കോഴിക്കോട്: ക്രിസ്മസ്-പുതുവൽസര റിലീസുകളായി എത്തിയ അഞ്ചുമലയാള ചിത്രങ്ങളിൽ മൂന്നും മികച്ച കലക്ഷനും പ്രേക്ഷക അഭിപ്രായവുമായി മുന്നേറുന്നു. അജയ് വാസുദേവിന്റെ മമ്മൂട്ടി ചിത്രം മാസ്റ്റർ പീസ്, മിഥുൻ മാനുവൽതോമസിന്റെ ജയസൂര്യ ചിത്രം ആട്-2, ടൊവീനോ തോമസിനെ നായകനാക്കി ആഷിക് അബു എടുത്ത മായാനദി എന്നിവയാണ് മികച്ച റിപ്പോർട്ടുമായി മുന്നേറുന്നത്.

അതേസമയം പൃഥിരാജിനെ നായകനാക്കി നവാഗത സംവിധായകൻ പ്രദീപ് എം.നായർ എടുത്ത വിമാനം, നവാഗതനായ ദിലീപ് മേനോന്റെ വിനീത്ശ്രീനിവാസൻ ചിത്രം ആന അലറലോടലറൽ എന്നീ ചിത്രങ്ങൾ പ്രതീക്ഷിച്ചത്ര വിജയം കൈവരിക്കാനായിട്ടില്ല. സോഷ്യൽ മീഡിയ താരമാക്കിയ ജയസൂര്യയുടെ ഷാജിപാപ്പൻ ഈ വർഷത്തെ ക്രിസ്മസ് അടിച്ചോണ്ടുപോയി എന്ന് പറയാം. കുട്ടികളുടെയും കൗമാരക്കാരുടെയും വൻ പിന്തുണയുള്ള ആട്-2വിന് ഈ വെക്കേഷൻ കാലത്ത് തീയേറ്ററുകളിൽ ഹൗസ്ഫുൾ ബോർഡുകളാണ്. പുലിമുരുകനുശേഷം ഉദയകൃഷ്ണയുടെ തൂലികയിൽ പിറന്ന മമ്മൂട്ടിയുടെ മാസ്റ്റർ പീസ് കൂറ്റൻ ഇനീഷ്യൽ കലക്ഷന്റെ ബലത്തിലാണ് വിജയചിത്രമായത്.

ആടിനെക്കാണാൻ ആളൊഴുകുന്നു

ആദ്യഭാഗം പൊളിഞ്ഞ് പാളീസായെങ്കിലും പിന്നീട് സോഷ്യൽ മീഡിയിലൂടെ പുനർഅവതരിച്ച ഷാജിപാപ്പൻ എന്ന ജയസൂര്യയുടെ കിടലൻ കാരിക്കേച്ചർ കഥാപാത്രത്തിന്റെ മികവിൽ ആട്-2 തീയേറ്റുകൾ നിറക്കുകയാണ്. സൂപ്പർ താരങ്ങൾക്ക്മാത്രം കിട്ടുന്ന ആരവങ്ങളോടെയാണ് ജനം പാപ്പനെ സ്വാഗതം ചെയ്യുന്നത്.

ഒരു കോമിക്ക് പുസ്തകത്തിന്റെ ദൃശ്യരൂപം എന്ന രീതിയിൽ കുട്ടികളും യുവാക്കളുമാണ് ചിത്രത്തിനായി കൂടുതലും എത്തുന്നതും. അതേസമയം കാമ്പുള്ള ഒരു കഥയോ യുക്തിഭദ്രമായ രംഗങ്ങളോ ഇല്ലാത്തതാണ് ഈ പടത്തിന്റെ പ്രധാന പോരായ്മ. അതുകൊണ്ടുതന്നെ അവധിക്കാലത്തിന്റെ യുവജനാരവം അവസാനിക്കുകയും പുതിയ റിലീസുകൾ ഉണ്ടാവുകയും ചെയ്യുന്നതോടെ ചിത്രത്തിന്റെ കലക്ഷനിൽ ഇടിവുതട്ടാനും സാധ്യതയുണ്ട്.വെറും അഞ്ചുദിവസംകൊണ്ട് 7 കോടിരൂപയുടെ ഗ്രോസ് കലക്ഷനാണ് ചിത്രം നേടിയത്.

