- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യാന്ത്രികമായ ജീവിതമല്ല, സർഗ്ഗാത്മകവും ചൈതന്യവത്തവും, വെല്ലുവിളികളെ നേരിടാനുള്ള ചങ്കൂറ്റവുമുള്ള ജീവിതത്തിലുടെയാണ് മാർക്‌സും ഏംഗൽസും നീങ്ങിയതെന്ന ഓർമ്മപ്പെടുത്തലാണ് ഈ സിനിമ; ചലച്ചിത്ര മേളയിൽ പ്രദർശിപ്പിച്ച 'ദി യംഗ് കാറൽ മാർക്‌സ്' സിനിമയെ കുറിച്ച് പുത്തലത്ത് ദിനേശൻ എഴുതുന്നു
കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിച്ച 'ദി യംഗ് കാറൽ മാർക്‌സ്' കാണുവാനുള്ള അവസരം ഉണ്ടായി. 1842 മുതലുള്ള മാർക്‌സിന്റെയും ഏംഗൽസിന്റെയും യൗവനകാലത്തിലൂടെയുള്ള ഒരു ദൃശ്യ സഞ്ചാരമാണ് ഈ സിനിമ. 1996 ൽ ഹെയ്തിയിലെ സാസ്‌കാരിക മന്ത്രി കൂടിയായിരുന്ന റൗൾ പെകാണ് ഇത് സംവിധാനം ചെയ്തിരിക്കുന്നത്. 'അയാം നോട്ട് യുവർ നീഗ്രോ' എന്നത് ഇദ്ദേഹത്തിന്റെ പ്രസിദ്ധമായ സിനിമയാണ്. വ്യത്യസ്ത വഴികളിലൂടെ വന്നു ഒത്തുചേർന്ന മാർക്‌സിന്റെയും ഏംഗൽസിന്റെയും സൗഹൃദത്തിന്റെ തലങ്ങളെ പരിചയപ്പെടുത്തുന്നതാണ് സിനിമ. സർവ്വകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടിക്കൊണ്ട് എഴുത്തുകാരനായി തീരുന്ന ജീവിതമായിരുന്നു മാർക്‌സിന്റേത്. എന്നാൽ വ്യവസായിയുടെ മകനായി ജനിക്കുകയും അതിലേക്ക് കൊണ്ടുപോകാൻ പിതാവ് ആഗ്രഹിക്കുകയും ചെയ്ത ജീവിതമായിരുന്നു ഏംഗൽസിന്റേത്. ഈ രണ്ട് വഴികളിലൂടെയും അവർ എത്തിച്ചേരുന്നത് ഒരേ ആശയത്തിലേക്കാണ്. ആ ആശയത്തിന്റെ ഭാഗമായി അക്കാലത്ത് വിപ്ലവകരം എന്ന് പൊതുവിൽ അംഗീകരിക്കപ്പെട്ട ചിന്താധാരകളിലെ ദൗർബല്യങ്ങൾക്കെതിരായ സമരം കൂടിയായി ഈ കൂട
കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിച്ച 'ദി യംഗ് കാറൽ മാർക്‌സ്' കാണുവാനുള്ള അവസരം ഉണ്ടായി. 1842 മുതലുള്ള മാർക്‌സിന്റെയും ഏംഗൽസിന്റെയും യൗവനകാലത്തിലൂടെയുള്ള ഒരു ദൃശ്യ സഞ്ചാരമാണ് ഈ സിനിമ. 1996 ൽ ഹെയ്തിയിലെ സാസ്‌കാരിക മന്ത്രി കൂടിയായിരുന്ന റൗൾ പെകാണ് ഇത് സംവിധാനം ചെയ്തിരിക്കുന്നത്. 'അയാം നോട്ട് യുവർ നീഗ്രോ' എന്നത് ഇദ്ദേഹത്തിന്റെ പ്രസിദ്ധമായ സിനിമയാണ്.
