- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോട്ടയം നഗരത്തിൽ വീട്ടുകാർ ഉണർന്നിരിക്കെ കതകു തകർത്ത് അകത്തുകയറി വീണ്ടും കവർച്ച; മറ്റൊരു മുറിയിൽ കയറി കതകടച്ചിരുന്ന് അമ്മയും മകളും പൊലീസിനെ വിളിച്ചിട്ടും പ്രയോജനമുണ്ടായില്ല; രാപ്പകൽ വാഹന പരിശോധന നടത്തിയിട്ടും മോഷണം കുറയുന്നില്ല, ജനം ഭീതിയിൽ
കോട്ടയം: പൊലീസ് രാപകൽ വാഹനപരിശോധന നടത്തുമ്പോഴും കോട്ടയത്ത് മോഷണം പെരുകുന്നു. കഴിഞ്ഞ ദിവസം അയർക്കുന്നം മേഖലയെ ഭീതിയിലാഴ്‌ത്തി മോഷ്ടാക്കൾ വിഹരിച്ചതിനു പിന്നാലെ ഇന്നലെ നഗരത്തോടു ചേർന്നുള്ള കോടിമതയിലും ഇത് ആവർത്തിച്ചു. അയർക്കുന്നത്ത് തമിഴ് മോഷ്ടാക്കളായിരുന്നു. ഇവരെ പിടികൂടാനും കഴിഞ്ഞു. പക്ഷേ കോടിമതയെ വിറപ്പിച്ച സംഘത്തെ പിടികൂടാനായില്ല. ഇവരുടെ സിസി ടിവി ദൃശ്യങ്ങൾ പൊലീസ് റിലീസ് ചെയ്തു. കോടിമതയിൽ വെസ്റ്റ് പൊലീസ് സ്റ്റേഷൻ പരിസരങ്ങളിലെ വീടുകളിലാണു രാത്രിയിൽ വീട്ടുകാരെ ഭയപ്പെടുത്തി രണ്ടംഗ സംഘം കവർച്ച നടത്തിയത്. ഒരു വീടിന്റെ കതക് ചവിട്ടിത്തുറന്ന് അകത്തുകയറി മൊബൈൽ ഫോണുകൾ മോഷ്ടിച്ചപ്പോൾ മറ്റൊരു വീട്ടിൽനിന്നു പഴ്സ് മോഷ്ടിച്ചു. വ്യാഴാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് അടുത്തടുത്ത വീടുകളിൽ മോഷണം നടന്നത്. കോടിമത, മഠത്തിപ്പറമ്പിൽ ഗോപീനിവാസിലെ അടുക്കളയുടെ കതകു ചവിട്ടിത്തുറന്ന് അകത്തു കയറിയാണു മൊബൈൽ ഫോണുകൾ കവർന്നത്. കതകു ചവിട്ടിത്തുറക്കുന്നതുകേട്ടു വീട്ടുകാർ ഉണർന്നു ബഹളംവച്ചെങ്കിലും ഇതു വകവയ്ക്കാതെ മോഷ്ടാക്കൾ വീ
കോട്ടയം: പൊലീസ് രാപകൽ വാഹനപരിശോധന നടത്തുമ്പോഴും കോട്ടയത്ത് മോഷണം പെരുകുന്നു. കഴിഞ്ഞ ദിവസം അയർക്കുന്നം മേഖലയെ ഭീതിയിലാഴ്‌ത്തി മോഷ്ടാക്കൾ വിഹരിച്ചതിനു പിന്നാലെ ഇന്നലെ നഗരത്തോടു ചേർന്നുള്ള കോടിമതയിലും ഇത് ആവർത്തിച്ചു. അയർക്കുന്നത്ത് തമിഴ് മോഷ്ടാക്കളായിരുന്നു. ഇവരെ പിടികൂടാനും കഴിഞ്ഞു. പക്ഷേ കോടിമതയെ വിറപ്പിച്ച സംഘത്തെ പിടികൂടാനായില്ല. ഇവരുടെ സിസി ടിവി ദൃശ്യങ്ങൾ പൊലീസ് റിലീസ് ചെയ്തു.
കോടിമതയിൽ വെസ്റ്റ് പൊലീസ് സ്റ്റേഷൻ പരിസരങ്ങളിലെ വീടുകളിലാണു രാത്രിയിൽ വീട്ടുകാരെ ഭയപ്പെടുത്തി രണ്ടംഗ സംഘം കവർച്ച നടത്തിയത്. ഒരു വീടിന്റെ കതക് ചവിട്ടിത്തുറന്ന് അകത്തുകയറി മൊബൈൽ ഫോണുകൾ മോഷ്ടിച്ചപ്പോൾ മറ്റൊരു വീട്ടിൽനിന്നു പഴ്സ് മോഷ്ടിച്ചു. വ്യാഴാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് അടുത്തടുത്ത വീടുകളിൽ മോഷണം നടന്നത്. കോടിമത, മഠത്തിപ്പറമ്പിൽ ഗോപീനിവാസിലെ അടുക്കളയുടെ കതകു ചവിട്ടിത്തുറന്ന് അകത്തു കയറിയാണു മൊബൈൽ ഫോണുകൾ കവർന്നത്.
