തിരുവനന്തപുരം: ദൈവമില്ലെന്ന് പറഞ്ഞ് പുറമേ യുക്തിവാദം പറഞ്ഞു നടക്കുന്ന സിപിഎമ്മിലെ മുതിർന്ന നേതാവ് ഇ പി ജയരാജൻ തരം കിട്ടിയപ്പോൾ ക്ഷേത്രത്തിൽ പോയ സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. ജയരാജൻ ഒരു വർഷം മുൻപു കണ്ണൂർ ജില്ലയിലെ മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ ദർശനം നടത്തിയ സംഭവമാണ് വിവാദമായത്. സഹായികൾക്കൊപ്പം ക്ഷേത്രത്തിലെത്തി ഷർട്ടൂരി അകത്തുകയറി ദർശനം നടത്തിയ ശേഷം തിരിച്ചിറങ്ങുന്ന ചിത്രമാണ് ഇപ്പോൾ പുറത്തുവന്നത്. ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട വിവാദം മുറുകി നിൽക്കുന്ന വേളയിലായിരുന്നു ഇ പിയുടെ ക്ഷേത്രദർശനമെന്നും വാർത്ത വന്നു. എന്നാൽ, ഇത് വെറും ദുഷ്പ്രചാരണമാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന കാര്യങ്ങൾ സൂചിപ്പിക്കുന്നത്.

ഇ.പി.ജയരാജൻ മൃദംഗശൈലേശ്വരി ക്ഷേത്രത്തിലെ ഒരു പരിപാടിയിൽ പങ്കെടുക്കാമെന്ന് ഏറ്റിരുന്നു. എന്നാൽ, പിണറായിയിലെ മോഹനൻ കൊല്ലപ്പെട്ട ദിവസമായതിനാൽ, ആ പരിപാടിയിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. 2017 ഏപ്രിൽ ആറിനായിരുന്നു ക്ഷേത്രത്തിലെ സാസ്‌കാരിക പരിപാടി. വൻജനാവലിയുടെ സാന്നിധ്യത്തിലാണ് ഇ.പി.അവിടെയെത്തിയത്. ഒരുതരത്തിലും രഹസ്യ സന്ദർശനവുമായിരുന്നില്ല.മന്ത്രി സ്ഥാനം ഒഴിഞ്ഞ ശേഷവുമായിരുന്നു സന്ദർശനം.

ക്ഷേത്രത്തിലെത്തിയ എംഎൽഎയോട് പുരാതനമായ കൊത്തുപണികൾ കാണണമെന്ന് കമ്മിറ്റി ഭാരവാഹികളാണ് നിർബന്ധിച്ചത്. കൊത്തുപണികൾ സംരക്ഷിക്കാൻ, എന്തെങ്കിലും സർക്കാർ ഫണ്ട് തരപ്പെടുത്താനാകുമോയെന്നും ക്ഷേത്രം വികസന കമ്മിറ്റി ഭാരവാഹികൾ ചോദിച്ചു. ഇതനുസരിച്ചാണ് പുരാവസ്തു വകുപ്പിന്റെ സഹായം കിട്ടുന്നതിന് വേണ്ടി, എംഎൽഎ യെ കൊത്തുപണികൾ കാണിക്കുന്നതിനായി ക്ഷേത്രനടയ്ക്ക് ഉള്ളിലേക്ക് കൊണ്ടുപോയത്. അകത്തു കയറാൻ നേരത്തു ഷർട്ട് ഊരണമെന്നാണ് ക്ഷേത്രത്തിലെ ആചാരമെന്ന് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. ഇതനുസരിച്ച് ഷർട്ട് ഊരിയാണ് ഇ.പി. ക്ഷേത്രത്തിന് അകത്ത് കയറിയത്.

കൊത്തുപണികൾ കണ്ട് ക്ഷേത്രത്തിൽ നിന്ന് പുറത്തിറങ്ങുമ്പോൾ ഇപി തമാശയായി പൊട്ടിച്ചു: 'ഇതാരെങ്കിലും വീഡിയോ എടുത്തിട്ട് വിവാദമാക്കും'.2017 ഏപ്രിൽ രണ്ട് മുതൽ എട്ട് വരെ നീണ്ട് നിന്ന വിവിധ ദിവസങ്ങളിലെ പരിപാടികളിൽ, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, എംപി പികെ ശ്രീമതി ടീച്ചർ,സണ്ണി ജോസഫ് എംഎൽഎ തുടങ്ങിയ പ്രമുഖർ പങ്കെടുത്തിരുന്നു. കളരിയിൽ പത്മശ്രീ നേടിയ മീനാക്ഷിയമ്മയെ ആറാം തിയതി സന്ധ്യയ്ക്ക് നടന്ന സാംസ്‌കാരിക സമ്മേളനത്തിൽ ഇപി ജയരാജൻ എംഎൽഎ ആദരിച്ചിരുന്നു.