ഫാൻസുകാരുടെ കരുത്തിൽ മാസ്റ്റർ പീസ്

കലാപരമായി നോക്കുമ്പോൾ അഞ്ച് നയാപ്പെസയുടെ നിലാവാരം ഇല്ലെങ്കിലും മമ്മൂട്ടി ഫാൻസിന്റെ ഇടിച്ചുകയറ്റത്തിൽ വെറും നാലുദിവസം കൊണ്ട് ഈ ചിത്രം നേടിയത് 12 കോടിരൂപയാണ്. പ്രായത്തെ തോൽപ്പിക്കുന്ന രീതിയിലുള്ള മെഗാ സ്റ്റാർ മമ്മൂട്ടിയുടെ കൊലമാസ്സ് പ്രകടനം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. ആദ്യ ദിനങ്ങളിൽ പരമാവധി ഫാൻസ്‌ഷോകളും മറ്റും നടത്തിയാണ് ആരാധകർ ഈ ചിത്രം ആഘോഷിച്ചത്.

പക്ഷേ തെലുങ്കിനെ തോൽപ്പിക്കുന്ന കത്തി സംഘട്ടനങ്ങളും, സാമാന്യബുദ്ധിയില്ലാത്ത രംഗങ്ങളും ചത്ത സംഭാഷണങ്ങളും ചിത്രത്തിന് വിനയാണ്. അതുകൊണ്ടുതന്നെ ഫാൻസിന്റെ ഈ തള്ളൽ കഴിഞ്ഞാൽ ചിത്രത്തിന് പിടിച്ചുനിൽക്കാൻ കഴിയുമോയെന്നതും സംശയമാണ്. ചിത്രത്തിന്റെ ഉയർന്ന കലക്ഷൻ റിപ്പോർട്ടുകളും പെരുപ്പിച്ചതാണോയെന്നും സംശയമുണ്ട്.



മികച്ച ചിത്രമായി പേരെടുത്ത് മായാനദി

തുടക്കത്തിലെ മോശം റിപ്പോർട്ടുകൾക്ക്‌ശേഷം ആഷിക്ക് അബുവിന്റെ മായാനദി ഇപ്പോൾ കുതിക്കയാണ്. ഈ വർഷത്തെ ക്രിസ്മസ് മൂവികളിൽ എറ്റവും മികച്ചത് ഇതാണെന്ന് പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.ഓരോ ദിവസവും കൂടുതൽ കൂടുതൽ പേർ ചിത്രത്തെ പുകഴ്‌ത്തിക്കൊണ്ട് രംഗത്തത്തെുകയാണ്.

അതുകൊണ്ടുതന്നെ, മറ്റ് ചിത്രങ്ങളിൽനിന്ന് വിപരീതമായി രണ്ടാംവാരത്തിലേക്ക് കടക്കുമ്പോൾ ഈ പടത്തിന് തിരക്ക് കൂടുകയാണ് .ആഷിക്ക് അബുവിന്റെ സംവിധാന മികവും, പ്രമേയത്തിലെ പുതുമയും യുവനടൻ ടൊവീനോയുടെയും സാന്നിധ്യം ചിത്രത്തിന് ഗുണം ചെയ്യുന്നുണ്ടെങ്കിലും, ലിപ് ലോക്ക് രംഗങ്ങളും തുറന്ന ലൈംഗികതയെകുറിച്ചുള്ള ചിത്രം ഉയർത്തുന്ന രംഗങ്ങളും കുടുംബപ്രേക്ഷകർക്ക് ദഹിക്കില്‌ളെന്നും ആശങ്കയുണ്ട്.ചിത്രത്തിന്റെ കലക്ഷൻ റിപ്പോർട്ട് അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.

വീഴാനൊരുങ്ങുന്ന വിമാനം

പൃഥിരാജ് എന്ന നടന്റെ മിനിമം ഗ്യാരണ്ടിയിൽ ആദ്യദിനംതന്നെ രണ്ടുകോടിയിലേറെ കലക്ഷൻ നേടിയിട്ടും, പിന്നീട് കാര്യമായ ചലനം ഉണ്ടാക്കാൻ കഴിയാതെപോയ ചിത്രമാണ് വിമാനം. ചിത്രത്തെക്കുറിച്ച് നവമാധ്യമങ്ങളിൽ രണ്ടഭിപ്രായമാണ് തുടക്കംമുതലേ ഉയർന്നത്.ആവറേജിന് അപ്പുറത്തേക്ക് പോകുന്നില്ല എന്നാണ് ചിത്രം കണ്ട നിഷ്പക്ഷരായ പ്രേക്ഷകരുടെയും പ്രതികരണം. പലയിടത്തും എച്ചുകെട്ടിയും നാടകസമാനമായ രംഗങ്ങളുമൊക്കെയായി വിരസതയുടെ കാഴ്ചയാണ് സാധാരണ പ്രേക്ഷകർക്ക് വിമാനം സമ്മാനിച്ചത്. അതുകൊണ്ടുതന്നെ ആദ്യദിനങ്ങളിലെ ഹൈപ്പിനുശേഷം ചിത്രത്തിന്റെ കലക്ഷനും കുറയുകയാണ്.

