തിരുവനന്തപുരം: മല്ലുമോദി എന്ന് പിണറായിലെ ആദ്യം വിളിച്ചത് കോൺഗ്രസിന്റെ യുവതുർക്കി വി ടി ബൽറാം ആണ്. ആ ഹാഷ് ടാഗ് സോഷ്യൽ മീഡിയയിൽ ഏറെക്കുറെ അംഗീകാരം നേടി കഴിഞ്ഞിരിക്കുന്നു ഇപ്പോൾ. ഹാഷ് ടാഗിന്റെ പിന്നിലെ കഥകൾ തേടുകയാണ് ദേശീയ മാദ്ധ്യമങ്ങൾ പോലും. ആ അന്വേഷണങ്ങൾ ചെന്നെത്തുന്നത് മോദിയും പിണറായിയും തമ്മിലുള്ള അസാധാരണമായ സാദൃശ്യത്തിൽ തന്നെയാണ്. മോദി പ്രധാനമന്ത്രിവരെ എത്തിയ അതേ പാതയിലൂടെയാണ് പിണറായി മുഖ്യമന്ത്രിപദത്തിലെത്തിയത് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട സാമ്യം. മുഖ്യമന്ത്രിയായതുമുതൽ പിണറായി നടത്തിയ ഇടപെടലുകളും തീരുമാനങ്ങളും അഭിപ്രായങ്ങളും മോദിയുടെ സമാന ശൈലികൾക്ക് ഒപ്പം നിൽക്കുന്നത് തന്നെയാണെന്ന് കണ്ടെത്തിയവർ ഏറെയുണ്ട്.

അസാധാരണമായ സാമ്യം ഭരണകാര്യങ്ങളിലും ഇരുവരും പുലർത്തുന്നു എന്നതാണ് മറ്റൊരു യാഥാർത്ഥ്യം. ജനിച്ചുവളർന്ന ജീവിതസാഹചര്യം മുതൽ അധികാരമേറ്റയുടൻ ഭരണകാര്യങ്ങൾ നോക്കാൻ വിശ്വസ്തരും വിദഗ്ധരുമായ സംഘത്തെ നിയമിക്കുന്നതിൽവരെ നരേന്ദ്ര മോദിയും പിണറായിവിജയനും തമ്മിൽ പലപ്പോഴും ഒപ്പത്തിനൊപ്പം; കടുകട്ടിയായ ഇടപെടലുകൾ മുതൽ എതിരാളികളെ ഒതുക്കുന്നതിൽപ്പോലും സാമ്യങ്ങൾ. അത്തരം നിരീക്ഷണങ്ങൾ സോഷ്യൽമീഡിയിലും വൻ ചർച്ചയാകുന്നു. അത്തരം ചില വസ്തുതകളിലേക്ക്..

ജനിച്ചുവളർന്ന സാഹചര്യം

മോദിയും പിണറായിയും ജനിച്ചുവളർന്ന സാഹചര്യങ്ങളിൽ നിരവധി സമാനതകളുണ്ട്. പിന്നോക്കസമുദായത്തിലായിരുന്നു ഇരുവരുടേയും ജനനം. കഷ്ടതനിറഞ്ഞ ജീവിതവഴികൾ പിന്നിട്ടാണ് ഇരുവരും രാഷ്ട്രീയ മേഖലകളിലേക്ക് എത്തുന്നത്. മോദ് ഖൻചി എന്ന പിന്നോക്ക സമുദായത്തിലായിരുന്നു മോദിയുടെ ജനനം. കുടുംബത്തിലെ ജീവിതസാഹചര്യം മോശമായിരുന്നതിനാൽ ജോലികൾ ചെയ്തുംമറ്റും കുടുംബത്തെ സഹായിച്ചിരുന്നു മോദി. നിരവധി വെല്ലുവിളികൾ നേരിട്ട ബാല്യമായിരുന്നു മോദിക്കെന്ന് അദ്ദേഹത്തിന്റെ സഹോദരൻ സോമ മോദി തന്നെ വ്യക്തമാക്കുന്നു. കൂട്ടുകാരെ സഹായിക്കാൻ എന്നും മുന്നിൽ നിന്ന നരേന്ദ്ര മോദിയെ അവരെല്ലാം അനുസരിക്കുകയും അദ്ദേഹത്തിൽ നിന്ന് ഉപദേശം തേടുകയും ചെയ്യുമായിരുന്നു. വടക്കൻ ഗുജറാത്തിലെ മേഹ്‌സാന ജില്ലയിലെ വാദ്‌നഗറിലെ ഒരു സാധാരണ കുടുംബത്തിലായിരുന്നു 1950 സെപ്റ്റംബർ 17ന് മോദിയുടെ ജനനം. ചായവിറ്റ് ഉപജീവനം നടത്തിയിരുന്ന പിതാവിനെ സഹായിച്ചും ചെറുജോലികൾ ചെയ്തുമായിരുന്നു മോദിയുടെ പഠനകാലം.