വ്യത്യസ്ത വഴികളിലൂടെ വന്നു ഒത്തുചേർന്ന മാർക്‌സിന്റെയും ഏംഗൽസിന്റെയും സൗഹൃദത്തിന്റെ തലങ്ങളെ പരിചയപ്പെടുത്തുന്നതാണ് സിനിമ. സർവ്വകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടിക്കൊണ്ട് എഴുത്തുകാരനായി തീരുന്ന ജീവിതമായിരുന്നു മാർക്‌സിന്റേത്. എന്നാൽ വ്യവസായിയുടെ മകനായി ജനിക്കുകയും അതിലേക്ക് കൊണ്ടുപോകാൻ പിതാവ് ആഗ്രഹിക്കുകയും ചെയ്ത ജീവിതമായിരുന്നു ഏംഗൽസിന്റേത്. ഈ രണ്ട് വഴികളിലൂടെയും അവർ എത്തിച്ചേരുന്നത് ഒരേ ആശയത്തിലേക്കാണ്. ആ ആശയത്തിന്റെ ഭാഗമായി അക്കാലത്ത് വിപ്ലവകരം എന്ന് പൊതുവിൽ അംഗീകരിക്കപ്പെട്ട ചിന്താധാരകളിലെ ദൗർബല്യങ്ങൾക്കെതിരായ സമരം കൂടിയായി ഈ കൂട്ടായ്മ വികസിക്കുന്നു. ആ കൂട്ടായ്മയുടെയും ബന്ധത്തിന്റെയും ബൗദ്ധികമായ അടുപ്പത്തിന്റെയും ചിത്രീകരണം കൂടിയാണ് ഈ സിനിമ.
മാർക്‌സിന്റെയും ഏംഗൽസിന്റെയും ആദ്യകാല ജീവിതത്തിലെ ആഹ്‌ളാദങ്ങളും, ദുഃഖങ്ങളും, ചിന്താപരമായ വികാസവുമെല്ലാം ഉൾക്കൊള്ളുന്ന സിനിമയാണ് ഇത്. അന്നത്തെ യൂറോപ്പിൽ ഉണ്ടായ വ്യവസായ വിപ്ലവത്തിന്റെ ഫലമായി രൂപീകരിക്കപ്പെട്ട വർഗ വൈരുദ്ധ്യത്തെ ഇത് കാണിച്ചുതരുന്നു. അത്തരം ലോകത്ത് ജീവിക്കുകയും അതിൽ നിന്ന് വികസിച്ചുവരുന്ന ചിന്താധാരകളുടെയും പുരോഗമന പ്രസ്ഥാനത്തിനകത്ത് രൂപപ്പെടുന്ന ആശയ സമരങ്ങളെയും അഭ്രപാളിയിലെ ചിത്രീകരണമാണ് ഇത്. വിപ്ലകരമായ ആശയങ്ങൾ അവതരിപ്പിച്ചു എന്നതിന്റെ പേരിൽ പൊലീസ് റെയ്ഡ് നടക്കുമ്പോൾ ആശയങ്ങളെ ഇതുകൊണ്ടൊന്നും അടിച്ചമർത്താനാവില്ലെന്ന് വിളിച്ചുപറയുന്നുണ്ട് അവർ.
അഗാധമായ പ്രണയത്തിന്റെ ഭാഗമായി ഒന്നായിച്ചേരുന്ന മാർക്‌സിന്റെ ജീവിതത്തിലെ വൈകാരികമായ നിമിഷങ്ങളുടെ തീവ്രതയും ലയവും ഇതിൽ ഉൾച്ചേർന്നിട്ടുണ്ട്. മാർക്‌സിന്റെ ജീവിതത്തെയും ചിന്തകളെയും മാറിനിന്നുകാണുന്ന ആളല്ല ജെന്നിയെന്ന് സിനിമ ഓർമ്മപ്പെടുത്തുന്നു. മാർക്‌സിന്റെ ജീവിതത്തിന്റെ ഒരോ ഇഴകളിലും സജീവമായി ഇഴുകിനിന്ന് കരുത്തായി തീരുന്ന ഒന്നായി ഇവരുടെ ബന്ധം ചിത്രീകരിച്ചിരിക്കുന്നത്. വിപ്ലവപരമായ ചിന്തകൾ രൂപപ്പെടുത്തി എന്നതിന്റെ പേരിൽ ഗർഭിണിയായ ഭാര്യയെയും കൂട്ടി നാട് വിടേണ്ടി വരുന്ന ദൈന്യതയെയും സിനിമ ഒപ്പിയെടുത്തിട്ടുണ്ട്.
