കോഴിക്കോട്: എൻഫോഴ്‌സ്‌മെന്റ് ചമഞ്ഞ് കോഴിക്കോട് ഫ്രാൻസിസ് ജൂവലറി ജീവനക്കാരനിൽ നിന്നും ഒന്നേകാൽ കിലോ സ്വർണം കവർന്ന സംഭവത്തിൽ രണ്ടര മാസത്തിനു ശേഷം ആറു പേർ അറസ്റ്റിൽ.

ജൂവലറിയുമായി ബന്ധമുള്ളവവർക്ക് സംഭവത്തിൽ പങ്കുണ്ടെന്ന നിഗമനത്തിൽ നേരത്തെ അന്വേഷണ ഉദ്യോഗസ്ഥർ എത്തിച്ചേർന്നിരുന്നു. ഇതു ശരിവെയ്ക്കുന്നതാണ് ഫ്രാൻസിസ് ആലുക്കാസിലെ മുൻജീവനക്കാരനുൾപ്പടെയുള്ളവരുടെ ഇപ്പോഴത്തെ അറസ്റ്റ്. കേസിലെ മുഖ്യ ആസൂത്രകനുമാണ് അറസ്റ്റിലായ കണ്ണൂർ ഫ്രാൻസിസ് ജൂവലറിയിലെ മുൻജീവനക്കാരനും കാപ്പാട് വെള്ളരിക്കുണ്ട് സ്വദേശി കാര്യം കടവത്ത് പിടി റഷീദ് (28). മായനാട് പുത്തൻ പുരയിൽ കരടി റഫീഖ് (42), കല്ലായ് ചക്കുംകടവ് ചമ്മങ്ങണ്ടിപ്പറമ്പ് ലാലു എന്ന മുർഷിദലി( 27), മാഹി പന്തക്കൽ ചൈതന്യ ഹൗസിൽ നിഷാന്ത് (31), വയനാട് മുട്ടിൽ കിഴക്കുമേത്തൽ ബഷീർ( 41), നല്ലളം കീഴില്ലത്ത് മുബാറക്ക് ( 31) എന്നിവരാണ് അറസ്റ്റിലായ മറ്റു പ്രതികൾ.

മാസങ്ങൾക്കൊടുവിലാണ് കവർച്ച ആസൂത്രണം ചെയ്തിരുന്നതെന്നും ജൂവലറിയിലെ മുൻ ജീവനക്കാരൻ റഷീദ് ആണ് ആസൂത്രണം ചെയ്തതെന്നും പൊലീസിൽ മൊഴി ലഭിച്ചിട്ടുണ്ട്. അറസ്റ്റിലായ ആറു പേരിൽ രണ്ടു പേർ ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്നും വർഷങ്ങളായി റഷീദിന് ജൂവലറിയുമായുണ്ടായ വൈരാഗ്യമാണ് കൃത്യം നടത്താൻ പ്രേരിപ്പിച്ചതെന്നും മൊഴി ലഭിച്ചു. അഞ്ച് വർഷം മുമ്പാണ് ഇയാൾ ഫ്രാൻസിസ് ജൂവലറിയുടെ കണ്ണൂർ ബ്രാഞ്ചിൽ സെയിൽസ് മാനായി ജോലി ചെയ്തിരുന്നത്. ഇക്കാലയളവിൽ സ്വർണം വാങ്ങിയ വകയിൽ ജൂവലറിയിൽ പണം അടക്കാനുണ്ടായിരുന്നു.

എന്നാൽ ഇക്കാരണം ചൂണ്ടിക്കാട്ടി ജൂവലറിക്കാർ റഷീദിനെ പിന്തുടരുകയും പല തവണ പണം വാങ്ങുകയും ചെയ്തിരുന്നതായി റഷീദ് മൊഴി നൽകിയിട്ടുണ്ട്. എന്നാൽ ഇയാൾ ജൂവലറിയിലേക്ക് അടക്കാനുണ്ടായിരുന്ന തുക ചൂണ്ടിക്കാട്ടി ശമ്പളവും പി എഫുമെല്ലാം ജോലിയിൽ നിന്നിറങ്ങുമ്പോൾ ജൂവലറിക്കാർ തടഞ്ഞു വച്ചിരുന്നു. റഷീദിന് ലഭിക്കാനുണ്ടായിരുന്ന തുക കിഴിച്ചാലും ജൂവലറിയിലേക്ക് അടവ് ബാക്കിയുണ്ടായിരുന്നുവത്രെ. ഈ ഇടപാടുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങൾ ജൂവലറിയിൽ നിന്നും സ്വർണം മോഷ്്ടിക്കാൻ പ്രേരിപ്പിച്ചതായാണ് ഇയാൾ മൊഴി നൽകിയിട്ടുള്ളത്.