പിണറായിയിൽ ചെത്തുതൊഴിലാളിയായ മുണ്ടയിൽ കോരന്റെയും കല്യാണിയുടെയും മകനായി ജനിച്ച വിജയനും മോദിയെപ്പോലെ പിന്നോക്ക വിഭാഗത്തിൽ നിന്നാണ് വളർന്നുവരുന്നത്. കഷ്ടതകൾ നിറഞ്ഞ ബാല്യകാലമായിരുന്നു വിജയനും. സ്‌കൂൾ പഠനകാലത്ത് വെള്ളഷർട്ടുമാത്രം ധരിച്ചിരുന്നത് മാറ്റിയിടാൻ മറ്റൊരു കളർഷർട്ട് ഇല്ലാത്തതിനാൽ ആയിരുന്നുവെന്ന് വിജയൻ ഒരു അഭിമുഖത്തിൽ ഓർത്തെടുത്തിരുന്നു. സ്‌കൂൾ പഠനം കഴിഞ്ഞ് ടെക്‌സ്റ്റൈൽ തൊഴിലാളിയായി കുറച്ചുകാലം ജോലിചെയ്ത ശേഷമാണ് വിജയന് തലശ്ശേരി ബ്രണ്ണൻ കോളേജിൽ ചേർന്ന് പഠനം തുടരാനായത്. എസ്എഫ്‌ഐയിൽ പ്രവർത്തിച്ചുകൊണ്ട് രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ പിണറായിയും കൂട്ടുകാർക്കെല്ലാം പ്രിയങ്കരനായിരുന്നു.

രാഷ്ട്രീയമുന്നേറ്റ കാലത്ത് വന്നുവീണ കേസുകൾ

മോദിയും പിണറായിയും ഒരുപോലെ കുഴങ്ങിപ്പോയ ഒന്നായിരുന്നു ഇരുവരുടെയും രാഷ്ട്രീയ ജീവിതത്തെ തളർത്തുംവിധം ഉണ്ടായ കേസുകൾ. നായനാർ സർക്കാരിന്റെ കാലത്ത് 1996-98 കാലഘട്ടത്തിൽ വൈദ്യുതി മന്ത്രിയായിരുന്നു പിണറായി. ഇക്കാലത്ത് പന്നിയാർ-ചെങ്കുളം-പള്ളിവാസൽ പദ്ധതികളുടെ നവീകരണത്തിനായി കാനഡ അസ്ഥാനമായ എസ്എൻസി ലാവ്‌ലിൻ കമ്പനിയുമായി പിണറായി ഒപ്പുവച്ച കരാറിനെക്കുറിച്ച് ആരോപണമുണ്ടായതോടെ കേരളമാകെ കോലാഹലമായി. പലതവണ, പല ഏജൻസികൾ ഈ കേസ് അന്വേഷിച്ചെങ്കിലും പിണറായി കുറ്റക്കാരനല്ലെന്ന നിരീക്ഷണങ്ങൾ ഉണ്ടായതോടെ അടുത്തകാലത്താണ് പിണറായിക്ക് തിരഞ്ഞെടുപ്പു രംഗത്തേക്ക് ഇറങ്ങാനുള്ള സാഹചര്യമുണ്ടായത്.