ഇവർക്കിടയിൽ വളർന്നുവരുന്ന സൗഹാർദ്ദത്തിന്റെ മനോഹരമായൊരു ചിത്രം സിനിമയിലുണ്ട്. വീട്ടിലെ ദാരിദ്രത്തിന്റെ ദുരിതങ്ങളിൽ നിന്ന് അൽപ്പമെങ്കിലും ആശ്വാസം നേടാൻ പ്രസാധകന്റെ അടുത്ത് പണം വാങ്ങാൻ അൽപ്പം ദേഷ്യത്തോടെ വരുന്ന മാർക്‌സ് ഉണ്ട് സിനിമയിൽ. ഈ വീട്ടിൽ ഏംഗൽസുമുണ്ട്. അവർ തമ്മിൽ സംസാരിച്ചു വന്നപ്പോൾ ആശയപരമായും ബൗദ്ധികപരമായും യോജിക്കുന്നവരാണ് എന്ന ആഹ്‌ളാദത്തിൽ അവിടം വിട്ട് അവർ ഇറങ്ങിപ്പോകുന്നു. പണവുമായി തിരിച്ചുവന്ന പ്രസാധകന് ശൂന്യമായ സ്വീകരണ മുറിയാണ് കാണാനാവുന്നത്. അങ്ങനെ ആശയപരമായ അഗാധപൊരുത്തത്തിന്റെ തലങ്ങൾ ഇത്തരം കൊച്ചുകൊച്ചു സംഭവങ്ങളിലൂടെ അവതരിപ്പിച്ചുകൊണ്ടാണ് സിനിമ മുന്നേറുന്നു.
പൊലീസിന്റെ കണ്ണുവെട്ടിക്കുന്നതിലും, വിനോദകേന്ദ്രങ്ങളിൽ ആഹ്‌ളാദം പങ്കിടുന്നതിലും, ലൈബ്രറികളിൽ വിജ്ഞാനത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നതിലും ഇവർ ഒന്നായി നിൽക്കുന്നു. ആശയ സമരങ്ങളിൽ കൂട്ടുചേർന്നുകൊണ്ട് വിപ്ലവപ്രസ്ഥാനത്തെ ശരിയായ പാതയിലൂടെ നയിക്കുന്നതിന് ഒന്നായിച്ചേരുന്നതാണ് ഇവരുടെ ജീവിതം. അത് ചിത്രീകരിക്കുന്നതിലൂടെ ആശയപരവും പ്രായോഗികപരവുമായ യോജിപ്പിന്റെ തലത്തിൽ രൂപപ്പെടുന്ന സഹൃദത്തിന്റെ അഗാധ തലങ്ങൾ സിനിമയിൽ ഓളംവെട്ടുന്നുണ്ട്. അക്കാലത്തെ നിരവധി സൈദ്ധാന്തികമായ പ്രശ്‌നങ്ങളെ സിനിമ അഭിമുഖീകരിക്കുന്നുണ്ട്. പുരോഗമന പ്രസ്ഥാനത്തിന്റെ വലിയ ചിന്തകനായി അന്ന് അറിയപ്പെട്ടിരുന്ന പ്രൂഥോൺ എഴുതിയ 'ദാരിദ്രത്തിന്റെ ദർശനം' എന്ന പുസ്തകത്തെ വിമർശിച്ചുകൊണ്ട് മാർക്‌സ് എഴുതിയ 'ദാർശനിക ദാരിദ്രം' എന്ന പുസ്തകം രൂപപ്പെടുന്ന പശ്ചാത്തലവും ഇതിൽ വ്യക്തമാക്കുന്നുണ്ട്.
അക്കാലത്തെ പുരോഗമനവാദിയായ പ്രൂഥോണിന്റെ തെറ്റുകളെ എടുത്തുപറയുന്നുമുണ്ട് സിനിമയിൽ. പെറ്റി ബൂർഷ്വാസിക്ക് മുതലാളിത്തത്തോടുള്ള എതിർപ്പ് ഒരു വശത്തും, സ്വകാര്യസ്വത്തിനോടുള്ള ആഭിമുഖ്യം മറുവശത്തും എന്നതാണ് ഇതിന്റെ അന്തസത്ത എന്ന് മാർക്‌സ് വ്യക്തമാക്കുന്നു. സ്വകാര്യ സ്വത്താണ് പ്രശ്‌നങ്ങൾക്ക് അടിസ്ഥാനമെന്ന നിലയിലേക്കുള്ള കാഴ്ചകളാണ് ഇവിടെ മാർക്‌സ് അവതരിപ്പിക്കുന്നത്. 'തത്വശാസ്ത്രത്തിന്റെ ദാരിദ്രം' എഴുതപ്പെട്ടത് ഇത് തുറന്നുകാട്ടുന്നതിനാണ്. ഈ പുസ്തകത്തെപ്പറ്റി മാർക്‌സ് തന്നെ പിൽക്കാലത്ത് വിശേഷിപ്പിച്ചത് '20 വർഷത്തെ അധ്വാനത്തിന് ശേഷം മൂലധനം എന്ന പുസ്തകം വികസിപ്പിച്ചെടുത്ത സിദ്ധാന്തത്തിന്റെ ബീജം ഇതിൽ കാണാം' എന്നാണ്.
