ഇടുക്കി: ഇടപ്പാൾ സ്വദേശികളായ എൻജിനീയറിങ് വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ഏലത്തോട്ടത്തിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. നാല് പേർക്ക് പരുക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്. ഇടപ്പാൾ പാലയ്ക്കൽ ജിസ്‌നി കുഞ്ഞുമുഹമ്മദാ(23)ണ് മരിച്ചത്.

ഇടപ്പാൾ പാലയ്ക്കൽ റംഷാദ് (22), പെരുമ്പ്രപ്പ് തൈവള്ളിയിൽ റാഫി (23), ഇടപ്പാൾ വലിയപീടികയിൽ റിയാസ് (23), ഇടപ്പാൾ പറവിങ്കൽ അൻസാർ (23) എന്നിവർക്കാണ് പരുക്ക്. ഇവരിൽ റംഷാദിന്റെയും റാഫിയുടെയും നില അതീവഗുരുതരമാണ്. പരുക്കേറ്റവരെ കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മൂന്നാർ - തേക്കടി റൂട്ടിൽ കുമളിക്കടുത്ത് പുറ്റടി ശംഖുരുണ്ടാൻപാറയിൽ ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. തേക്കടിയിലേക്ക് വരികയായിരുന്ന ഇവരുടെ സ്വിഫ്റ്റ് കാർ നിയന്ത്രണംവിട്ട് 50 അടിയോളം താഴ്ചയിലുള്ള ഏലത്തോട്ടത്തിലേക്ക് മറിയുകയായിരുന്നു. അപകടസ്ഥലത്തുവച്ചുതന്നെ ജിസ്‌നി മരിച്ചു.

ഇതുവഴിയെത്തിയ യാത്രക്കാരും നാട്ടുകാരും വണ്ടന്മേട് പൊലിസും ചേർന്നാണ് അപകടത്തിൽപെട്ടവരെ ആശുപത്രിയിലെത്തിച്ചത്. വാഹനമോടിച്ചിരുന്നയാൾ ഉറങ്ങിയതാകാം അപകടകാരണമെന്നു കരുതുന്നതായി പൊലിസ് അറിയിച്ചു.

വിവിധ കോളജുകളിൽ എൻജിനീയറിങ്ങിനു പഠിക്കുന്നവരാണ് കാറിലുണ്ടായിരുന്നത്. നാട്ടിൽനിന്ന് വിവിധ സ്ഥലങ്ങളിൽ ഉല്ലാസയാത്രയ്ക്കായി ഇന്നലെ വൈകിട്ടാണ് സംഘം ഇടപ്പാളിൽനിന്ന് പുറപ്പെട്ടത്. തേക്കടിയിലെത്തുകയായിരുന്നു ആദ്യലക്ഷ്യമെങ്കിലും 15 കിലോമീറ്റർ അകലെവച്ച് വാഹനം അപകടത്തിലായി. വിവരമറിഞ്ഞ് ബന്ധുക്കൾ സ്ഥലത്തേയ്ക്ക് പുറപ്പെട്ടിട്ടുണ്ട്.