കാസർകോഡ്: കാസർകോഡ് പടുപ്പ് ഗവ: എൽപി സ്‌കൂളിൽ പിടിഎ നിർമ്മിച്ച ചുറ്റുമതിലിന്റെ പണം തിരിച്ചുകിട്ടാൻ വിദ്യാർത്ഥികളെ പൊരിവെയിലത്ത് സമരത്തിനിറക്കിയത് വിവാദമാകുന്നു. മതിൽ കെട്ടിയ കാശിനായി പൊരിവെയിലത്ത് പഞ്ചായത്ത് ഓഫീസിന് മുന്നിലാണ് സമരം ചെയ്തത്.

കുരുന്നുകളെ സമരത്തിനിറക്കിയത് പിടിഎയും പഞ്ചായത്ത് വാർഡ് മെമ്പറുമാണ്. സാമ്പത്തിക ഇടപാടിന്റെ പേരിൽ പിഞ്ചുകുഞ്ഞുങ്ങളെ പൊരിവെയിലത്ത് സമരമുഖത്തിറക്കിയത് കടുത്ത ബാലാവകാശ ലംഘനമെന്നാണ് പരക്കെ ആക്ഷേപം. കുറ്റിക്കോൽ പടുപ്പിലെ ഗവ: എൽപി സ്‌കൂളിലെ വിദ്യാർത്ഥികളെയാണ് ഇന്ന് പിടിഎയുടെ നേതൃത്വത്തിൽ പഠിപ്പ് ഉപേക്ഷിച്ച് സമരത്തിനായി പഞ്ചായത്ത് ഓഫീസിൽ എത്തിച്ചത്.

പടുപ്പ് സ്‌കൂളിന് ചുറ്റുമതിൽ നിർമ്മിക്കാൻ കഴിഞ്ഞ സാമ്പത്തിക വർഷം ഫണ്ട് അനുവദിച്ചത് പ്രകാരം കരാറുകാരൻ കരാർ ഏറ്റെടുത്തിരുന്നു. ഇതിനിടെ സ്‌കൂളിന്റെ സ്ഥലത്തിൽ നിന്നും 5 സെന്റ് സ്വകാര്യ വ്യക്തികൾക്ക് റോഡ് നിർമ്മിക്കാനായി അധികൃതർ വിട്ടുനൽകി. മുൻപ് സ്‌കൂളിന് സ്ഥലം വിട്ടുനൽകിയ പച്ചിക്കാരൻ രാമൻ മണിയാണിയുടെ മകൻ സ്വകാര്യ വ്യക്തികൾക്ക് സ്ഥലം വിട്ടുനൽകിയതിനെതിരെ പരാതി നൽകുകയും തുടർന്ന് സർവേയർ വന്ന് ഭൂമി അളന്ന് മതിൽ കെട്ടേണ്ട സ്ഥലം വില്ലേജ് ഓഫീസർ, കോൺട്രാക്ടർ, ഹെഡ്‌മാസ്റ്റർ എന്നിവർക്ക് കാണിച്ച് കൊടുക്കുകയും ചെയ്തിരുന്നു. എന്നാൽ മതിൽ അതിർത്തി തീർത്ത് കെട്ടണമെന്ന നിർദ്ദേശം അംഗീകരിക്കാതെ കരാറുകാരൻ പിന്മാറി. ഇതിനെ തുടർന്നാണ് പിടിഎ മതിൽ നിർമ്മിച്ചത് .ഇത്തരത്തിൽ പിടിഎ നിർമ്മിച്ച മതിലിന്റെ പണം ആവശ്യപ്പെട്ടാണ് ഇന്ന് ക്ലാസിൽ എത്തിയ വിദ്യാർത്ഥികളെ സമരത്തിനെത്തിച്ചത്.

സമരത്തിന്റെ നേതൃത്വം ഏറ്റെടുത്തത് സിപിഎം ഏരിയാ കമ്മിറ്റി മെമ്പറും പഞ്ചായത്ത് വാർഡ് മെമ്പറുമായ കെ.എൻ. രാജനാണ്. പിടിഎ പ്രസിഡന്റ് കെ.കെ.രാജു ,മദർ പിടിഎ എന്നിവരും സമരത്തിന് നേതൃത്വം നൽകി. ഗവ: സ്‌കൂളിന്റെ സ്ഥലം സ്വകാര്യ റോഡിനായി വിട്ടു നൽകിയത് യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ്. സ്വകാര്യ റോഡിന്റെ ആവശ്യകതയുണ്ടങ്കിൽ അത് സർക്കാരിനെ അറിയിക്കുകയും സർക്കാർ റവന്യൂ വകുപ്പ് വഴി ആവശ്യമായ സ്ഥലം അനുവദിച്ച് നൽകുകയും ചെയ്യുന്ന കീഴ് വഴക്കം അട്ടിമറിച്ച് , റോഡിനുള്ള സ്ഥലം ഒഴിവാക്കി PTA മതിൽ പണിതത് നിയമ വിരുദ്ധമാണ്. സ്വകാര്യ റോഡ് നിർമ്മാണം നടത്താൻ വേണ്ടി മാത്രമുള്ള മറയായിരുന്നു മതിൽ നിർമ്മാണം എന്നു പരക്കെ ആക്ഷേപമുണ്ട്.

അതിനിടയിലാണ് മതിൽ നിർമ്മിച്ച പണത്തിനായി സമ്മർദ്ദം ചെലുത്താൽ പിഞ്ച് കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസം മുടക്കി സമരം ചെയ്യിച്ചത്.രണ്ട് വ്യക്തികൾ / സ്ഥാപനങ്ങൾ / സംഘടനകൾ തമ്മിലുള്ള സാമ്പത്തിക ഇടപാടിൽ സമ്മർദ്ദം ചെലുത്താനായി പിഞ്ചുകുഞ്ഞുങ്ങളുടെ വിദ്യാഭ്യാസം മുടക്കി സമരരംഗത്തിറക്കിയത് കടുത്ത ബാലാവകാശ ലംഘനവുമാണ്.കുറ്റിക്കോൽ ഗ്രാമ പഞ്ചായത്തിന് മുന്നിൽ പിഞ്ചു കുട്ടികളെ രാഷ്ട്രീയ പ്രേരിതമായ സമരത്തിനിരുത്തിയവർക്കെതിരെ ബാലാവകാശ കമ്മീഷനിൽ പരാതി കൊടുക്കുമെന്ന് കുറ്റിക്കോൽ യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷൻ പ്രദീപ് പള്ളക്കാടും, കെഎസ്‌യു ജില്ലാ സെക്രട്ടറി മാർട്ടിൻ അബ്രഹാമും അറിയിച്ചു.