മാർക്‌സിന്റെയും ഏംഗൽസിന്റെയും മറ്റൊരു പ്രധാന പുസ്തകമായ 'വിശുദ്ധകുടുംബ'ത്തെക്കുറിച്ചും ഇതിൽ വ്യക്തമാക്കുന്നുണ്ട്. ബോവർ സഹോദരന്മാരുടെ ആശയങ്ങളെ തുറന്നുകാണിക്കാനാണ് ഇവർ ഇത് എഴുതിയത്. വിശുദ്ധകുടുംബം എന്ന കൃതിയിലാണ് യഥാർത്ഥത്തിൽ വൈരുദ്ധ്യാത്മകവും ചരിത്രപരവുമായ ഭൗതികവാദത്തിന്റെയും കമ്യൂണിസത്തിന്റെയും സിദ്ധാന്തങ്ങൾ രൂപപ്പെടുന്നത്. ബഹുജനങ്ങൾക്കുള്ള നിർണ്ണായക പങ്കും ചരിത്രവികാസത്തോടൊപ്പം ആ പങ്ക് വർദ്ധിക്കുന്നതും എടുത്തുപറഞ്ഞത് ഈ പുസ്തകമാണ്. സിനിമയിൽ അടയാളപ്പെടുത്തിയിട്ടുമുണ്ട്. ഏംഗൽസിന്റെ വ്യവസായിയായ അച്ഛൻ ഇതിന്റെ ആശയങ്ങൾ കണ്ട് മകനോട് കയർക്കുന്നതായ രംഗവും ചിത്രത്തിലുണ്ട്. അച്ഛനും മകനും തമ്മിൽ രൂപപ്പെടുന്ന സ്വരച്ചേർച്ചയില്ലായ്മയിലൂടെ രണ്ട് ജീവിത വീക്ഷണങ്ങൾ തമ്മിലുള്ള വൈരുദ്ധ്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഫാക്ടറിക്കകത്ത് അച്ഛനുമായി കലാപമുയർത്തിയ തൊഴിലാളി സ്ത്രീയുമായി ഐക്യപ്പെടുന്നതിലൂടെ ഏംഗൽസിന്റെ ജീവിതവീക്ഷണമെന്തെന്ന് വ്യക്തമാക്കുകയാണ് സിനിമയിൽ.
അക്കാലത്തെ പുരോഗമന പ്രസ്ഥാനത്തിനകത്തെ ആശയസമരങ്ങളെയും ഇത് പ്രതിധ്വാനം ചെയ്യുന്നു. 1842 ലെ നീതിനിഷ്ഠലീഗിന്റെ ഒന്നാമത്തെ അന്തർദേശീയ സമ്മേളനത്തിൽ വച്ചാണ് വലതുപക്ഷ കാഴ്ചപ്പാടുകളിൽ നിന്ന് ശരിയായ നിലപാടുകളിലേക്ക് ഈ സംഘടന എത്തിച്ചേരുന്നത്. ഇതിൽ വച്ചാണ് നീതിനിഷ്ഠ ലീഗിന്റെ പേര് കമ്യൂണിസ്റ്റ് ലീഗ് എന്നായി മാറുന്നത്. അതേപോലെ നീതിനിഷ്ഠ ലീഗിന്റെ മെമ്പർഷിപ്പ് കാർഡിലുണ്ടായിരുന്ന 'എല്ലാ മനുഷ്യരും സഹോദരരാണ്' എന്ന മുദ്രാവാക്യത്തിന്റെ സ്ഥാനത്ത് 'സർവ്വ രാജ്യങ്ങളിലുമുള്ള തൊഴിലാളികളെ ഒന്നിക്കുവിൻ' എന്ന പുതിയ മുദ്രാവാക്യം സംഘടന സ്വീകരിക്കുന്നത്. ചരിത്രത്തിലെ ഇത്തരം സംഭവങ്ങളുമായി ചേർത്തുനിർത്തിക്കൊണ്ട് സംവദിക്കുന്നു സിനിമ എന്നതിനാൽ ചരിത്രത്തോട് നീതി പുലർത്തുന്ന ഒന്നായും ഇത് മാറുന്നു. സാങ്കൽപ്പികവും ആത്മനിഷ്ഠവുമായ ആശയത്തിൽ നിന്ന് കമ്യൂണിസ്റ്റ് സമൂഹം കെട്ടിപ്പടുക്കാനുള്ള സമര കാഹളം എന്ന നിലയിലേക്കുള്ള ഈ ചുവടുമാറ്റവും അവതരിപ്പിക്കുന്ന സിനിമ ചരിത്രത്തിന്റെ നേർസാക്ഷ്യമായി മാറുന്നു.
