തിരുവനന്തപുരം: അപ്രതീക്ഷിതമായി എത്തിയ ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് മുന്നണികൾക്ക് ജീവന്മരണ പോരാട്ടമാണെന്ന കാര്യത്തിൽ സംശയമില്ല.തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പേ, രാഷ്ട്രീയ കക്ഷികൾ ചുവരെഴുത്തുകളും, പ്രചാരണ പരിപാടികളും സജീവമാക്കിക്കഴിഞ്ഞു.ഏതായാലും ഇക്കാര്യത്തിൽ ഒരുമുഴം മുമ്പേ നീട്ടിയെറിഞ്ഞിരിക്കുയാണ് ബിജെപി. സംഗതി വേറൊന്നുമല്ല. 5000 പേർക്ക് തൊഴിൽ വാഗ്ദാനവുമായി തൊഴിൽ മേള നടക്കുകയാണ് ചെങ്ങന്നൂരിൽ. ഈ മാസം 18 നാണ് മേള.

ദോഷം പറയരുതല്ലോ. എല്ലാ ജില്ലക്കാർക്കും പങ്കെടുക്കാം. നടക്കുന്നത് പക്ഷേ ചെങ്ങന്നൂരാണെന്ന് മാത്രം.രജിസ്‌ട്രേഷൻ തുക ഒന്നും സ്വീകരിക്കുന്നതല്ല.സൗജന്യമെന്ന് ചുരുക്കം. എട്ടാം ക്ലാസ് മുതൽ ബുരുദാനന്തര ബിരുദ യോഗ്യതക്കാർക്കു വരെ മേളയിൽ പങ്കെടുക്കാം.വയസ്സ്, യോഗ്യതയും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും നാല് സെറ്റ് ബയോഡേറ്റായും സഹിതം 18-ന് 9-ന് മുൻപ് കേന്ദ്രത്തിലെത്തി പേര് രജിസ്റ്റർ ചെയ്യണം. ഇതൊന്നും പോരാ വരാൻ സ്വന്തമായി വാഹനമില്ല..കെഎസ്ആർടിസിയിൽ തിരക്കാണ് എന്നൊന്നും പരാതിപ്പെടുകയും വേണ്ട.
തൊഴിൽമേളയിൽ പങ്കെടുക്കാൻ എത്തുന്നവർക്ക് മേള നടക്കുന്ന കേന്ദ്രത്തിലേക്ക് സൗജന്യമായി വാഹനസൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. അന്നേദിവസം രാവിലെ 6.30-മുതൽ ചെങ്ങന്നൂർ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിൽ നിന്നും പാറച്ചന്തയിൽ നിന്നും ബസ് ഉണ്ടായിരിക്കും.

കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയം സംഘടിപ്പിക്കുന്ന തൊഴിൽമേള കൊഴുവല്ലൂർ സെന്റ് തോമസ് എൻജിനീയറിങ് കോളേജിലാണ് നടക്കുന്നത്.ബഹുരാഷ്ട്ര കമ്പനികളുൾപ്പടെ 50 സ്വകാര്യ കമ്പനികൾ മേളയിൽ സംബന്ധിക്കും. അയ്യായിരം തൊഴിലവസരങ്ങളാണ് പ്രതീക്ഷിക്കുന്നത്. ഓരോ കമ്പനികളുടെയും ഒഴിവുകൾക്ക് വേണ്ട യോഗ്യതയും പ്രായപരിധിയും മേള നടക്കുന്ന കേന്ദ്രത്തിൽ നിന്നും ലഭിക്കും. പിന്നീട് വരുന്ന ഒഴിവുകളിലേക്ക് പരിഗണിക്കാൻ www.ncs.gov.in എന്ന വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യണം.

വയസ്സ്, യോഗ്യതയും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും നാല് സെറ്റ് ബയോഡേറ്റായും സഹിതം 18-ന് 9-ന് മുൻപ് കേന്ദ്രത്തിലെത്തി പേര് രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ സൗജന്യമായിരിക്കും. തൊഴിൽ മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ തൊഴിൽ സേവന കേന്ദ്രം, കൊച്ചിയിലെ സൊസൈറ്റി ഫോർ ഇന്റർ ഗ്രേറ്റഡ് ഗ്രോത്ത് ഓഫ് ദി നേഷൺ(സൈൻ) ,കേരള ചേമ്പർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് (കെ.സി.സിഐ) എന്നിവ സംയുക്തമായാണ് മേള സംഘടിപ്പിക്കുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാർ സ്ഥാപനങ്ങളുടെ യുവാക്കൾക്കുള്ള വിവിധ പദ്ധതികളെ പറ്റി മേളയിൽ വിശദീകരിക്കുമെന്ന് കേന്ദ്ര സബ് റീജിയണൽ എംപ്ലോയ്മെന്റ് ഓഫീസർ പി.ജി. രാമചന്ദ്രൻ പറഞ്ഞു. വിവരങ്ങൾക്ക്: 0471-2332113, 8304009409.