പ്രതികളെ കുറിച്ചുള്ള സൂചനകൾ ഒരാഴ്ച മുമ്പ് അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ജൂവലറി ജീവനക്കാരുടെയും മുൻ ജീവനക്കാരുടെയും ഫോൺ കോളുകൾ പരിശോധിക്കുകയും തുടർന്ന് റഷീദിന്റെ ഫോണിൽ നിന്നും നിരവധി തട്ടിപ്പു കേസുകളിലെ പ്രതിയായ റഷീദിന്റെ ഫോണിലേക്ക് പല തവണ ഫോൺ കോളുകൾ വന്നതായി പാളയം അൻഹാർ ഹോട്ടലിനു സമീപത്തുള്ള മൊബൈൽ ടവർ പരിശോധനയിൽ നിന്നും കണ്ടെത്തി. സംഭവത്തിനു ശേഷം കോഴിക്കോട്, മലപ്പുറം, തൃശൂർ, കണ്ണൂർ, വയനാട് ജില്ലകളിലെ ചാരനിറത്തിലുള്ള കാറുകൾ കേന്ദ്രീകരിച്ചും ഇവർ സഞ്ചരിച്ചിരുന്ന ഭാഗങ്ങളിലൈ സിസി ടിവി ക്യാമറകൾ കന്ദ്രീകരിച്ചും അന്വേഷണം നടത്തിയിരുന്നു.

എന്നാൽ അന്വേഷണം എങ്ങുമെത്താതെ വഴിമുട്ടിയതോടെ വീണ്ടും ജൂവലറി ജീവനക്കാരിലേക്കും പിരിഞ്ഞു പോയവരിലേക്കും അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു. ഇതോടെയാണ് നഗരത്തെ നടുക്കി മോഷണത്തിന് തുമ്പുണ്ടാക്കാൻ സാധിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി ജുവലറി അധികൃതരെയും ജീവനക്കാരെയും പല തവണ ചോദ്യം ചെയ്തിരുന്നു. ഏറെ ദുരൂഹതകളും സിനിമാ കഥകളെ വെല്ലുന്നതുമായിരുന്നു പകൽ സമയത്ത് നഗരത്തിൽ അരങ്ങേറിയ മോഷണം. ഒക്‌ടോബർ 26 നായിരുന്നു ജൂവലറി ജീവനക്കാരനെ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിച്ച് കാറിലെത്തിയെ സംഘം തട്ടിക്കൊണ്ടു പോകുകയും കയ്യിലുണ്ടായിരുന്ന ഒന്നേകൽ കിലോ വരുന്ന സ്വർണാഭരണങ്ങൾ മോഷ്ടിച്ച് ഇയാളെ വഴിയിൽ ഉപേക്ഷിച്ച ശേഷം കടന്നു കളയുകയും ചെയ്തത്.

കോഴിക്കോട് മൂന്നാം കോടതിയിൽ ഹാജരാക്കിയ പ്രതികളെ പത്ത് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വാങ്ങി. സംഘത്തെ അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു വരികയാണിപ്പോൾ. സംഘം തട്ടിയെടുത്ത് ഉപേക്ഷിച്ച ടിജിന്റെ മൊബൈൽ ഫോൺ ഇന്ന് കണ്ടെടുത്തേക്കും. മോഷ്ടിച്ച ഒന്നേകാൽ കിലോ മുംബൈയിലാണ് വിൽപന നടത്തിയതെന്നാണ് സംഘം മൊഴി നൽകിയിട്ടുള്ളത്. ഇടുത്ത ദിവസം പ്രതികളുമായി മുംബൈയിലേക്ക് പോയി തെളിവെടുപ്പ് നടുത്തുമെന്ന് കസബ സി.ഐ മറുനാടൻ മലയാളിയോടു പറഞ്ഞു.