- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീനിവാസിനെ വെട്ടിയ കൊടുവാൾ ഒളിപ്പിച്ചത് സ്‌കൂളിന്റെ പിന്നിൽ; ചോരപുരണ്ട കൊടുവാൾ വെള്ളകവറിൽ പൊതിഞ്ഞ നിലയിൽ; പ്രതികളുമായി തെളിവെടുപ്പിനിടെ ആയുധം കണ്ടെടുത്ത് അന്വേഷണ സംഘം
പാലക്കാട് : ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധം അന്വേഷണ സംഘം കണ്ടെത്തി. വെട്ടിക്കൊലപ്പെടുത്താൻ ഉപയോഗിച്ച കൊടുവാൾ ആണ് കണ്ടെടുത്തത്. ഇന്നലെ അറസ്റ്റിലായ അബ്ദുറഹ്‌മാൻ , ഫിറോസ് എന്നിവരെ കല്ലേക്കാട് എത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് ആയുധം കണ്ടെടുത്തത്.
കല്ലേക്കാട് ഹസനിയ സ്‌കൂളിന്റെ പരിസരത്തുള്ള ആളൊഴിഞ്ഞ പറമ്പിൽ നിന്നാണ് ആയുധം കണ്ടെത്തിയത്. ചോരപുരണ്ട കൊടുവാൾ വെള്ളകവറിൽ പൊതിഞ്ഞ നിലയിലായിരുന്നു കണ്ടെത്തിയത്. അബ്ദുൾ റഹ്‌മാൻ ആണ് പൊലീസിന് ആയുധം കാണിച്ചു കൊടുത്തതെന്നാണ് സൂചന. കൊടുവാളിൽ രക്തക്കറയുണ്ട്. പ്രതി അബ്ദുറഹ്‌മാൻ വെട്ടാൻ ഉപയോഗിച്ച ആയുധം ആണ് ഇത്. ഫോറൻസിക് സംഘം ആയുധം പരിശോധിച്ചുവരികയാണ്.
കല്ലേക്കാട്ടെ തെളിവെടുപ്പിന് ശേഷം പ്രതികളെ മംഗലാംകുന്നിലേക്ക് കൊണ്ടുപോയി. കൃത്യം നടത്തിയ ശേഷം ഇരുവരും ഇവിടെയെത്തിയാണ് വസ്ത്രം മാറിയത്. ഇവർ സഞ്ചരിച്ച വാഹനവും ഇനി പൊലീസിന് കണ്ടെത്താനുണ്ട്.
ഇന്നലെയാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർക്ക് പുറമേ പറക്കുന്നം സ്വദേശി റിഷിൽ, അബ്ദുൾ ബാസിത് അലി എന്നിവരും അറസ്റ്റിലായിട്ടുണ്ട്. കൊലപ്പെടുത്തേണ്ടവരുടെ പട്ടിക തയ്യാറാക്കിയത് ഇവരാണ്.
അതേസമയം സുബൈർ വധക്കേസിൽ അറസ്റ്റിലായ മൂന്ന് പ്രതികളുടേയും തിരിച്ചറിയൽ പരേഡ് നടത്താനുള്ള ഒരുക്കത്തിലാണ് അന്വേഷണ സംഘം. ഇതിനായി റിമാന്റിൽ കഴിയുന്ന പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന അപേക്ഷ അടുത്ത ദിവസം കോടതിയിൽ നൽകാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
ശ്രീനിവാസൻ വധക്കേസിൽ നാലു പേരെക്കൂടി അറസ്റ്റ് ചെയ്തതായി എ.ഡി.ജി.പി. വിജയ് സാഖറേ നേരത്തെ അറിയിച്ചിരുന്നു. കൊലയാളി സംഘത്തിലുണ്ടായിരുന്ന ശംഖുവാരത്തോട് സ്വദേശി അബ്ദുൾ റഹ്‌മാൻ , ഫിറോസ് , കൊല്ലപ്പെടേണ്ടവരുടെ പട്ടിക തയ്യാറാക്കിയ പറക്കുന്നം സ്വദേശി റിഷിൽ , ബാസിത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 13 ആയി.
കൊലയാളി സംഘത്തിന് അകമ്പടി പോയ ചുവന്ന കളറിലുള്ള മാരുതി കാറിലാണ് ആയുധമെത്തിച്ചതെന്നും തിരിച്ചറിഞ്ഞിരുന്നു. അവശേഷിക്കുന്ന രണ്ട് ബൈക്കുകളിലുള്ളവരെയും അത് ഓടിച്ചിരുന്നവരെയും തിരിച്ചറിഞ്ഞതായാണ് സൂചന. പ്രതികളിലേക്ക് വേഗമെത്താനാവുമെന്നാണ് അന്വേഷണം സംഘത്തിന്റെ പ്രതീക്ഷ.
ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസൻ വധവുമായി ബന്ധപ്പെട്ട് അക്രമി സംഘത്തിന്റെ പുതിയ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. പാലക്കാട് ബിജെപി ഓഫീസിന് മുന്നിലൂടെ പോകുന്ന ദൃശ്യങ്ങളാണ് പൊലീസ് ശേഖരിച്ചത്. മൂന്ന് ബൈക്കുകൾക്ക് പുറമെ കാറും ഉപയോഗിച്ചായിരുന്നു അക്രമി സംഘം മേലാമുറിയിലേക്ക് പോയത്. സംഘത്തിന്റെ പക്കലുണ്ടായിരുന്ന ചുവന്ന സ്വിഫ്റ്റ് കാറിലാണ് ആയുധങ്ങൾ കരുതിയിരുന്നത്. മേലാമുറിക്കടുത്ത് വച്ചാണ് ആയുധങ്ങൾ അക്രമി സംഘത്തിന് കൈമാറിയത്.
മറുനാടന് മലയാളി ബ്യൂറോ