തിരുവനന്തപുരം: നന്തൻകോട് കൂട്ടക്കൊലപാതകം നടന്ന ബെയിൻസ് കോമ്പൗണ്ടിലെ വീട്ടിൽ വീണ്ടും സാത്താൻ കയറിയോ? ഏപ്രിൽ മാസത്തിലായിരുന്നു കേരളത്തെ ഞെട്ടിച്ച നന്തൻകോട് കൂട്ടക്കൊലപാതകം നടന്നത്. റിട്ടയേർഡ് ആർ.എം.ഒ ഡോക്ടർ ജീൻ പത്മ ഇവരുടെ ഭർത്താവ് റിട്ടയേർഡ് പ്രൊഫസർ രാജ തങ്കം, മകൾ കരോലിൻ, ബന്ധു ലളിതാ ജീൻ എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിനു ശേഷം ഒളിവിൽ പോയ ദമ്പതികളുടെ മകൻ കേഡൽ ജീൻസൺ രാജയെ പിന്നീട് തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും പിടികൂടിയിരുന്നു. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ കേഡൽ കുറ്റസമ്മതം നടത്തിയിരുന്നു.

കേഡൽ ജീൻസൺ രാജ സ്വപ്നസഞ്ചാരിയെന്ന് ഡോക്ടറുടെ മൊഴിയുമെത്തി. അതുകൊണ്ടു തന്നെ പ്രതി സ്വബോധത്തോടെയാണോ കൃത്യം നടത്തിയതെന്നു പറയാൻ കഴിയില്ലെന്നും പേരൂർക്കട മാനസികാരോഗ്യ ആശുപത്രിയിലെ സൂപ്രണ്ട് തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ മൊഴി നൽകി. മെയ്‌ 15 മുതൽ താനും രണ്ടു ഡോക്ടർമാരും കേഡലിനെ പരിശോധിച്ചു വരികയാണെന്നും ഇയാൾ ഒന്നരവർഷമായി ചികിത്സയിലാണെന്നും സ്വബോധത്തോടെയാണോ കൊലപാതകങ്ങൾ നടത്തിയതെന്നു പറയാൻ കഴിയില്ലെന്നുമാണ് സൂപ്രണ്ടിന്റെ മൊഴി. അങ്ങനെയുള്ള സ്വപ്‌ന സഞ്ചാരി വീണ്ടും കവടിയാറിലെ വീട്ടിലെത്തിയോ എന്നതാണ് ഉയരുന്ന ചോദ്യം. ഏതായാലും പൊലീസിനെ വെട്ടിലാക്കി കൊലപാതകം നടന്ന ഈ വീട്ടിൽ ആരോ കയറി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് തൊട്ടടുത്ത് വീണ്ടും പൊലീസിനെ കുടുക്കുന്ന ഇടപെടൽ. മോഷണമാണ് നടന്നതെന്നാണ് പൊലീസ് പറയുന്നത്.

അന്വേഷണത്തിനായി പൊലീസ് സീൽ ചെയ്തിരുന്ന വീട്ടിനുള്ളിലാണ് മോഷണം നടന്നത്. മുൻവശത്തെ വാതിൽ തകർത്താണ് മോഷ്ടാക്കൾ വീട്ടിനുള്ളിൽ കയറിയതെന്ന് പൊലീസ് പറയുന്നു. എന്നാൽ ക്ലിഫ് ഹൗസിന് തൊട്ടടുത്ത് മതിയായ സുരക്ഷാ ക്രമീകരണങ്ങളുണ്ട്. ഈ വീട് കുപ്രസിദ്ധവുമാണ്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ വീടിന് 500 മീറ്റർ അകലെ കള്ളൻ മോഷണത്തിനായി എത്തിയെന്നത് സുരക്ഷാ ക്രമീകരണങ്ങളുടെ വീഴ്ചയാണ്. മന്ത്രിസഭയിലെ പത്തോളം മന്ത്രിമാർ ക്ലിഫ് ഹൗസിനോട് ചേർന്നാണ് താമസം. അത്തരത്തിൽ അതീവ സുരക്ഷാ ക്രമീകരണമുള്ള സ്ഥലത്ത് പൊലീസ് സീൽ ചെയ്ത വീട്ടിലാണ് മോഷ്ടാക്കൾ കയറിയതെന്നാണ് പൊലീസ് പറയുന്നത്. അതുകൊണ്ട ്കൂടിയാണ് സാത്താൻ കയറിയതാണെന്ന വാദം സജീവമാകുന്നത്.

