- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുറച്ചു സാധനങ്ങൾ, അപ്പോഴത്തെ ബുദ്ധിമോശം കൊണ്ടു മോഷ്ടിച്ചിരുന്നു; ദയവു ചെയ്തു പൊരുത്തപ്പെട്ടു തരണം; പടച്ചവന്റെ അടുക്കലേക്കു വയ്ക്കരുത്; മോഷണ മുതലിന്റെ വില തിരികെ നൽകി യുവാവ്
പാലക്കാട്: അലനല്ലൂർ കുളപ്പറമ്പിലെ കൂത്തുപറമ്പൻ ഉമ്മറിന്റെ കടയിൽ നിന്നും മാർച്ചിൽ മോഷണം പോയ സാധനങ്ങളുടെ തുകയും മാപ്പപേക്ഷയുമായി മോഷ്ടാവ്. ഈന്തപ്പഴം, തേൻ, ചോക്ലേറ്റ്, ജ്യൂസ് എന്നിവയാണ് മാർച്ചിൽ ഓട് പൊളിച്ച് കടയിൽ കയറിയ വിരുതൻ അകത്താക്കിയത്. എന്നാൽ, പിന്നീട് കുറ്റബോധം കാരണം പണവും മാപ്പപേക്ഷയുമായി എത്തുകയായിരുന്നു. നേരിട്ട് വരാൻ ഭയമുള്ളത് കാരണം കടയുടെ മുന്നിൽ പണം വെച്ച് പോകുകയായിരുന്നു ഈ സത്യസന്ധനായ മോഷ്ടാവ്. ഒപ്പം ഒരു കത്തും.
ഇന്നലെ രാവിലെയാണ് കടയുടെ മുന്നിൽ ഒരു ചെറിയ പൊതി ഉമ്മർ കണ്ടത്. അതിൽ 5,000 രൂപയും ഒരു കത്തും. കത്ത് ഇങ്ങനെ: ‘‘കാക്കാ, ഞാനും എന്റെ കൂട്ടുകാരനും ഒരു ദിവസം രാത്രി നിങ്ങളുടെ കടയിൽ നിന്നു കുറച്ചു സാധനങ്ങൾ, അപ്പോഴത്തെ ബുദ്ധിമോശം കൊണ്ടു മോഷ്ടിച്ചിരുന്നു. നേരിൽ കണ്ടു പൊരുത്തപ്പെടീക്കണമെന്നുണ്ട്. പക്ഷേ, പേടിയുള്ളതിനാൽ ഈ രീതി സ്വീകരിക്കുന്നു. ദയവു ചെയ്തു പൊരുത്തപ്പെട്ടു തരണം. പടച്ചവന്റെ അടുക്കലേക്കു വയ്ക്കരുത്. പ്രായത്തിൽ നിങ്ങളുടെ ഒരനിയൻ''
മാർച്ചിൽ തന്റെ ഫാമിലി സ്റ്റോറിന്റെ ഓടു പൊളിച്ചു കടന്ന് ആരോ ഈന്തപ്പഴം, തേൻ, ചോക്ലേറ്റ്, കുപ്പികളിലെ ജ്യൂസ് എന്നിവ മോഷ്ടിച്ചിരുന്നു എന്ന് ഉമ്മർ ഓർക്കുന്നു. നാട്ടുകൽ പൊലീസിൽ പരാതി നൽകിയെങ്കിലും ആരെയും പിടിക്കാനായില്ല. ഉമ്മർ തന്നെ ആ സംഭവം മറന്നുതുടങ്ങിയപ്പോഴാണു നഷ്ടപ്പെട്ട ഭക്ഷ്യവസ്തുക്കൾക്കു തുല്യമായ പണവും കത്തും കടയ്ക്കു മുന്നിൽ വച്ച് ആ ‘അനിയൻ' മാപ്പപേക്ഷിച്ചത്. പടച്ചവന്റെ അടുക്കലേക്കു വയ്ക്കരുതെന്ന് ഉമ്മറിനോടു പ്രത്യേകം പറയേണ്ടതില്ല. എന്നേ ‘പൊരുത്തപ്പെട്ടു' കഴിഞ്ഞു. ഓടു പൊളിച്ചു വന്നയാൾ കൊണ്ടുപോയത് ഭക്ഷണസാധനങ്ങളാണ്. ഒരുപക്ഷേ, വിശപ്പു കൊണ്ടാകാം എന്ന് ഉമ്മറിന് അറിയാം.
മറുനാടന് ഡെസ്ക്