കൊച്ചി: കാർത്തി നായകനായി അടുത്ത കാലത്ത് ഇറങ്ങിയ തമിഴ് സിനിമയായിരുന്നു തീരൻ. വടക്കേ ഇന്ത്യയിൽ നിന്നുള്ള കൊള്ളസംഘം ലോറിയിൽ ഇന്ത്യ മുഴുവൻ സഞ്ചരിച്ച് ആക്രമണം നടത്തി സ്വർണ്ണവും പണവുമായി മുങ്ങുന്നതും ഒരു തെളിവും അവശേഷിപ്പക്കാത്ത സംഘത്തെ കാർത്തിയും പൊലീസ് സംഘവും ചേർന്ന് അതിവിദഗ്ദമായി കുടുക്കുന്നതുമായിരുന്നു സിനിമ. ഉത്തരേന്ത്യയിൽ നിന്നുള്ള കൊള്ളക്കാരെ കുറിച്ച് തുമ്പു കിട്ടുന്നതും ഒരു ജയിലിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ്. ഈ സിനിമയിലെ സമാനമായ സംഭവം തന്നെയാണ് ഇപ്പോൾ കൊച്ചിയിലും അരങ്ങേറിയിരിക്കുന്നത്.

തുടർച്ചയായ ദിവസങ്ങളിൽ തൃപ്പൂണിത്തുറയിലും പുല്ലേപ്പടിയിലും വീട്ടുകാരെ അക്രമിച്ച് കവർച്ച നടത്തിയത് ഉത്തരേന്ത്യയിൽ നിന്നുള്ള കുപ്രസിദ്ധ കവർച്ചാസംഘമായ ചൗഹാൻ ഗ്യാങ്ങാണെന്ന് പൊലീസിന്റെ സംശയം. ഇവരുടെ സംഘത്തലവനായ വികാസ് ഗോഡാജി ചൗഹാനെ കണ്ടെത്താൻ പൊലീസ് ശ്രമം ശക്തമാക്കി. ഇയാളെ തേടി പൊലീസ് സംഘം മഹാരാഷ്ട്രയിലേക്ക് തിരിച്ചിരിക്കുകയാണ്. 2009ൽ ചൗഹാൻ ഗ്യാങ് തിരുവനന്തപുരം കേന്ദ്രീകരിച്ചും മോഷണം നടത്തിയിരുന്നു. ഈ മോഷണഴും കൊച്ചിയിലെ മോഷണവും സമാന സ്വഭാവമുള്ളതിനാലാണ് പൊലീസ് അന്വേഷണം ചൗഹാൻ ഗ്യാങിലേക്ക് നീണ്ടത്.

തിരുവനന്തപുരത്തെ മോഷണ ശ്രമത്തിനിടയിൽ അറസ്റ്റ് ചെയ്ത വികാസിനെ കേരളാ പൊലീസ് ഇയാളെ മഹാരാഷ്ട്ര പൊലീസിന് കൈമാറുകയായിരുന്നു. ഏഴു വർഷം തടവിനു ശിക്ഷിക്കപ്പെട്ട ഇയാൾ ഇപ്പോഴും ജയിലിലുണ്ടോ എന്ന് ഉറപ്പാക്കാനാണു പൊലീസിന്റെ ശ്രമം. മഹാരാഷ്ട്രയിലെ ജയിലുകൾ കേന്ദ്രീകരിച്ച് പരിശോധന നടത്തുന്നതിനാണ് പൊലീസ് സംഘം അവിടേയ്ക്കു പോയിട്ടുള്ളത്. ഉത്തരേന്ത്യയിൽനിന്നുള്ള സംഘം കവർച്ചയ്ക്കു ശേഷം നാട്ടിലേക്കു ട്രെയിനിൽ മടങ്ങിയെന്ന സൂചന പൊലീസിനു ലഭിച്ചിരുന്നു.

തിരുവനന്തപുരത്ത് നടന്നതിന് സമാനമായ കവർച്ചാ രീതിയാണ് കൊച്ചിയിലും നടന്നത്. ഇതാണ് അന്വേഷണം ചൗഹാൻ സംഘത്തിലേക്ക് നീങ്ങിയത്. കവർച്ച നടന്ന സ്ഥലങ്ങളും മോഷണരീതിയും പരിശോധിച്ചശേഷം നഗരത്തിലെ പൊലീസുകാർക്ക് ഐജി അയച്ച അടിയന്തര സർക്കുലറിലാണ് ചൗഹാൻ ഗ്യാങ്ങിന്റെ സൂചന നൽകിയിട്ടുള്ളത്. ആ സംഭവത്തിലെ പ്രതികൾ മഹാരാഷ്ട്രയിലെ പുണെയിൽനിന്നുള്ളവരാണെന്ന് വ്യക്തമായിരുന്നു. ഇതോടെയാണ് കേരളാ പൊലീസ് മഹാരാഷ്ട്രയിലേക്ക് തിരിച്ചത്. ഇംഗ്ലിഷ്, മലയാളം, ഹിന്ദി ഭാഷകൾ കൈകാര്യം ചെയ്യാൻ പ്രാവീണ്യമുള്ളവരാണു സംഘത്തിലുണ്ടായിരുന്നത്.

