- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇരുനൂറിലേറെ മോഷണങ്ങൾ, പൊലീസ് പിന്തുടർന്നാൽ രക്ഷപെടാനായി അപകടംവരെ ഉണ്ടാക്കും; മോഷണ മുതലുകൾ കണ്ടെത്തുന്നതും ദുഷ്കരം; രക്ഷപെടാനായി സ്വയം ശരീരത്തിൽ മുറിവുണ്ടാക്കുന്ന രീതിയും; തലസ്ഥാനത്തെ വിറപ്പിച്ച കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബു പിടിയിൽ; കള്ളന്മാരിലെ അപകടകാരിയെന്ന് പൊലീസ്
തിരുവനന്തപുരം: മോഷണ ശൈലി കൊണ്ട് തലസ്ഥാനത്തെ വിറപ്പിച്ച കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബുവു കൂട്ടാളിയും പിടിയിൽ. വളരെ അപകടകരമായ ശൈലി പിന്തുടരുന്നതു കൊണ്ടാണ് ഇയാൾക്ക് തീവെട്ടി ബാബു എന്ന് പേരു വീണത്. വളരെ അപകടകാരിയായ മോഷ്ടാവിനെ പിടികൂടിയത് തലസ്ഥാന വാസികൾക്ക് ആശ്വാസം പകരുന്ന കാര്യമായി. ഷാഡോ പൊലീസാണ് ഇയാളെ പിടികൂടിയത്.
കൊല്ലം പൂതക്കുളം കുളത്തൂർകോണം നന്ദു ഭവനിൽ ബാബു (62)വാണ് തീവെട്ടി ബാബു എന്നറിയപ്പെടുന്നത്. ഇയാളുടെ ൂട്ടാളി കളിയിക്കവിള കോഴിവിള 4/167ൽ അബ്ദുൾ റഫൂക്ക് (24) എന്നിവരെയാണ് പൂജപ്പുര പൊലീസ് അറസ്റ്റ് ചെയ്തത്. പൂജപ്പുര അൻവർ ഗാർഡൻസിന് സമീപം സി.ആർ.എ 36 ശ്രീ വീട്ടിൽ റിട്ടയേർഡ് ഐ.ആർ.എസ് ഉദ്യോഗസ്ഥൻ ശ്രീകുമാറിന്റെ വീട്ടിൽ നടന്ന മോഷണത്തിലാണ് ഇവർ പിടിയിലായത്.
കഴിഞ്ഞ 9 മുതൽ മൂന്നുദിവസം വീട്ടിൽ ആളുണ്ടാവില്ലെന്നറിഞ്ഞ മോഷ്ടാക്കൾ വീടിന്റെ വാതിൽ പൊളിച്ച് സ്വർണവും ഇലക്ട്രോണിക് സാധനങ്ങളുമടക്കം നാലുലക്ഷം രൂപയുടെ സാധനങ്ങളാണ് കവർന്നത്. തുടർന്ന് കമ്മിഷണർ ബലറാംകുമാർ ഉപാദ്ധ്യായയുടെ നിർദ്ദേശാനുസരണം ഷാഡോ ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവർ വലയിലായത്.
മാർച്ചിൽ മണക്കാട് സിഐ ഓഫീസിന്റെ ഗേറ്റ് പൊളിച്ച് അകത്തുകടന്ന് ഓഫീസിൽ സൂക്ഷിച്ചിരുന്ന ആക്ടിവ സ്കൂട്ടർ മോഷ്ടിച്ചതും ആലപ്പുഴ തിരുവമ്പാടി മുല്ലാത്ത് തൈപറമ്പിൽ വീട്ടിൽ മുഹമ്മദ് റഫീക്കിന്റെ വീട്ടിൽ നിന്ന് രണ്ടുലക്ഷം രൂപ മോഷ്ടിച്ച കാര്യവും പ്രതികൾ സമ്മതിച്ചു. ഇരുനൂറിലേറെ മോഷണങ്ങൾ നടത്തിയ തീവെട്ടി ബാബു അപകടകാരിയായ മോഷ്ടാവാണെന്നും, പൊലീസ് പിന്തുടർന്നാൽ രക്ഷപ്പെടുന്നതിനായി അപകടംവരെ ഉണ്ടാക്കിയ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ഇയാളിൽ നിന്ന് മോഷണ മുതലുകൾ കണ്ടെത്തുന്നതും ദുഷ്കരമാണ്.
സ്വയം ശരീരത്തിൽ മുറിവുണ്ടാക്കി രക്ഷപ്പെടുന്ന രീതിയും ഇയാൾക്കുണ്ടെന്ന് പൊലീസ് പറഞ്ഞു.ഡി.സി.പി വൈഭവ് സക്സേന, കന്റോൺമെന്റ് എ.സി അജിത് കുമാർ, എ.സി അനിൽ കുമാർ, പൂജപ്പുര ഇൻസ്പെക്ടർ റോജ്, എസ്ഐമാരായ അനൂപ് ചന്ദ്രൻ, ശോധരൻ, സി.പി.ഒ പ്രശാന്ത്, ഷാഡോ എസ്ഐ അരുൺ കുമാർ, എഎസ്ഐ സാബു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
മറുനാടന് മലയാളി ബ്യൂറോ