ലണ്ടൻ: ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടണമെന്ന ഹിതപരിശോധനാ ഫലത്തിന്റെ പേരിൽ രാജിവച്ച ഡേവിഡ് കാമറോണിന്റെ പിൻഗാമിയാകുന്നത് അദ്ദേഹത്തിന്റെ നയങ്ങളെ പിന്തുണച്ച നേതാവ് തന്നെ. ബ്രിട്ടീഷ് ചരിത്രത്തിലെ രണ്ടാമത്തെ വനിതാ പ്രധാനമന്ത്രി എന്ന ഖ്യാതിയോടെ നിലവിലെ ആഭ്യന്തര സെക്രട്ടറി തെരേസ മേ നാളെ പ്രധാനമന്ത്രിയായി ചുമതലയേൽക്കും. പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് മത്സരിച്ചിരുന്ന ഊർജ സെക്രട്ടറി ആൻഡ്രിയ ലിസ്ഡം പിന്മാറിയതോടെയാണ് മാർഗരറ്റ് താച്ചറിന് ശേഷം പ്രധാനമന്ത്രിയാകുന്ന വനിത എന്ന പെരുമ തെരേസ മെയ്‌ക്ക് സ്വന്തമായത്.

ബ്രെക്‌സിന്റെ അനുകൂലിച്ച നേതാവാണ് ആൻഡ്രിയ. എന്നാൽ, ബ്രെക്‌സിറ്റിന്റെ ഗുണഫലം ലഭിച്ചത് അതിനെ എതിർത്ത തെരേസയ്ക്കാണെന്നതാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ നാടകീയ രാഷ്ട്രീയ സംഭവവികാസങ്ങളുടെ അനന്തരഫലം. രണ്ട് വനിതാ നേതാക്കൾ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് മത്സരിക്കാൻ രംഗത്തെത്തിയതോടെ കൺസർവേറ്റീവ് പാർട്ടിയിൽ പോസ്റ്റൽ വോട്ടെടുപ്പ് നടത്താൻ തീരുമാനമായിരുന്നു. ഇതിനിടെ ആൻഡ്രിയയുടെ നാവിൽനിന്നുവന്ന പരാമർശങ്ങളിലൊന്ന് അവർക്കുതന്നെ വിനയാവുകയും അവർ പിന്മാറുകയുമായിരുന്നു.

കുട്ടികളില്ലാത്ത തെരേസയെക്കാൾ കുട്ടികളുള്ള തനിക്കാണ് പ്രധാനമന്ത്രിയാകാൻ കൂടുതൽ യോഗ്യതയെന്ന ആൻഡ്രിയയുടെ പരാമർശമാണ് അവർക്ക് വിനയായത്. വ്യാപകമായ പ്രതിഷേധങ്ങൾക്കിടയാക്കിയ ഈ പരാമർശത്തോടെ ക്ഷമാപണവുമായി ആൻഡ്രിയ രംഗത്തെത്തി. തന്റെ പ്രസ്താവന വളച്ചൊടിച്ചതാണെന്ന വാദമൊന്നും അംഗീകരിക്കപ്പെട്ടില്ല. ജനപ്രീതിയിൽ ഇടിവ് സംഭവിച്ചുവെന്ന് ഉറപ്പായതോടെയാണ് ആൻഡ്രിയ പിന്മാറാൻ തീരുമാനിച്ചത്.

2010 മുതൽ കാമറോൺ മന്ത്രിസഭയിലെ ആഭ്യന്തര സെക്രട്ടറിയാണ് തെരേസ മെയ്‌. കുടിയേറ്റ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിൽ ശക്തമായ നിലപാടുകൾ സ്വീകരിക്കുക വഴി അവർ ശ്രദ്ധേയയായിരുന്നു. 1979 മുതൽ 1990 വരെ മൂന്നുവട്ടം തുടർച്ചയായ പ്രധാനമന്ത്രിയായിരുന്ന മാർഗരറ്റ് താച്ചറാണ് മൂന്ന് നൂറ്റാണ്ടോളം പഴക്കമുള്ള ബ്രിട്ടീഷ് ജനാധിപത്യ ചരിത്രത്തിലെ ഏക വനിതാ പ്രധാനമന്ത്രി. താച്ചറിനോളംതന്നെ തലയെടുപ്പുള്ള രാഷ്ട്രീയ പാരമ്പര്യമാണ് തെരേസയ്ക്കുമുള്ളത്.

