- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇതാ 2015ലെ മോശം സിനിമകൾക്കുള്ള അവാർഡ്! ഏറ്റവും ബോറ് ചിത്രം തിങ്കൾ മുതൽ വെള്ളി വരെ; മോശം സംവിധായകൻ ഡോ. ബിജു, മൊയ്തു താഴത്ത്; മോശം നടൻ ജയറാം, നടി റിമി ടോമി, ജുവൽ മേരി; തറ വളിപ്പിനുള്ള സമഗ്ര സംഭാവനാ പുരസ്‌ക്കാരം ദിലീപിന്
തിരുവനന്തപുരം: നല്ലതിന് മാത്രമല്ല ചീത്തക്കുമുണ്ട് അവാർഡ്. നമ്മുടെ നാട്ടിൽ ഇനിയും എത്തിയിട്ടില്ലാ എന്നേയുള്ളൂ, യു.എസിലും യൂറോപ്പിലുമൊക്കെ സിനിമയിലും രാഷ്ട്രീയത്തിലുമൊക്കെ ഇത്തരം നെഗറ്റീവ് അവാർഡുകൾ ഉണ്ട്. നല്ല ജനപ്രതിനിധിക്ക് അവാർഡ് നൽകുന്നതുപോലെതന്നെ മോശം എംപിക്കുമുണ്ട് പുരസ്‌ക്കാരം. ഹോളിവുഡ്ഡിന് സമാന്തരമായി അവിടുത്തെ സിന
തിരുവനന്തപുരം: നല്ലതിന് മാത്രമല്ല ചീത്തക്കുമുണ്ട് അവാർഡ്. നമ്മുടെ നാട്ടിൽ ഇനിയും എത്തിയിട്ടില്ലാ എന്നേയുള്ളൂ, യു.എസിലും യൂറോപ്പിലുമൊക്കെ സിനിമയിലും രാഷ്ട്രീയത്തിലുമൊക്കെ ഇത്തരം നെഗറ്റീവ് അവാർഡുകൾ ഉണ്ട്. നല്ല ജനപ്രതിനിധിക്ക് അവാർഡ് നൽകുന്നതുപോലെതന്നെ മോശം എംപിക്കുമുണ്ട് പുരസ്‌ക്കാരം. ഹോളിവുഡ്ഡിന് സമാന്തരമായി അവിടുത്തെ സിനിമകൾക്ക് മോശം അവാർഡ് നൽകുന്ന കൂട്ടായ്മയും ഇന്നും പ്രവർത്തിക്കുന്നു. ആരെയും അപമാനിക്കാല്ല ഇത്. നിങ്ങളുടെ കലാസൃഷ്ടി മെച്ചമല്‌ളെന്ന് കാണിച്ച് തിരുത്തൽ വരുത്താനാണ്. ഒരുതവണ മോശം അവാർഡ് വാങ്ങിച്ചവർ അടുത്തതവണ ഓസ്‌ക്കാർവാങ്ങി ഞെട്ടിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
മലയാളത്തിൽ 150 ഓളം സിനിമകൾ ഇറങ്ങിയ 2015ന് തിരശ്ശീല വീഴുമ്പോൾ നല്ല സിനിമകളെ തിരഞ്ഞെടുക്കാൻ യാതൊരു ബുദ്ധിമുട്ടുമില്ല. കാരണം അവയുടെ എണ്ണം വെറും പത്തിൽ താഴെമാത്രമാണ്. ബാക്കി നൂറ്റിനാൽപ്പതോളം വരുന്ന അറുബോറുകൾക്കിടയിൽനിന്ന് ഏറ്റവും വഷളത്തങ്ങൾ കണ്ടത്തി പൊതുജനമധ്യത്തിൽ ഹാജരാക്കുകയാണിവിടെ. ഒപ്പം ഒരു അപേക്ഷയും. മേലിൽ ഇത്തരം പടപ്പുകളുമായി വന്ന് ഞങ്ങളുടെ സമയവും പണവും പോക്കറ്റടിക്കരതേ!
