കോഴിക്കോട്: പോപുലർഫ്രണ്ട് മുഖപത്രമായ തേജസ് ദിനപത്രം അച്ചടി നിർത്തുന്നതായ് സൂചന. കേന്ദ്ര, സംസ്ഥാനസർക്കാരുകൾ പരസ്യം നിഷേധിച്ചതിനെത്തുടർന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടതിനാലാണ് അടച്ചുപൂട്ടൽ നടപടിയിലേക്ക് മാനജ്‌മെന്റിനു നീങ്ങേണ്ടി വന്നതെന്നാണ് ലഭിക്കുന്ന വിവരം. ഡിസംബർ 31നായിരിക്കും പത്രത്തിന്റെ അവസാന കോപ്പി പുറത്തിറക്കുകയെന്നും ഇതുസബന്ധിച്ച് തീരുമാനമെടുത്ത തേജസ് മാനേജ്‌മെന്റ് ഇക്കാര്യം ഇന്ന് തേജസ് ജീവനക്കാരെ അറിയിച്ചു.ഇതിനായി ഇന്ന് പത്രത്തിന് അവധികൊടുത്ത് മുഴുവൻ ജീവനക്കാരെയും കോഴിക്കോട്ടെ ഓഫിസിലേക്കു വിളിച്ചുകൂട്ടി തേജസ് ഡയറക്ടർ നാസറുദ്ദീൻ എളമരം കാര്യങ്ങൾ തൊഴിലാളികളെ അറിയിച്ചിരുന്നു.

എഡിറ്റർ എൻ.പി ചെക്കുട്ടിയുടെ കടുത്ത എതിർപ്പ് വകവയ്ക്കാതെയാണ് മാനേജ്‌മെന്റിന്റെ നടപടി എന്നാണറിയുന്നത്. ദിനപത്രം അടച്ചുപൂട്ടുമെങ്കിലും നിലവിൽ രണ്ടാഴ്ചയിലൊരിക്കൽ ഇറങ്ങുന്ന തേജസ് ദ്വൈവാരിക വാരികയാക്കാനും ദിനപത്രത്തിന്റെ ഓൺലൈൻ എഡിഷൻ നിലനിർത്തി കൂടുതൽ പരിഷ്‌കരിക്കാനുമാണ് മാനേജ്മെന്റ് തീരുമാനം. അതേസമയം പത്രം അടച്ചു പൂട്ടാനുള്ള മാനെജ്മെന്റ് തീരുമാനത്തിന്മേൽ തുടർചർച്ചകൾ നടക്കുന്നതായും തീരുമാനം പിൻവലിക്കാൻ ഇടയുണ്ടെന്നും സൂചനകളുണ്ട്. അന്തിമ തീരുമാനം വാർത്ത സമ്മേളനം വിളിച്ച് മാധ്യമങ്ങളെ അറിയിക്കും എന്നാണ് ലഭിക്കുന്ന സൂചന.

ഒരുവ്യാഴവട്ടക്കാലം മലയാളി സമൂഹത്തിൽ ചർച്ചചെയ്യപ്പെട്ട തേജസ് ദിനപത്രം അടച്ചുപൂട്ടുന്നതോടെ 200ലധികം ജീവനക്കാർ കൂടിയാണ് പെരുവഴിയിലാവുന്നത്. ജീവനക്കാർക്ക് ഗ്രാറ്റുവിറ്റി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകി മാന്യമായി പിരിച്ചുവിടാനും ധാരണയായി. പത്തിൽ താഴെ ജീവനക്കാരെ പുതിയ വാരികയിലേക്കും അത്രയും തന്നെ ജീവനക്കാരെ ഓൺലൈൻ എഡിഷനിലും നിലനിർത്തും. പത്രംഅടച്ചുപൂട്ടുന്ന വാർത്ത നേരത്തെ തന്നെ ചോർന്നതിനെത്തുടർന്ന് ജീവനക്കാർ കൊഴിഞ്ഞുപോവാനും മറ്റുസുരക്ഷിതതാവളങ്ങൾ തേടാനും തുടങ്ങിയിരുന്നു. അടച്ചുപൂട്ടൽ നടപടി സംബന്ധിച്ച് മാനേജ്‌മെന്റ് നേരത്തെ തന്നെ ലേബർ കമ്മിഷനറുമായി ചർച്ചനടത്തിയിരുന്നു.