ഉദ്ദിഷ്ടകാര്യസാധ്യത്തിനു പേരുകേട്ടതാണു മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രം. ബന്ധുനിയമന വിവാദത്തിൽ ജയരാജനെതിരായ നടപടി സിപിഎം പൊളിറ്റ് ബ്യൂറോയും കേന്ദ്ര കമ്മിറ്റിയും ചർച്ച ചെയ്യുന്നതിന്റെ രണ്ടാഴ്ച മുൻപാണ് ഇ.പി. ക്ഷേത്രത്തിലെത്തിയത്. 2016 ഏപ്രിൽ 19നു ചേർന്ന സിപിഎം പിബി, സിസി യോഗങ്ങളിലാണു ബന്ധുനിയമന വിവാദത്തിൽ ജയരാജനെ താക്കീത് ചെയ്യാനുള്ള തീരുമാനമെടുത്തത്. മന്ത്രിസ്ഥാനം പോയെങ്കിലും പാർട്ടിയിൽ കാര്യമായ കോട്ടം ഇപിക്ക് നേരിടേണ്ടി വന്നില്ല. അത് ദൈവാനുഗ്രഹം കൊണ്ടാണെന്നാണ് പുറത്തുവന്ന ചിത്രത്തിന്റെ പശ്ചാത്തലത്തിൽ ചർച്ചകൾ പുരോഗമിച്ചത്.

ദേവീശക്തിയുടെ പേരിൽ അടുത്തകാലത്ത് പ്രസിദ്ധമായ ക്ഷേത്രമാണ് മൃദംഗ ശൈലേശ്വരീ ക്ഷേത്രം. ഇവിടത്തെ ദേവീപ്രതിഷ്ഠയുടെ ശക്തിയിൽ നിരവധി തവണ വിഗ്രഹമോഷ്ടാക്കൾ പരാജയപ്പെട്ട അനുഭവം വിവരിച്ച് മുൻ സംസ്ഥാന പൊലീസ് മേധാവി അലക്‌സാണ്ടർ ജേക്കബ് വിവിധ വേദികളിൽ ക്ഷേത്രമാഹാത്മ്യം വർണിച്ചതോടെയാണ് ദർശനം നടത്തുന്നവരുടെ എണ്ണവും വർധിച്ചത്. അണികൾക്ക് ദൈവവിശ്വാസം പാടില്ലെന്ന് സിപിഎം. പറയുന്നില്ലെങ്കിലും പാർട്ടിയുടെ ഉത്തരവാദപ്പെട്ട ചുമതല വഹിക്കുന്നവർ ഭൗതികവാദം പുലർത്തേണ്ടത് മാർകിസ്റ്റ് തത്വമനുസരിച്ച് അനിവാര്യമാണ്. അതുകൊണ്ടുതന്നെ സന്ദേശം സിനിമയിൽ ശ്രീനിവാസൻ അവതരിപ്പിച്ച കോട്ടപ്പുള്ളി പ്രഭാകരനും ശങ്കരാടി അവതരിപ്പിച്ച പാർട്ടിയുടെ താത്വികാചാരനും തമ്മിലുള്ള രഹസ്യ ക്ഷേത്രസന്ദർശന ചർച്ചയാണ് ജയരാജന്റെ ക്ഷേത്രസന്ദർശനവുമായി ബന്ധപ്പെട്ടു സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗുരുവായൂർ ദർശനത്തിനു പിന്നാലെയാണ് മറ്റൊരു മുതിർന്ന നേതാവിന്റെ ക്ഷേത്രദർശന വിവാദം സിപിഎമ്മിൽ ഉയരുന്നത്. സിപിഎം കേന്ദ്ര കമ്മിറ്റിയുടെ തെറ്റുതിരുത്തൽ രേഖയനുസരിച്ചു പാർട്ടി ഭാരവാഹികളും പ്രധാന നേതാക്കളും വിശ്വാസവുമായി ബന്ധപ്പെട്ട ആചാരാനുഷ്ഠാനങ്ങളിൽനിന്നു വിട്ടുനിൽക്കണം. മതപരമായ ചടങ്ങുകൾ സംഘടിപ്പിക്കാനോ വ്യക്തിപരമായി അതിൽ ഭാഗഭാക്കാകാനോ പാടില്ലെന്നും തെറ്റുതിരുത്തൽ രേഖ വ്യക്തമാക്കുന്നു.