ഏറ്റവും ബോറ് ചിത്രം തിങ്കൾ മുതൽ വെള്ളിവരെ
ഈ വർഷത്തെ ഏറ്റവും അസഹീനീയമായ പടപ്പുകളിൽ ഒന്നായിരുന്ന കണ്ണൻ താമരക്കുളം സംവിധാനിച്ച ഈ പടപ്പ്. നാം നിരന്തരം പരിഹസിക്കുന്ന 'ചന്ദനമഴയെയും', 'പരസ്പരത്തെയും 'പോലുള്ള സീരിയലുകൾ എത്രഭേദമായിരുന്നു എന്ന് ഈ പടം തെളിയിക്കുന്നു. ഒരു സീൻപോലും മരിയാദക്ക് എടുക്കാതെ ആദിമധ്യാന്തം കോമഡി കൊണ്ടുള്ള ഭീകരാക്രമണം.
മോഹൻലാലിന്റെ ജോഷി ചിത്രം ലൈല ഓ ലൈല, മമ്മൂട്ടിയുടെ കമൽ ചിത്രം ഉട്ടോപ്യയിലെ രാജാവ്, മാർത്താണ്ഡൻ സംവിധാനിച്ച അഛാദിൻ, ദിലീപിന്റെ ഇവൻ മര്യാദരാമൻ, സുരേഷ്‌ഗോപിയുടെ രുദ്ര സിംഹാസനം, ആസിഫലിയുടെ കോഹിനൂർ, സജി സുരേന്ദ്രന്റെ ഷീ ടാക്‌സി,രാജേഷ് നായർ സംവിധാനംചെയ്ത സാൾട്ട് മാൻഗോ ട്രീ, രഘുരാമവർമ്മയുടെ സംവിധാനംചെയ്ത ആസിഫലികുഞ്ചാക്കോ ബോബൻ ചിത്രം രാജമ്മ അറ്റ് യാഹൂ, നവാഗതനായ ശ്രീവരുൺ സംവിധാനം ചെയ്ത ഒന്നാം ലോക മഹായുദ്ധം, നവാഗതനായ ഫാസിൽ ബഷീറിന്റെ മംബൈ ടാകസി എന്നീ അസഹനീയമായ പടപ്പുകൾ മോശം ചിത്രത്തിനായുള്ള നിരവധി നോമിനേഷനുകൾ നേടിയതാണെങ്കിലും 'തിങ്കൾ മുതൽ വെള്ളിവരെ' എന്ന പടത്തെ തെരഞ്ഞെടുക്കാൻ മറ്റൊരു കാരണം കൂടിയുണ്ട്. സീരിയൽ ഭ്രമത്തിനിതിരെയെന്ന് പ്രചരിപ്പിച്ച് അതിനേക്കാൾ മോശം പടം എടുക്കുകയും, അവസാനം സീരിയലുകളെ പുകഴ്‌ത്തുകയും ചെയ്യുന്ന സാമൂഹികദ്രോഹം കൂടി ഈ ചിത്രം ചെയ്യുന്നുണ്ട്.
മോശം സംവിധായകൻ ഡോ.ബിജു, മൊയ്തു താഴത്ത്
മോശം സംവിധായകർക്കുള്ള അവാർഡ് ഇത്തവണ രണ്ടുപേർ തുല്യമായി പങ്കിട്ടിരിക്കയാണ്. 'വലിയ ചിറകുള്ള പക്ഷികളിലുടെ' ഡോ.ബിജുവും, 'ടി.പി 51' എന്ന ചിത്രത്തിലൂടെ മൊയ്തു താഴത്തും. പാൽക്കുപ്പിയിൽ വ്യാജമദ്യം വിൽക്കുന്ന സ്വഭാവമുള്ള ബൗദ്ധിക അബ്ക്കാരികളാണ് ഈ രണ്ട് സംവിധായകരും. എൻഡോസൾഫാൻ പ്രമേയമായി എടുത്ത് ഡോ.ബിജു സംവിധാനം ചെയ്ത ചിത്രം കണ്ടാൽ സ്‌കൂൾ കുട്ടികൾപോലും ചിരിച്ചുപോവും. സിനിമയാണോ, നാടകമാണോ, ഡോക്യൂമെന്റിയാണോ എന്നൊന്നും പറയാൻ പറ്റാത്ത എന്തോ ഒരു പടപ്പ്. ഒറ്റ ഷോട്ടുപോലും പ്രേക്ഷകന്റെ ഹൃദയത്തിൽ തട്ടുന്ന രീതിയിൽ എടുക്കാൻ ഡോക്ടർക്ക് ആയിട്ടില്ല. എന്നിട്ടോ, സാമൂഹിക പ്രതിബന്ധതയെക്കുറിച്ചൊക്കെ വലിയ വായിൽ ഡോ.ബിജു അഭിപ്രായം പറഞ്ഞ് തന്റെ സിനിമയെ മാർക്കറ്റ് ചെയ്യും.
