തിരുവനന്തപുരം: വിതുരയിൽ പുരയിടത്തിൽ കാട്ടുപന്നിക്ക് വച്ച വൈദ്യുതിക്കമ്പി വേലിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച അജ്ഞാതനെ തിരിച്ചറിഞ്ഞു. ഇയാൾ നെയ്യാറ്റിൻകര മാരായമുട്ടം സ്വദേശി ശെൽവരാജൻ (51) ആണെന്ന് വിതുര പൊലീസ് പറഞ്ഞു. ശെൽവരാജനെ ഇന്നലെ മുതൽ കാണാനില്ല എന്നു പറഞ്ഞ് ഭാര്യ മാരായമുട്ടം പൊലീസ് സ്റ്റേഷനിൽ ഇന്ന് വൈകിട്ട് പരാതി നൽകി. വിതുര പൊലീസ് കാണാതായവരെ കുറിച്ച് അന്വേഷിച്ചപ്പോളാണ് ഇത് ശെൽവരാജൻ എന്ന് മനസ്സിലായത്.

എന്തിന് ഇയാൾ മേമലയിൽ എത്തി എന്നതിന് ദുരൂഹത ഉണ്ട്. ആരെ കാണാൻ വന്നു, എവിടെ വന്നു എന്നതിനെ കുറിച്ച് വിതുര പൊലീസ് അന്വേഷിക്കുന്നുണ്ട്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരുന്നു. വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കുര്യനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശെൽവരാജന്റെ പോസ്റ്റുമോർട്ടം നാളെ നടക്കും.

വിതുര മേമലയിലെ വീടിനോട് ചേർന്ന പുരയിടത്തിൽ രാവിലെ ഒമ്പതരയ്ക്കാണ് മൃതദേഹം കണ്ടത്. ന?ഗ്‌നമൃതദേഹത്തിലെ വസ്ത്രം തലയിൽ മൂടിയിട്ട നിലയിലായിരുന്നു. അനുമതിയില്ലാതെ വൈദ്യുക്കമ്പി വലിച്ചതിനാണ് വീട്ടുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

കാട്ടുപന്നിയെ തുരത്താൻ കെട്ടിയ വൈദ്യുതക്കമ്പിവേലിയിൽ നിന്ന് ഷോക്കേറ്റ നിലയിലായിരുന്നു മൃതദേഹം. ലക്ഷ്മി എസ്റ്റേറ്റിനു സമീപം തിരുവനന്തപുരം സ്വദേശി നസീർ മുഹമ്മദിന്റെ പുരയിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഇവിടെ വാടകയ്ക്ക് താമസിക്കുന്ന കുര്യൻ സ്ഥാപിച്ച വൈദ്യുതിക്കമ്പിയിൽ കാൽകുരുങ്ങിയ നിലയിലായിരുന്നു മൃതദേഹം. വീടിന് പതിനഞ്ചു മീറ്റർ മാറി മീറ്ററിൽ നിന്ന് മരക്കുറ്റിയിൽ ഘടിപ്പിച്ചിരുന്ന കമ്പിവേലി ശരീരത്തിൽ ചുറ്റി ഷോക്കേറ്റതാകാമെന്നാണ് നിഗമനം. പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷം മനഃപൂർവ്വമല്ലാത്ത നരഹത്യ കേസ് ചുമത്തി കേസെടുക്കാനാണ് പൊലീസ് തീരുമാനം. കമിഴ്ന്ന് കിടന്ന മൃതദേഹത്തിന്റെ ഇടതുകാൽ മുട്ടിനു താഴെ കണങ്കാലിനു മുകളിലായി കമ്പി കാണപ്പെട്ട സ്ഥലത്ത് പൊള്ളലേറ്റു കരിഞ്ഞ പാടുകളുമുണ്ട്.