കതകു ചവിട്ടിത്തുറക്കുന്നതുകേട്ടു വീട്ടുകാർ ഉണർന്നു ബഹളംവച്ചെങ്കിലും ഇതു വകവയ്ക്കാതെ മോഷ്ടാക്കൾ വീടിനുള്ളിൽ കടന്നു ഹാളിൽ വച്ചിരുന്ന രണ്ട് മൊബൈൽ ഫോണുകൾ എടുത്തുകൊണ്ടുപോയി. ഈ സമയം മെഡിക്കൽ വിദ്യാർത്ഥിയായ മകളും ബാങ്ക് ഉദ്യോഗസ്ഥയായ അമ്മയും മാത്രമാണു വീട്ടിലുണ്ടായിരുന്നത്. മകൾ ഹാളിലിരുന്നു പഠിച്ചുകൊണ്ടിരുന്നപ്പോഴാണു വീടിന്റെ അടുക്കളക്കതകിൽ ശക്തിയായി ഇടിക്കുന്ന ശബ്ദം കേട്ടത്. അടുത്ത മുറിയിൽ ഉറങ്ങുകയായിരുന്ന അമ്മയും ശബ്ദം കേട്ട് ഉണർന്നു.
ഈ സമയം രണ്ടുപേർ കതക് ചവിട്ടിപ്പൊളിച്ചു വീടിനുള്ളിലേക്കു ലൈറ്റ് അടിച്ചുകൊണ്ടു പ്രവേശിച്ചു. ഇതു കണ്ട അമ്മയും മകളും വേഗം അടുത്ത മുറിയിലേക്ക് ഓടിക്കയറി കതക് അടച്ചു. ഇവിടെനിന്നു തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിലേക്കും ബന്ധുക്കളെയും ഫോണിൽ വിവരം അറിയിച്ചു. വീട്ടുകാർ പൊലീസിൽ ഫോൺ ചെയ്യുമ്പോഴും മോഷ്ടാക്കൾ വീടിനുള്ളിൽ തിരയുന്നുണ്ടായിരുന്നത്രെ. മിനിറ്റുകൾക്കുള്ളിൽ പൊലീസ് സംഘം പാഞ്ഞെത്തിയെങ്കിലും ഈ സമയംകൊണ്ട് കവർച്ചാസംഘം കടന്നിരുന്നു. വ്യാഴാഴ്ച രാവിലെ മോഷണം പോയ മൊബൈൽ ഫോണുകളിൽ ഒരെണ്ണം പള്ളിപ്പുറത്തുകാവ് ഭാഗത്തുനിന്ന് ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. ഇവിടെ മോഷണം നടക്കുന്നതിനു മിനിറ്റുകൾക്കു മുൻപാണു സമീപത്തുള്ള റോസ് വില്ലയിൽ മുരുകന്റെ വീട്ടിൽ മോഷണം നടന്നത്. കിടപ്പുമുറിയിലെ ജനൽ പാളി തുറന്ന് ഇതിൽക്കൂടി കമ്പ് ഉപയോഗിച്ചു മേശപ്പുറത്തിരുന്ന പഴ്സ് മോഷ്ടിക്കുകയായിരുന്നു.
പഴ്സ് കൈവശപ്പെടുത്തിയശേഷം ഈ മുറിയിലുണ്ടായിരുന്ന അലമാരയും കമ്പ് ഉപയോഗിച്ചു തുറക്കാൻ ശ്രമിച്ചു. അലമാരയുടെ പിടിയിൽ കമ്പുകൊണ്ടു പിടിച്ചതോടെ ശബ്ദം കേട്ട് മുറിയിലുണ്ടായിരുന്ന മുരുകൻ ഉണർന്നു. കമ്പ് മുറിക്കുള്ളിൽ ഉപേക്ഷിച്ചശേഷം ഇവർ ഇവിടെനിന്നു നടന്നുനീങ്ങി. മുരുകൻ ലൈറ്റ് അടിച്ചപ്പോൾ വെള്ളഷർട്ടും മുണ്ടും ധരിച്ചു നീളമുള്ള ഒരാളും മറ്റൊരാളും നടന്നു നീങ്ങുന്നതു കണ്ടു. തുടർന്നുള്ള പരിശോധനയിൽ പണം എടുത്തശേഷം പഴ്സ് വീടിനു പിന്നിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. സമീപമുള്ള വീടുകളിലേക്ക് ഫോൺ വിളിച്ചറിയിച്ചശേഷം മുരുകനും കുടുംബവും ഉറങ്ങാതെ ഇരുന്നപ്പോൾ വീണ്ടും വീടിനു സമീപം മോഷ്ടാക്കൾ ഉച്ചത്തിൽ സംസാരിക്കുന്നതു കേട്ടുവത്രെ. എന്നാൽ ഭയം മൂലം ഇവർ വീടിനു പുറത്തിറങ്ങാൻ തയാറായില്ല.
അഞ്ചുമണിയോടെ പൊലീസും പരിസരവാസികളും എത്തി പ്രദേശമാകെ നിരീക്ഷിച്ചെങ്കിലും മോഷ്ടാക്കളെ കണ്ടെത്താനായില്ല. വിരലടയാള വിദഗ്ദ്ധർ, ഡോഗ് സ്‌ക്വാഡ് എന്നിവരും എത്തി പരിശോധന നടത്തിയിരുന്നു. കവർച്ചാസംഘം വീടുകൾ തകർത്തും ജനങ്ങളെ ഭീതിയിലാഴ്‌ത്തിയും മോഷണം നടത്തുന്ന സാഹചര്യത്തിൽ പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും രാത്രികാല പട്രോളിങ് ശക്തമാക്കണമെന്നും കോടിമത റസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് സി.എ.ജോണും സെക്രട്ടറി പി.എ.സുദർശനും ആവശ്യപ്പെട്ടു.