കുവൈത്ത്: കുവൈത്തിൽ പ്രവാസികൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിൽ അക്രമികൾ അരങ്ങുവാഴുന്നു. പിടിച്ചുപറിയും മോഷണവും തട്ടിപ്പുകളുമായാണ് ഇത്തരം സ്ഥലങ്ങളിൽ അക്രമി സംഘം വിലസുന്നത്. മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾ തിങ്ങിപ്പാർക്കുന്ന അബ്ബാസിയയിൽ കഴിഞ്ഞ ദിവസങ്ങളിൽ തട്ടിപ്പുമായി എത്തിയ സംഘത്തെ പിടികൂടിയതായാണ് റിപ്പോർട്ട്.

മലയാളിയുടെ ഫ്‌ലാറ്റിൽ വ്യാജ സിഐഡി ചമഞ്ഞ് കവർച്ച നടത്താൻ ശ്രമിച്ച മൂന്നംഗ കൊള്ള സംഘത്തിലെ ഒരാളെയാണ് പരിസരവാസികൾ ചേർന്ന് പിടികൂടി പൊലീസിനു കൈമാറിയത്. പാക്കിസ്ഥാൻ സ്വദേശികളാണ് മോഷണത്തിനിറങ്ങിയത്.  കഴിഞ്ഞ ഒരാഴ്ചക്കിടെ ഇതു രണ്ടാം തവണയാണു ജനങ്ങൾ ചേർന്ന് കള്ളന്മാരെ പിടികൂടുന്നത്.

ഫർവാനിയയിൽ മോഷ്ടിച്ച സിവിൽ ഐ.ഡികളുമായി മൊബൈൽ കടകളിൽ ഫോൺ വാങ്ങാനത്തെുന്ന ഏഷ്യക്കാരനെയാണ് സംശയത്തെ തുടർന്ന് കടക്കാർ ചേർന്ന് പിടികൂടിയത്. ദിവസങ്ങൾക്കിടയിൽ വ്യത്യസ്ത സിവിൽ ഐ.ഡി കാർഡുകളുമായി പ്രദേശത്തെ ഷോപ്പിങ് കോംപ്‌ളക്‌സുകളിലെ വിവിധ കടകളിലത്തെി ഇയാൾ ഫോൺ വാങ്ങിയിരുന്നു. ഇയാൾ ഇടക്കിടെ വന്നതിൽ സംശയം തോന്നിയ കടക്കാർ ചോദ്യംചെയ്തപ്പോൾ വിവിധ കടകളിൽനിന്ന് മറ്റുള്ളവരുടെ സിവിൽ ഐ.ഡികളുപയോഗിച്ച് വിലകൂടിയ ഫോണുകൾ വാങ്ങിയത് ഇയാൾ സമ്മതിച്ചു.

രാജ്യത്ത് നിലനിൽക്കുന്ന രീതിയനുസരിച്ച് മറ്റുള്ളവരുടെ സിവിൽ ഐ.ഡി ഉപയോഗിച്ച് ആർക്കും ഇത്തരത്തിൽ മൊബൈൽ ഫോണും ഫോൺ, ഇന്റർനെറ്റ് കണക്ഷനുകളും എടുക്കാവുന്ന അവസ്ഥയാണ്. നഷ്ടപ്പെട്ടുപോവുന്നവയും മോഷ്ടിക്കപ്പെടുന്നവയുമായ സിവിൽ ഐ.ഡികളുപയോഗിച്ച് ഇത്തരം തട്ടിപ്പ് നടത്തുന്നത് അടുത്തിടെ വ്യാപകമായിരുന്നു. മൊബൈൽ കമ്പനിയിൽ നിന്ന് വൻ തുക
കുടിശ്ശികയുള്ളതയി ബിൽ വരുമ്പോഴാണ് സിവിൽ ഐ.ഡി ഉടമ തന്റെ പേരിൽ ഫോണും കണക്ഷനുമൊക്കെയുള്ള വിവരം അറിയുക. വൻ തുക കുടിശ്ശിക വന്നാൽ യാത്രാവിലക്കും മറ്റു നിയമനടപടികളും നേരിടേണ്ടിവരും. എന്തായാലും തട്ടിപ്പും പിടിച്ചുപറിയുമായി മോഷണ സംഘം വിലസുമ്പോൾ അതീവ ജാഗ്രത പുലർത്തുന്നത് ഉചിതമായിരിക്കും.