വാഷിങ്ങ്ടൺ: ശത്രുരാജ്യങ്ങളുടെതുൾപ്പടെ വിവരങ്ങൾ ചോർത്താൻ രാഷ്ട്രങ്ങൾ പുതിയ സംവിധാനങ്ങൾ ഒരുക്കുമ്പോൾ കഴിഞ്ഞ 65 വർഷക്കാലമായി അമേരിക്കയുടെ വിശ്വസ്തനായ പോരാളിയാണ് യു 2.നിർമ്മിച്ചിട്ട് കാലങ്ങൾക്കിപ്പുറവും യു2 വിന് ഒരു പകരക്കാരനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് പറയുമ്പോഴാണ് ഈ വിമാനത്തിന്റെ കരുത്ത് നമ്മൾ തിരിച്ചറിയുന്നത്.പറത്താൻ ഏറ്റവും ദുഷ്‌കരമായ വിമാനമെന്ന വിശേഷണമുള്ള ദ ഡ്രാഗൺ ലേഡി എന്ന പേരിലാണ് ഈ വിമാനം അറിയപ്പെടുന്നത്.

യു 2വിന്റെ 63 അടി വലുപ്പമുള്ള ചിറകുകളാണ് ഒറ്റ നോട്ടത്തിൽ ആരുടേയും ശ്രദ്ധയിലെത്തുക. ഈ അസാധാരണ ചിറകുകളുടെ സഹായത്തിലാണ് 70,000 അടി(21 കി.മീ) ഉയരത്തിൽ പോലും വായുവിലൂടെ തെന്നി നീങ്ങുന്നത്. രൂപത്തിന്റെ പ്രത്യേകതകൾ കൊണ്ടുതന്നെ  അത്രയെളുപ്പത്തിൽ യു 2 വിനെ കണ്ടെത്താൻ സാധിക്കുകയുമില്ല. മണിക്കൂറുകൾ നീണ്ട ദൗത്യങ്ങൾക്ക് ഈ വിമാനത്തെ സഹായിക്കുന്നത് ഈ രൂപസവിശേഷതകൾ കൂടിയാണ്. ശീതയുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുമ്പോൾ സോവിയറ്റ് രഹസ്യങ്ങൾ കണ്ടെത്തുന്നതിനാണ് ഐസനോവറിന്റെ കാലത്ത് യു 2 നിർമ്മിക്കുന്നത്. 1955 ഓഗസ്റ്റ് ഒന്നിനാണ് യു 2 ഈ ചാരവിമാനത്തിന്റെ ആദ്യ പരീക്ഷണ പറക്കൽ നടക്കുന്നത്.

70,000 അടി ഉയരത്തിലൊക്കെ എത്തിയാൽ യു2വിന്റെ പൈലറ്റുമാർ സാധാരണ പൈലറ്റുമാരെ പോലെയല്ല ബഹിരാകാശ സഞ്ചാരികളെ പോലെയായി മാറും. ഉയർന്ന സമ്മർദം അതിജീവിക്കാനായി പൂർണമായും മൂടിയ സ്യൂട്ടുകൾ ധരിക്കേണ്ടി വരും. പൂർണമായും കൃത്രിമ ഓക്സിജനായിരിക്കും പൈലറ്റുമാർ ശ്വസിക്കുക. ഇത്തരം വെല്ലുവിളികൾ ആകാശത്തുണ്ടെങ്കിലും ഈ വിമാനം പറന്നുയരുമ്പോഴും ഇറങ്ങുമ്പോഴുമുള്ളത്ര കുഴപ്പങ്ങൾ പൈലറ്റുമാർക്ക് ഉയരങ്ങളിൽ ഉണ്ടാവാറില്ല.