എന്നാൽ ചുരുങ്ങിയകാലമേ മന്ത്രിയായി ഇരുന്നുള്ളൂവെങ്കിലും അക്കാലത്തെ അദ്ദേഹത്തിന്റെ സമീപനങ്ങളോടെ കേരളത്തിലെ വൈദ്യുതിരംഗത്തിന് മെച്ചമുണ്ടായെന്നതിൽ ആർക്കും എതിരഭിപ്രായമുണ്ടായില്ല. ലാവ്‌ലിൻ കേസിനു പിന്നാലെ 2012ൽ രാഷ്ട്രീയ എതിരാളി ടിപി ചന്ദ്രശേഖൻ സിപിഐ(എം) പ്രവർത്തകരാൽ വധിക്കപ്പെട്ടപ്പോൾ ഇതിന്റെ പിന്നിലും സിപിഐ(എം) സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായിക്ക് പങ്കുണ്ടാകുമെന്ന് നാടെങ്ങും ആരോപണമുയർന്നതും അദ്ദേഹത്തിന് ക്ഷീണമായി. ഈ സംഭവങ്ങളെ എതിർത്ത് പാർട്ടിയിലെ മുതിർന്ന നേതാവ് വി എസ് അച്യുതാനന്ദൻ ഉൾപ്പെടെ രംഗത്തെത്തിയെങ്കിലും പാർട്ടിയിൽ ഭൂരിപക്ഷം ഉറപ്പിച്ച്് ഇപ്പോൾ പിണറായി മുഖ്യമന്ത്രിയായി.

മോദിയുടെ രാഷ്ട്രീയ ജീവിതത്തിൽ 2002ലെ ഗുജറാത്ത് കലാപമാണ് വില്ലനായത്. ഗുജറാത്തിലെ മുഖ്യമന്ത്രിയെന്ന നിലയിൽ മോദിയെന്ന ഭരണാധികാരിക്ക് നൂറിൽനൂറു മാർക്ക് പാർട്ടിയിൽ ലഭിക്കുന്നതിനിടെയായിരുന്നു ഗുജറാത്ത് കലാപത്തിലൂടെ മോദി കളങ്കിതനാകുന്നത്. ഇതുൾപ്പെടെ നിരവധി സംഭവങ്ങൾ പ്രധാനമന്ത്രിപദം ലക്ഷ്യമിട്ടുള്ള മോദിയുടെ നീക്കങ്ങൾക്ക് തിരിച്ചടിയായി. പക്ഷേ, പാർട്ടിയിൽ അദ്വാനിയും മുരളീമനോഹർ ജോഷിയുമുൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ എതിർപ്പുണ്ടായിട്ടും അതെല്ലാം അതിജീവിച്ച് മോദി പ്രധാനമന്ത്രി പദത്തിൽ എത്തി

പ്രചാരണതന്ത്രം മുതൽ ഭരണത്തിന് സ്വന്തം ടീം ഉണ്ടാക്കിയതുവരെ

ഭരണത്തിൽ സ്വീകരിക്കുന്ന നയങ്ങളിലും മറ്റു സമീപനങ്ങളിലും മോദിയും പിണറായിയും നിരവധി മേഖലകളിൽ സാദൃശ്യം പുലർത്തുന്നു. ജനങ്ങളുടെ ഇടയിൽ സ്വീകാര്യത കൂട്ടുന്നതിന് ഇരുവരും സ്വീകരിക്കുന്ന മാർഗങ്ങളും സമാനം. അധികാരത്തിലെത്തുന്നതിന് അതിനുശേഷവും ദേശീയമാദ്ധ്യമങ്ങളിൽ പരസ്യം നൽകിയതിൽവരെ ഈ സാമ്യമുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ താൻ അവിടെയുണ്ടാക്കിയ വളർച്ചയെപ്പറ്റി ദേശീയമാദ്ധ്യമങ്ങളിൽ ഡൽഹിയിലുൾപ്പെടെ ഫുൾപേജ് പരസ്യം നൽകിയായിരുന്നു മോദി ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടുവയ്ക്കുന്നത്. പ്രധാനമന്ത്രിയായ ശേഷവും സർക്കാരിന്റെ നേട്ടങ്ങൾ സ്വന്തം നേട്ടങ്ങളും നയങ്ങളുമായി അവതരിപ്പിക്കുന്നതിലും മോദി മുന്നിലാണ്.

