മുംബൈ: പുറത്ത് നിന്നുള്ള ഭക്ഷണം വിലക്കി തിയേറ്റർ കോംപ്ലക്‌സിനകത്ത് നിന്നും വൻ വിലക്ക് വാങ്ങാൻ നിർബന്ധിക്കുന്ന തിയറ്ററുകാരുടെ നടപടിക്കെതിരെ കോടതി രംഗത്ത്. തിയേറ്ററിന് പുറത്ത് നിന്നും ഭക്ഷണം കൊണ്ടുവരുന്നതിന് തിയേറ്റർ ഉടമകൾ ഏർപ്പെടുത്തുന്ന വിലക്ക് ചോദ്യം ചെയ്തിരിക്കുകയാണ് ബോംബെ ഹൈക്കോടതി.

സംസ്ഥാനത്താകമാനം തിയേറ്ററുകളിൽ സുരക്ഷാപരിശോധനകൾ നടത്തുകയും പുറത്ത് നിന്നുള്ള ഭക്ഷണം വിലക്കി തിയേറ്റർ കോംപ്ലക്‌സിനകത്ത് നിന്നും വൻ വിലക്ക് വാങ്ങാൻ നിർബന്ധിക്കുന്ന തിയറ്ററുകാരുടെ നടപടി നിയമാനുസൃതമാണോ അതോ തിയറ്റർ ഉടമകളുടെ തന്നിഷ്ടപ്രകാരമുള്ള നടപടിയാണോ എന്നതിൽ മറുപടി നൽകാൻ മഹാരാഷ്ട്ര സർക്കാറിനോട് ആവശ്യപ്പെട്ടു.

ജസ്റ്റിസ് ആർ.എം ബോർദെ, രാജേഷ് കേട്കർ എന്നിവരടങ്ങിയ ബെഞ്ച് വിഷയത്തിൽ മൂന്നാഴ്‌ച്ചക്കുള്ളിൽ മറുപടി നൽകാൻ സർക്കാറിനോട് നിർദേശിച്ചു. ജൈനേന്ദ്ര ബക്ഷി എന്നയാളാണ് പൊതുതാൽപര്യ ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. തിയറ്ററുകാരുടെ നടപടി നിയമ വിരുദ്ധമാണെന്നും പുറത്ത് നിന്നും കൊണ്ടു വരുന്ന ഭക്ഷണ സാധനങ്ങൾ വിലക്കാനുള്ള അവകാശം അവർക്കില്ലെന്നും ഹരജിയിൽ പറയുന്നു.