മലപ്പുറം; നിരവധി മോഷണ കേസുകളിലെ പ്രതി താമരശ്ശേരി പുതുപ്പാടി സ്വദേശി മുഹമ്മദലി പിടിയിൽ. നവംബർ 15ന് മലപ്പുറം ജില്ലയിലെ നിലമ്പൂർ അമരമ്പലത്ത് വീടിന്റെ പിറകുവശത്തെ വാതിൽ കുത്തി തുറന്ന് രണ്ടര ലക്ഷം രൂപയും സ്വർണ്ണാഭരണങ്ങളും കവർന്ന കേസിലാണ് മുഹമ്മദലി അറസ്റ്റിലായിരിക്കുന്നത്.

പൂക്കോട്ടുംപാടം സിഐ വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മലപ്പുറം, കോഴിക്കോട്, പാലക്കാട്, കണ്ണൂർ ജില്ലകളിലായി നിരവധി മോഷണ കേസുകളിലെ പ്രതിയാണ് പിടിയിലായ മുഹമ്മദലി. കഴിഞ്ഞ മാസം 15നാണ് അമരമ്പലത്തെ വീടിന്റെ പിറകുവശത്തെ വാതിൽ കുത്തിതുറന്ന് മുഹമ്മദലി മോഷണം നടത്തിയത്. രണ്ടര ലക്ഷം രൂപയും സ്വർണ്ണാഭരങ്ങളും മോഷണം പോയതായി വീട്ടുകാർ പറയുകയും ചെയ്തു.

ഇതിന്റെ അടിസ്ഥാനത്തിൽ സമാനകേസുകളിൽ നേരത്തെ ശിക്ഷിപ്പെട്ടവരും ജയിലിൽ നിന്ന് പുറത്തിറങ്ങിയവരുമായ ആളുകളുടെ ലിസ്റ്റ് പരിശോധിക്കുകയും ഇവരുടെ ഫോട്ടോകൾ കേന്ദ്രീകരിച്ച് അമരമ്പലത്തെയും സമീപ പ്രദേശങ്ങളിലെയും സിസിടിവി ഫൂട്ടേജുകളിലും പരിശോധന നടത്തിയിരുന്നു. മോഷണം നടന്ന വീട്ടിലെ വിരലടയാളങ്ങളും പരിശോധിച്ചിരുന്നു. ഇതിൽ നിന്നുമാണ് പൊലീസിന് പ്രതിയെ കുറിച്ചുള്ള സൂചന ലഭിച്ചത്.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ മുഹമ്മദലി വ്യാജ പേരുകളിൽ മഞ്ചേരി, എടവണ്ണ എന്നിവിടങ്ങളിൽ വാടകക്ക് താമസിച്ചിരുന്നതായും കണ്ടെത്തി. പകൽ സമയത്ത് ബൈക്കിൽ കറങ്ങി നടന്ന് ആളില്ലാത്ത വീടുകൾ നോക്കി വെക്കുകയും രാത്രിയിൽ അവിടങ്ങളിൽ മോഷണം നടത്തുന്നതുമാണ് പ്രതിയുടെ രീതിയെന്നും പൊലീസ് മനസ്സിലാക്കി.പിന്നീട് മുഹമ്മദലി ഉപയോഗിക്കുന്ന ബൈക്കിന്റെ നമ്പർ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി.

ബൈക്കിന്റെ നമ്പർ കേന്ദ്രീകരിത്ത് നടത്തിയ അന്വേഷണത്തിലാണ് മോഷണത്തിനായി ബൈക്കിൽ സഞ്ചരിക്കുമ്പോൾ പൊലീസിന്റെ പിടിയിലാകുന്നത്. മലപ്പുറം, കോഴിക്കോട്, പാലക്കാട്, കണ്ണൂർ ജില്ലകളിലായി ഇയാൽക്കെതിരെ നിരവധി മോഷണ കേസുകൾ ഉള്ളതായി പൊലീസ് അറിയിച്ചു. നേരത്തെ ചില മോഷണ കേസുകളിൽ പിടിയിലാകുകയും ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്.

കഷണ്ടിയുള്ള മുഹമ്മദലി തിരിച്ചറിയാതിരിക്കാൻ വിഗ് വച്ചാണ് പുറത്തിറങ്ങാറുള്ളത്. എന്നാൽ മോഷണ സമയത്ത് വിഗ് ഒഴിവാക്കുകയും ചെയ്യും.