തിരുവനന്തപുരം: ലോകത്തെമ്പാടുമുള്ള മാദ്ധ്യമ സ്ഥാരപനങ്ങൾക്ക് ഇന്നലെ കറുത്ത ദിനമായിരുന്നു. മുഖംനോക്കാതെ എല്ലാവരെയും വിമർശിക്കുന്ന പ്രമുഖ ആക്ഷേപ ഹാസ്യ വാരികയായ ഷാർലി ഹെബ്ദോയുടെ പാരീസിലെ ഓഫീസിന് നേരെ ഭീകരവാദികൾ വെടിയുതിർത്തപ്പോൾ മാദ്ധ്യമപ്രവർത്തകർ അടക്കം 12 പേരുടെ ജീവനാണ് പൊലിഞ്ഞത്. മുഖംമൂടി ധരിച്ചെത്തിയ ഭീകരവാദികൾ അഭിപ്രായ സ്വാതന്ത്ര്യത്തിന് നേർക്കായിരുന്നും വെടിയുതിർത്തത്. മാദ്ധ്യമ സ്ഥാപനത്തിന് നേരെ നടന്ന ഭീകരാക്രമണം ലോകത്തുള്ള പത്രങ്ങളിലെല്ലാം ഞെട്ടിക്കുന്ന വാർത്തയായപ്പോൾ അത് വെറുമൊരു സാധാരണ സംഭവമായത് മലയാളത്തിലെ ഒരു പത്രത്തിനായിരുന്നു. പാക്കിസ്ഥാനിൽ സ്‌കൂളിൽ അതിക്രമിച്ച് കയറി വെടിയുതിർത്ത താലിബാൻ തീവ്രവാദികളെ ' പോരാളികൾ' ആക്കി മാറ്റുന്ന തേജസ് ദിനപത്രത്തിനാണ് ഈ ഭീകരാക്രമണം വെറുമൊരു വെടിവെയ്‌പ്പായി മാറിയത്.

പ്രവാചകൻ മുഹമ്മദ് നബിയുടെ വിവാദ കാർട്ടൂൺ പ്രസിദ്ധീകരിച്ചതിന്റെ പേരിൽ അൽഖ്വായിദ അടക്കമുള്ള തീവ്രവാദ സംഘടനകളുടെ കണ്ണിലെ കരടായ സ്ഥാപനമാണ് ഷാർലി ഹെബ്ദോ. എന്നിരുന്നിട്ട് കൂടി സൗദി അറേബ്യ അടക്കമുള്ള അറബ് രാഷ്ട്രങ്ങൾ അതിശക്തമായി ആക്രമണത്തെ അപലപിച്ചു കഴിഞ്ഞു. കൂടാതെ ഈ രാജ്യങ്ങളിലെ പത്രങ്ങളിലെ പ്രധാന വാർത്തയും ഭീകരാക്രമണത്തെ കുറിച്ചായിരുന്നു. പാക്കിസ്ഥാനിലെ പത്രങ്ങളിൽ ഒന്നാം പേജിൽ ലീഡ് വാർത്തയായി ഇടംപിടിച്ച ഭീകരാക്രമണം തേജസ് പത്രം നൽകിയത് ഉൾപ്പേജിൽ മൂന്ന് കോളം വാർത്തയായി മാത്രമാണ.്

യെമനിൽ പരിശീലനം ലഭിച്ച തീവ്രവാദികളാണ് സ്ഥാപനത്തിന് നേരെ ആക്രമണം നടത്തിയതെന്ന പുറത്തുവരുന്ന വാർത്തകൾ. ലോക മാദ്ധ്യമങ്ങളും അന്വേഷണ ഏജൻസികളുമെല്ലാം തീവ്രവാദികൾ എന്ന് പറയുന്നവരെ അങ്ങനെയല്ല എന്ന് പറയുന്ന സ്ഥിരം ശൈലിയാണ് തേജസ് ഇക്കാര്യത്തിലും സ്വീകരിച്ചത്. മുമ്പ് പാക്കിസ്ഥാനിൽ കുരുന്നുകളെ താലിബാൻ തീവ്രവാദികൾ കൊന്നുതള്ളിയപ്പോഴും അവരെ തീവ്രവാദികളെന്ന് പറയാൻ തേജസ് മടിച്ചിരുന്നു.

മുമ്പ് മുഹമ്മദ് നബിയെകുറിച്ച് കാർട്ടൂൺ വരച്ചപ്പോൾ പ്രതിഷേധിക്കാനും അത് പത്രസ്വാതന്ത്ര്യമല്ലെന്ന് പറഞ്ഞും രംഗത്തെത്തിയത് തേജസ് പത്രമായിരുന്നു. അതുകൊണ്ട് തന്നെ ഷാർലി ഹെബ്ദോയ്‌ക്കെതിരെ ആക്രമണമുണ്ടായപ്പോൾ അത് 'കണക്കായി പ്പോയി' എന്ന ഭാവത്തോടെയായിരുന്നു തേജസ് റിപ്പോർട്ട് ചെയ്തത്. ഒരു സംഘം മുഖംമൂടി ധരിച്ചവർ എത്തി വെടിയുതിർത്തു എന്ന ഭാഗം മാത്രമാണ് പത്രത്തിന്റെത്. ഇതേക്കുറിച്ചുള്ള മറ്റ് വാർത്തകളൊന്നും നൽകാനും തേജസ് തയ്യാറായില്ല.

ഒരു മാദ്ധ്യമ സ്ഥാപനത്തിന് നേരെ നടന്ന ഭീകരാക്രമണത്തെ മുൻപേജിൽ ഒറ്റക്കോളം വാർത്തയായി പോലും പെടുത്താൻ തേജസ് തയ്യാറാകാത്തത് കടുത്ത വിമർശനങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്. എന്നാൽ തൊടുപുഴയിൽ പ്രവാചക നിന്ദ ആരോപിച്ച് അദ്ധ്യാപകന്റെ കൈവെട്ടിയത് പോപ്പുലർ ഫ്രണ്ടുകാരായിരുന്നു. ഇങ്ങനെ ചെയ്തവർ നടത്തുന്ന പത്രം ഈ സംഭവം വലിയ വാർത്തയായി നൽകാത്തതിൽ അൽഭുതമില്ലെന്നാണ് പൊതുവേയുള്ള അഭിപ്രായം. മുംബൈ ഭീകരാക്രമണ കേസിലും തേജസ് സ്വീകരിച്ച സമീപനം ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ആർഎസ്എസ് നേതൃത്വത്തിൽ നടത്തിയ ആക്രമണമാണ് മുംബൈയിൽ നടന്നതെന്നായിരുന്നു ഈ വിഷയത്തിൽ തേജസ് സ്വീകരിച്ച നിലപാട്.