ഇതേ അവസ്ഥയാണ് 'ടി.പി 5' എടുത്ത മൊയ്തു താഴത്തിനും. ചിത്രീകരണത്തിന്റെ ഓരോഘട്ടത്തിലും സിപിഎമ്മുകാർ തന്നെ ഭീഷണിപ്പെടുത്തുന്നെന്ന് പറഞ്ഞ് അവസാനം മൊയ്തു പുറത്തിറക്കിയ പടപ്പ് സാധനം കണ്ടാൽ കരഞ്ഞുപോകും. ടി.പി ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വത്തോടുചെയ്ത ഏറ്റവും വലിയ അവഹേളനമാണ്, ഒറ്റ ഷോട്ടുപോലും നന്നായിട്ടില്ലാത്ത ഈ പടം.
മോശം നടൻ ജയറാം (ചിത്രംതിങ്കൾ മുതൽ വെള്ളിവരെ)
എത്രയോ നല്ല വേഷങ്ങൾ അഭിനയിച്ച് ഫലിപ്പിച്ച് നമ്മെ അമ്പരപ്പിച്ച പ്രതിഭയാണ് പത്മശ്രീ ജയാറം. തെനാലി സിനിയിൽ സാക്ഷൽ കമൽഹാസനെപ്പോലും അമ്പരപ്പിച്ച ആ നടന ചാതുരി ഓർത്തുനോക്കുക. എന്നാൽ സമീപകാലത്തായി ജയറാമിന്റെ ചിത്രങ്ങളെല്ലാം ഒന്നിനുപിറകെ ഒന്നായി ബോറടി മൽസരങ്ങളാണ്്.അതിൽ ഏറ്റവും വിലക്ഷണമായ വേഷമായിരുന്നു 'തിങ്കൾ മുതൽ വെള്ളി' വരേയിലേത്. ഒരിടത്തുപോലും ജയറാമിന്റെ പഴയ നിലവാരത്തിലേക്ക് അഭിനയം ഉയർന്നില്ല. തമിഴ് മസാലകളെ ഓർമ്മിപ്പിക്കുന്ന ഓവർ ആക്ഷനിലേക്ക് പലപ്പോഴും ജയറാമിന്റെ അഭിനയം തരംതാഴുകയും ചെയ്തു.
മോശം നടിറിമി ടോമി (ചിത്രം തിങ്കൾ മുതൽ വെള്ളിവരെ) , ജുവൽ മേരി ( ഉട്ടോപ്യയിലെ രാജാവ്)
ആവുന്ന പണിക്കെ പോകാവൂ. അത്മവിശ്വാസമുണ്ടെന്ന് കരുതി അറിയാത്ത പണിക്കുപോയാൽ ഏത് ലാലിസവും ചളമാവുമെന്ന് നമ്മുടെ അനുഭവ പാഠമാണ്. നല്‌ളൊരു ഗായികയും ഒന്നാന്തരം അവതാരികയുമായ റിമിടോമി അഭിനയിക്കാൻ പോയപ്പഴും സംഭവിച്ചത് അതുതന്നെയാണ്. അഞ്ചുകിലോയുടെ തൂക്കക്കട്ടികൊണ്ട് മുഖത്ത് കുത്തിയാലും ഒരേ വിഡ്ഡിച്ചിരി ചിരിച്ചള്ള ഭാവത്തിൽ നിൽക്കുന്ന കഥാപാത്രത്തെയാണ് റിമി ഈ പടത്തിൽ ചെയ്തുകൂട്ടിയത്.
അതുപോലെ മീഡിയാ ഹൈപ്പിന്റെ പുറത്ത് കമലിന്റെ 'ഉട്ടോപ്യയിലെ രാജാവിൽ' അഭിനയിക്കാനത്തെിയ ജുവൽമേരിയും വലിയ പരാജയമായിരുന്നു. ആരോടോ ദേഷ്യമുള്ളതുപോലുള്ള മുഖഭാവവും ശരീരഭാഷയുമാണ് ജുവലിന് ഈ പടത്തിൽ ഉടനീളം.എന്നാൽ രണ്ടാമത്തെ പടമായ 'പത്തേമാരിയിൽ' ജുവൽ ഏറെ മെച്ചപ്പെട്ടിട്ടുണ്ട്.