കുടുംബത്തിന്റെ വേദന പരിഹരിക്കുന്നതിനായി പണം വേണ്ടതിന്റെ പ്രാധാന്യം മാർക്‌സ് പറയുന്നുണ്ട്. എന്നാൽ ലോകത്തിന്റെ വിഹ്വലതകളും വേദനകളും പരിഹരിക്കാനാണ് പ്രാധാന്യം നൽകേണ്ടതെന്ന ജീവിത വീക്ഷണത്തിലേക്ക് ഇവർ ആണ്ടിറങ്ങുന്നു. എല്ലാ ബന്ധങ്ങളെയും പണത്തിന്റെ അടിസ്ഥാനത്തിൽ കാണുന്ന മുതലാളിത്തത്തെ തുറന്നു കാട്ടുന്ന കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലെ ചില ആശയങ്ങൾ ഇതിൽ പരിചയപ്പെടുത്തുന്നുമുണ്ട്. മുതലാളിത്തത്തിന്റെ ചലനനിയമങ്ങളെ വ്യക്തമാക്കുന്ന മൂലധനത്തിന്റെയും സർഗ്ഗാത്മക സൃഷ്ടിക്ക് മഷിപ്പാത്രമായിത്തീരുകയും ചെയ്ത ജീവിതത്തിന്റെ സംഭാവനകളെക്കുറിച്ച് ഇത് ഓർമ്മപ്പെടുത്തുന്നു.
ചിന്തകൾ രൂപപ്പെടുന്നത് കൂട്ടായ ചർച്ചകളിലൂടെയും ജനാധിപത്യപരമായ സംവാദങ്ങളിലൂടെയുമാണെന്ന് കമ്യൂണിസ്റ്റ് ആശയത്തിന്റെ രൂപീകരണവും വികാസവും കാണിച്ചുകൊണ്ട് സിനിമ ഓർമ്മിപ്പിക്കുന്നു. ബൗദ്ധികമായ നിരവധി പ്രശ്‌നങ്ങൾ ചർച്ച ചെയ്യുമ്പോഴും അവ വിളിച്ചുപറയുകയല്ല, അനുഭവിപ്പിക്കുകയാണ് സിനിമ ചെയ്യുന്നത്. അങ്ങനെ കലാപരമായി ഉയർന്നുനിൽക്കുന്ന ഒന്നായി സിനിമ മാറുന്നു.
ഒരു ജീനിയസ് രൂപപ്പെടുന്നത് വ്യത്യസ്ത വഴികളിലൂടെയാണ്. സർഗ്ഗാത്മകവും ചലനാത്മകവുമായ ജീവിത പശ്ചാത്തലത്തിൽ നിന്നാണ് മാർക്‌സിസം എന്ന മഹത്തായ ദർശനത്തിന്റെ രൂപീകരണം എന്നും സിനിമ ഓർമ്മിപ്പിക്കുന്നു. യാന്ത്രികമായ ജീവിതമല്ല, സർഗ്ഗാത്മകവും ചൈതന്യവത്തവും, വെല്ലുവിളികളെ നേരിടാനുള്ള ചങ്കൂറ്റവുമുള്ള ജീവിതത്തിലുടെയാണ് മാർക്‌സും ഏംഗൽസും നീങ്ങിയതെന്ന ഓർമ്മപ്പെടുത്തൽ കൂടിയാകുന്നു ഈ സിനിമ. ആശയപരവും പ്രായോഗികവുമായ യോജിപ്പിന്റെ തലത്തിൽ രൂപീകരിക്കപ്പെടുന്ന സൗഹൃദത്തിന്റെ അഗാധതയും മനോഹാരിതയും അടയാളപ്പെടുത്തുന്നതു കൂടിയായിത്തീരുന്നു ഈ സിനിമ.