ ബെഞ്ചുകളിൽ നിന്ന് ഉണ്ടായിട്ടുണ്ട്. പരോൾ തടവുകാരുടെ മിതമായ അവകാശമാണ് എന്നു വിധിച്ച ഫുൾ ബെഞ്ചിൽ അവർ അംഗമായിരുന്നു. കോവിഡ് ബാധിച്ച ഗർഭിണിക്ക് ചികിത്സ ഉറപ്പാക്കണമെന്നും വൈറസ് ബാധ അയിത്തംപോലെ കണക്കാക്കേണ്ട ഒന്നല്ല എന്നുമുള്ള വിധി ഏറെ ശ്രദ്ധിക്കപ്പെട്ടു. എന്നാൽ അടുത്തിടെ നടത്തിയ പോക്‌സോ കേസുകളിലെ വിധികളെല്ലാം തന്നെ അവരുടെ ശോഭ കെടുത്തുന്നതായിരുന്നു.