ബ്രെക്‌സിറ്റിനോടുള്ള തന്റെ നിലപാട് തിരിച്ചായിരുന്നുവെങ്കിലും പ്രധാനമന്ത്രിയായാൽ ഹിതപരിശോധനാ ഫലം നടപ്പാക്കാൻ മുൻകൈയെടുക്കുമെന്ന് തെരേസ മെയ് പ്രഖ്യാപിച്ചു. ബ്രെക്‌സിറ്റിനെ എതിർത്ത തെരേസ എങ്ങനെ യൂറോപ്യൻ യൂണിയനിൽനിന്നുള്ള ബ്രിട്ടന്റെ വിടുതൽ ഊർജിതമാക്കുമെന്ന സംശയം നേരത്തെ ഉന്നയിക്കപ്പെട്ടിരുന്നു. എന്നാൽ, അതിനുള്ള മറുപടിയായാണ് ബ്രെക്‌സിറ്റ് നടപ്പാക്കുമെന്ന് അസന്ദിഗ്ധമായി പ്രഖ്യാപിച്ച് തെരേസ നൽകിയത്.

പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് രാജിവെക്കുന്ന കാമറോണിന്റെ നേതൃത്വത്തിലുള്ള അവസാന കാബിനറ്റ് യോഗം നാളെ നടക്കും. കാബിനറ്റ് യോഗത്തിൽ പങ്കെടുത്തശേഷം കാമറോൺ ബക്കിങ്ങാം കൊട്ടാരത്തിലെത്തി തന്റെ രാജിസമർപ്പിക്കും. അപ്രതീക്ഷിതമായയാണ് തെരേസ മെയ്‌ കാമറോണിന്റെ പിൻഗാമിയായി മാറിയത്. മുൻ ലണ്ടൻ മേയറും ബ്രെക്‌സിറ്റിനുവേണ്ടി ശക്തമായ പ്രചാരണം നടത്തിയയാളുമായ ബോറിസ് ജോൺസൺ പ്രധാനമന്ത്രിയാകുമെന്നായിരുന്നു സൂചന. എന്നാൽ, പെട്ടെന്നാണ് നേതൃത്വത്തിലേക്ക് രണ്ട് വനിതാ നേതാക്കൾ ഉയർന്നുവന്നത്. ഒടുവിൽ ആൻഡ്രിയ പിന്മാറിയതോടെ, തെരേസ അനിഷേധ്യയായി പ്രധാനമന്ത്രി സ്ഥാനത്തേയ്ക്കുയർന്നു.

1956 ൽ ജനിച്ച തെരേസയുടെ പിതാവൊരു പുരോഹിതനാണ്. ഒക്‌സ്‌ഫോർഡ് യൂണിവേർസിറ്റിയിൽ സഹപാഠിയായിരുന്ന ഫിലിപ്പിനെ വിവാഹം ചെയ്ത തെരേസ രാഷ്ട്രീയ പ്രവർത്തനത്തിലേർപ്പെടുന്നത് 80കളിലായിരുന്നു. പ്രാദേശിക ഭരണകൂടത്തിലെ ഒരു അംഗമെന്ന നിലയിലായിരുന്നു രാഷ്ട്രീയത്തിൽ വന്നത്. പിന്നീട് പ്രതിപക്ഷാംഗമായി പാർലമെന്റിലെത്തി. രാഷ്ട്രീയത്തിൽ സജീവമായ തെരേസ കൺസർവേറ്റീസ് പാർട്ടിയുടെ ആദ്യ വനിതാ അദ്ധ്യക്ഷയുമായി. 2010 ലെ തിരഞ്ഞെടുപ്പിനു ശേഷം ഡേവിഡ് കാമറൂൺ ഹോം സെക്രട്ടറിയായി തെരേസയെ നിയമിച്ചു. വിദ്യാഭ്യാസം, തൊഴിൽ എന്നീ മേഖലകളിൽ പ്രത്യേക താൽപര്യം പ്രകടിപ്പിക്കുന്ന വ്യക്തിയാണ് 59 വയസ്സുകാരിയായ തെരേസ മേ.