കോഴിക്കോട്: പോക്‌സോ കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനെതിരെയുള്ള രണ്ടു പരാതികൾ പൊലീസ് ഒതുക്കിത്തീർത്തു. മലപ്പുറം തേഞ്ഞിപ്പലത്ത് ആത്മഹത്യ ചെയ്ത പോക്‌സോ കേസ് ഇരയുടെ കുറിപ്പ് പുറത്തുവന്നിരുന്നു. കത്തിൽ കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥനെ കുറ്റപ്പെടുത്തിയിട്ടുണ്ട്.

ഈ കേസിലാണ് കോഴിക്കോട് സിറ്റി പൊലീസ് അന്വേഷണ ഉദ്യോഗസ്ഥന് അനുകൂലമായി റിപ്പോർട്ട് നൽകിയത്. ആത്മഹത്യാ ശ്രമം നടത്തിയപ്പോൾ എഴുതിയ കുറിപ്പിലും ഉദ്യോഗസ്ഥനെതിരെ പരാമർശങ്ങൾ കണ്ടെത്തിയതോടെ കമ്മിഷണർ സ്‌പെഷൽ ബ്രാഞ്ചിനോട് റിപ്പോർട്ടും മുൻപു നടന്ന അന്വേഷണങ്ങളുടെ വിവരങ്ങളും ആവശ്യപ്പെട്ടു. ഫറോക്ക് സ്റ്റേഷനിലെ സർക്കിൾ ഇൻസ്‌പെക്ടർ തന്നെ മോശം സ്ത്രീയെന്ന് വിളിച്ച് അപമാനിച്ചുവെന്നാണ് കുറിപ്പിൽ പറയുന്നത്. പത്ത് മാസം മുമ്പ് പെൺകുട്ടി ആത്യമഹത്യാശ്രമം നടത്തിയപ്പോൾ എഴുതിയ കുറിപ്പാണ് പുറത്ത് വന്നിരിക്കുന്നത്. ഇതോടെയാണ് കേസ് അട്ടിമറി ചർച്ചയാകുന്നത്.

വിവാഹാലോചനയുമായി എത്തിയ യുവാവിനോടാണ് ബന്ധുക്കൾ ഉൾപ്പെടെയുള്ളവർ പീഡിപ്പിച്ച വിവരം പെൺകുട്ടി പറഞ്ഞത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയും 6 പേർക്കെതിരെ 2020 ൽ പോക്‌സോ കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥനായ അന്നത്തെ ഫറോക്ക് ഇൻസ്‌പെക്ടർ പ്രതിശ്രുത വരനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നു കാട്ടി ഉത്തരമേഖലാ ഐജിക്കാണ് ആദ്യം പരാതി ലഭിച്ചത്. സംഭവം നടന്നിട്ടില്ലെന്ന് സ്‌പെഷൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ പുറത്ത് പൊലീസ് പരാതി തള്ളി.

പെൺകുട്ടിയെ വിവാഹം കഴിക്കാനിരുന്ന വ്യക്തിയോടാണ് ആദ്യം ഇവർ പീഡന വിവരം തുറന്ന് പറഞ്ഞത്. കേസിൽ മൊഴിയെടുക്കാനാണെന്ന് പറഞ്ഞ് സിഐ വരനെ സ്റ്റേഷനിൽ വിളിച്ചുവരുത്തിയിരുന്നു. തുടർന്ന് ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തു. പിന്നീട് മോശം സ്ത്രീയാണെന്ന് പറയുകയും വിവാഹം കഴിക്കേണ്ടെന്ന് സിഐ ആവശ്യപ്പെടുകയും ചെയ്തുവെന്നും കുട്ടി കത്തിൽ പറയുന്നു.

അതോടൊപ്പം കേസിൽ തെളിവെടുപ്പിനാണെന്ന് പറഞ്ഞ് കൊണ്ടുപോയപ്പോൾ, നാട്ടുകാരോട് പീഡനവിവരങ്ങൾ സിഐ പറഞ്ഞുവെന്നും കത്തിൽ പറയുന്നുണ്ട്. ഇത്തരത്തിൽ അപമാനിച്ചതിനാൽ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയായി. തന്റെ അവസ്ഥയ്ക്ക് കാരണം പ്രതികളും സിഐയുമാണെന്നും കത്തിൽ പെൺകുട്ടി വ്യക്തമാക്കിയിട്ടുണ്ട്. പ്രതികൾ പുറത്തിറങ്ങിയാൽ തന്റെ ജീവന് ഭീഷണിയുണ്ടെന്നും അവർ ഓരോരുത്തരുടെയും പേരും വ്യക്തമായി തന്നെ കത്തിൽ വിവരിച്ചിട്ടുണ്ട്.

തന്റെ ഉമ്മയെയും പ്രതിയാക്കുമെന്ന് സിഐ ഭീഷണിപ്പെടുത്തി. അതിന് ശേഷം പല രീതിയിൽ ആളുകൾ ഉമ്മയെയും തന്നെയും വിളിക്കുന്നുണ്ട്. അതിനാൽ ജീവിക്കാൻ താത്പര്യമില്ലെന്നും ഈ കത്തിൽ കുട്ടി പറയുന്നു. പോക്‌സോ കേസ് ഇരയായ പെൺകുട്ടി കഴിഞ്ഞദിവസമാണ് വീട്ടിൽ തൂങ്ങിമരിച്ചത്. പെൺകുട്ടിയുടെ അമ്മ ഇളയ സഹോദരനെ സ്‌കൂളിൽ കൊണ്ടുപോയി ആക്കാൻ പുറത്തേക്ക് പോയ സമയത്താണ് പെൺകുട്ടി ജീവനൊടുക്കിയത്.