ചേർത്തല: ബിജെപിയുമായി ഇനിയൊരു ബന്ധവുമില്ലെന്ന എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ അഭിപ്രായത്തെ തള്ളി മകനും ബിഡിജെഎസ് പ്രസിഡന്റുമായ തുഷാർ വെള്ളാപ്പള്ളി രംഗത്തെത്തി. എൻഡിഎ സഖ്യം വിടുന്ന കാര്യം അജണ്ടയിലില്ലെന്ന് തുഷാർ വ്യക്തമാക്കി. ഇപ്പോൾ പുറത്ത് വന്ന വാർത്തകൾ മാദ്ധ്യമ സൃഷ്ടി മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എസ്എൻഡിപി യോഗത്തിനു നൽകിയ വാഗ്ദാനങ്ങളൊക്കെ ലംഘിച്ച ബിജെപിയുമായി ഇനി ഒരു ബന്ധവുമില്ലെന്നും തനിക്കു തന്റെ വഴിയെന്നും വെള്ളാപ്പള്ളി നടേശൻ നേരത്തേ പറഞ്ഞിരുന്നു. കേരളത്തിൽ ബിജെപിയുമായി ചേർന്നു ബിഡിജെഎസിന് ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഇതുവരെ ഇരുകൂട്ടർക്കും മനസുകൊണ്ടുപോലും അലിഞ്ഞു ചേരാനായിട്ടില്ല. അവർക്ക് ഒരുമിച്ചു നിൽക്കാൻ താൽപ്പര്യമില്ല. എല്ലാക്കാര്യത്തിലും തനിപ്പിടി എന്ന നിലപാടിൽ നിൽക്കുന്ന ബിജെപിയുമായുള്ള ബന്ധത്തിൽ എന്തോ കുഴപ്പമുണ്ട്. ഈ ബന്ധം ഭാവിയിൽ മുമ്പോട്ടു കൊണ്ടുപോകാൻ കഴിയുമെന്നു കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനു പിന്നാലെയാണ് ഇതെല്ലാം വെറും മാദ്ധ്യമസൃഷ്ടി മാത്രമെന്നു പറഞ്ഞ് തുഷാർ രംഗത്തെത്തിയിരിക്കുന്നത്.

ബിജെപി നൽകിയ ഉറപ്പുകൾ പാലിച്ചില്ലെന്ന പരാതി തുഷാറും ഉന്നയിക്കുന്നുണ്ട്. എന്നാൽ അതിന്റെ പേരിൽ ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിക്കാൻ അദ്ദേഹത്തിന് താത്പര്യമില്ല. തുഷാറിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് രാഷ്ട്രീയ പാർട്ടി രൂപീകരണത്തിന് വെള്ളാപ്പള്ളി നടേശൻ സമ്മതിച്ചതെന്നു നേരത്തേ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. ബിഡിജെസിനെ നിലനിർത്തേണ്ടത് തന്റെ അഭിമാനപ്രശ്‌നമായിട്ടാണ് അദ്ദേഹം കരുതുന്നത്.

രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് ബിജെപിക്കൊപ്പം ചേർന്ന് മത്സരിച്ചെങ്കിലും ബിഡിജെഎസിന് വൻ തിരിച്ചടിയാണ് നേരിട്ടത്. മുൻ കാലങ്ങളിൽ എൽഡിഎഫിലും, യുഡിഎഫിലും നിർണായക സ്വാധീനമുണ്ടായിരുന്ന വെള്ളാപ്പള്ളിയെ പുതിയ ബന്ധം ഒന്നുമല്ലാതാക്കിയെന്ന് ബിഡിജെഎസിനോട് എതിർപ്പുള്ള യോഗം ഭാരവാഹികൾ പറയുന്നത്. കേരള രാഷ്ട്രീയത്തിൽ മുമ്പത്തെപോലെ സമ്മർദ്ദശക്തിയാകാൻ കഴിയാത്തതും വെള്ളാപ്പള്ളിയെ അലോസരപ്പെടുത്തുന്നതായി ഇവർ സൂചിപ്പിക്കുന്നു.

ബോർഡ്-കോർപ്പറേൻ സ്ഥാനങ്ങൾ ബിജെപി കേന്ദ്ര നേതൃത്വം വെള്ളാപ്പള്ളിക്കും കൂട്ടർക്കും വാഗ്ദാനം ചെയ്തെങ്കിലും ഒന്നും ലഭിച്ചില്ല. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാതെരഞ്ഞെടുപ്പിന് ശേഷം ഇക്കാര്യങ്ങളിൽ നടപടി പ്രതീക്ഷിച്ചാൽ മതിയെന്നാണ് ബിജെപി നേതൃത്വം നല്കുന്ന സൂചന.

നാളികേര ബോർഡ്, കൊച്ചിൻ പോർട് ട്രസ്റ്റ് അടക്കമുള്ളവയിൽ ബിജെപി നേതാക്കളെ ബോർഡ് അംഗങ്ങളായി നിയമിച്ചെങ്കിലും കേരള എൻഡിഎയിലെ കക്ഷികൾക്ക് ഇതിലൊന്നും പ്രാതിനധ്യം ലഭിച്ചില്ലെന്നും പരാതിയുണ്ട്. അടിയന്തര എൻഡിഎ യോഗം വിളിച്ചു ചേർക്കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്ന് ഘടകകക്ഷിയുടെ നേതാവ് നാരദാന്യൂസിനോട് പറഞ്ഞു. ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ തുഷാർ വെള്ളാപ്പള്ളി ഡൽഹിയിലെത്തി ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായെ കാണുന്നുണ്ട്.