'അച്ഛേ ദിൻ' (നല്ല ദിവസങ്ങൾ) വരുന്നു' എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു മോദി തിരഞ്ഞെടുപ്പിനെ നേരിട്ടത്. അത് വൻ വിജയമായെന്നാണ് വിലയിരുത്തൽ. ഇവിടെ പിണറായിയുടെ നേതൃത്വത്തിൽ എൽഡിഎഫിന്റെ പരസ്യവാചകമാകട്ടെ, 'എൽഡിഎഫ് വരും എല്ലാം ശരിയാകും' എന്നായിരുന്നു. അത് ജനങ്ങൾ സ്വീകരിച്ചുവെന്നാണ് ഇപ്പോൾ എൽഡിഎഫിനുണ്ടായ വിജയം തെളിയിക്കുന്നതും എൽഡിഎഫിന്റെ വിലയിരുത്തലും. മുൻനിരയിലെ പരസ്യ, പബഌക് റിലേഷൻസ് ടീമിനെ കൂടെ നിർത്തിയായിരുന്നു അധികാരത്തിലെത്താൻ മോദിയും പിണറായിയും പരസ്യങ്ങൾ നൽകിയതും പ്രചരണ തന്ത്രങ്ങൾ മെനഞ്ഞതും. ഒടുവിൽ വിജയം നേടിയപ്പോൾ ഡൽഹിയിൽ ഫുൾപേജ് പത്രപരസ്യം നൽകി പിണറായി സാന്നിധ്യമറിയിച്ചു. അധികാരത്തിലെത്തുന്ന വേളയിൽ നരേന്ദ്ര മോദി ചെയ്തിരുന്ന അതേ വഴിയിൽ!

അധികാരത്തിലേറിയ ഉടൻ വിശ്വസ്തമായ ഒരു ടീമിനെ ഭരണ നിർവഹണത്തിനായി നിയോഗിക്കുകയാണ് മോദി ചെയ്തത്. ഇവിടെ പിണറായിയും പിൻതുടരുന്നത് അതേ നയം. മോദിയുടെ ഓരോ പ്രവർത്തനങ്ങളും ഏകീകരിക്കുന്നതും ക്രോഡീകരിക്കുന്നതും അദ്ദേഹത്തിനോടൊപ്പം നിൽക്കുന്ന വിശ്വസ്ത സംഘമാണ്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെത്തന്നെ ഇതായിരുന്നു മോദിയുടെ നയം. എല്ലാ നയപരമായ തീരുമാനങ്ങളും ഇവരുടെ അഭിപ്രായങ്ങൾ തേടിയും വരുംവരായ്കകൾ ആരാഞ്ഞുമാണ് മോദി തീരുമാനിക്കുക.

അതേ സമീപനമാണ് പിണറായിയും പുലർത്തുന്നത്. നളിനിനെറ്റോ, ശിവശങ്കർ തുടങ്ങിയ ഉദ്യോഗസ്ഥരെ പ്രധാന തസ്തികകളിൽ നിയമിച്ച് പിണറായിയും തന്റെ ഓഫീസ് ശക്തമാക്കിയാണ് ഭരണം തുടങ്ങുന്നത്. റിട്ടയേഡ് ഐപിസ് ഉദ്യോഗസ്ഥൻ അജിത്കുമാർ ഡോവലിന്റെ ഉപദേശങ്ങളും അഭിപ്രായങ്ങളും തേടിമാത്രമേ മോദി എല്ലാകാര്യങ്ങളും ചെയ്യാറുള്ളൂ. ടിപി സെൻകുമാറിനെ മാറ്റി ലോക്‌നാഥ് ബെഹ്‌റയെ പൊലീസിന്റെ തലപ്പത്ത് നിയമിക്കുമ്പോഴും കുറ്റാന്വേഷകൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ മേന്മകളാണ് പിണറായി പരിഗണിച്ചതെന്ന് വ്യക്തം.

പാളയത്തിലെ പടയെ അതിജീവിച്ച് ഭരണത്തിലേക്ക്

പിണറായിയും മോദിയും സ്വന്തം പാർട്ടിക്കുള്ളിലെ എതിർപ്പുകളെ സമർത്ഥമായി അതിജീവിച്ചും ഒതുക്കേണ്ടവരെ ഒതുക്കിയുമാണ് അധികാരത്തിലെത്തുന്നത്. ദേശീയ രാഷ്ട്രീയത്തിൽ ഗുജറാത്തിനപ്പുറത്തേക്ക് അതുവരെ എത്താതിരുന്ന മോദി പ്രധാനമന്ത്രിയാകാൻ നിശബ്ദരാക്കിയത് എൽകെ അദ്വാനിയും മുരളീമനോഹർ ജോഷിയും ഉൾപ്പെടെയുള്ള അതികായന്മാരെയായിരുന്നു. ഇതിനായുള്ള കരുനീക്കങ്ങളിൽ ഇപ്പോഴത്തെ ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത്ഷാ ഉൾപ്പെടെയുള്ള നേതാക്കന്മാരുടെ പിന്തുണയും ആർഎസ്എസിന്റെ പിൻബലവും മോദിക്കു ലഭിച്ചു. ഒടുവിൽ തിരഞ്ഞെടുപ്പ് മുന്നിൽനിന്നു നയിച്ച്, എല്ലാത്തരം പ്രചരണത്തിന്റെയും ചുക്കാൻപിടിച്ച് മോദി പ്രധാനമന്ത്രിയായപ്പോൾ അദ്വാനിയുടേതുൾപ്പെടെയുള്ള എതിർപ്പിന് ആരും ചെവികൊടുത്തില്ല.