ബധിരനും മൂകനുമായ തൊടുപുഴക്കാരൻ സജിതോമസ് സ്വന്തം ഇഛാശക്തികൊണ്ട് മാത്രം വിമാനം ഉണ്ടാക്കി പറത്തിയ യഥാർഥ സംഭവത്തിൽ അൽപ്പം ഫിക്ക്ഷൻ കലർത്തിയാണ് ചിത്രം ഉണ്ടാക്കുന്നത് എന്നൊക്കെ വാർത്തകൾ വന്നതോടെ പ്രേക്ഷകർ വലിയ പ്രതീക്ഷയിലായിരുന്നു. എന്നാൽ ജീവനില്ലാത്ത അവതരണം അതെല്ലാം അസ്ഥാനത്താക്കിയിരിക്കയാണ്. ചിത്രത്തിൽ ഒരു വയോധിക വേഷത്തിലേക്കുള്ള പ്രഥ്വീരാജിന്റെ മേക്കോവർപോലും മോശം മേക്കപ്പിന്റെയും അസ്വഭാവിക രംഗങ്ങളുടെയും പേരിൽ വിമർശിക്കപ്പെടുകയാണ്.

മികച്ച പ്രമേയം കുളമാക്കിയ ആന

ഒരു ആനയുടെ സുന്നത്ത് കഴിക്കുന്നതിനെ കുറിച്ച് ചിന്തിക്കാൻപോലും കഴിയുമോ? എന്നാൽ ഇവിടെ ഒരു ആനയെ 'മതംമാറ്റിയതിനെ' തുടർന്നുള്ള പൊല്ലാപ്പുകൾ ഒരു ഗ്രാമത്തെ വലക്കുകയാണ്.മതംമാറ്റ വിവാദങ്ങൾ ശക്തവുമായ സമകാലീന കേരളം ചർച്ചചെയ്യേണ്ട വിഷയം തന്നെയായിരുന്ന, ആന അലറലോടലറൽ എന്ന നാക്കുളുക്കിപ്പോവുന്ന പേരുള്ള പടത്തിന്റെ പ്രമേയവും. പക്ഷേ എടുത്ത് കുളമാക്കി. ഉപകഥകളും നിലവാരമില്ലാത്ത കോമഡിയും കയറ്റി മികച്ച ഒരു ത്രഡ്ഡിനെ നശിപ്പിച്ചു.

ഒരു ആനയുടെ ആത്മകഥ എന്ന നിലയിലും വ്യത്യസ്തമായ തുടക്കമായിരുന്നു ചിത്രത്തിന്റെത്. ഒരു ഗ്രാമത്തിൽ കടുത്ത സാമുദായിക ചേരിതിരിവിന് കാരണക്കാരനായ ഒരു ആന തന്റെ ജീവിതം പറയുകയാണ്. ഒരു ഹിന്ദു പ്രമാണിയുടെ കൈയിലുള്ള, തേവരുടെ നടക്കിരുത്താമെന്ന് അയാൾ നേർച്ചകൊടുത്ത ഒരു ആന,ഒരു ഇസ്ലാമത വിശ്വാസിയായ മുതലാളിയിൽ എത്തുന്നതും, അയാളുടെ വാശിക്കാരിയായ ഉമ്മുമ്മ ശേഖരൻകുട്ടിയെന്ന ആനയെ, പോക്കറുകുട്ടിയായി മതംമാറ്റുന്നതും തുടർന്ന് സുന്നത് കഴിക്കാനുമൊക്കെ ഉത്തരവിടുന്ന പലരംഗങ്ങളും നമ്മെ ചിരിപ്പിക്കയും ചിന്തിപ്പിക്കയം ചെയ്യുന്നുണ്ട്.

പക്ഷേ ഈ ചിരിയും ചിന്തയും ചിത്രത്തിൽ ഉടനീളം കൊണ്ടുപോവാൻ സംവിധായകന് ആയിട്ടില്ല.ചിലയിടത്ത് മലയാളസിനിമയിൽ തീരെ കാണാത്ത മതവിമർശനം അതി ശക്തമായി നടത്താനും സംവിധായകൻ ശ്രമിച്ചിട്ടുണ്ട്. പക്ഷേ മൊത്തത്തിൽ പടം പലയിടത്തും വെള്ളരിക്കാപ്പട്ടണത്തിലെ കഥപോലെയാണ് തോനുന്നത്.നായകനായ വിനീത് ശ്രീനിവാസനും ഇതിൽ മിസ്‌കാസ്റ്റായാണ് അനുഭവപ്പെടുക.ചിത്രത്തിനുള്ള പ്രേക്ഷക അഭിപ്രായംപോലെതന്നെ മോശമാണ് ബോക്‌സോഫീസ് പ്രകടനവും.