1997ൽ മാസികയായി രൂപംകൊണ്ട തേജസ് പിന്നീട് ദ്വൈവാരിക ആവുകയും അത് നിലനിർത്തിക്കൊണ്ട് തന്നെ 2006 ജനുവരി 26ന് ദിനപത്രം തുടങ്ങുകയുമായിരുന്നു. കോഴിക്കോട് മീഞ്ചന്ത ബൈപ്പാസിനടുത്ത് നാലുനിലവരുന്ന കെട്ടിടത്തിൽ ഇന്റർമീഡിയ പബ്ലിഷിങ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരിലാണ് തേജസ് പ്രസിദ്ധീകരണം തുടങ്ങിയത്. നേരത്തെ സൗദിഅറേബ്യ, ഖത്തർ എന്നിവിടങ്ങളിലും തേജസിന് എഡിഷൻ ഉണ്ടായിരുന്നുവെങ്കിലും ഒന്നരവർഷം മുമ്പ് അവ അടച്ചുപൂട്ടിയിരുന്നു. കോഴിക്കോട് ആസ്ഥാനമായ പത്രത്തിന് നിലവിൽ തിരുവനന്തപുരം, കൊച്ചി, കണ്ണൂർ എന്നിവിടങ്ങളിലും എഡിഷനുകളുണ്ട്.

മുവാറ്റുപുഴയിൽ കോളേജ് അദ്ധ്യാപകന്റെ കൈവെട്ടിയതിനെത്തുടർന്ന് തീവ്രവാദത്തിനും വിധ്വംസകപ്രവർത്തനങ്ങൾക്കും തേജസിനെ പോപുലർഫ്രണ്ട് മറയാക്കുന്നുവെന്ന് ആരോപിച്ചാണ് തേജസിന് പരസ്യം നിഷേധിച്ചത്. മതമൗലിക വാദം വളർത്താൻ തേജസ് പത്രത്തെ പോപ്പുലർ ഫ്രണ്ട് ഉപയോഗിക്കുന്നുണ്ടെന്ന് സംസ്ഥാന സർക്കാർ 2014ൽ കേരളാ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ആരോപിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതുസംബന്ധിച്ച അന്വേഷണം നടത്തിയ ജില്ലാ കലക്ടർമാർ ഇതിനു വിരുദ്ധമായ റിപോർട്ടാണ് നൽകിയത്.

പരസ്യ നിഷേധത്തിനെതിരേ തേജസ് ജീവനക്കാർ പരസ്യമായി സമര പരിപാടികൾ സംഘടിപ്പിച്ചെങ്കിലും ഫലംകണ്ടിരുന്നില്ല.അതുപോലെ തന്നെ ഖത്തറിൽനിന്നുള്ള ഇസ്ലാമിക പ്രവർത്തനങ്ങൾക്കുള്ള ഫണ്ടും പത്രത്തിന് താങ്ങായിരുന്നു.എന്നാൽ സമീപകാലത്തായി ഖത്തറിനെ മറ്റുരാജ്യങ്ങൾ ഉപരോധിച്ചതോടെ ഈ പണത്തിന്റെ വരവ് നിലച്ചെന്നാണ് അറിയുന്നത്. എന്നാൽ പോപുലർ ഫ്രണ്ട് നേതാക്കൾ ഈ ആരോപണം നിഷേധിക്കയാണ്. തങ്ങൾക്ക് എവിടെനിന്നും പണം വരുന്നില്ല എന്നാണ് അവർ പറയുന്നത്.പത്രം അടച്ചു പൂട്ടുന്നതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ നാളെ പത്ര സമ്മേളനം വിളിച്ച് അറിയിക്കുമെന്ന് പോപ്പുലർ ഫ്രണ്ട് സംസ്ഥാന പ്രസിഡണ്ട് മറുനാടൻ മലയാളിയോട് പറഞ്ഞു.