രണ്ടാമത്തെ മോശം ചിത്രം: ലൈല ഓ ലൈല, ഉട്ടോപ്യയിലെ രാജാവ്
ഈ രണ്ടു അസംബന്ധ നാടകങ്ങളേക്കാൾ ബോറടിയുള്ള സിനിമകൾ ഈ വർഷം തന്നെ ഇറങ്ങിയിട്ടുണ്ടെങ്കിലും ഇതിന് അവാർഡ് കൊടുക്കുന്നത് അതിന്റെ അണിയറ ശിൽപ്പികളെ നോക്കിയാണ്. പ്രഗൽഭനായ ജോഷിയും, കമലുമാണ് യഥാക്രമം ഇവയുടെ സംവിധാക്കൾ. നടിച്ചത് മോഹൻലാലും മമ്മൂട്ടിയും അടക്കമുള്ള വൻ താര നിര. ഒരു പുതുമുഖ സംവിധായകനെ സംബന്ധിച്ച് എന്തെല്ലാം പരിമിതികൾ ഉണ്ടാകും.പക്ഷേ അതൊന്നുമില്ലാത്ത ഈ അതികായന്മാർ, സ്ഥിരബുദ്ധിയില്ലാത്തവർ എടുത്തതുപോലുള്ള ഇത്തരം ചിത്രങ്ങൾകൊണ്ട് പ്രേക്ഷകരെ പോക്കറ്റടിക്കുമ്പോൾ, ഈ അവാർഡെങ്കിലും കൊടുക്കേണ്ടേ?
മോശം രചന: എ.സി വിജീഷ് (അഛാദിൻ)
മമ്മൂട്ടിയെ നായകനാക്കി ലാൽജോസിന്റെ 'ഇമ്മാനുവൽ', എന്ന സിനിമ തരക്കേടില്ലാതെ എഴുതി വിജയിപ്പിച്ച ഒരാളാണ് എ.സി വിജിഷ്. എന്നാൽ അദ്ദേഹത്തിന്റെ പുതിയ ചിത്രമായിരുന്ന, അഛാദിൻ സാമാന്യബുദ്ധിയെ വെല്ലുവിളിക്കുന്ന വെറും ക്രോപ്രായമായിപ്പോയി. രാഷ്ട്രീയ വായനയിലാകട്ടെ അങ്ങേയറ്റം അപക്വവും .അന്യസംസ്ഥാന തൊഴിലാളികളെയും മതന്യൂനപക്ഷങ്ങളെയും ലക്ഷ്യമിടുന്ന ഒരു സൃഷ്ടിയായിപ്പോയി ഇത്.
മോശം ഹാസ്യ നടൻ: സാജു നവോദയ (ഇവൻ മര്യാദരാമൻ, തിങ്കൾ മുതൽ വെള്ളിവരെ)
ഒരേ ടൈപ്പായാൽ എന്തും വളിപ്പാകുമെന്ന് സാജു നവോദയ എന്ന മിമിക്രി വേദി മലയാള സിനിമക്ക് സമ്മാനിച്ച പ്രതിഭ ഓർക്കണം. 'വെള്ളിമൂങ്ങ'യിലൊക്കെ മികച്ച കോമഡി ചെയ്ത സാജു ഈ വർഷം പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കയായരുന്നു. ചളി കോമഡി അധികാലം തുടരാനാവില്ല. സുരാജ് വെഞ്ഞാറമൂടിനെ എന്തുകൊണ്ടാണ് പ്രേക്ഷകർ പെട്ടെന്ന് മടുത്തതെന്നും, ജഗതി ശ്രീകുമാറിനെ ഇപ്പോഴും മടുക്കാത്തതെന്നും ഓർത്താൽ സാജുവിന് നല്ലത്.