പിണറായിയുടെ മുഖ്യമന്ത്രിപദത്തിലേക്കുള്ള യാത്രയും ജനകീയ നേതാവ് വി എസ് അച്യുതാനന്ദനോട് പോരാടിക്കൊണ്ടായിരുന്നു. കേരളത്തിലെ എല്ലാ മണ്ഡലത്തിലും 93-ാം വയസ്സിലും ഊർജസ്വലനായി ഓടിയെത്തി പ്രചരണം നയിച്ച വിഎസിന് എൽഡിഎഫ് അധികാരത്തിലെത്തിയാൽ തനിക്ക് മുഖ്യമന്ത്രിയാകാൻ അവരസമുണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. ഇതിന് തന്നെ അനുകൂലിക്കുന്ന ദേശീയ സെക്രട്ടറി സീതാറാ യെച്ചൂരിയുടെ പിന്തുണയുണ്ടാകുമെന്ന് അദ്ദേഹം കരുതിയെങ്കിലും ഫലം വന്നതോടെ പാർട്ടി സംസ്ഥാനഘടകത്തിൽ തനിക്കുള്ള അചഞ്ചല പിന്തുണ ബലമാക്കി പിണറായി മുഖ്യമന്ത്രിക്കസേരയിലേക്കെത്തി. ദേശീയതലത്തിൽ അദ്വാനിയും മറ്റും ഒരു ഉപദേശകന്റെ സ്ഥാനത്തേക്ക് ഒതുക്കപ്പെട്ടതുപോലെ ഇവിടെ വിഎസിനെയും കാത്തിരിക്കുന്നത് അത്തരമൊരു പദവി മാത്രം. 

ബൽറാം പറഞ്ഞുവച്ച മല്ലുമോദിയെന്ന ഹാഷ് ടാഗ്

അധികാരത്തിലെത്തി ദിവസങ്ങൾ കഴിയുംമുമ്പേ തൃത്താല എംഎൽഎയായ വി ടി ബൽറാം പിണറായിക്ക് 'മല്ലുമോദി'യെന്ന ഹാഷ് ടാഗ് ചാർത്തിക്കൊടുത്തത് ആകസ്മികമാകാം. മുല്ലപ്പെരിയാർ വിഷയത്തിൽ ഡാം പുനർനിർമ്മിക്കുമെന്ന പ്രകടനപത്രികയിലെ ഉറച്ച പ്രഖ്യാപനത്തിൽ നിന്ന് പിന്നോക്കം പോയ പ്രസ്താവന പിണറായിയിൽ നിന്ന് ഉണ്ടായപ്പോൾ അതിനെ എതിർത്ത് നൽകിയ പോസ്റ്റിലായിരുന്നു ബൽറാമിന്റെ ഈ പരാമർശം. ഏതായാലും കോൺഗ്രസ്സുകാരുടെ മാത്രം പിന്തുണയേറ്റുവാങ്ങി 'മല്ലുമോദി' എന്ന ഹാഷ് ടാഗ് മുന്നേറുകയാണ് സോഷ്യൽ മീഡിയയിൽ.