മാതാപിതാക്കളെയും സഹോദരിയെയും ഉൾപ്പെടെ കുടുംബത്തിലെ നാലുപേരെ അതിക്രൂരമായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ബെയിൻസ് കോംപൗണ്ട് 117-ാം നമ്പർ വീടിന്റെ ഉള്ളറകൾ ആരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു ഏറെ ദുരൂഹതകളും വൈചിത്രങ്ങളും നിറഞ്ഞ പ്രേതാലയം. ഇവിടുത്തെ താമസക്കാരുടെ പെരുമാറ്റവും നാട്ടുകാരെ പലപ്പോഴും അമ്പരപ്പിച്ചിരുന്നു. സാത്താൻ സേവയുടെ ഭാഗമായി ശരീരത്തിൽ നിന്നും ആത്മാവിനെ മോചിപ്പിക്കുന്ന ആസ്ട്രൽ പ്രൊജക്ഷൻ എന്ന പരീക്ഷണമാണ് കൊലപാതകത്തിലൂടെ കേഡൽ നടത്തിയതെന്നാണ് മൊഴി. പത്ത് വർഷമായി ഇതിനുള്ള ശ്രമങ്ങളിലായിരുന്നുവത്രേ ഇയാൾ. പത്ത് സെന്റിൽ അധികം വരുന്ന ഭൂമിയിൽ ആണ് കൊലപാതകം നടന്ന ഇരുനില വീട്.

കൊലപാതകങ്ങൾ നടത്തിയശേഷം ചെന്നൈയിലേക്കു രക്ഷപ്പെട്ട കേഡൽ, അവിടെ നിന്നും തിരിച്ചു നാട്ടിലെത്തിയപ്പോൾ തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽവച്ച് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ആസ്ട്രൽ പ്രൊജക്ഷന്റെ ഭാഗമായാണ് താൻ കൊലപാതകങ്ങൾ നടത്തിയതെന്നായിരുന്നു ആദ്യം കേഡൽ പറഞ്ഞത്. പിന്നീട് ഇയാൾ മൊഴി തിരുത്തുകയും വീട്ടിൽ നിന്നുള്ള അവഗണനയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പറഞ്ഞു. വീണ്ടും മൊഴി തിരുത്തിയ കേഡൽ പിതാവിന്റെ സ്വഭാവദൂഷ്യമാണ് തന്നെ കൊലപാതകിയാക്കിയതെന്ന് പൊലീസിനോട് പറഞ്ഞു.

 

പ്രതിക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നു കോടതിക്കു ബോധ്യപ്പെട്ടാൽ അത് ശിക്ഷാവിധിയിൽ കാര്യമായി പ്രതിഫലിക്കും. അതേസമയം, കേഡലിന്റെ മാനസിക നിലയ്ക്ക് കുഴപ്പമില്ലെന്നായിരുന്നു ആദ്യം പരിശോധിച്ച ഡോക്ടർമാർ പറഞ്ഞിരുന്നത്. ഇതിലെല്ലാം വൈരുദ്ധ്യങ്ങളുണ്ട്. അതിനിടെയാണ് പൊലീസ് സീൽ ചെയ്ത വീട്ടിൽ മോഷണം നടക്കുന്നത്.