ഇവരെക്കുറിച്ചുള്ള അന്വേഷണത്തിലാണു വികാസ് ഗോഡാജി ചൗഹാൻ എന്നയാളെക്കുറിച്ച് പൊലീസ് മനസ്സിലാക്കിയത്. ട്രെയിനിൽവന്ന് കൊള്ള നടത്തിയശേഷം ട്രെയിനിൽത്തന്നെ കടന്നുകളയുന്നതാണ് ഇവരുടെ രീതി. ഒരു മൊബൈൽ ഫോൺ മാത്രമേ ഉപയോഗിക്കൂ. അതിനാൽ, അനായാസം മോഷ്ടാക്കളിലേക്ക് എത്തുക സാധ്യവുമല്ല. വികാസ് ഗോഡാജി ചൗഹാനോ അയാളുടെ സംഘമോ ശിഷ്യരിലാരെങ്കിലുമോ ആയിരിക്കും കേരളത്തിലെ മോഷണത്തിനു പിന്നിലെന്ന നിഗമനത്തിലാണു പൊലീസ്. ഇവർ ഇംഗ്ലീഷ് , ഹിന്ദി, മലയാളം ഭാഷകളും അനായാസം കൈകാര്യം ചെയ്യും.

ഉത്തരേന്ത്യയിൽ നിന്നുള്ള ഏതെങ്കിലും ഇതര സംസ്ഥാന തൊഴിലാളികൾ ഇവർക്ക് ഒത്താശ ചെയ്തിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കവർച്ച നടത്തേണ്ട വീടുകൾ കണ്ടെത്താൻ സംഘത്തിനു ഇവരുടെ സഹായം ലഭിച്ചിട്ടുണ്ടോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ നൂറിലധികം ഇതര സംസ്ഥാനക്കാരുടെ വിരലടയാളം ശേഖരിച്ചു.

വ്യവസായ പ്രമുഖന്റെ എറണാകുളം പുല്ലേപ്പടിയിലെ ബന്ധുവീട്ടിൽ മോഷ്ടാക്കൾ കയറിയതു വലിയ കവർച്ച ലക്ഷ്യമിട്ടാണ്. എന്നാൽ, വീട്ടിൽ പ്രതീക്ഷിച്ചതിലധികം ആളുണ്ടായിരുന്നതിനാൽ പദ്ധതി പാളി. അഞ്ചു പവൻ മാത്രമാണു ലഭിച്ചത്. ഇതേത്തുടർന്നാണു തൊട്ടടുത്ത ദിവസം എരൂരിൽ കവർച്ചയ്ക്കു പദ്ധതിയിട്ടത്. 54 പവനും 20,000 രൂപയും ലഭിച്ചതോടെ സംഘം ലക്ഷ്യം പൂർത്തീകരിച്ചു മടങ്ങിയെന്നാണു നിഗമനം. ഇരുവീടുകളും മുൻകൂട്ടി തന്നെ കവർച്ചയ്ക്കായി അടയാളപ്പെടുത്തിയെന്നു പൊലീസ് കരുതുന്നു. തദ്ദേശീയരായ സംഘമായിരുന്നു കവർച്ചയ്ക്കു പിന്നിലെങ്കിൽ, പുല്ലേപ്പടിയിലെ ആദ്യ കവർച്ചയ്ക്കു ശേഷം പൊലീസിനെ ഭയപ്പെട്ടു രണ്ടാമത്തേതിൽനിന്നു പിന്തിരിയുമായിരുന്നു.

വീടുകൾ കണ്ടെത്താൻ ഇവിടെ പരിചയമുള്ള ഏതെങ്കിലുമൊരാളോ സംഘമോ സഹായിച്ചിട്ടുണ്ടാകുമെന്ന സൂചന ശക്തമാണ്. പുല്ലേപ്പടിയിലെ വീട്ടിൽ കവർച്ചയ്ക്കു തലേന്ന്, ആക്രി പെറുക്കാനുണ്ടോ എന്നു തിരക്കി രണ്ടുപേർ എത്തിയിരുന്നു. രണ്ടാമതു കവർച്ച നടന്ന എരൂരിലെ വീട്ടിൽ ദിവസങ്ങൾക്കു മുൻപ് കിടക്കവിരി വിൽക്കാനായി ചിലർ എത്തിയിരുന്നു. രണ്ടിടത്തും ഈ സമയം വീട്ടിലെ വയോധികർ മാത്രമാണുണ്ടായിരുന്നതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഈ വഴിക്കും പൊലീസ് അന്വേഷണം പുരോഗമിക്കുന്നു.