അതെന്തായാലും മേല്പറഞ്ഞ സാമ്യങ്ങൾക്കു പുറമെ കാർക്കശ്യത്തിലും സമാനരാണെന്നതും തീരുമാനിച്ചുറപ്പിച്ച കാര്യത്തിൽ നിന്ന് കടുകിട പിന്നോട്ടുപോകില്ലെന്നതും മോദിയുടെയും പിണറായിയുടേയും സമാന പ്രകൃതങ്ങളാണെന്നതാണ് മറ്റൊരു വസ്തുത. പത്രക്കാരോട് ഓരോ വിഷയത്തിൽ പ്രതികരിക്കുന്നതിൽ പോലുമുണ്ട് ഈ സാമ്യം. പറയേണ്ട കാര്യങ്ങൾ ചുരുക്കിപ്പറഞ്ഞ് പത്രക്കാരെ ഒരകലത്തിൽ നിർത്തുന്ന രീതിയാണ് പിണറായിയും മോദിയും പുലർത്തുന്നത്. ക്യാബിനറ്റ് ബ്രീഫിംഗിൽപോലും ഇരുവരും വല്ലപ്പോഴുമേ പത്രക്കാരേ കാണൂ എന്ന നിലപാടാണ് സ്വീകരിച്ചത്. നിങ്ങളോട് എന്തെങ്കിലും കാര്യമായി പറയാനുള്ളപ്പോൾ വീണ്ടും കാണാം എന്നായിരുന്നു പിണറായി അധികാരമേറ്റ നാളിൽ ക്യാബിനറ്റ് യോഗത്തിനു ശേഷം ആദ്യ പത്രസമ്മേളനത്തിൽ പ്രതികരിച്ചത്.

വികസന കാഴ്ചപ്പാട്

വികസന നയങ്ങളിലും മോദിയുടേതിന് സമാനമായ നയങ്ങളാകും പിണറായിയുടേത് എന്നാണ് അദ്ദേഹത്തിന്റെ ആദ്യ പ്രതികരണങ്ങളിലൂടെയും നിലപാടുകളിലൂടെയും വ്യക്തമാകുന്നത്. വ്യവസായികളുമായി നല്ലബന്ധം പുലർത്തുകയും അതുവഴി കൂടുതൽ വികസനം രാജ്യത്തെത്തിക്കുയുമാണ് മോദിയുടെ രീതി. ഇത്തരത്തിൽ രാജ്യാന്തര ബന്ധങ്ങൾ വളർത്തുന്ന മോദി അമേരിക്കൻ കമ്പനി മേധാവികളുടെയുൾപ്പെടെ ഗുഡ്ബുക്കിലാണിപ്പോൾ. അതുപോലെത്തന്നെയാകും പിണറായിയുടെയും കരുനീക്കങ്ങളെന്നാണ് സൂചനകൾ.

സംസ്ഥാനത്തിന്റെ വികസന താൽപര്യങ്ങൾ മെച്ചപ്പെടുത്തുന്ന സമീപനമാണ് ആദ്യ ഡൽഹി സന്ദർശനത്തിൽത്തന്നെ പിണറായി സ്വീകരിച്ചതെന്നതും ശ്രദ്ധേയം. സംസ്ഥാനത്തെ ഊർജപ്രതിസന്ധി മാറ്റി ആ രംഗത്ത് സ്വയംപര്യാപ്തത നേടിയാലേ കേരളത്തിന് മുന്നേറാനാകൂ എന്ന സത്യം ഉൾക്കൊണ്ടായിരുന്നു പിണറായി ഗെയിൽ പൈപ്പ്‌ലൈൻ പ്രശ്‌നത്തിലും കൂടംകുളം വൈദ്യുതി എത്തിക്കുന്ന കാര്യത്തിലും മോദിസർക്കാരിന്റെ ജനക്ഷേമ പദ്ധതികളിലും താൽപര്യം പ്രകടിപ്പിച്ചതെന്ന് തീർച്ച. ഏതായാലും ഭരണപരിഷ്‌കാരങ്ങളിലും മോദിയുടെ പാതയിലാവുമോ പിണറായിയുടെ നടപടികളും എന്നത് കാത്തിരുന്ന കാണേണ്ട വിഷയമാണ്.

വാൽക്കഷ്ണം: ഇതൊക്കെയാണെങ്കിലും പ്രകടമായ ഒരു വ്യത്യാസം ഇരുവരും തമ്മിലുണ്ടെന്നാണ് വിമർശകരുടെ ആരോപണം. മോദി സ്വയം മുൻപിൽ നിന്ന് പടപൊരുതി വിജയം ഉറപ്പാക്കുകയും മറ്റുള്ളവരെ വിജയിപ്പിക്കുകയും ചെയ്തപ്പോൾ പിണറായിയുടെ വിജയത്തിനു മുൻപിൽ നിന്നത് വി എസ് ആയിരുന്നു എന്നതാണ് ഈ വ്യത്യാസം.