കോക്പിറ്റിൽ നിന്നുള്ള കാഴ്‌ച്ചകൾ പരിമിതമാണെന്നതാണ് പറന്നുയരുമ്പോഴും ഇറങ്ങുമ്പോഴും പൈലറ്റുമാർ നേരിടുന്ന പ്രധാന വെല്ലുവിളി. യു2 പറന്നുയരുമ്പോഴും ഇറങ്ങുമ്പോഴും പൈലറ്റുമാരെ സഹായിക്കുന്നതിന് ചെയ്സ് കാറുകളെ നിയോഗിക്കാറുണ്ട്. റൺവേയിൽ യു 2വിന് സമാന്തരമായി മണിക്കൂറിൽ 220 കിലോമീറ്ററിലേറെ വേഗത്തിൽ ചെയ്സ് കാറുകൾ ഓടിച്ച് പൈലറ്റിന് വേണ്ട വിവരങ്ങൾ കൈമാറുന്ന വിചിത്ര രീതി ഇന്നും തുടരുന്നു.

ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള വിമാനം പറത്തണമെന്ന് ആഗ്രഹിച്ചു നടക്കുന്ന പൈലറ്റുമാർക്ക് മാത്രം പറഞ്ഞിട്ടുള്ള പണിയാണ് യു 2വിന്റെ പൈലറ്റാവുകയെന്നത്. യു 2 പറത്താനുള്ള അനുമതിക്ക് വേണ്ടി അപേക്ഷിക്കുന്ന പൈലറ്റുമാരിൽ 10-15 ശതമാനം മാത്രമാണ് തെരഞ്ഞെടുക്കപ്പെടാറുള്ളത്. വെല്ലുവിളികൾ ഏറെയുണ്ടെങ്കിലും ഈ ചാരവിമാനം ചെയ്യുന്ന ജോലിക്ക് ഇപ്പോഴും പകരക്കാരില്ലെന്നതാണ് വസ്തുത.

സവിശേഷതകൾ ഒട്ടനവധിയുണ്ടെങ്കിലും കാലമാറ്റത്തിൽ ഡ്രാഗൺ ലേഡിയും വെല്ലുവിളികൾ നേരിടുന്നുണ്ട്.. ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ യു 2വിന് മറ്റു രാജ്യങ്ങളുടെ നിരീക്ഷണ സംവിധാനങ്ങളെ പരാജയപ്പെടുത്താനാവില്ലെന്നതാണ് പ്രധാന വെല്ലുവിളി. ദക്ഷിണ ചൈനാ ഉൾക്കടലിൽ തങ്ങൾ സൈനിക പരീക്ഷണം നടത്തുന്നതിനിടെ യു 2 ആകാശത്തുകൂടി നിരീക്ഷണ പറക്കൽ നടത്തിയെന്ന് ചൈനീസ് സൈന്യം കണ്ടെത്തിയിരുന്നു.

അധികം വൈകാതെ ചെറു സാറ്റലൈറ്റുകൾ യു 2വിന് പകരം നിരീക്ഷണ ദൗത്യം ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അമേരിക്കൻ വ്യോമസേനക്ക് കീഴിൽ 31 യു 2 വിമാനങ്ങൾ ഇപ്പോഴും സജീവമാണ്. ഏതാണ്ട് 50 ദശലക്ഷം ഡോളറിന്റെ ആധുനികവൽക്കരണമാണ് ഈ ചാരവിമാനങ്ങളിൽ അമേരിക്കൻ വ്യോമസേന പദ്ധതിയിടുന്നത്. ഇതോടെ അടുത്ത മൂന്ന് പതിറ്റാണ്ട് കൂടി യു 2 വിമാനങ്ങൾ അമേരിക്കയ്ക്കുവേണ്ടി പറക്കുമെന്ന് ഉറപ്പിക്കാം.എങ്കിൽ പോലും ആറര പതിറ്റാണ്ടോളമായി സേവനം തുടരുന്ന യു 2 കുറച്ചു പതിറ്റാണ്ടുകളെങ്കിലും ജോലി തുടരുകയും ചെയ്യും.