തറ വളിപ്പുകൾക്കുള്ള സമഗ്ര സംഭാവനാ അവാർഡ് ദിലീപ്: ചിത്രം( ഇവൻ മര്യാദരാമൻ, 2 കൺട്രീസ്, ലൗ 24 7,ലൈഫ് ഓഫ് ജോസൂട്ടി)
അശ്‌ളീലം, ദ്വയാർഥപ്രയോഗം, സ്ത്രീവിരുദ്ധത, ലൈഗിക ന്യൂനപക്ഷങ്ങളോടുള്ള പരിഹാസം, കറുത്തവരെയും പാർശ്വവത്കൃതരായ ആളുകളെയും അപമാനിക്കാനുള്ള ത്വര എന്നിങ്ങനെയുള്ള നെഗറ്റിവിറ്റികൾകൊണ്ട് മാത്രം ഒരു ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് കൊടുത്താൽ അത് നടൻ ദിലീപിനാവും. ദിലീപിന്റെ മേൽപ്പറഞ്ഞ എല്ലാ ചിത്രങ്ങളിലുമുണ്ട് ഈ കലാപരിപാടി. അപ്പോൾ അവയുടെ സംവിധായകരെ വിട്ട് നടന് അവാർഡ് കൊടുക്കുന്നതിന്റെ യുക്തി സിനിമയുടെ ഉള്ളുകള്ളിയറിയാത്തവർക്ക് പടികിടി കൊള്ളണം എന്നില്ല. ദിലീപ് അടക്കമുള്ള താരങ്ങളിലെ സിനിമയുടെ കഥയും സംഭാഷണവുമൊക്കെ തീരുമാനിക്കുന്നത് താരങ്ങളും അവരുടെ കുടെ നടക്കുന്ന എർത്തുകളുമാണ്.ഇങ്ങനെയാക്കെ ആയാലെ ചിത്രം വിജയിക്കൂവെന്ന് പറഞ്ഞും, ആരാധകർ ഇതൊക്കെയാണ് ആഗ്രഹിക്കുന്നതെന്നും പറഞ്ഞും താരവും പരിവാരങ്ങളും തന്നെയാണ് ഈ വെട്ടലും തിരത്തലും ചളിക്കോമഡി കയറ്റലും ചെയ്യുന്നത്. പാവം സംവിധായകനും തിരക്കഥാകൃത്തും എന്ത് പിഴച്ചു.
'നിലവാരത്തകർച്ചമൂലം' സംഗീതത്തിന് അവാർഡില്ല!
ഒന്നിനൊന്ന് ബോറുപാട്ടുകൾക്കും കഴുതരാഗങ്ങൾക്കും ഇടയിൽ ഏറ്റവും മോശത്തിനെ തെരഞ്ഞെടുക്കാൻ കഴിയുന്നില്ല. അത്രക്ക് അധപ്പതിച്ചിരിക്കയാണ് നമ്മുടെ ചലച്ചിത്ര ഗാന ശാഖ. ഗായകരുടെ കഴിവുകേടും, സംവിധാനത്തിലെ പോരായ്മകളും മാത്രമല്ല, ചിലർ എഴുതുന്ന പാട്ടിന്റെ വരികളൊക്കെ നോക്കൂ. ടി.പി ശാസ്തമംഗലമൊക്കെ ഇഴകീറി നോക്കുംപോലെ അർഥം എടുത്തുനോക്കാൻ തുടങ്ങിയ അസംബദ്ധങ്ങളാണ് ഹിറ്റുസിനിമകളിൽ പോലും വന്നിട്ടുള്ളത്. പിന്നെ ബാക്കിയുള്ളതിന്റെ അവസ്ഥ പറയണോ.റഫീക് അഹമ്മദിനെയും വയലാർ ശരത്ചന്ദ്രവർണമ്മയെയും പോലുള്ള മികച്ച എഴുത്തുകാർപോലും പരസ്പര ബന്ധമില്ലാതെ വരികൾ ഒരുക്കുന്നു.ബിജിപാലിനെയും, ഗോപീസുന്ദറിനെയും, നമ്മുടെ എം.ജിയണ്ണനെയും പോലുള്ള പ്രതിഭാശാലികൾപോലും എന്തൊക്കെയോ ഈണമിട്ട് 'തക്കുടുതരികുടു' പാട്ടുകൾ ഇറക്കുന്നു. കാക്കത്തൊള്ളായിരം റിയാലിറ്റിഷോകളിൽനിന്ന് അടവിരിഞ്ഞത്തെിയ യൂവ ഗായകന്മാരും ഗായികകളും എന്തൊക്കെയോ തൊണ്ട കീറുന്നു. എന്റെമ്മോ,ഇതിനിടയിൽ ഏറ്റവും മോശം എങ്ങനെ കണ്ടുപിടിക്കും!